12 June 2018, Tuesday

തൊഴിലുറപ്പുപദ്ധതിക്കു പിന്നില്‍ സാംസ്കാരിക ഗൂഢാലോചനയോ?

ചോദ്യകർത്താവ്: 
പ്രമോദ് ജി.എം
പുനലൂര്‍
ചോദ്യം: 
ഡിസംബര്‍ 12ലെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രശസ്ത ചിത്രകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പാരീസ് മോഹന്‍കുമാര്‍ പറയുന്നു: "ഇപ്പോഴത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷിയോ അതുപോലെ പ്രയോജനപ്രദമായ എന്തെങ്കിലുമോ അല്ല ഇവരെക്കൊണ്ട് ചെയ്യിക്കുന്നത്. ശുചീകരണമെന്ന പേരില്‍ മണ്ണൊലിപ്പിനും മണ്ണിന്റെ ഈര്‍പ്പനഷ്ടത്തിനും ആക്കം കൂട്ടുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ അട്ടിമറിക്കാനുള്ള നിരവധി പദ്ധതികളില്‍ ഒന്നാണിത്. കാര്യമായി പണിയൊന്നും ചെയ്യാതെ കൂലി കിട്ടുന്ന അവസ്ഥയുടെ പ്രത്യാഘാതം നമുക്കു താമസിയാതെ ബോധ്യമാവും. കുറച്ചുകാലം മുമ്പ് ഇവിടുത്തെ ചില ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ ഫ്രാന്‍സില്‍ വന്നു. നാല്‍പതുവര്‍ഷംകൊണ്ട് തമിഴ്നാടിനേക്കാള്‍ ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്ന പ്രദേശമായിത്തീരും കേരളം എന്ന് ഫ്രഞ്ചുകാര്‍ അവരെ ബോധ്യപ്പെടുത്തി. ഹോളണ്ടില്‍നിന്നും നമുക്ക് ഫണ്ട് കിട്ടുന്നുണ്ട്. നമ്മുടെ കുടുംബശ്രീക്കാര്‍ക്ക് സോപ്പുപൊടിയും ക്ളീനിങ് പൌഡറുമൊക്കെ ഉണ്ടാക്കാനാണ്. മാരകമായ വിഷമാണ് ഇതിനൊക്കെവേണ്ടി ഉപയോഗിക്കുന്നത്". ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ വാസ്തവമുണ്ടോ? നമ്മള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന തൊഴിലുറപ്പ് പദ്ധതിക്കും കുടുംബശ്രീക്കും പിറകില്‍ രാഷ്ട്രീയവും സാംസ്കാരികവും വര്‍ഗപരവും സാമ്പത്തികവുമായ ഗൂഢാലോചനകളും അപകടങ്ങളും ഉണ്ടോ? നാമത് ശ്രദ്ധിക്കാതെയും കാണാതെയും പോവുകയാണോ?
ഉത്തരം: 

പാരീസ് മോഹന്‍കുമാറിന്റേതായി ചോദ്യത്തില്‍ ഉദ്ധരിച്ചു ചേര്‍ത്തിരിക്കുന്ന വാദങ്ങള്‍ അല്‍ഭുതകരമായിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതി നാട്ടിന്‍പുറങ്ങളിലെ തൊഴിലില്ലാത്തവര്‍ക്ക് ഒരു വൈദഗ്ധ്യവും വേണ്ടാത്ത തൊഴിലുകള്‍ നല്‍കാനാണ്. പല പദ്ധതികളും അവര്‍ക്കായി പലേടങ്ങളിലും ആവിഷ്കരിക്കുന്നുണ്ട്. അവയില്‍ ഒന്നാണ് റോഡിനു ഇരുവശവുമുള്ള വെള്ളച്ചാലുകള്‍ വൃത്തിയാക്കുന്നത്. ജനങ്ങള്‍ ശ്രദ്ധിക്കാതെ അവയില്‍ പല മാലിന്യങ്ങളും ചപ്പുചവറുകളും ഇടുന്നതുകൊണ്ടും അവയില്‍ പുല്ലും ചെടികളും വളരുന്നതുകൊണ്ടും വക്കുകള്‍ ഇടിയുന്നതുകൊണ്ടും റോഡരികിലെ വെള്ളം ഒലിച്ചുപോകാത്ത പ്രശ്നം പരിഹരിക്കുന്നതിനു തൊഴിലുറപ്പുനിയമത്തെ ഉപയോഗിക്കുന്നുണ്ട്.

തൊഴിലുറപ്പുനിയമ പ്രകാരമുള്ള മറ്റ് പല പദ്ധതികളും പഞ്ചായത്ത് തയ്യാറാക്കുന്ന നീര്‍ത്തട മാസ്റ്റര്‍ പ്ളാന്‍ അനുസരിച്ചുള്ളതായിരിക്കും. അവയൊന്നും മണ്ണൊലിപ്പിനും ഈര്‍പ്പം നഷ്ടപ്പെടുന്നതിനും ഇടയാക്കുന്നതല്ല. കൃഷിക്ക് സഹായകരമായതാണ് അവയില്‍ മിക്കതും. കാര്യമറിയാതെയാണ് തൊഴിലുറപ്പു പദ്ധതികളെ അടച്ചാക്ഷേപിക്കുന്നത് എന്നേ പറയാന്‍ കഴിയൂ.

യൂറോപ്പിലുള്ളവര്‍ ചെയ്യുന്നതെല്ലാം കൊള്ളാവുന്നത്, പരിസ്ഥിതിക്ക് അനുകൂലം എന്ന തെറ്റിദ്ധാരണ മോഹന്‍കുമാറിനു ഉണ്ടെന്നുതോന്നുന്നു. കാലാവസ്ഥാ മാറ്റംമൂലം ലോകത്തിനാകെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന പല നടപടികളും ഏറ്റവും കൂടുതലായി ചെയ്ത വന്‍കരയാണ് യൂറോപ്പ് എന്ന വസ്തുത മറന്നുകൂട.

കുടുംബശ്രീയെക്കുറിച്ചുള്ള അറിവില്ലായ്മയാണ് അതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ കാണാവുന്നത്. കുടുംബശ്രീയില്‍ രണ്ടുലക്ഷത്തോളം യൂണിറ്റുകള്‍ക്ക് ഇവിടത്തെ ഗവണ്‍മെന്റും ബാങ്കുകളുമാണ് ഗ്രാന്റായും കടമായും പണം നല്‍കുന്നത്. നെല്ല്, പച്ചക്കറികള്‍, വീട്ടുമൃഗങ്ങളെ വളര്‍ത്തി പാല്‍, മുട്ട, ഇറച്ചി മുതലായവയുടെ ഉല്‍പാദനം, കാര്‍ഷികോല്‍പന്ന സംസ്കരണത്തിലൂടെ പലവിധ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കല്‍, പലതരം സേവനം പ്രദാനം ചെയ്യല്‍ എന്നിങ്ങനെ നൂറുക്കണക്കിനു കോടി രൂപയുടെ ഉല്‍പാദനം അവ നടത്തുന്നു. അതിനെ സോപ്പുപൊടിയും ക്ളീനിങ് പൌഡറും ഉല്‍പാദനമായി കുറച്ചുകാണുന്നത് കുടുംബശ്രീ എന്ന പ്രസ്ഥാനത്തെക്കുറിച്ചുള്ള അറിവുകേടില്‍നിന്ന് ഉണ്ടാകുന്നതാണ്.

രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തിനു പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും സ്ത്രീകളുടെയും സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമായി ആവിഷ്കരിക്കപ്പെട്ടവയാണ് തൊഴിലുറപ്പ്, കുടുംബശ്രീ എന്നീ പദ്ധതികള്‍. അവയില്‍ കുറവുകളോ പോരായ്മകളോ ഉണ്ടാകാം. സുതാര്യമായി, പ്രവര്‍ത്തിക്കുന്നവരുടെ പങ്കാളിത്തത്തോടെ നടപ്പാക്കപ്പെടുന്ന പദ്ധതികളാണവ. അവയെ വിമര്‍ശിക്കാം. പോരായ്മകള്‍ തിരുത്താന്‍ നിര്‍ദ്ദേശങ്ങള്‍ ഉന്നയിക്കാം. അതിനുപകരം അവ മൊത്തത്തില്‍ ജനദ്രോഹപരമാണെന്ന് വ്യാഖ്യാനിക്കുന്നത് ജനോപകാരപ്രദമായ പുതിയ കാല്‍വെപ്പുകളെ തടസ്സപ്പെടുത്തുന്നതിനു തുല്യമാണ്. തൊഴിലുറപ്പ് പദ്ധതിയിലും കുടുംബശ്രീയിലും അനുഭവങ്ങളുടെയും പരിഷ്കാര നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ഇതിനകം തന്നെ നിരവധി മാറ്റങ്ങള്‍ വരുത്തപ്പെട്ടിട്ടുണ്ട്. ഇനിയും അതുണ്ടാകും.