22 January 2019, Tuesday

ബംഗാളിലെ സ്ഥിതി

ചോദ്യകർത്താവ്: 
കെ സി ഉണ്ണിനായര്‍
കൊയിലാണ്ടി
ചോദ്യം: 
പശ്ചിമബംഗാളില്‍ 35 വര്‍ഷം തുടര്‍ച്ചയായി സിപിഐ (എം) നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണം തുടര്‍ന്നിട്ടും ഇന്നും അവിടുത്തെ സാധാരണ ജനങ്ങള്‍ സബ് സഹാറന്‍ ആഫ്രിക്കന്‍ നാടുകളിലെ ജനങ്ങളെക്കാള്‍ പട്ടിണി അനുഭവിക്കുന്നവരാണെന്ന് യു എന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലേ? പശ്ചിമബംഗാളില്‍ ഭൂപരിഷ്കരണ നിയമപ്രകാരം ലക്ഷക്കണക്കിനുള്ള ഭൂമി ഇന്ന് കര്‍ഷകര്‍ സ്വന്തമായും കൂട്ടായും കൃഷിചെയ്യുകയല്ലേ? കേരളത്തിലടക്കം ബംഗാളില്‍ നിന്നു ടണ്‍കണക്കില്‍ അരി ലഭിക്കുന്നുണ്ടല്ലോ? പാവപ്പെട്ടവരെ പട്ടിണിക്കിട്ടിട്ടാണോ ഇതൊക്കെ ചെയ്തു കൂട്ടുന്നത്? അവിടുത്തെ സാധാരണക്കാര്‍ മറുനാട്ടില്‍ വേലചെയ്ത് അവരുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നില്ലേ? പട്ടിണികൊണ്ടു പൊറുതിമുട്ടുമ്പോഴല്ലേ അവിടുത്തെ ചെറുപ്പക്കാന്‍ നക്സലുകളും മാവോയിസ്റ്റുകളുമാകുന്നത്?
ഉത്തരം: 

ഇന്ത്യയില്‍ ഇന്ന് വളരുന്നത് മുതലാളിത്തമാണ്. ഇടതുപക്ഷം ഭരണ നേതൃത്വം വഹിക്കുന്ന സംസ്ഥാനങ്ങളിലും സ്ഥിതി ഇതായിരിക്കും. തല്‍ഫലമായി അവിടെ നാനാതരത്തിലുള്ള ചൂഷണം നടക്കും. ഒരു വിഭാഗം ആളുകള്‍ പലവിധത്തില്‍ ദരിദ്രവല്‍കരിക്കപ്പെട്ടുകൊണ്ടിരിക്കും. സാമൂഹ്യനീതി തങ്ങള്‍ക്ക് കഴിയാവുന്ന പരിമിതമായ രീതിയില്‍ നടപ്പാക്കിക്കൊണ്ട് ഇതില്‍ ഒരളവുവരെ മാറ്റംവരുത്താനാണ് ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ ശ്രമിക്കുന്നത്. അത്രത്തോളം അവിടങ്ങളില്‍ ദാരിദ്ര്യം കുറവാണ്.

യുഎന്‍ഡിപി 2009ല്‍ നടത്തിയ പഠനം നഗരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ചായിരുന്നു. വന്‍ നഗരങ്ങളിലേക്ക് തൊഴില്‍ തേടി ഗ്രാമീണര്‍ വന്നുകൂടുന്നത് മുതലാളിത്തത്തിലെ അനുഭവമാണ്. അങ്ങനെയാണ് മുതലാളിമാര്‍ക്ക് കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കിട്ടുക. കല്‍ക്കത്തയില്‍ ബംഗാളിലെ നാട്ടിന്‍പുറങ്ങളില്‍നിന്നും പുറമെ ബിഹാര്‍, ഒറീസ, അസം, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്നൊക്കെ കുടിയേറിയ ലക്ഷക്കണക്കിന് ആളുകളുണ്ട്. പക്ഷേ, അവരുടെ സ്ഥിതി കുറച്ചൊക്കെ മെച്ചപ്പെടുത്താന്‍ ഇടതുമുന്നണി ഗവണ്‍മെന്റിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സ്ഥിതിഗതികള്‍ മൊത്തത്തില്‍ മാറ്റാന്‍ കഴിഞ്ഞിട്ടില്ല.

നിലവിലുള്ള ഭരണഘടനയ്ക്കുകീഴില്‍ ഇടതുപക്ഷത്തിനായാലും മറ്റാര്‍ക്കായാലും മുതലാളിവര്‍ഗത്തിന്റെ ഇംഗിതത്തിനു വിരുദ്ധമായി പരിമിതമായ കാര്യങ്ങള്‍ മാത്രമെ നടത്താന്‍ കഴിയൂ. അതാണ് പശ്ചിമബംഗാളില്‍ ചെയ്തുവരുന്നത്. അതില്‍ പോരായ്മയോ വീഴ്ചയോ ഉണ്ടാകാം. അവയെ വിമര്‍ശിക്കാം. അവ തിരുത്തപ്പെടേണ്ടതാണ്. എന്നാല്‍, ബൂര്‍ഷ്വാ വ്യവസ്ഥയ്ക്കുകീഴില്‍ സോഷ്യലിസം നടപ്പാക്കാന്‍ കഴിയും എന്നു കരുതുന്നത് വ്യാമോഹമാണ്.

നിലവിലുള്ള വ്യവസ്ഥയുടെ പരിമിതികള്‍കൊണ്ടുകൂടിയാണ് ഒരുപാടുപേര്‍ സംസ്ഥാനത്തിനുപുറത്തേക്കും അന്യനാടുകളിലേക്കും തൊഴില്‍ തേടി പോകുന്നത്. ഒരുപാടുപേര്‍ ദാരിദ്ര്യവും മറ്റ് ദുരിതങ്ങളും അനുഭവിക്കേണ്ടിവരുന്നതിന് പ്രധാനകാരണം നിലവിലുള്ള സാമൂഹ്യവ്യവസ്ഥയാണ്. അത് മാറ്റാനാണ് വിപ്ളവം. ഭൂപരിഷ്കരണംകൊണ്ട് ഒരു വിഭാഗം ആളുകളുടെ പ്രശ്നങ്ങള്‍ മാത്രമാണ് പരിഹരിക്കപ്പെടുക. കൃഷി അഭിവൃദ്ധിപ്പെടണമെങ്കില്‍ വ്യവസായങ്ങളും സമ്പദ്‌വ്യവസ്ഥയും അഭിവൃദ്ധി നേടണം. അവിടെയാണ് വ്യവസായവല്‍ക്കരണത്തിന്റെ പ്രസക്തി. പശ്ചിമബംഗാളില്‍ വ്യാപകമായ വ്യവസായവല്‍ക്കരണം വേണ്ട എന്ന വാദം ഇടതുമുന്നണിയുടെ എതിരാളികള്‍ ഉന്നയിക്കുന്നുണ്ട്.

ഇന്ത്യയില്‍ കേരളത്തിലെന്നപോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് പശ്ചിമബംഗാള്‍. അതിനാല്‍ കൃഷിപ്പണിക്ക് ആവശ്യമുള്ളതിനേക്കാള്‍ വളരെ കൂടുതല്‍ ആളുകള്‍ അവിടെയുണ്ട്. അവര്‍ക്ക് അവിടെത്തന്നെ ജോലിനല്‍കണമെങ്കില്‍ വിപുലമായ വ്യവസായവല്‍ക്കരണം വേണം. അവിടെ കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടയ്ക്ക് സംഭവിച്ചത് പല വ്യവസായങ്ങളും അവിടം വിട്ടുപോയതാണ്. പുതിയ വ്യവസായങ്ങളും സേവനത്തുറകളില്‍ പുതിയ സംരംഭങ്ങളും വരേണ്ടത് പശ്ചിമബംഗാളിന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. അതേസമയം പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ദോഷമുണ്ടാക്കുന്ന തരത്തിലാകരുത് അവ.

പശ്ചിമബംഗാളില്‍ നക്സലിസം പൊട്ടിപ്പുറപ്പെട്ടത് വറുതിയും തൊഴിലില്ലായ്മയും രൂക്ഷമായ 1960കളുടെ അവസാനമായിരുന്നു. ഇന്ന് അവിടെ നക്സലിസമോ മാവോയിസമോ ഇല്ല. ഝാര്‍ഖണ്ഡില്‍നിന്നും ഒറീസയില്‍നിന്നും ബീഹാറില്‍നിന്നും ആന്ധ്രാപ്രദേശില്‍നിന്നുമൊക്കെയാണ് പശ്ചിമബംഗാളിലെ മേദിനിപ്പൂരിലേക്കും ബങ്കുറയിലേക്കും മറ്റും മാവോയിസ്റ്റുകള്‍ കടന്നുചെല്ലുന്നത്. അവിടങ്ങളില്‍ മാവോയിസം വളരുന്നത് ജനങ്ങളുടെ പ്രശ്നങ്ങള്‍ തെല്ലെങ്കിലും പരിഹരിക്കാത്തതുകൊണ്ടാണ്. പശ്ചിമബംഗാളിലേക്ക് മാവോയിസ്റ്റുകളെകൊണ്ടുവന്ന് ജനങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നത് തൃണമൂലുകാരും മറ്റുമാണ്. അതിനെ മറയാക്കിയും ഇടതുമുന്നണി ഗവണ്‍മെന്റിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയും അധികാരം പിടിച്ചെടുക്കാനാണ് തൃണമൂലും കോണ്‍ഗ്രസും മുതല്‍ മാവോയിസ്റ്റുകള്‍വരെ ശ്രമിക്കുന്നത്.