26 May 2018, Saturday

മതം രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍

ചോദ്യകർത്താവ്: 
ധന്യാലയം പ്രമോദ്
പുനലൂര്‍
ചോദ്യം: 
ഡോ. എന്‍ വി പി ഉണിത്തിരിയുടെ മതം രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍ എന്ന ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: "സൈദ്ധാന്തികമായോ പ്രായോഗികമായോ ദൈനംദിന ജീവിതത്തില്‍ ഒരു മതവുമായും ബന്ധപ്പെടാത്തവര്‍ ഇവിടെയുണ്ട്. അവരില്‍ ജന്മംകൊണ്ട് ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും ഇസ്ളാം മതത്തിലും ഉള്ളവരുമുണ്ട്. ഒട്ടെല്ലാ രാഷ്ട്രീയ കക്ഷികളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുമുണ്ട്. സ്വാഭാവികമായും കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് മുതലായ മതനിരപേക്ഷ കക്ഷികളില്‍ ഇവരുടെ എണ്ണം കൂടുതലായിരിക്കും. ഇപ്രകാരം നിര്‍മതരെന്നോ മതരഹിതരെന്നോ വിശേഷിപ്പിക്കാവുന്നവര്‍ കേരളത്തില്‍ ലക്ഷക്കണക്കിനുണ്ട്". ഈ കൊടുത്തിരിക്കുന്ന പ്രസ്താവന വാസ്തവ വിരുദ്ധമല്ലേ? മതവിശ്വാസവും അന്ധവിശ്വാസവും, ആചാരാനുഷ്ഠാനങ്ങളും അടിക്കടി വര്‍ദ്ധിച്ചുവരുന്ന കേരളത്തില്‍ ലക്ഷക്കണക്കിനുപേര്‍ മതരഹിതരായോ നിര്‍മതരായോ കഴിയുന്നു എന്ന പ്രസ്താവന അതിശയോക്തി നിറഞ്ഞതല്ലേ?
ഉത്തരം: 

കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യ ഏതാണ്ട് 340 ലക്ഷമായിരിക്കും. അവരില്‍ ഏതാനും ലക്ഷം പേര്‍, വിവിധ പ്രായങ്ങളിലുള്ളവര്‍, മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കാത്തവരായി ഉണ്ടാകാം എന്ന ഉണിത്തിരി മാഷുടെ പരാമര്‍ശത്തില്‍ ഒട്ടും അതിശയോക്തി ഉണ്ടെന്നു തോന്നുന്നില്ല.

മതത്തില്‍ അവിശ്വസിക്കുന്നില്ല. എന്നാല്‍ പരമ്പരാഗതമായ ഒരു മതാചാരവും അനുഷ്ഠിക്കാത്തവരാണ് ദേവാലയങ്ങളില്‍ പോകുന്നതടക്കം; ഇങ്ങനെ ഒരുപാടുപേര്‍ കേരളത്തിലുള്ളതായി അനുഭവപ്പെട്ടിട്ടുണ്ട്. അവരോടൊപ്പം വേറൊരു കൂട്ടരുണ്ട്. മതവിശ്വാസവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍, വലിയ ബാഹ്യസമ്മര്‍ദ്ദമില്ലെങ്കില്‍, സ്വന്തം ജീവിതത്തില്‍ - ചിലര്‍ കുടുംബജീവിതത്തിലും - നടപ്പാക്കുന്നില്ല. ഇവരില്‍ പലരും ഇക്കാര്യത്തിനു പ്രചാരം നല്‍കാന്‍ ഒട്ടും ശ്രമിക്കാറുമില്ല.

ഇവരില്‍ പല തരക്കാരുണ്ടാകും. ചിലര്‍ ഉന്നതകുലജാതര്‍. വേറെ ചിലര്‍ സാധാരണ അല്ലെങ്കില്‍ പാവപ്പെട്ട കുടുംബങ്ങളില്‍ ഉള്ളവര്‍. ചിലര്‍ നല്ല വിദ്യാഭ്യാസം നേടിയവര്‍. മറ്റു ചിലര്‍ വലിയ വിദ്യാഭ്യാസം ഇല്ലാത്തവര്‍. അവരവരുടെ പശ്ചാത്തലത്തിലുള്ള അനുഭവങ്ങളുടെയും ചിന്തയുടെയും അടിസ്ഥാനത്തിലാണ് അവര്‍ ഈ നിലപാടില്‍ എത്തുന്നത്. ഉണിത്തിരി മാഷ് പറയുന്നതുപോലെ ഇവര്‍ മതനിരപേക്ഷത വ്യത്യസ്ത രീതികളില്‍ അനുഷ്ഠിക്കുന്ന കമ്യൂണിസ്റ്റ് - കോണ്‍ഗ്രസ് ചിന്താഗതിക്കാരോ അനുഭാവികളോ ഒരു രാഷ്ട്രീയത്തോടും സജീവമായ പക്ഷപാതം കാണിക്കാത്തവരോ ആകാം. ഇങ്ങനെ കുറേപ്പേര്‍ ഉള്ളതുകൊണ്ടു കൂടിയാണ് മതത്തോടും ജാതിയോടുമുള്ള ആഭിമുഖ്യം പല തരത്തില്‍ പ്രോല്‍സാഹിപ്പിക്കപ്പെടുന്ന ഇക്കാലത്ത്, കേരളം വിവേകാനന്ദന്‍ മുമ്പ് വിശേഷിപ്പിച്ച ഭ്രാന്താലയമാകാതെ നിലകൊള്ളുന്നത്.

കമ്യൂണിസ്റ്റ് പാര്‍ടി ഒരു കാലത്തും മതവിശ്വാസത്തെ തള്ളിപ്പറഞ്ഞിരുന്നില്ല. മതവിശ്വാസികളെ പാര്‍ടി അംഗങ്ങളാകുന്നതില്‍ നിന്ന് തടഞ്ഞിരുന്നുമില്ല. എന്നാല്‍, ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ യുക്തിവാദ പ്രസ്ഥാനം ഇവിടെ ശക്തമായിരുന്നു. അതിന്റെ പല അനുയായികളും അംഗങ്ങളും ആ ധാരണയോടെ പാര്‍ടിയിലേക്കു വന്നിട്ടുണ്ട്. അത്തരക്കാരുടെ ധാരണ തിരുത്തി മതത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് ധാരണയിലേക്ക് എത്തിക്കാന്‍ ഇ എം എസിനെപ്പോലുള്ള പല പാര്‍ടി നേതാക്കളും പല രൂപത്തില്‍ അക്കാലത്ത് ശ്രമിച്ചിട്ടുമുണ്ട്.

കേരളത്തില്‍ മതവിശ്വാസം പ്രകടിപ്പിക്കാത്ത ലക്ഷക്കണക്കിനു ആളുകള്‍ ഇന്നുമുള്ളത് ഈ പഴയ സ്വാധീനങ്ങളുടെ പുതിയ പതിപ്പുകള്‍ക്ക് ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ വേരോട്ടം ഉള്ളതുകൊണ്ടാകണം. ജനങ്ങള്‍ക്കിടയില്‍ മതവിശ്വാസം വിവിധ തോതുകളില്‍ വ്യാപകമായി ഉണ്ട് എന്ന വസ്തുത കാരണം ഒരു ചെറിയ ശതമാനം ആളുകള്‍, അതില്‍നിന്ന് വിഭിന്നരായി ഉണ്ട് എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമാണെന്ന നിഗമനത്തിലേക്ക് നയിച്ചുകൂട. ഒന്നുകില്‍ കുറുപ്പിന്റെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്കുപുറത്ത് എന്നത് കൈക്കൊള്ളാന്‍ എളുപ്പമുള്ള അഭിപ്രായങ്ങളാണ്. പക്ഷേ, അത് യുക്തിസഹമല്ല. വിശേഷിച്ച് വൈരുധ്യാത്മകയുക്തിക്ക് നിരക്കുന്നതല്ല.