26 May 2018, Saturday

ഇടതുപക്ഷവും ഗവണ്‍മെന്റുകളും

ചോദ്യകർത്താവ്: 
സി പി ഗോപാലന്‍
ചാലുവള്ളില്‍ കരിമണ്ണൂര്‍
ചോദ്യം: 
ഒക്ടോബര്‍ വിപ്ളവത്തില്‍കൂടി 1917ല്‍ സോവിയറ്റ് റഷ്യയില്‍ അധികാരത്തില്‍ വന്ന വിപ്ളവഗവണ്‍മെന്റിനേയും അതിനുപ്രചോദനമായ കമ്യൂണിസ്റ്റ് പാര്‍ടിയേയും നേതാക്കളേയും എതിര്‍ത്തുകൊണ്ട് തൊഴിലാളിവര്‍ഗ വഞ്ചനയുടേതായ റിവിഷനിസ്റ് ആശയഗതിയും ഉയര്‍ന്നുവരികയുണ്ടായി. അതില്‍ പ്രധാനി ജര്‍മ്മന്‍കാരനും മാര്‍ക്സ്റ് പണ്ഡിതനും ആയി അറിയപ്പെടുന്ന കാള്‍ കൌത്സ്ക്കിയായിരുന്നു. ഈ പുത്തന്‍ ആശയഗതിയില്‍നിന്ന് തൊഴിലാളിവര്‍ഗ വിപ്ളവപ്രസ്ഥാനത്തിനുള്ള വിപത്ത് സ. ലെനിന്‍ മനസിലാക്കി. ഈ പ്രവണതയെ ചെറുത്തുതോല്‍പിച്ചു കൊണ്ടല്ലാതെ തൊഴിലാളിവര്‍ഗത്തിന് വിപ്ളവകരമായ അതിന്റെ കടമനിറവേറ്റാന്‍ കഴിയില്ലാ എന്നും ലെനില്‍ പ്രഖ്യാപിച്ചു. അതിനാവശ്യമായ ആഹ്വാനങ്ങളും നിര്‍ദേശങ്ങളും മാര്‍ഗരേഖകളുമടങ്ങുന്നതാണല്ലെ, സ.ലെനിന്റെ വിഖ്യതമായ "ഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്ടത'' എന്ന പുസ്തകം. ഈ പുസ്തകത്തിലെ "ഇടതുപക്ഷം'' എന്ന പദത്തിനു ലെനിന്‍ നല്‍കിയിരിക്കുന്ന നിര്‍വചനം "തൊഴിലാളിവര്‍ഗ വിപ്ളവ പ്രസ്ഥാനത്തെ വലതുപക്ഷ കാഴ്ചപ്പാടില്‍ നിന്ന് എതിര്‍ക്കുന്ന റിവിഷനിസത്തിന്റെ ഇടതുരൂപം'' എന്നതാണെല്ലൊ. ഈ നിര്‍വചനത്തില്‍ പരിശോധിക്കുമ്പോള്‍ പതിറ്റാണ്ടുകളായി സിപിഐ (എം) ന്റെ നേതൃത്വത്തില്‍ രൂപീകരിച്ച് അധികാരത്തില്‍ ഇരിക്കുന്ന പശ്ചിമബംഗാള്‍, ത്രിപുര എന്നീ ഇടതുപക്ഷമുന്നണി ഗവണ്‍മെന്റുകളും കേരളത്തിലെ ഇടതുജനാധിപത്യമുന്നണി ഗവണ്‍മെന്റും പാര്‍ടിയുടെ ജനകീയ ജനാധിപത്യവിപ്ളവസാക്ഷാത്കാരത്തിനു പര്യാപ്തമാണോ?
ഉത്തരം: 

ലെനിന്‍ "ഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്ടത'' എന്ന പുസ്തകം എഴുതിയത് കമ്യൂണിസ്റ്റ് പാര്‍ടിയിലെ ഇടതുപക്ഷ തീവ്രവാദത്തിനെതിരായാണ്. കമ്യൂണിസ്റ്റ് പാര്‍ടിയില്‍ രണ്ട് പാളിച്ചകളാണ് സാധാരണ ഗതിയില്‍ ഉണ്ടാകാറുള്ളത്. ഇടതുപക്ഷപാളിച്ചയും വലതുപക്ഷപാളിച്ചയും, അക്കൂട്ടത്തില്‍ വലതുപക്ഷപാളിച്ചയുടെ പ്രതിനിധിയായാണ് കാള്‍കൌത്സ്കിയെ വിശേഷിപ്പിക്കാറുള്ളത്.

"തൊഴിലാളിവര്‍ഗ വിപ്ളവവും വര്‍ഗവഞ്ചകനായ കൌത്സ്കിയും'' എന്നത് കൌത്സ്കിയുടെ രാഷ്ട്രീയകാഴ്ചപ്പാടിനെയും പ്രത്യക്ഷരാഷ്ട്രീയത്തെയുംകുറിച്ച് ലെനിന്‍ വിമര്‍ശനപരമായി എഴുതിയ പുസ്തകത്തിന്റെ തലക്കെട്ടാണ്. കൌത്സ്കി ബോള്‍ഷെവിക് പാര്‍ടിയുടെ നയത്തോടും പരിപാടിയോടും പ്രവര്‍ത്തനത്തോടും വിയോജിച്ചതുകൊണ്ടായിരുന്നു ലെനിന്‍ ആ പുസ്തകം എഴുതിയത്. ലെനിന്റെ നിലപാടിനെ മാത്രമല്ല, തൊഴിലാളിവര്‍ഗസര്‍വാധിപത്യം എന്ന ആശയത്തെയും കൌത്സ്കി രൂക്ഷമായി എതിര്‍ത്തിരുന്നു. ഇതിലൊക്കെ പ്രതിഫലിക്കുന്നത് അദ്ദേഹത്തിന്റെ വലതുപക്ഷ അഥവാ റിവിഷണിസ്റ് നിലപാടാണ്.

കൌത്സ്കിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് ഇടതുപക്ഷ തീവ്രവാദരൂപം. പാര്‍ലമെന്ററി ജനാധിപത്യപ്രവര്‍ത്തനത്തെ എതിര്‍ത്തുകൊണ്ട് അതില്‍നിന്ന് വിട്ടുനില്‍ക്കുക, തൊഴിലാളി കര്‍ഷകാദിജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നത് ഒഴിവാക്കുക മുതലായവയാണ് ഇടതുപക്ഷ തീവ്രവാദികള്‍ പിന്തുടരുന്ന നയം.

ഈ ദുഷ്പ്രവണതകള്‍ രണ്ടിനെയും വിമര്‍ശിക്കുകയും അവയെ ചെറുത്തുകൊണ്ട് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് വിപ്ളവപാത പിന്തുടരുകയുമാണ് സിപിഐ എം ചെയ്യുന്നത്. ഇന്ത്യയിലെ വസ്തുനിഷ്ഠ യാഥാര്‍ഥ്യം വിശകലനംചെയ്താണ് പാര്‍ടി പരിപാടി ആവിഷ്കരിച്ചിട്ടുള്ളത്. കുത്തക മുതലാളിത്തത്തിന്റെ നേതൃത്വത്തിലുള്ള ബൂര്‍ഷ്വാ ഭൂപ്രഭുവര്‍ഗഭരണകൂടത്തെ പുറംതള്ളി തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ ജനകീയ ജനാധിപത്യഭരണകൂടം സ്ഥാപിക്കുകയാണ് ലക്ഷ്യം.

അത് സാധിക്കുന്നതുവരെയുള്ള അന്തരാളഘട്ടത്തില്‍ മുതലാളിത്തവ്യവസ്ഥ നിലവിലിരിക്കെ സിപിഐ എം നേതൃത്വത്തില്‍ ഇടതുപക്ഷ- ജനാധിപത്യ പാര്‍ടികളുടെ ഐക്യമുന്നണി രൂപീകരിച്ച് ചില സംസ്ഥാനങ്ങളില്‍ നിയമസഭയില്‍ ഭൂരിപക്ഷം നേടി ഗവണ്‍മെന്റ് രൂപീകരിച്ചിട്ടുണ്ട്. കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലെ ഇടതുപക്ഷ-ജനാധിപത്യ മുന്നണി ഗവണ്‍മെന്റുകള്‍ ഇത്തരത്തില്‍ രൂപീകരിച്ചതാണ്. അവയുടെ ലക്ഷ്യം ജനകീയ ജനാധിപത്യ വിപ്ളവ സാക്ഷാത്കാരമല്ല. ആ വിപ്ളവത്തില്‍ ഭാഗഭാക്കാകേണ്ടവരെ അതിനായി ഒരുക്കാന്‍ അവസരം സൃഷ്ടിക്കുകയാണ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നയം വലതുപക്ഷത്തിന്റേതില്‍ നിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്ന് അനുഭവത്തിലൂടെ ജനങ്ങള്‍ക്ക് മനസിലാക്കികൊടുക്കുകയാണ്.