20 October 2017, Friday

ആശാകേന്ദ്രമായി ഒരു സർക്കാർ ആശുപത്രി

വൃത്തിഹീനമായ ചുമരുകള്‍. ആള്‍പ്പെരുമാറ്റമില്ലാത്ത വാര്‍ഡുകള്‍. വല്ലപ്പോഴും നിവൃത്തിയില്ലാതെ എത്തുന്ന രോഗികള്‍ മാത്രം. ആശുപത്രി കോമ്പൌണ്ടില്‍ തെരുവ് നായ്ക്കള്‍ തമ്പടിച്ച് കടിപിടികൂടുന്ന ചിത്രം. ഓര്‍ക്കാട്ടേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ അഞ്ച് വര്‍ഷം മുമ്പുള്ള ദുരിത ചിത്രമായിരുന്നു ഇത്. ജനപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം പതുക്കെ ഒരു ആതുര ശുശ്രൂഷാ കേന്ദ്രത്തിന്റെ സ്വഭാവം കൈവന്നു. ക്രമേണ സ്ഥിരമായി ഡോക്ടര്‍മാരും ജീവനക്കാരും ഇതിന് കരുത്ത് പകര്‍ന്നു. പാവപ്പെട്ട രോഗികള്‍ക്ക് മരുന്നോ വെച്ച്കെട്ടാന്‍ പഞ്ഞിയോ ഇല്ലാതെ തകര്‍ച്ചയുടെ പടുകുഴിയിലായ സര്‍ക്കാര്‍ ആശുപത്രികള്‍ ഇന്ന് ആധുനികതയുടെ മുഖമുദ്ര അണിഞ്ഞ് മെച്ചപ്പെട്ട ചികിത്സാ കേന്ദ്രങ്ങളായി മാറി.

ഓര്‍ക്കാട്ടേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഇപ്പോള്‍ ദിനേന നാനൂറിലേറെ രോഗികള്‍ ഒപിയിലെത്തുന്ന കാഴ്ചയാണുള്ളത്. എലിയും പാറ്റയും തമ്പടിച്ചിരുന്ന ഇവിടുത്തെ ഫാര്‍മസിയില്‍ ഇന്ന് മരുന്ന് സൂക്ഷിക്കാന്‍ സ്ഥല സൌകര്യങ്ങള്‍ മതിയാകാത്ത അവസ്ഥ. രോഗികളും ജീവനക്കാരുമായി സൌഹാര്‍ദപരമായി ഇടപെടുന്ന കാഴ്ച. ആശുപത്രി സംവിധാനം മെച്ചപ്പെട്ടതോടെ സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും സഹായിക്കാനെത്തി.

ഏറാമല, ചോറോട്, അഴിയൂര്‍, ഒഞ്ചിയം എന്നീ പഞ്ചായത്തുകളിലെ ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് കമ്മ്യൂണിറ്റി സെന്റര്‍.  1,35,000 ജനസംഖ്യയുള്ള ബ്ളോക്ക് പരിധിയില്‍ ആരോഗ്യ വകുപ്പ് പ്രശസംനീയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ഹെല്‍ത്ത് സെന്ററുകളില്‍ അഞ്ച് വര്‍ഷകാലയളവില്‍ ഡോക്ടര്‍മാരില്ലാത്ത ദുരിതം ഉണ്ടായിട്ടില്ല. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും എല്‍എച്ച്എസിന്റെയും പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തോറും മികച്ച സേവനം നടത്തി.

എക്സ്റേ, ലാബ്, ഫിസിയോ തെറാപ്പി, കൌസിലിങ് സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും സജീവമാണ്. കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിച്ചതാണ് ആധുനിക സൌകര്യമുള്ള കെട്ടിടങ്ങളും ചികിത്സാ സൌകര്യങ്ങളും ലഭ്യമായത്. നേരത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ആത്മാര്‍ഥമായ ഇടപെടലുകള്‍ ആശുപത്രിയുടെ വികസനത്തിന് കരുത്ത് പകര്‍ന്നു. ജനപക്ഷ ബദലുകള്‍ക്ക് തുടര്‍ച്ചയുണ്ടാകണമെന്നാണ് ഇവിടെയെത്തുന്ന രോഗികളുടെ പ്രതീക്ഷ.