12 June 2018, Tuesday

ജനിതകമാറ്റം വരുത്തിയ വിളകള്‍

ചോദ്യകർത്താവ്: 
കെ ആര്‍ ഗിരീഷ്
എറണാകുളം (സെന്‍ട്രല്‍)
ചോദ്യം: 
3-ാം കേരള പഠന കോണ്‍ഗ്രസില്‍ കേരളത്തിലെ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വേളയില്‍ സിപിഐഎം പി ബി അംഗം എസ് ആര്‍ പി നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരിക്കുകയാണല്ലോ? (ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ കൃഷിക്കുപയോഗിക്കുന്നതുമായി ബന്ധപ്പെട്ട്) യഥാര്‍ത്ഥത്തില്‍ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ നമ്മുടെ രാജ്യത്ത് കാര്‍ഷിക പുരോഗതിക്ക് ഗുണകരമാകുകയില്ലേ? മണ്ണിനും മനുഷ്യനും ഹാനികരമല്ലാത്തതും ഉദ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതുമായ പുതിയ കൃഷി രീതി ഈ മേഖലയില്‍ ഒരു കുതിച്ചുചാട്ടത്തിനും അതുവഴി നമ്മുടെ ഭക്ഷ്യസുരക്ഷയ്ക്കും ഗുണകരമാകുമെങ്കില്‍ നാമതിനെ അന്ധമായി എതിര്‍ക്കേണ്ടതുണ്ടോ? അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും വികസിപ്പിച്ചെടുത്തു എന്നതുകൊണ്ട്മാത്രം ഈ ശാസ്ത്രമുന്നേറ്റത്തെ നിരാകരിക്കുവാന്‍ നമ്മുടെ പാര്‍ടിക്കാകുമോ? പ്രത്യേകിച്ചും ഭക്ഷ്യസുരക്ഷ വെറുമൊരു "പ്രസംഗപദ''മായി മാത്രം നിലനില്‍ക്കുമ്പോള്‍? ഒന്നാം ഹരിതവിപ്ളവത്തില്‍ നടത്തിയ മുന്നേറ്റം പാതി വഴിയില്‍ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഒരു പുതിയ കാര്‍ഷിക വിപ്ളവത്തിന് ഇത് സഹായകമാവില്ലേ? എന്നാലിപ്പോള്‍ ചില ബുദ്ധിജീവി നാട്യക്കാരാണ് ഇതിനെതിരെ കൊടിപിടിക്കുന്നത്. കേവല പരിസ്ഥിതിവാദികളുടെയും ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്തവരുടെയും ഒരു കൂട്ടമാണ് ഇതിനു പിന്നിലെന്ന് നാം കണ്ടുകൊണ്ടിരിക്കുന്നു. യഥാര്‍ഥത്തില്‍ ആഗോളവല്‍ക്കരണ കാലത്തെ ബൂര്‍ഷ്വാസിയെ സഹായിക്കുകയാണ് ഇവരുടെ നിലപാട്. ഈ ശാസ്ത്ര പുരോഗതി ഏതാനും കുത്തകകളുടെ കയ്യില്‍ അമരുന്നത് ഒരു വലിയ സാമൂഹ്യപ്രശ്നമായി മാറുകയല്ലേ? ശാസ്ത്ര മുന്നേറ്റത്തെ പിറകോട്ടടിപ്പിക്കുന്ന നയം സ്വീകരിച്ചാല്‍ തൊഴിലാളിവര്‍ഗം പിന്തള്ളപ്പെടുകയില്ലേ? കേന്ദ്രം ഭരിക്കുന്നത് യുപിഎ ആയാലും എന്‍ഡിഎ ആയാലും അവരെല്ലാം തന്നെ കോര്‍പ്പറേറ്റുകളുടെ വ്യക്താക്കളാകുന്ന ഇക്കാലത്ത് ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കുന്ന കൃഷി രീതിയിലൂടെ പാവപ്പെട്ടവന്റെ വിശപ്പ് മാറ്റുവാനും ഭക്ഷ്യവസ്തുക്കള്‍ അവന് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കാനും ഈ പുതിയ പരിഷ്കാരത്തിന് സാധിക്കുകയില്ലേ? ഈ ചര്‍ച്ച ഉയരുമ്പോള്‍ തന്നെ ചില ഉദാഹരണങ്ങള്‍ (ബിടി വഴുതിന) എടുത്ത് കാണിച്ച് 'എല്ലാം മോശമാണ്' എന്ന വാദമുയര്‍ത്തുന്നവര്‍ യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത്തരക്കാരുടെ വാദഗതി എന്തുതന്നെയായാലും ഈ വിഷയത്തില്‍ കൂടുതല്‍ സംവാദങ്ങള്‍ സംഘടിപ്പിച്ച് ബഹുജനാഭിപ്രായം സമാഹരിച്ച് കൂടുതല്‍ മുന്നോട്ട് പോകേണ്ടതല്ലേ? അതിനായി നമ്മുടെ പാര്‍ടി മുന്‍കൈ എടുക്കേണ്ടതല്ലേ?
ഉത്തരം: 

ജനിതകമാറ്റം വരുത്തുമ്പോള്‍ വിത്തുകളുടെ സ്വഭാവത്തില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ വരാമെന്നാണ് ശാസ്ത്രം വെളിവാക്കുന്നത്. കൂടുതല്‍ ഉല്‍പാദിപ്പിക്കുക, ഉല്‍പ്പന്നത്തിന്റെ ഗുണഗണങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ സ്വാഗതാര്‍ഹമായ ഫലങ്ങള്‍ ചിലപ്പോള്‍ അത് ഉളവാക്കും. മറിച്ച്, ചിലപ്പോള്‍ വിളവിന്റെ അളവിലും ഗുണത്തിലും കുറവ് മാത്രമല്ല, അത് കൃഷി ചെയ്ത മണ്ണില്‍വരെ ദോഷകരമായ മാറ്റങ്ങള്‍ ഉളവാക്കാം. സമാനമായ പ്രത്യാഘാതങ്ങള്‍ ജീവിവര്‍ഗങ്ങളിലെ ജനിതകമാറ്റംമൂലവും ഉളവാകും. അതിനാല്‍ ചെടികളിലായാലും ജീവിവര്‍ഗങ്ങളിലായാലും ജനിതകമാറ്റം സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന മുന്നറിയിപ്പ് ശാസ്ത്രജ്ഞര്‍ ആദ്യംതന്നെ നല്‍കിയിരുന്നു.

വഴുതിന, പരുത്തി മുതലായ ചില വിളകളില്‍ ജനിതകമാറ്റം ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതായി കണ്ടതിനെ തുടര്‍ന്ന് അത്തരം ജിഎം വിളകളുടെ കൃഷി നടത്തുന്നതിനെതിരെ ശാസ്ത്രജ്ഞര്‍, കൃഷിക്കാര്‍, പ്രകൃതിസംരക്ഷണത്തില്‍ തല്‍പരരായ സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ്മകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നുവന്നു. ജിഎം വിത്തുകള്‍ ഉല്‍പാദിപ്പിക്കാനോ കൃഷിചെയ്യാനോ പാടില്ല എന്നു മൊത്തത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതുവരെ ചിലരെത്തി.

എന്നാല്‍, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ് ജിഎം വിത്തുകള്‍ എന്നല്ലാതെ അവയെ അപ്പാടെ തള്ളിക്കളയുന്നതിനെ ഇന്ത്യയിലും പുറത്തുമുള്ള ശാസ്ത്രജ്ഞരുടെ സമിതികള്‍ അനുകൂലിക്കുന്നില്ല. ലോകജനസംഖ്യ 700 കോടിയിലെത്തിയിരിക്കുന്നു. 12-13 വര്‍ഷം കഴിയുമ്പോള്‍ 100 കോടി വീതം അതു വര്‍ധിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ സ്ഥിതിയില്‍ ജനങ്ങള്‍ക്കെല്ലാവര്‍ക്കും ഭക്ഷണവും വസ്ത്രവും മറ്റും ഉല്‍പാദിപ്പിക്കുന്നതിനു ഉല്‍പാദനക്ഷമത ഗണ്യമായി വര്‍ധിപ്പിക്കേണ്ടത് അനിവാര്യമായിരിക്കയാണ്. അതിനു സുരക്ഷിതവും സ്ഥായിയായതുമായ മാര്‍ഗങ്ങള്‍ പുതുതായി കണ്ടെത്തേണ്ടിയിരിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് സിപിഐ എം നേതാവായ എസ് രാമചന്ദ്രപിള്ള (എസ്ആര്‍പി) ജിഎം വിത്തുകള്‍ വിവേകപൂര്‍വം ഉപയോഗിക്കുന്ന കാര്യം കേരള പഠനകോണ്‍ഗ്രസില്‍ എടുത്തുപറഞ്ഞത്. പുതിയ എന്തിനെയും എതിര്‍ക്കുക എന്നത് എന്നും യാഥാസ്ഥിതികരുടെ രീതിയായിരുന്നു. അവരല്ല മാനവരാശിയുടെ ഇതുവരെയുള്ള വളര്‍ച്ചയ്ക്ക് പ്രചോദനം നല്‍കിയത്; പുതിയ അറിവുകള്‍ നിരന്തരം കണ്ടെത്തി സമൂഹത്തിനു ഉപകാരപ്രദമായ രീതിയില്‍ പ്രയോഗിച്ചവരാണ്. മനുഷ്യര്‍ക്ക് ഭക്ഷ്യയോഗ്യമായ സസ്യ-ജന്തുജാലങ്ങള്‍ ഏവ എന്നതിനെക്കുറിച്ചും പ്രകൃതിയില്‍ താനെ വളരുന്ന അവയെ തങ്ങളുടെ ആവശ്യത്തിനു ഉപകരിക്കുന്ന രീതിയില്‍ കൃത്രിമമായി വളര്‍ത്തു (കൃഷി, മൃഗപരിപാലനം) ന്നതിനെക്കുറിച്ചും പ്രായോഗിക പരിശോധനയും പരീക്ഷണവും നടത്തി കണ്ടുപിടിച്ചവര്‍ പല പ്രതികൂലാവസ്ഥകളെയും നേരിട്ടിട്ടുണ്ടാകും. അവരാണ് ആള്‍ക്കുരങ്ങുകളില്‍ നിന്ന് സമൂഹജീവികളായ മനുഷ്യസമൂഹം പരിണമിച്ചുണ്ടാകുന്ന പ്രക്രിയയെ പൂര്‍ത്തിയാക്കിയത്.

ഇതിനര്‍ഥം ജിഎം വിത്തുകളെക്കുറിച്ച് പലരും ഉന്നയിക്കുന്ന ആശങ്കകളെ അപ്പാടെ തള്ളിക്കളയണമെന്നല്ല. ഇപ്പോള്‍ അവയെ കണ്ടെത്തി വ്യാപകമായി കൃഷി ചെയ്യുന്നതിനു വിത്തുകള്‍ ഉണ്ടാക്കുകയും മറ്റും ചെയ്യുന്നത് മോണ്‍സാന്റൊയെ പോലുള്ള ബഹുരാഷ്ട്രകുത്തകകളാണ്. അവര്‍ക്ക് ലാഭം മാത്രമാണ് ലക്ഷ്യം. മറ്റുള്ളവര്‍ക്കുണ്ടാകുന്ന നാശങ്ങളും പ്രയാസങ്ങളും ദുരിതങ്ങളും പ്രശ്നമല്ല.

എസ്ആര്‍പിയും സിപിഐ എമ്മും പറയുന്നത്, യുപിഎ ഗവണ്‍മെന്റ് ചെയ്യുന്നതുപോലെ ബഹുരാഷ്ട്ര കുത്തകകളെ ഈ രംഗത്ത് കയറൂരി വിടണമെന്നല്ല. ഇന്ത്യയിലെ കാര്‍ഷിക സര്‍വകലാശാലകള്‍, മറ്റ് ഗവേഷണസ്ഥാപനങ്ങള്‍, മറ്റ് പൊതുമേഖലാസ്ഥാപനങ്ങള്‍ ഇവയുടെ സേവനം ഉപയോഗപ്പെടുത്തി ജിഎം വിത്തുല്‍പാദനവും അവ കൃഷിചെയ്യുന്നതിനു കൃഷിക്കാരെ പഠിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യണം. ദോഷഫലങ്ങള്‍ ഉണ്ടാക്കുന്ന ജിഎം വിത്തുകളെ നിശ്ശേഷം നശിപ്പിക്കണം. ഇതാണ് ഈ മേഖലയില്‍ പിന്തുടരേണ്ട യുക്തിസഹമായ സമീപനമെന്നു പാര്‍ടി കരുതുന്നു.

ചോദ്യത്തില്‍ ഉന്നയിക്കുന്ന വാദം പാരിസ്ഥിതിക പ്രശ്നത്തെ ഒരളവുവരെ യാഥാര്‍ഥ്യബോധത്തോടെ കണക്കിലെടുക്കാതെയാണ്. ശാസ്ത്രീയ വളര്‍ച്ചയുടെ ഫലമായി മുമ്പ് മാനവരാശി അവഗണിച്ചിരുന്ന പലതിനെയും ഗൌരവത്തോടെ പരിഗണിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവ് ഉണ്ടായിരിക്കുന്നു. അതുകൊണ്ടാണ് ബിടി വഴുതനയുടെയും ബിടി പരുത്തിയുടെയും പ്രചാരണത്തെ പരിസ്ഥിതിവാദികള്‍ മാത്രമല്ല, കൃഷിക്കാരും തൊഴിലാളികളും മറ്റും എതിര്‍ത്തത്. അതൊക്കെ കണക്കിലെടുത്തുകൊണ്ടുള്ള നിലപാടാണ് സിപിഐ എം കൈക്കൊള്ളുന്നത്. ഏതെങ്കിലും നിലപാടിനെ അന്ധമായി അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല.

[Note by LDF Keralam: സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയുടെ പ്രസ്താവനയെ സംബന്ധിച്ചും സിപിഐഎമ്മിന്റെ നിലപാടുസംബന്ധിച്ചുമുള്ള വിശദീകരണമാണ് ചോദ്യകര്‍ത്താവ് ആവശ്യപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ, ഉത്തരവും ടി ചോദ്യത്തിനാണ് ചോദ്യവും ഉത്തരവും പ്രസിദ്ധീകരിച്ചിരിക്കുന്നത് ചിന്ത വാരികയിലാണ്.  ഇത് മുന്നണിയുടെ നയം എന്ന നിലയിലല്ല, ചോദ്യത്തിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരം എന്ന നിലയില്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. മുന്നണിക്കോ ഘടകകക്ഷികള്‍ക്കോ ഇതില്‍നിന്നു ഭിന്നമായ അഭിപ്രായവും ആശയവും ഉണ്ടാകാം. അത്തരം വിഷയങ്ങളിൽ മുന്നണിതന്നെ തീർപ്പുകല്പിച്ച ശേഷം വരുന്ന വിശദീകരണങ്ങൾ സമയാസമയം പുതുക്കി പ്രസിദ്ധീകരിക്കുന്നതായിരിക്കും ]