10 August 2018, Friday

ആന്റണീജിയുടെ ഓർമ്മപുതുക്കാൻ ആ ആത്മഹത്യക്കാല കഥകൾ ഇതാ...

AK Antony and Farmers' Suicide in Kerala


തങ്ങള്‍ ഏല്‍പ്പിച്ച ഭരണത്തിന്റെ പളുങ്കുപാത്രം എല്‍ഡിഎഫ് ഉടച്ചുകളഞ്ഞെന്ന സങ്കടം എ കെ ആന്റണിക്ക് അടക്കാനാകുന്നില്ല. 2001 മുതല്‍ മൂന്നര വര്‍ഷം കേരളത്തില്‍ 'ആദര്‍ശത്തിന്റെ ആന്റണിക്കാല'മായിരുന്നു. എന്തെല്ലാം വികസനം. കടം കയറി മുച്ചൂടും മുടിഞ്ഞ കര്‍ഷകരുടെ ആത്മഹത്യകള്‍. വര്‍ഗീയ കോമരങ്ങള്‍ അഴിഞ്ഞാടിയ മാറാട്. മണ്ണിനുവേണ്ടി സമരം ചെയ്ത ആദിവാസിയെ വെടിവച്ചുകൊന്ന മുത്തങ്ങ...

ഇതൊക്കെയാണ് ആന്റണിയുടെ 'പളുങ്കുപാത്രം' കേരളജനതയ്ക്ക് സമ്മാനിച്ചത്. ഒടുവില്‍ കര്‍ഷകരുടെയും ആദിവാസികളുടെയും കണ്ണീരും ചോരയും തന്നെയാണ് സ്വന്തം പാര്‍ടിക്കാര്‍ ഈ ആദര്‍ശവാനെ 'നാടുകടത്താന്‍' കാരണമായത്. 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനരോഷത്തില്‍ യുഡിഎഫ് തകര്‍ന്നടിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് അടിച്ചിറക്കിയത് ആന്റണി മറന്നാലും കേരളം മറക്കുമോ.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാന്‍ വഴിയില്ലാതെ മുങ്ങിത്താഴുന്ന യുഡിഎഫിന് പെരുംനുണകള്‍ കൊണ്ട് 'പ്രതിരോധം' ചമയ്ക്കാനാണ് അദ്ദേഹം ഇപ്പോള്‍ ഇന്ദ്രപ്രസ്ഥത്തില്‍ നിന്ന് കേരളത്തിലേക്ക് ഇറങ്ങിയത്. കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലാതായത് കേന്ദ്രത്തിന്റെ മിടുക്കാണെന്നു തട്ടിവിടാന്‍ പോലും ലജ്ജ തോന്നിയില്ല. കേരളത്തില്‍ 2001നും 2006നുമിടയില്‍ ഏകദേശം 1300 കര്‍ഷകരാണ് കടക്കെണിയില്‍പ്പെട്ട് ജീവനൊടുക്കിയത്. ഇതില്‍ മൂന്നര വര്‍ഷം മുഖ്യമന്ത്രിക്കസേരയില്‍ സാക്ഷാല്‍ ആന്റണിയായിരുന്നു. കേരളത്തില്‍ ആത്മഹത്യകളേയില്ലെന്ന ഒട്ടകപ്പക്ഷി നയമാണ് അന്ന് മുഖ്യമന്ത്രിയും സഹമന്ത്രിമാരും സ്വീകരിച്ചത്. മദ്യാസക്തിയും മാനസിക പ്രശ്നങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്നു പറഞ്ഞ് ആക്ഷേപിച്ചവരില്‍ മന്ത്രിമാരുമുണ്ടായിരുന്നു. കേരളത്തിലെ കര്‍ഷകര്‍ക്ക് കിട്ടുമായിരുന്ന സഹായങ്ങള്‍ പോലും നഷ്ടപ്പെടാനാണ് യുഡിഎഫിന്റെ സമീപനം കാരണമായത്.മാധ്യമങ്ങളും കര്‍ഷക സംഘടനകളും പ്രതിപക്ഷവും ഇതര സാമൂഹ്യ സംഘടനകളുമെല്ലാം കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടപ്പോഴും സര്‍ക്കാര്‍ മുഖംതിരിഞ്ഞു നിന്നു. പാര്‍ലമെന്റിലെയും നിയമസഭയിലെയും രേഖകളും പഴയ പത്രത്താളുകളുമെല്ലാം ഇതിനു തെളിവാണ്.

കേരളത്തിലെ കര്‍ഷകരെ സഹായിക്കാന്‍ നടപടിവേണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട എംപിമാര്‍ക്ക് കേരളത്തില്‍ ആത്മഹത്യയുള്ളതായി സംസ്ഥാനം ഒരു റിപ്പോര്‍ട്ടു പോലും നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറും സഹമന്ത്രി അഖിലേഷ് പ്രസാദ് സിങ്ങും മറുപടി നല്‍കിയത്. ഈ വഞ്ചനയ്ക്കെതിരെ മലയാളമനോരമ പോലും മുഖപ്രസംഗം എഴുതി:

'കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ടെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ ലോക്സഭയില്‍ പ്രസ്താവിച്ചത് സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.' (മലയാള മനോരമ 2004 ജൂലൈ 13)


കര്‍ഷകരുടെ വായ്പാ കുടിശ്ശിക എഴുതി തള്ളണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ റവന്യു മന്ത്രി കെ എം മാണി പറഞ്ഞത് കര്‍ഷകരുടെ കടം എഴുതി തള്ളില്ലെന്നാണ്. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന എന്‍ ഡി അപ്പച്ചനാണ് 2004 ജൂലൈ 13നു നിയമസഭയില്‍ ഈ ആവശ്യമുന്നയിച്ചത്. സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനും 'കാര്‍ഷിക കടം എഴുതി തള്ളില്ല ' എന്നു തന്നെ ആവര്‍ത്തിച്ചു. പകരം കര്‍ഷക ആത്മഹത്യ തടയാന്‍ കൌൺസലിങ് നടത്താമെന്ന ഔദാര്യമാണ് അദ്ദേഹം കാണിച്ചത്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യം കൈക്കൊണ്ട നടപടി കര്‍ഷകരുടെ കടാശ്വാസത്തിനായുള്ളതായിരുന്നു. ഇതാണ് ആന്റണി ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റേതാണെന്നു മേനി പറയുന്നത്.


ഓർമ്മയുണ്ടോ ഈ കലാവതിയെ ?