13 March 2019, Wednesday

ആചാരമല്ല, നിയമവ്യവസ്ഥയാണ് പ്രധാനം

കൊല്ലം പരവൂരിലെ പുറ്റിങ്ങൽ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള കരിമരുന്നു പ്രയോഗം ഇതെഴുതുമ്പോള്‍ 113 പേരുടെ ജീവൻ അപഹരിച്ചുകഴിഞ്ഞു. നൂറുകണക്കിനു ആളുകൾ പരിക്കുപറ്റി ആശുപത്രിയിലുണ്ട്. ക്ഷേത്രപരിസരത്തുള്ള വീടുകൾക്കും കടകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. സംഭവിക്കരുതാത്തതായിരുന്നു ഇവയെല്ലാം. ഇവ സംഭവിക്കുന്നത് തടയാനും കഴിയുമായിരുന്നു, ഉത്തരവാദപ്പെട്ടവർ അവരുടെ അധികാരവും ഉത്തരവാദിത്വവും ആത്മാര്‍ഥതയോടെ തക്കസമയത്ത് നിറവേറ്റിയിരുന്നെങ്കിൽ.

പുറ്റിങ്ങൽ ക്ഷേത്രത്തിനുചുറ്റും മറ്റ് പല ക്ഷേത്ര പരിസരത്ത് ഉള്ളതുപോലെ വിശാലമായ വെളിമ്പറമ്പില്ല. കുടുസ്സായ പ്രദേശമാണത്. അവിടെ ഉത്സവത്തിനു എത്തിച്ചേരുന്ന ആളുകള്‍ക്കും ചുറ്റും പാര്‍ക്കുന്നവരുടെ ആസ്തികള്‍ക്കും ഊനം തട്ടാത്തവിധം വന്‍തോതിലുള്ള കരിമരുന്നു പ്രയോഗം സാധ്യമല്ല, അനുവദനീയവുമല്ല. ഭീകരശബ്ദം ഉണ്ടാകാത്തതും പൊട്ടിവീണ് ജീവ - വസ്തു നാശം ഉണ്ടാക്കാത്തതുമായ കരിമരുന്നു പ്രയോഗമേ അവിടെ അനുവദിക്കാനാകൂ. നിലവിലുള്ള നിയമം അനുസരിച്ച് അങ്ങനെയേ അവിടെ പാടുള്ളൂ. അതാണ് കൊല്ലം കലക്ടര്‍ നിര്‍ദേശിച്ചത്. അത് കര്‍ശനമായി നടപ്പാക്കുന്നതിനു പൊലീസും കല്‍പന കൃത്യമായി പാലിക്കുന്നതില്‍ ക്ഷേത്രം ഊരാളരും ശ്രദ്ധിച്ചിരുന്നെങ്കില്‍, നൂറിലേറെ നിരപരാധികള്‍ അവിടെ അരുംകൊലയ്ക്കു വിധേയരാവുകയില്ലായിരുന്നു.

ഉത്സവം മൊത്തത്തില്‍ ആചാരമല്ല. അതിന്റെ ഭാഗമായി ചില ആചാരങ്ങള്‍ നടത്തുന്നുണ്ടാകാം. അത് ക്ഷേത്രത്തിനകത്തും പുറത്തും മാലചാര്‍ത്തുന്നതിലും വിളക്കുവെക്കുന്നതിലും നട അടയ്ക്കുന്നതും തുറക്കുന്നതും ശിവേലി നടത്തുന്നതുമായി ബന്ധപ്പെട്ട് വാദ്യഘോഷങ്ങള്‍ നടത്തുന്നതിലും ആണ് കേന്ദ്രീകരിക്കാറുള്ളത്. ചെണ്ടമേളം, പഞ്ചവാദ്യം, നാദസ്വരം, പല നാടന്‍ കലാപ്രകടനങ്ങള്‍ മുതലായവ ആചാരത്തേക്കാള്‍ ജനങ്ങള്‍ക്കു ആസ്വദിക്കാനുള്ള ഉത്സവവിരുന്നുകളാണ്. കഥാപ്രസംഗം പോലെ ഒരു കാലത്ത് നടത്തപ്പെട്ടിരുന്നതും പിന്നീട് നിലച്ചതുമായ പല കലാപ്രകടനങ്ങളും ഉത്സവത്തിലെ ആചാരമായല്ല, ആഘോഷമായി നടത്തപ്പെടാറുണ്ട്. പലേടങ്ങളിലും ആന എഴുന്നള്ളിപ്പും കരിമരുന്നു പ്രയോഗവും അങ്ങനെ പിന്നീട് നടപ്പാക്കപ്പെട്ട ആഘോഷ ഇനങ്ങളാണ്.

കരിമരുന്നു പ്രയോഗവും മറ്റും ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളാണ് എന്നും ക്ഷേത്രവും ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ചിലര്‍ വ്യാഖ്യാനിക്കുന്നുണ്ട്. കോഴിയേയും ആടിനേയും അറുക്കുന്നത് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലും മറ്റും ആചാരമായി എണ്ണപ്പെട്ടിരുന്നു. എന്നാല്‍, ജനങ്ങളുടെ എതിര്‍പ്പ് രൂക്ഷമായപ്പോള്‍, അതൊക്കെ ആചാരമാണെന്നു പറഞ്ഞ് ഒരു കാലത്ത് ന്യായീകരിച്ചിരുന്ന സര്‍ക്കാരും കോടതികളും തന്നെ പിന്നീട് അവയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. നമ്മുടെ ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും നിരക്കാത്ത ഒരു ആചാരത്തിനും ഇവിടെ പ്രസക്തിയില്ല എന്നു സാരം.

എന്നാല്‍, ആചാരത്തിനു ഭരണഘടനാ വ്യവസ്ഥകളേക്കാള്‍ പ്രസക്തിയും നിലനില്‍പും ഉണ്ടെന്നു വ്യാഖ്യാനിക്കുന്നവര്‍ ഇന്നു കൂടുതലാണ്, മാധ്യമങ്ങളുടെ മുമ്പിലെങ്കിലും. അവര്‍ ഒരു കാര്യം മറക്കുന്നു. ആചാരം അനുഷ്ഠിക്കുന്നതിനു നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം നിയമവും ചട്ടവും പാലിക്കുന്നതിനുണ്ട്. പഴയ ആചാര പ്രകാരം സ്ത്രീ പുരുഷ സമത്വമോ, വിവിധ ജാതിക്കാര്‍ക്കും മതക്കാര്‍ക്കും തുല്യ അവകാശമോ, ഒന്നും ഇല്ലായിരുന്നു; സതി അനുവദനീയമായിരുന്നു; ശബരിമലയിലും ഗുജറാത്തിലെയും മറ്റും ചില ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്കു പ്രവേശനം അന്യായമായി നിഷേധിക്കപ്പെട്ടിരിക്കുന്നത് ആചാരത്തിന്റെ പേരില്‍ ന്യായീകരിക്കപ്പെടുന്നു. എന്നാല്‍, ഭരണഘടനയെ മുന്‍നിര്‍ത്തി സുപ്രീംകോടതി വരെയുള്ള കോടതികള്‍ അത്തരം ആചാരങ്ങളെ ശരിവയ്ക്കുന്നില്ല.

പണ്ട് കാതടപ്പിക്കുന്ന ശബ്ദത്തില്‍ പടക്കവും അമിട്ടും ഒക്കെ പൊട്ടിക്കാറുണ്ട്. അത് കാതിനു മാത്രമല്ല, ശരീരത്തിനാകെ ഹാനികരമാണെന്ന് ശാസ്ത്രം പറയുന്നു. അതിനാല്‍ 140 ഡെസിബലിനേക്കാള്‍ ശബ്ദം ഉണ്ടാക്കുന്ന വെടിക്കെട്ടിനെ ശാസ്ത്രം നിരുത്സാഹപ്പെടുത്തുന്നു. മാത്രമല്ല, പൊട്ടാസ്യം ക്ലോറേറ്റിനെപ്പോലുള്ള രാസപദാര്‍ഥങ്ങള്‍ തീ ആളിപ്പിടിച്ച് വലിയ നാശനഷ്ടങ്ങളും പൊട്ടിത്തെറിയും ഉണ്ടാക്കും എന്നതിനാല്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. ആചാരത്തിന്റെ പേരില്‍ അവ കൊണ്ട് നിര്‍മിച്ച കരിമരുന്നു പ്രയോഗം അനുവദിക്കാനാവില്ല. ആചാരം, ഭരണഘടന ഉള്‍പ്പെടെ ആധുനിക നിയമാവലി അനുവദിക്കുന്ന കാര്യങ്ങള്‍ ഇവ സംബന്ധിച്ച് വിവേകപൂര്‍വം നിലപാടെടുക്കാന്‍ സമൂഹത്തിനു കഴിയേണ്ടതുണ്ട്. കോടതിവിധികള്‍ക്കപ്പുറം ഇത്തരം കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് സംസ്‌കാരത്തിന്റെ ഭാഗമായി അവബോധം ഉണ്ടാകേണ്ടതാണ്.

നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് കലക്ടര്‍ കരിമരുന്നു പ്രയോഗത്തെയും ആനയെ എഴുന്നള്ളിപ്പിനു ഉപയോഗിക്കുന്നതിനെയും സംബന്ധിച്ച് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ക്ഷേത്രമുടമകള്‍ക്കും ഉത്സവകമ്മിറ്റിക്കാര്‍ക്കും ബാധ്യതയുണ്ട്. അവ നടപ്പാക്കുന്നു എന്നു ഉറപ്പുവരുത്താന്‍ പൊലീസ് ബാധ്യസ്ഥമാണ്. കൊല്ലം കലക്ടര്‍ നല്‍കിയ നിര്‍ദേശം മന്ത്രിയോ രാഷ്ട്രീയ നേതാവോ കല്‍പിച്ചതനുസരിച്ച് പൊലീസ് ധിക്കരിച്ചതായാണ് പുറ്റിങ്ങല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരം വെളിവാക്കുന്നത്.ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയും പൊലീസിന്റെയും കലക്ടരുടെയും പ്രസ്താവനകളും ഒക്കെ വെളിവാക്കുന്നത് അതാണ്. സംസ്ഥാന ഗവണ്‍മെന്റിന്റെ ഗുരുതരമായ വീഴ്ചയാണ് അതിനൊക്കെ അടിസ്ഥാനം. ആര് പറഞ്ഞത് ആര് അനുസരിക്കണം എന്ന സർക്കാർ മുറ ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു.

അമേരിക്ക - ചൈന പ്രസിഡന്റുമാര്‍, മാര്‍പ്പാപ്പ മുതലായ അന്താരാഷ്ട്ര നേതാക്കള്‍ അനുശോചിക്കുകയും പ്രധാനമന്ത്രി ഉള്‍പ്പെടെ പല ദേശീയ നേതാക്കളും നേരിട്ടുവന്ന് അന്വേഷിക്കുകയും ബന്ധപ്പെട്ടവരെ സാന്ത്വനിപ്പിക്കുകയും ചെയ്ത ഈ സംഭവത്തിന് ഉത്തരവാദികളായവരെ അവര്‍ അര്‍ഹിക്കുന്ന ശിക്ഷയ്ക്കു വിധേയരാക്കണം. ക്ഷേത്ര ഭാരവാഹികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒക്കെ അത് മാതൃകയാകണം. ആചാരത്തിന്റെയും ഉത്സവത്തിന്റെയും പേരില്‍ ജനജീവിതത്തെ പന്താടുന്നതിന് അധികാരികള്‍ ഉള്‍പ്പെടെ ആരെയും മേലില്‍ അനുവദിച്ചു കൂട.