23 August 2018, Thursday

ആരാന്റെ ചെലവില്‍ ആന്റണിയുടെ മേനിപറച്ചില്‍

കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത് തൊഴിലുറപ്പ് പദ്ധതിയാണെന്ന വയനാട്ടിലെ പ്രചാരണവേളയിലെ എ കെ ആന്റണിയുടെ പ്രസ്താവന നിയമസഭാ തെരഞ്ഞെടുപ്പില്‍ അടിസ്ഥാന സാമ്പത്തിക നയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് വഴിതുറന്നിരിക്കുകയാണ്. എങ്കില്‍ മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും രാജ്യത്താകെയും ആത്മഹത്യ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് ആരാഞ്ഞു. ഒന്നാം യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ തൊഴിലുറപ്പ് പദ്ധതിയും കര്‍ഷക കടാശ്വാസ പദ്ധതിയും ആദിവാസി വനാവകാശ നിയമവും ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് വിരുദ്ധമായ ഇടതുപക്ഷ നയങ്ങളാണ് എന്നതാണ് ഏറ്റവും പ്രസക്തം.

ഇടതുപക്ഷം നിര്‍ദേശിച്ച പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തിയ മേല്‍ പദ്ധതികള്‍ നടപ്പാക്കിയ ഒന്നാംയുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കേരളത്തില്‍നിന്ന് ഒറ്റ കോഗ്രസ് എംപിപോലും 2004ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നില്ല. കേരളത്തിലെ 18 പേരടക്കം 64 ഇടതുപക്ഷ എംപിമാരുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍തന്നെ ഉണ്ടാവുമായിരുന്നില്ല. തൊഴിലുറപ്പ് പദ്ധതിയോ, കര്‍ഷക കടാശ്വാസ പദ്ധതിയോ, ആദിവാസി വനാവകാശ നിയമമോ യാഥാര്‍ഥ്യമാവുമായിരുന്നില്ല. 1999ന് ശേഷം 2,51,343 കര്‍ഷക ആത്മഹത്യ രാജ്യത്താകെ നടന്നതായാണ് കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്. 1991ല്‍ കോഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനാരംഭിച്ച നവ ഉദാരവല്‍ക്കരണ പരിഷ്കാരങ്ങളാണ് രാജ്യത്തെ കാര്‍ഷികോല്‍പ്പാദനവും ഭക്ഷ്യസുരക്ഷയും തകര്‍ത്തത്.

1980കളില്‍ രാജ്യത്തെ ഭക്ഷ്യോല്‍പ്പാദന വളര്‍ച്ചനിരക്ക് 2.85ശതമാനമായിരുന്നത് 1990കളില്‍ പകുതിയായി. 1.65 ശതമാനം. 1993ല്‍ രാജ്യത്തെ പ്രതിശീര്‍ഷ ഭ്യക്ഷ്യധാന്യ ലഭ്യത 182 കിലോഗ്രാമായിരുന്നത് 2006ല്‍ 155 കിലോഗ്രാമായി- ബ്രിട്ടീഷ് ഭരണകാലത്തേതിന് സമാനമായി കുറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെ നിശ്ചയിച്ച അര്‍ജുന്‍ സെന്‍ ഗുപ്ത കമീഷന്‍ റിപ്പോര്‍ട്ടില്‍ രാജ്യത്തെ ജനങ്ങളില്‍ 77 ശതമാനം (83.5 കോടി) ആളുകള്‍ പ്രതിദിനം 20രൂപയില്‍ താഴെ വരുമാനമുള്ളവരാണെന്ന് കണ്ടെത്തി. ഉദാരവല്‍ക്കരണ പരിഷ്കാരങ്ങളിലൂടെ ഇന്ത്യ ലോകത്തെ വന്‍ സാമ്പത്തിക ശക്തിയായി മുന്നേറുകയാണെന്ന ആന്റണിയെപ്പോലുള്ള കോഗ്രസ് നേതാക്കളുടെ വാദമുഖങ്ങളെ നിരര്‍ഥകമാക്കുന്നതാണ് ഈ യാഥാര്‍ഥ്യം.

1996ലെ ഐക്യമുന്നണി സര്‍ക്കാരും 1999ലെ എന്‍ഡിഎ സര്‍ക്കാരും ഉദാരവല്‍ക്കരണ നയങ്ങളുടെ പ്രത്യാഘാതങ്ങള്‍ക്കെതിരായ ജനകീയ പ്രതിഷേധത്തിന്റെകൂടി ഉല്‍പ്പന്നങ്ങളായിരുന്നു. എന്നാല്‍, അധികാരത്തിലെത്തിയപ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഉദാരവല്‍ക്കരണ പരിഷ്കാരങ്ങള്‍ തന്നെയാണ് നടപ്പാക്കിയത്. കാര്‍ഷികത്തകര്‍ച്ചയും കര്‍ഷക ആത്മഹത്യകളും ഇക്കാലയളവില്‍ രൂക്ഷമായി. സ്വാഭാവികമായും 2004ലെ തെരഞ്ഞെടുപ്പ് പരാജയത്തിനും കാരണമായി. ഈ സാഹചര്യത്തിലാണ് കോഗ്രസും ഇടതുപക്ഷവും ചരിത്രത്തിലാദ്യമായി സഹകരിച്ച് ഒന്നാം യുപിഎ സര്‍ക്കാര്‍ രൂപം കൊണ്ടത്; ഉദാരവല്‍ക്കരണ പരിഷ്കാരങ്ങളുടെ പ്രത്യാഘാതമനുഭവിക്കുന്ന തൊഴിലാളി-കര്‍ഷക ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം ലഭ്യമാക്കാനാവുന്ന ഇടതുപക്ഷ നയങ്ങള്‍ ഉള്‍പ്പെടുത്തിയ പൊതുമിനിമം പരിപാടി ഒരു പരിധിവരെ നടപ്പാക്കാന്‍ കോഗ്രസ് നേതൃത്വം നിര്‍ബന്ധിതമായത്.

ഇടതുപക്ഷ നയങ്ങള്‍ നടപ്പാക്കിയതിന്റെ ഗുണം 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് കോഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ മുന്നണിക്കാണ്. ഇടതുപക്ഷത്തെ ആശ്രയിക്കാതെ അധികാരത്തില്‍ വന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുമ്പോഴുള്ള മുഖമുദ്ര വിലക്കയറ്റം, പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണം, അഭൂതപൂര്‍വമായ അഴിമതി, അമിതമായ സാമ്രാജ്യത്വ വിധേയത്വം എന്നിവയാണ്. ബിപിഎല്‍ കുടുംബങ്ങളില്‍പ്പെട്ടവര്‍ക്ക് മൂന്നു രൂപയ്ക്ക് ഒരു കിലോ അരി നല്‍കുമെന്നും ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുമെന്നുമുള്ള പ്രഖ്യാപനം രണ്ടുവര്‍ഷമായിട്ടും നടപ്പായില്ല. കര്‍ഷക ആത്മഹത്യ തടയാന്‍ നടപടിയില്ല. തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥമേധാവിത്തത്തിന് കീഴില്‍ ദുര്‍ബലമായി. 100 രൂപ മിനിമംകൂലി നല്‍കേണ്ട സ്ഥാനത്ത് ആന്ധ്രയില്‍ 89ഉം, രാജസ്ഥാനില്‍ 87ഉം രൂപയാണ് നല്‍കുന്നത്. മറുഭാഗത്ത് തൊഴിലാളികളുടെ പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരിക്കുന്ന നിയമം ബിജെപിയുടെ പിന്തുണയോടെ ലോക്സഭ പാസാക്കി. ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുകയാണ്. കാര്‍ഷികമേഖലയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിച്ചു. പെട്രോളിയം വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ അധികാരം എടുത്തുകളഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഡീസലിന്റെയും പാചകവാതകത്തിന്റെയും വില നിയന്ത്രണവും ഉപേക്ഷിക്കാന്‍പോവുകയാണ്.

ഇന്‍ഷുറന്‍സ്-ബാങ്ക് സ്വകാര്യവല്‍ക്കരണത്തിന് നടപടി തുടങ്ങി. എന്നാല്‍, ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കാന്‍ സ്വീകരിക്കുന്നതെന്ന് കോഗ്രസ് നേതൃത്വം അവകാശപ്പെടുന്ന ഈ ഉദാരവല്‍ക്കരണ നയങ്ങളുടെ പേരില്‍ആന്റണി വോട്ട് ചോദിക്കുന്നില്ല. പകരം ഒന്നാം യുപിഎ സര്‍ക്കാരിന്റെ നടപടികളുടെ പേരിലാണ് ആന്റണി അഭിമാനംകൊള്ളുന്നത്. കോഗ്രസ് മുന്നോട്ടുവയ്ക്കുന്ന ഉദാരവല്‍ക്കരണ നയങ്ങള്‍ തെറ്റാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ അത് ജനങ്ങളോട് തുറന്നു പറയാനല്ലേ ആന്റണി തയ്യാറാവേണ്ടത്? താന്‍ മുഖ്യമന്ത്രിയായിരിക്കെ വയനാട്ടില്‍മാത്രം അഞ്ഞൂറിലേറെ കര്‍ഷകര്‍ ആത്മഹത്യചെയ്തിട്ടും കടമേറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു ആന്റണി. എന്നാല്‍, അധികാരമേറ്റെടുത്ത നാള്‍തന്നെ കടമേറ്റെടുക്കുകയും രാജ്യത്താദ്യമായി കര്‍ഷക കടാശ്വാസ കമീഷന്‍ രൂപീകരിക്കുകയും 2007 ആവുമ്പോഴേക്കും കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കുന്നതില്‍ വിജയിക്കുകയുംചെയ്ത മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ഇരട്ടമുഖമുള്ളവനെന്ന് ആക്ഷേപിക്കുന്നതിനും ആന്റണി മടിച്ചില്ല. ഇടതുപക്ഷ മുഖംമൂടിയണിഞ്ഞ് ഇടതുപക്ഷത്തെ തകര്‍ക്കാനാണ് ആന്റണി ശ്രമിക്കുന്നത്. ഇത് തിരിച്ചറിയാന്‍ കേരളത്തിലെ കര്‍ഷകര്‍ക്കും ബഹുജനങ്ങള്‍ക്കും എളുപ്പത്തില്‍ കഴിയും.

ദേശാഭിമാനി: 05.04.2011
Image Courtesy: Facebook