18 June 2018, Monday

വിശ്വാസവും ഇടതുപക്ഷവും

ചോദ്യകർത്താവ്: 
കെ കെ മാധവന്‍
ചുഴലി
ചോദ്യം: 
സിപിഐ(എം) തയ്യാറാക്കിയ തെറ്റുതിരുത്തല്‍ രേഖയില്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. "പുരോഗമന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് ശ്രദ്ധിക്കാറുണ്ടോ, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും കൂട്ടുനില്‍ക്കേണ്ടി വരാറുണ്ടോ, വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ സ്വന്തം ജീവിതത്തിലും സമൂഹത്തിലും അനാചാരങ്ങള്‍ അനുഷ്ഠിക്കേണ്ടിവരാറുണ്ടോ, അതിനെതിരായ നിലപാട് സ്വീകരിക്കാറുണ്ടോ?'' ഇത് വിശദീകരിക്കുമ്പോള്‍ താഴെനിന്ന് സഖാക്കള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന സംശയം ശബരിമലയില്‍ കെട്ടുനിറച്ചു പോകുന്ന പാര്‍ടി അംഗങ്ങള്‍ പാര്‍ടി നിലപാടിനെതിരായവരും അന്ധവിശ്വാസികളുടെ കൂട്ടത്തില്‍പെടുത്തേണ്ടവരും ആണോ എന്നാണ്. എന്നാല്‍ മുസ്ളീം വിഭാഗത്തില്‍പെടുന്ന പാര്‍ടി അംഗങ്ങള്‍ ഹജ്ജിന് പോവുകയും മതാചാരങ്ങള്‍ നടത്തുകയും ചെയ്യുന്നു. അത് പാര്‍ടിയിലെ ഉന്നതരായ നേതാക്കള്‍പോലും ചെയ്യുന്നു. ഹിന്ദു വിഭാഗത്തിലെ പാര്‍ടി അംഗങ്ങള്‍ മതാചാരപ്രകാരം ശവസംസ്കാരച്ചടങ്ങ് നടത്തുന്നത് തെറ്റാണെങ്കില്‍, ഇതര മതത്തിലെ പാര്‍ടി അംഗങ്ങള്‍ മരിച്ചാല്‍ പള്ളികളില്‍ സംസ്കരിക്കുന്നതിനെയും അനാചാരത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ? മുസ്ളീം വിഭാഗത്തില്‍പ്പെട്ട നമ്മുടെ സമുന്നതരായ നേതാക്കള്‍ മരിച്ചാല്‍ പള്ളികളില്‍ സംസ്കരിക്കുമ്പോള്‍ ആ ചടങ്ങില്‍ സംബന്ധിക്കുന്ന നമ്മുടെ പാര്‍ടി നേതൃത്വം അനാചാരത്തിന് കൂട്ടുനില്‍ക്കുകയല്ലേ ചെയ്യുന്നത്? അന്ധവിശ്വാസവും അനാചാരവും ഏതു മതത്തിലായാലും ഒരുപോലെ കാണേണ്ടതല്ലേ? ഇത്തരം നിലപാടുകള്‍ ഹിന്ദുവര്‍ഗ്ഗീയ വാദികള്‍ പ്രചരിപ്പിക്കുമ്പോള്‍ സാധാരണ പാര്‍ട്ടി അംഗങ്ങള്‍ മറുപടി പറയാതെ നിന്നുപോകുന്നു. തെറ്റുതിരുത്തല്‍ രേഖ ചര്‍ച്ച ചെയ്യുന്ന ഈ ഘട്ടത്തില്‍ ഇതുസംബന്ധിച്ച് ഒരു വിശദീകരണം നല്‍കണമെന്ന് താല്‍പര്യം.
ഉത്തരം: 

ഏതു മതാനുയായി ആയാലും അന്ധവിശ്വാസവും അനാചാരവും അനുചിതമാണ്. അതിനര്‍ഥം മതവിശ്വാസത്തെയും മതാചാരത്തെയും പാര്‍ടി എതിര്‍ക്കുന്നു എന്നോ നിരുല്‍സാഹപ്പെടുത്തുന്നു എന്നോ അല്ല. സാധാരണ ജനങ്ങളോ പാര്‍ടി അനുഭാവികളോ പാര്‍ടി അംഗങ്ങള്‍ പോലുമോ അവ ചെയ്യുന്നതിനെ പാര്‍ടി എതിര്‍ക്കുന്നില്ല.

തിരഞ്ഞെടുക്കപ്പെട്ട പാര്‍ടി സ്ഥാനങ്ങളിലുള്ളവര്‍ അങ്ങനെ ചെയ്യുന്നതിനെയാണ് പാര്‍ടി നിരുല്‍സാഹപ്പെടുത്തുന്നത്. അവര്‍ കമ്യൂണിസ്റ്റ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് പാര്‍ടി നിശ്ചയിച്ചിട്ടുള്ളത്. തെറ്റുതിരുത്തല്‍ പ്രക്രിയയുടെ ഭാഗമായി ഈ മാനദണ്ഡങ്ങള്‍ എത്രത്തോളം പാലിക്കുന്നുണ്ട് എന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ്.

വിവിധ രാഷ്ട്രീയ പാര്‍ടികളും വിവിധ മതങ്ങളും ജാതികളും അവരവരുടേതായ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍, അവ പാലിക്കപ്പെടുന്നുണ്ടോ എന്ന് അവയുടെ നേതൃമണ്ഡലങ്ങളില്‍ ഉള്ളവരുടെ കാര്യത്തില്‍പോലും ഉറപ്പുവരുത്തുന്നില്ല. അതേസമയം മാനദണ്ഡങ്ങളെയും അവ പാലിക്കുന്നതിനെയും കുറിച്ച് ചില്ലുമേടയിലിരുന്ന് പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യുന്നു.

ചോദ്യത്തില്‍ ചൂണ്ടിക്കാട്ടുന്നതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു മാനദണ്ഡവും മറ്റു മതക്കാര്‍ക്ക് വേറൊന്നും പാര്‍ടി നിര്‍ദ്ദേശിക്കുകയോ പാലിക്കുകയോ ചെയ്യുന്നില്ല. ഓരോ മതക്കാര്‍ ഓരോരോ കാലത്ത് നടപ്പാക്കിയ പതിവുകളാണ് അവയുടെ ആചാരങ്ങള്‍. മരിച്ചാല്‍ ശവം ദഹിപ്പിക്കുകയോ കുഴിച്ചിടുകയോ ചെയ്യുന്നു. അത് ചെയ്യുന്നത് അനാചാരമല്ല. അങ്ങനെയൊരു നിലപാട് പാര്‍ടി കൈക്കൊള്ളുന്നില്ല.

ശവസംസ്കാരം പാര്‍ടിക്കാര്‍ ഇന്ന തരത്തില്‍ നടത്തണമെന്ന് പാര്‍ടി നിഷ്കര്‍ഷിക്കാറില്ല. അതില്‍ ഓരോ മതത്തിനും ഓരോ രീതി ഉണ്ടാകാം. ഒരേ മതക്കാരില്‍ തന്നെ ഓരോ പ്രദേശത്ത് പിന്തുടരുന്ന രീതിയുടെ വിശദാംശങ്ങളില്‍ മാറ്റമുണ്ടാകാം. അത്തരം കാര്യങ്ങളില്‍ ഓരോരോ കാലത്ത് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ടാകാം. അങ്ങനെയാണ് ചിലവ അനാചാരങ്ങളായി പൊതുവില്‍ അംഗീകരിക്കപ്പെടുന്നത്.

ഓരോ മതക്കാരുടെയും പൊതുവെ അംഗീകരിക്കപ്പെടുന്ന രീതിയെ പാര്‍ടി അനുകൂലിക്കുന്നു. അതില്‍തന്നെ പാര്‍ടി നേതൃത്വത്തില്‍പെടുന്നവര്‍ മരണാനന്തര ചടങ്ങുകളില്‍ മാത്രമല്ല വിവാഹം ആദിയായവയിലും ഒരു മതാചാരവും പിന്തുടരരുത് എന്നു പാര്‍ടി നിഷ്കര്‍ഷിക്കുന്നു. സാമുദായികാചാരങ്ങള്‍ രൂഢമൂലമായിരിക്കുന്ന ഒരു സമൂഹത്തെ മതനിരപേക്ഷമായ ആചാരങ്ങളിലേക്ക് നയിക്കുന്നതിന്റെ ഭാഗമായാണ് പാര്‍ടി ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത്.

മതബോധത്തിന്റെ സ്വാധീനം ബോധപൂര്‍വമായല്ലെങ്കിലും ശക്തമായി നിലനില്‍ക്കുന്നവര്‍ക്കിടയിലാണ് ചോദ്യകര്‍ത്താവ് ഉന്നയിക്കുന്ന തരത്തിലുള്ള വീക്ഷണം നിലനില്‍ക്കുക. അല്ലെങ്കില്‍ അവരാണ് ഹിന്ദുവര്‍ഗീയവാദികള്‍ ഉന്നയിക്കുന്ന തരത്തിലുള്ള അന്യമത ദൂഷണത്തിനു വശംവദരാകുക.

മതബോധത്തിന്റെ വേരു കിടക്കുന്നത് ചൂഷണത്തിലാണ് എന്ന് മാര്‍ക്സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വര്‍ഗവാഴ്ചയാണ് അതിനെ നിലനിര്‍ത്തുന്നത്. അത് പ്രചരിപ്പിക്കുന്ന ബോധവും അഭിപ്രായഗതിയുമാണ് ചോദ്യത്തില്‍ ഓളം വെട്ടുന്നത്.