11 June 2018, Monday

വിപ്ലവ തൊഴിലാളി സംഘടന എന്ന ആശയം

ചോദ്യകർത്താവ്: 
പ്രമോദ് ജി എം
പുനലൂര്‍
ചോദ്യം: 
മാര്‍ക്സിസ്റ്റ് ക്ളാസിക്കുകളെ പരിചയപ്പെടുന്ന പംക്തിയില്‍ ഇ എം എസ് പറയുന്നു. സോഷ്യലിസം ചരിത്രപരമായ ഒരു അനിവാര്യതയാണ്. നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും അത് സംഭവിക്കുകതന്നെ ചെയ്യും. ഇതാണ് സാങ്കല്‍പിക സോഷ്യലിസത്തില്‍നിന്നും ശാസ്ത്രീയ സോഷ്യലിസത്തിനുള്ള വ്യത്യാസം. ഇതേ പംക്തിയിലെ മറ്റൊരു ലേഖനത്തില്‍ പറയുന്നു. ചൂഷണത്തിന്റെ വര്‍ഗ്ഗാധിഷ്ഠിതവും ചരിത്രപരവുമായ അടിത്തറ കണ്ടെത്തി അതില്‍നിന്നും തൊഴിലാളിവര്‍ഗത്തെയും ബഹുജനത്തെയും മോചിപ്പിക്കുവാനാണ് മാര്‍ക്സും എംഗല്‍സും കമ്യൂണിസ്റ്റ് ലീഗ് സ്ഥാപിച്ചത് എന്ന്. സോഷ്യലിസം സ്വാഭാവികമായി ഉണ്ടാകുന്ന ഒരു പ്രക്രിയയാണെങ്കില്‍ ഒരു കമ്യുണിസ്റ്റ് ലീഗ് സ്ഥാപിക്കാന്‍ മാര്‍ക്സിനെ പ്രേരിപ്പിച്ച ഘടകം എന്താണ്? 1848ലും 49ലും ജര്‍മ്മനിയിലും ഫ്രാന്‍സിലും നടന്ന വിപ്ളവ സമരങ്ങളില്‍ ഇരുവരും പങ്കെടുക്കുകയും രണ്ട് കോമിന്റേണുകള്‍ സംഘടിപ്പിക്കുകയുമുണ്ടായി. മുതലാളിത്തം അതിന്റെ ആഭ്യന്തര വൈരുദ്ധ്യങ്ങളാല്‍ സ്വയം തകരുകയും സോഷ്യലിസം സ്ഥാപിക്കപ്പെടുകയും ചെയ്യും എന്ന സ്വാഭാവിക പ്രക്രിയക്ക്, മാര്‍ക്സിന്റെതന്നെ ആശയത്തിന് കടകവിരുദ്ധമല്ലേ ഇത്? ഇത് സൂചിപ്പിക്കുന്നത് Early Marx ഉം Later Marx ഉം തമ്മിലുള്ള വൈരുദ്ധ്യം ആണോ? ആ സമയത്ത് യൂറോപ്പില്‍ വിപ്ളവത്തിനുള്ള സാഹചര്യങ്ങള്‍ പാകപ്പെട്ടുകഴിഞ്ഞിരുന്നു എന്ന് മാര്‍ക്സും ഏംഗല്‍സും വിശ്വസിച്ചിരുന്നുവോ? എന്തുകൊണ്ടാണ് അവര്‍ കരുതിയിരുന്നപോലെ ഇംഗ്ളണ്ട്, അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ വിപ്ളവം നടക്കാതെ പോയതും റഷ്യയില്‍ നടന്നതും? വിപ്ളവ സാഹചര്യമില്ലാത്ത ഘട്ടത്തിലും തൊഴിലാളിവര്‍ഗത്തെ സംഘടിപ്പിച്ച് പാര്‍ടിയുടെ കുടക്കീഴില്‍ വിപ്ളവം നടത്താം എന്ന് മാര്‍ക്സ് കരുതിയിരുന്നുവോ? അങ്ങനെയാണ് മാര്‍ക്സ് ഉദ്ദേശിച്ചതെങ്കില്‍ സമൂഹത്തില്‍ നിരന്തരം പ്രവര്‍ത്തിക്കുന്ന ഒരു വിപ്ളവ തൊഴിലാളി സംഘടന എന്ന ആശയത്തിന്റെ പിതൃത്വം എങ്ങനെ ലെനിന് നല്‍കാന്‍ കഴിയും?
ഉത്തരം: 

മാര്‍ക്സും എംഗല്‍സും ചരിത്രപരമായ ഭൌതികവാദത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനംചെയ്ത് ചെന്നെത്തിയ നിഗമനം ഇതാണ്. മാനവസമൂഹം ഓരോ സാമൂഹ്യവ്യവസ്ഥയില്‍നിന്നും മറ്റൊന്നിലേക്ക് ഒന്നിനുപിറകെ ഒന്നായി പ്രാകൃത കമ്യൂണിസംമുതല്‍ പരിവര്‍ത്തനംചെയ്തുകൊണ്ടിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സോഷ്യലിസം ചരിത്രപരമായ അനിവാര്യതയാണ് എന്ന് ഇ എം എസ് പറഞ്ഞത്.

സമൂഹത്തില്‍ തൊഴിലാളി കര്‍ഷകാദി പാവപ്പെട്ട ജനവിഭാഗങ്ങള്‍ പല ദുരിതങ്ങളും അനുഭവിക്കുന്നു. അവരെ അവയില്‍നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മനുഷ്യസ്നേഹികളായ പലരും ചേര്‍ന്ന് ആവിഷ്കരിച്ചതാണ് സാങ്കല്‍പിക സോഷ്യലിസം. അവര്‍ ലക്ഷ്യം കൃത്യമായി പറഞ്ഞെങ്കിലും, എല്ലാ നല്ലവരും ചേര്‍ന്ന് ആ ലക്ഷ്യം കൈവരിക്കണം എന്നതിലപ്പുറം അവര്‍ക്ക് അതിന് ഒരു പരിപാടി ഉണ്ടായിരുന്നില്ല.

ശാസ്ത്രീയ സോഷ്യലിസം അതില്‍നിന്ന് വ്യത്യസ്തമാണ്. മുതലാളിത്തത്തിന്റെ ദര്‍ശനമായ ആശയവാദത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് മാര്‍ക്സിസത്തിന്റെ ദര്‍ശനമായ വൈരുദ്ധ്യാത്മക ഭൌതികവാദം. ആദംസ്മിത്തും റിക്കാര്‍ഡോവും മറ്റും ആവിഷ്കരിച്ച മുതലാളിത്ത അര്‍ഥശാസ്ത്രം ആ വ്യവസ്ഥ കേന്ദ്രീകരിച്ച് എങ്ങനെ വളരുന്നു, അതിന് നിദാനം എന്ത് എന്നു പരിശോധിക്കുന്നില്ല. മുതലാളിത്ത ഉല്‍പാദനത്തില്‍ മുതലാളി മിച്ചമൂല്യമായി ഉല്‍പന്നത്തിലെ ഒരംശം കയ്യടക്കുന്നു എന്നും അതാണ് മുതലാളിത്തവളര്‍ച്ചയ്ക്ക് അടിസ്ഥാനമെന്നും മാര്‍ക്സ് കണ്ടെത്തി. അതിനാല്‍ മുതലാളിത്ത വ്യവസ്ഥ അവസാനിപ്പിച്ച് സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ദൌത്യം സാങ്കല്‍പിക സോഷ്യലിസ്റ്റുകള്‍ വിഭാവനം ചെയ്തതുപോലെ എല്ലാ നല്ല ആളുകളും കൂടിയല്ല ചെയ്യുക. അത് സ്വന്തം ദൌത്യമായി തൊഴിലാളിവര്‍ഗ്ഗം സംഘടിച്ച് ഏറ്റെടുക്കണം. ഇതാണ് ശാസ്ത്രീയ സോഷ്യലിസത്തിന്റെ സത്ത. ഇതിനാണ് കമ്യൂണിസം സ്ഥാപിക്കപ്പെട്ടത്. ഇത് ഇ എം എസ് സ്പഷ്ടമായി വിവരിച്ചിട്ടുണ്ട്.

മേല്‍പറഞ്ഞതില്‍നിന്ന് സോഷ്യലിസം സ്വാഭാവികമായി ഉണ്ടാകാന്‍പോകുന്ന പ്രക്രിയയാണെങ്കിലും അതിനെ ത്വരിതപ്പെടുത്താനും ചൂഷിത ജനവിഭാഗങ്ങളുടെ ദുരിതങ്ങള്‍ കുറയ്ക്കാനും ആ പ്രക്രിയ ബോധപൂര്‍വം നടപ്പാക്കാനാണ് കമ്യൂണിസ്റ്റ്പാര്‍ടി രൂപീകരിച്ചതും അതിന്റെ മാനിഫെസ്റ്റോ മാര്‍ക്സും എംഗല്‍സും കൂടി തയ്യാറാക്കിയതും.

ചരിത്രത്തിന്റെ ഗതിയനുസരിച്ച് മുതലാളിത്തം ആന്തരിക വൈരുദ്ധ്യങ്ങളാല്‍ തകരുകയും സോഷ്യലിസം സ്ഥാപിക്കപ്പെടുകയും ചെയ്യും എന്ന് മാര്‍ക്സും എംഗല്‍സും കണ്ടെത്തി. എന്നാല്‍, അത് സ്വാഭാവികമായി സംഭവിക്കാന്‍ വിടുകയല്ല കമ്യൂണിസ്റ്റ്പാര്‍ടി തൊഴിലാളിവര്‍ഗത്തെ സംഘടിപ്പിച്ച വിപ്ളവം നടത്തുകയാണ് വേണ്ടത് എന്ന് അവര്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ വിശദമാക്കിയിട്ടുണ്ട്. മൃഗങ്ങളെപ്പോലെ പ്രകൃതിനിയമങ്ങള്‍ക്ക് കീഴ്പ്പെടുകയല്ല മനുഷ്യന്‍ വേണ്ടത്. ആ നിയമങ്ങളെ മനസ്സിലാക്കി അവ കാണിച്ചുതരുന്ന ദിശയിലൂടെ വേഗം സഞ്ചരിക്കുകയാണ് വേണ്ടത്.

ഇവിടെ ആദ്യകാല മാര്‍ക്സും പില്‍ക്കാല മാര്‍ക്സും തമ്മില്‍ വൈരുദ്ധ്യമില്ല. ആദ്യകാല മാര്‍ക്സ് വിവിധ വിജ്ഞാനശാഖകള്‍ പഠിക്കുകയും അവയുടെ വെളിച്ചത്തില്‍ പ്രകൃതിയുടെയും സമൂഹത്തിന്റെയും ചലനനിയമങ്ങള്‍ മനസ്സിലാക്കുകയും ചെയ്ത വിദ്യാര്‍ത്ഥിയായിരുന്നു. എന്നാല്‍, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയ കാലം മുതല്‍ പഠിച്ചറിഞ്ഞ കാര്യങ്ങളെ പ്രയോഗിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകന്‍കൂടിയായി. എല്ലാ മനുഷ്യരിലും ഇത്തരത്തിലുള്ള വളര്‍ച്ചയുണ്ട്. അത് മനസ്സിലാക്കാത്തവരാണ് ആദ്യകാല മാര്‍ക്സും പില്‍ക്കാല മാര്‍ക്സും തമ്മില്‍ വൈരുദ്ധ്യം കണ്ടെത്തുന്നത്.

മാര്‍ക്സും എംഗല്‍സും മനുഷ്യരായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ അനുമാനങ്ങളോ നിഗമനങ്ങളോ എല്ലാം പൂര്‍ണമായി ശരിയായിക്കൊളണമെന്നില്ല. അവര്‍ ശാസ്ത്രജ്ഞരായിരുന്നു. ശാസ്ത്രത്തില്‍ ആരും അവസാന വാക്കു പറയുന്നില്ല. പുതിയ പ്രതിഭാസങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ പുതിയ ശാസ്ത്രജ്ഞര്‍ മുന്‍ഗാമികളെ പ്രസക്തമായ കാര്യങ്ങളില്‍ തിരുത്തിക്കൊണ്ടിരിക്കും. അത് ശാസ്ത്രീയ രീതിയുടെ അടിസ്ഥാനശിലയാണ്.

വിപ്ളവം നടത്തുന്നതില്‍ വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ ഘടകങ്ങളുണ്ട്. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും വസ്തുനിഷ്ഠ നിഗമനങ്ങള്‍ ശരിയായിരുന്നു. പക്ഷേ, ബ്രിട്ടന്‍, ജര്‍മ്മനി എന്നിവിടങ്ങളില്‍ വിപ്ളവം വിജയിപ്പിക്കേണ്ട വിപ്ളവശക്തികളും അവയ്ക്ക് നേതൃത്വം നല്‍കേണ്ടവരും അവസരത്തിനൊത്ത് ഉയര്‍ന്നില്ല. മാര്‍ക്സും എംഗല്‍സും ഇത് വേണ്ടപോലെ മനസ്സിലാക്കിയുമില്ല. റഷ്യയില്‍ ഈ രണ്ടു ഘടകങ്ങളെയും ഏകോപിപ്പിക്കുന്നതില്‍ ലെനിന്റെ നേതൃത്വത്തിലുള്ള വിപ്ളവശക്തികള്‍ വിജയിച്ചു. തൊഴിലാളിവര്‍ഗത്തിനു മാത്രമായി റഷ്യയെപ്പോലെ മുതലാളിത്തം ഗണ്യമായി വളര്‍ന്നു കഴിഞ്ഞിട്ടില്ലാത്ത രാജ്യത്ത് വിപ്ളവം വിജയിപ്പിക്കാന്‍ കഴിയില്ല, അതിനു തൊഴിലാളി-കര്‍ഷകസമര സഖ്യം ആവശ്യമാണ് എന്ന് ലെനിന്‍ കണ്ടു. അതിനനുസരിച്ച് പ്രവര്‍ത്തിച്ചു വിജയിച്ചു.

ഏത് സമൂഹത്തിനും ഏത് പ്രതിഭാശാലിക്കും അവരുടെ കാലത്തിന്റേതായ പരിമിതിയുണ്ടായിരിക്കും. അക്കാലത്ത് സമൂഹവും അതിന്റെ അറിവും സ്ഥാപനങ്ങളും എത്രത്തോളം വളര്‍ന്നുവോ, അതുമായി ബന്ധപ്പെട്ടു മാത്രമേ ഏത് പ്രതിഭാശാലിക്കും വളരാന്‍ കഴിയൂ. മാര്‍ക്സിനും എംഗല്‍സിനും അത് ബാധകമാണ്. അതുകൊണ്ടാണ് ലെനിന് അവര്‍ക്ക് കഴിയാത്ത രീതിയില്‍ വിപ്ളവ തൊഴിലാളി സംഘടന, പാര്‍ടി എന്നിവ സംബന്ധിച്ച് കൂടുതല്‍ വികസിതമായ ആശയങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ കഴിഞ്ഞത്.