12 June 2018, Tuesday

കറുത്ത ഒബാമയും ഇന്ത്യയിലെ ബ്രാഹ്മണ മാധ്യമങ്ങളും

ചോദ്യകർത്താവ്: 
പ്രമോദ് ജി.എം
പുനലൂര്‍.
ചോദ്യം: 
ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തെ സൂചിപ്പിക്കുന്ന കേരളശബ്ദം വാരികയിലെ ചക്രവാളം എന്ന പംക്തിയില്‍ എന്‍ രാമചന്ദ്രന്‍ കറുത്ത ഒബാമയും ഇന്ത്യയിലെ ബ്രാഹ്മണ മാധ്യമങ്ങളും എന്ന ലേഖനത്തില്‍ ഇങ്ങനെ വിവരിക്കുന്നു: "ചൈനീസ് ആക്രമണം ഉണ്ടാകുന്നതിന് ദിവസങ്ങള്‍ക്കുമുമ്പാണ് ചൌ-എന്‍-ലായ് ഇന്ത്യയില്‍ എത്തിയത്. ഇന്ത്യ-ചിനി ഭായ്-ഭായ് എന്നു വിളിച്ച നമ്മള്‍ ആ സന്ദര്‍ശനം ആഘോഷിച്ചു. ചൌ-എന്‍-ലായ് പിക്കിങ്ങില്‍ മടങ്ങിച്ചെന്ന് അല്‍പം കഴിയുമ്പോള്‍ തീര്‍ത്തും അകാരണമായി ചൈന ഓര്‍ക്കാപ്പുറത്ത് ഇന്ത്യയെ ആക്രമിച്ചു. ഇന്ത്യ നമ്മുടേതെന്നും ചൈനക്കാര്‍ അവരുടേതെന്നും കരുതുന്ന അതിര്‍ത്തി പ്രദേശത്തെപ്പറ്റിയുള്ള തര്‍ക്കം കൂടിയാലോചനവഴി പരിഹരിക്കണമെന്ന് പറഞ്ഞുവരുണ്ട്. അവര്‍ ഇത് ചൈനയോട് പറയാന്‍ തയ്യാറായില്ല. പക്ഷേ ചൈനീസ് പട്ടാളം പൊടുന്നനെ പിന്‍വാങ്ങിയത് ഇന്ത്യയോടു തോന്നിയ പുതുതായ സ്നേഹംകൊണ്ടായിരുന്നില്ല. പ്രധാനമന്ത്രി നെഹ്റുവിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് അമേരിക്കന്‍ വ്യോമസേനയും ബ്രിട്ടീഷ് യുദ്ധവിമാനങ്ങളും ഇന്ത്യയിലേക്ക് തിരിക്കാന്‍ സജ്ജമാകുന്നുവെന്നറിഞ്ഞാണ് ചൈന പിന്‍വാങ്ങിയത്. ക്രൂഷ്ചേവിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയന്‍ ചൈനയുടെ സഹായത്തിന് എത്തുകയില്ലെന്ന് വ്യക്തമായിരുന്നു. ചൈനയ്ക്ക് പാദസേവചെയ്യാന്‍ മത്സരിക്കുന്നവര്‍ അവര്‍ കൈവശപ്പെടുത്തി വച്ചിരിക്കുന്ന 45,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം തിരിച്ചുതരണമെന്ന് പറയുകയില്ല. ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശ് ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചത് സൌഹാര്‍ദ്ദപരമല്ലാത്ത നടപടിയാണെന്ന് ചൈന പറഞ്ഞത് കേട്ടതായി അവര്‍ ഭാവിച്ചിട്ടില്ല. അമേരിക്കയുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ കരാര്‍ ആയുധവില്‍പന സംബന്ധിച്ചിട്ടുള്ളതാണ്. അതിര്‍ത്തിയിലെ ചൈനീസ് ഭീഷണികൊണ്ടാണ് ഈ വലിയ കച്ചവടം ആവശ്യമായിത്തീര്‍ന്നത്. ഈ കരാര്‍മൂലം അമേരിക്കയില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് അമേരിക്കയെ എന്തിന് കുറ്റപ്പെടുത്തണം'' സിപിഐ എമ്മിനെയും മറ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയും ഉദ്ദേശിച്ചാണ് ഇത്രയും കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. അതേക്കുറിച്ച് സിപിഐ എംന് എന്താണ് മറുപടി പറയാനുള്ളത്?
ഉത്തരം: 

രാമചന്ദ്രന്റേതായി ചോദ്യത്തില്‍ ഉദ്ധരിച്ചിരിക്കുന്നവരികള്‍ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയപാര്‍ടികള്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലമായി കൈക്കൊണ്ടുവരുന്ന ചൈനയോടുള്ള സമീപനത്തിനും അതിന് ആധാനമായ വസ്തുതകള്‍ക്കും നിരക്കുന്നതല്ല. അതിരുകവിഞ്ഞ അമേരിക്കയോടുള്ള വിധേയത്വം, സിപിഐ എമ്മിനോടുള്ള അന്ധമായ വിരോധം എന്നിവയില്‍നിന്നാകണം ഇങ്ങനെയൊരു നിലപാട് രൂപംകൊണ്ടത്.

ഇന്ത്യാ-ചൈനാ അതിര്‍ത്തിയെക്കുറിച്ചുള്ള വസ്തുത എന്താണ്? ഇന്ത്യയും ചൈനയും ഏറെക്കാലം വിദേശശക്തികളുടെ പിടിയിലായിരുന്നു. അക്കാലത്ത് മക്മോഹന്‍ എന്നൊരു ബ്രിട്ടീഷ് സായിപ്പ് കൊളോണിയല്‍ ഗവണ്‍മെന്റിനുവേണ്ടി ഇന്ത്യയുടെ വടക്കേ അതിര്‍ത്തി ഭൂപടത്തില്‍ വരച്ചു. ഇന്ത്യ - ചൈനാ ഗവണ്‍മെന്റുകള്‍ ഉഭയ സമ്മതത്തോടെ തയ്യാറാക്കിയതായിരുന്നില്ല അത്. ചൈന അത് അംഗീകരിച്ചിരുന്നുമില്ല. ഇന്ത്യയുടെ സ്വാതന്ത്യ്രലബ്ധിക്കും ചൈനയുടെ മോചനത്തിനുംശേഷം ഇരുരാജ്യങ്ങളുടെയും ഗവണ്‍മെന്റുകള്‍ ബന്ധം സ്ഥാപിച്ച് അടുത്തു പെരുമാറാന്‍ തുടങ്ങിയപ്പോള്‍ അതിര്‍ത്തിയുടെ കാര്യവും ചര്‍ച്ച ചെയ്യപ്പെട്ടു. അതേതുടര്‍ന്ന് തര്‍ക്കം പൊട്ടിപ്പുറപ്പെട്ടു.

ചര്‍ച്ചകളിലൂടെ അത് പരിഹരിക്കുകയെന്ന പഞ്ചശീല നിലപാടല്ല ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഇന്ത്യ സ്വീകരിച്ചത്. 1962 ഒക്ടോബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഒരു വിദേശ സന്ദര്‍ശനത്തിനുപോകാന്‍ ദല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പത്രക്കോരോട് പറഞ്ഞു, അതിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ താന്‍ പട്ടാളത്തിനു കല്‍പന നല്‍കിയിട്ടുണ്ട്. നമ്മള്‍ അവകാശപ്പെടുന്ന ഇന്ത്യന്‍ അതിര്‍ത്തിക്കകത്തു നിന്നിരുന്ന ചൈനീസ് പട്ടാളക്കാരെ അതിര്‍ത്തിക്കുപുറത്താക്കാനാണ് നെഹ്റു നിര്‍ദ്ദേശിച്ചത്.

ഇന്ത്യയുടെ പട്ടാളം അന്ന് സൈനിക ഏറ്റുമുട്ടലിന്-പ്രത്യേകിച്ച് ചൈനയുമായി സജ്ജമായിരുന്നില്ല. അതിനാല്‍ പ്രതിരോധമന്ത്രി വി കെ കൃഷ്ണമേനോന്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. അതേസമയം മിക്ക കോണ്‍ഗ്രസ് എംപിമാരും നേതാക്കളും സൈനിക നടപടിയെ അനുകൂലിച്ചു. ചൈനീസ് പട്ടാളവുമായി ഏറ്റുമുട്ടിയ ഇന്ത്യന്‍ സേന അമ്പേ പരാജയപ്പെട്ടു. അതിന്റെ കുറ്റമേറ്റ് കൃഷ്ണമേനോന് മന്ത്രിപദം രാജിവെച്ചൊഴിയേണ്ടിവന്നു.

അക്കാലത്ത് ചൈനയുമായി പ്രശ്നം ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ഇ എം എസിനെയും സിപിഐ എമ്മിനേയും കോണ്‍ഗ്രസും ജന സംഘവും ഉള്‍പ്പെടെ മിക്ക പാര്‍ടികളും ദേശദ്രോഹികളായി ചിത്രീകരിച്ചിരുന്നു. എന്നാല്‍, 1980 ആയപ്പോഴേക്ക് അവയ്ക്കെല്ലാം മുന്‍ നിലപാട് മാറ്റിയ ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കം കൂടിയാലോചനയിലൂടെ സമാധാനപരമായി പരിഹരിക്കണം എന്ന നിലപാട് സ്വീകരിക്കേണ്ടിവന്നു. അതാണ് അവ ഇപ്പോഴും പിന്തുടരുന്നത്. സാവധാനത്തിലാണെങ്കിലും ഇന്ത്യാ-ചൈനാ ബന്ധം നാനാദിശകളില്‍ വികസിക്കുകയാണ്. അമേരിക്കയാണ് ഇന്ത്യയുടെ രക്ഷകന്‍ എന്ന പ്രതീതി പരത്താന്‍ 1962നെ തുടര്‍ന്നു ശ്രമം നന്നിരുന്നു. വാസ്തവത്തില്‍ അത് ഇന്ത്യയുടെ നാനാരംഗങ്ങളിലേക്ക് കടന്നുവരാനുള്ള അമേരിക്കയുടെ അടവ് മാത്രമായിരുന്നു. ബംഗ്ളാദേശിന്റെ സ്വാതന്ത്യ്രയുദ്ധത്തിന് ഇന്ത്യ 1970ല്‍ പിന്തുണ നല്‍കിയപ്പോള്‍ അമേരിക്ക ഏഴാം കപ്പല്‍പടയെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് അയച്ചത് ഇന്ത്യക്ക് രക്ഷ നല്‍കാന്‍വേണ്ടിയായിരുന്നില്ല, ഇന്ത്യയെ ആക്രമിക്കാനായിരുന്നു.

ചൈനയും ഇന്ത്യയും തമ്മില്‍ സംഘര്‍ഷം വളര്‍ന്നുവരികയാണെന്ന പത്രവാര്‍ത്തകളെ ഇന്ത്യയുടെയും ചൈനയുടെയും സമുന്നത നേതാക്കള്‍ നിഷേധിച്ചിട്ടുണ്ട്.

ചൈനയുടെ ഭീഷണി നേരിടാനാണ് ഇന്ത്യ ആയുധങ്ങള്‍ വാങ്ങി കുന്നുകൂട്ടുന്നത് എന്ന വാദം ഇന്ത്യ-ചൈനാ വക്താക്കള്‍ പലതവണ നിരാകരിച്ചിട്ടുള്ളതാണ്. മുമ്പ് അമേരിക്ക ഇന്ത്യക്ക് ആയുധങ്ങള്‍ വില്‍ക്കാന്‍ തയ്യാറായിരുന്നില്ല. അന്നൊക്കെ സോവിയറ്റ് യൂണിയനില്‍നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുമായിരുന്നു അവ വാങ്ങിയിരുന്നത്. ഇപ്പോള്‍ അമേരിക്കയുടെ സാമ്പത്തിക ഭദ്രതയ്ക്ക് ഇന്ത്യക്ക് ആയുധം വില്‍ക്കേണ്ടത് അനിവാര്യമായിരിക്കുന്നു. അതുകൊണ്ടാണ് അമേരിക്ക ഇന്ത്യയുമായി തന്ത്രപ്രധാന സഖ്യത്തില്‍ ഏര്‍പ്പെടാനും നാനാ ആയുധങ്ങളും ആണവറിയാക്ടറുകളും ഇന്ത്യയെക്കൊണ്ട് വാങ്ങിപ്പിക്കാനും നിര്‍ബന്ധബുദ്ധി കാണിക്കുന്നത്.

രാമചന്ദ്രന്റെ ലേഖനത്തില്‍നിന്നുള്ള ഉദ്ധരണിയായി ചോദ്യത്തില്‍ ചേര്‍ത്ത വാചകങ്ങളില്‍ ഇന്ത്യയിലെ രാഷ്ട്രീയപാര്‍ടി നേതൃത്വങ്ങള്‍ പൊതുവില്‍ അംഗീകരിക്കുന്ന നിലപാടല്ല ഉള്ളത്. അതില്‍ ചൈനയേയും സിപിഐ എമ്മിനേയും അധിക്ഷേപിക്കാനുള്ള വെമ്പല്‍ പ്രകടമാണ്.