18 November 2017, Saturday

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍

ചോദ്യകർത്താവ്: 
പ്രമോദ് ജി.എം
പുനലൂര്‍
ചോദ്യം: 
ഇന്ത്യയിലെ വടക്കു - കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദ പ്രസ്ഥാനങ്ങളോടും, അവയെ നേരിടുന്ന കേന്ദ്ര ഗവണ്‍മെന്റ് നടപടികളോടുമുള്ള സിപിഎം നിലപാട് എന്താണ്? ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളരാത്തത് എന്തുകൊണ്ട്? ഭൌതികവാദവും (നിരീശ്വരവാദം) സായുധമായി സംഘടിപ്പിക്കാന്‍ തയ്യാറാവാത്തതുമാണോ കാരണങ്ങള്‍? മറ്റെന്തെങ്കിലും കാരണമുണ്ടോ?
ഉത്തരം: 

കേന്ദ്ര ഗവണ്‍മെന്റിന്റെയും അതിന്റെ മറപറ്റി കൊടുംചൂഷണം ചെയ്യുന്ന മുതലാളിമാരുടെയും നടപടികളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടന പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരാന്‍ കാരണമായത്. പ്രതികൂലമായ പരിതഃസ്ഥിതികളോട് മല്ലിടുന്ന അവിടങ്ങളിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കുകയും അവരുടെ ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്താല്‍ അവരുടെ പരിപൂര്‍ണമായ പിന്തുണ ഗവണ്‍മെന്റിനു ലഭിക്കും; അവിടെ വിഘടനവാദം ഇല്ലാതാകും. ഇത് ത്രിപുരയിലെ സമീപകാലാനുഭവം വിളിച്ചോതുന്ന വസ്തുതയാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നിലപാടിനോട് സിപിഐ എമ്മിനു യോജിപ്പില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് വിഘടനവാദത്തെ നേരിടേണ്ടത് എന്നാണ് പാര്‍ടിയുടെ അഭിപ്രായം.

ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ സിപിഐ എമ്മിനു നല്ല പോലെ വളരാന്‍ കഴിയും എന്നതിനു തെളിവാണ് ത്രിപുരയിലെ അനുഭവം. കേരളത്തില്‍ വയനാട്ടിലും പാര്‍ടിക്ക് ആദിവാസികള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ട്.

മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും പിന്തുടരുന്ന നയം ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്നതാണ്. പട്ടികവിഭാഗങ്ങളോട് അവര്‍ സ്വീകരിച്ചുവന്ന നയസമീപനമാണ് അവരെ കൂടുതല്‍ കൂടുതല്‍ ദുരിതങ്ങളിലേക്ക് തള്ളിവിടുന്നത്. മറ്റ് ജനവിഭാഗങ്ങളുടെ ഇടയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നതിനൊപ്പമാണ് പാര്‍ടിക്ക് ആദിവാസികള്‍ക്കിടയിലും സ്വാധീനം ഉണ്ടാക്കാന്‍ കഴിയുക എന്ന് കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലെയും മറ്റ് സംസ്ഥാനങ്ങളിലെയും അനുഭവം തെളിയിക്കുന്നു.

വൈരുദ്ധ്യാത്മക ഭൌതികവാദം, സായുധസമരം എന്നിവയ്ക്കു ആദിവാസികളെ സംഘടിപ്പിക്കുന്ന കാര്യത്തില്‍ പ്രത്യേക പ്രസക്തിയൊന്നുമില്ല. വിപ്ളവ പ്രവര്‍ത്തനത്തിനു അവയ്ക്കു അവയുടേതായ പ്രസക്തിയുണ്ട്. അതിന്റെ വിശദാംശങ്ങള്‍ പാര്‍ടി പരിപാടിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.