23 March 2019, Saturday

ഇത് യുഡിഎഫിന് വസുന്ധരായോഗകാലം

ആര്‍ ഉണ്ണികൃഷ്ണപിള്ള

ഇക്കഴിഞ്ഞ ജനുവരി 10നെ യുഡിഎഫിന്റെ ചരിത്രത്തിലെ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട അദ്ധ്യായം രചിക്കേണ്ട ദിനമാക്കി മാറ്റണം എന്ന ദൃഢ നിശ്ചയമായിരുന്നു അവരുടെ നേതാക്കന്മാര്‍ക്കുണ്ടായിരുന്നത്. അന്നായിരുന്നു യുഡിഎഫിന്റെ കേരള മോചനയാത്ര കാസര്‍ഗോഡുനിന്നും പര്യടനം ആരംഭിച്ചത്.

ജാഥ ഉദ്ഘാടനം ചെയ്തത് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയായിരുന്നു. ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന കേരള മോചനയാത്ര പോലൊരു ജാഥ ഉദ്ഘാടനം ചെയ്യാന്‍ സര്‍വ്വഥാ യോഗ്യനും കെപിസിസി പ്രസിഡന്റു തന്നെ.

തന്റെ ഉദ്ഘാടനപ്രസംഗം ഒരു വിസ്ഫോടനം തന്നെ സൃഷ്ടിക്കും, അത് ഇത്രത്തോളം കിറുകൃത്യമായിരിക്കും എന്ന് ചെന്നിത്തലപോലും വിചാരിച്ചിരിക്കാന്‍ ഇടയില്ല. പ്രസംഗമദ്ധ്യേ ആവേശംമൂത്ത് അദ്ദേഹം പറഞ്ഞത്. "ഈ ജാഥ അങ്ങ് തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് എത്തുമ്പോഴേയ്ക്കും ഒരു ഭൂകമ്പം സംഭവിക്കുകയും അതിന്റെ പ്രകമ്പനത്തില്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് നിലംപൊത്തുകയും ചെയ്യു''മെന്നായിരുന്നു.

ജാഥ ആലപ്പുഴ വന്നപ്പോഴേക്കും ഭൂകമ്പമുണ്ടായി. ഉപ്പളയിലെ ചെന്നിത്തലയുടെ പ്രവചനം സംഭവിച്ചു എങ്കിലും അത് അല്‍പം നേരത്തെ ആയിപ്പോയി എന്നു മാത്രം. ആഗ്രഹിച്ചതിനു വിപരീതമായി അത് യുഡിഎഫിന്റെ ചങ്കിന് മാരകമായ പ്രഹരം ഏല്‍പ്പിക്കുകയും ചെയ്തു.

അപ്രതീക്ഷിതമായ ആഘാതമായതിനാല്‍ ജാഥ രണ്ടു ദിവസത്തേക്കു മുടങ്ങി; ജാഥാലീഡര്‍ മുങ്ങി. കരകയറാനാവാത്ത പടുകുഴിയില്‍നിന്നും രക്ഷപ്പെടുന്നതിനുള്ള മാര്‍ഗ്ഗമാരായുന്നതിനുവേണ്ടിയായിരുന്നു രംഗത്തുനിന്നും ലീഡര്‍ നിഷ്ക്രമിച്ചത്.

കുഴിമാടം വിട്ടെഴുന്നേല്‍ക്കുന്ന പ്രേതത്തെ കണ്ട് അന്തംവിട്ടു നില്‍ക്കുന്നവനെപോലെ ഐസ്ക്രീം പാര്‍ലര്‍ സംഭവ പരമ്പരകളുടെ ചുരുളുകള്‍ നിവര്‍ന്ന് വിശ്വാകാരം പൂണ്ടു വരുന്നതു കണ്ടപ്പോള്‍ സപ്തനാഡികളും തളര്‍ന്ന് സ്തബ്ധനായിപോയി പ്രതിശ്രുത മുഖ്യന്‍.

രണ്ടുനാള്‍ കഴിഞ്ഞ് പുനരാരംഭിച്ച ജാഥ നാള്‍ക്കുനാള്‍ അധോഗതിയിലേക്കായിരുന്നു തല കുത്തിയത്. കേരളത്തെ മോചിപ്പിക്കാനായി ഇറങ്ങി പുറപ്പെട്ട യോദ്ധാവ് ബന്ധനസ്ഥനായി തല കുമ്പിട്ടു നില്‍ക്കുന്ന ദയനീയ കാഴ്ച ജനം കണ്ടു. താനും തന്റെ സഹപ്രവര്‍ത്തകരും നടത്തിയ കൂട്ടക്കവര്‍ച്ചയുടെ കുറ്റം ഏറ്റു പറയുന്നതുപോലെയായിരുന്നു ആ നില്‍പ്. മറവു ചെയ്യപ്പെട്ട തെളിവുകള്‍ ഓരോന്നുമാണ് പിന്നെ പുറത്തുവന്നുകൊണ്ടിരുന്നത്.

പുറത്തുവന്നതിനേക്കാള്‍ കടുപ്പമേറിയതാണ് അളയില്‍ ഇരിക്കുന്നത് എന്ന മട്ടിലായി കാര്യങ്ങളുടെ പോക്ക്. സംസ്ഥാന മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ വിഷയലമ്പടത്വം മാത്രമല്ല ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തന്നോടൊപ്പം ഈ പാപകര്‍മ്മങ്ങളില്‍ പങ്കാളിയായിരുന്ന മുന്‍ കേന്ദ്ര സഹമന്ത്രി കൃഷ്ണകുമാറിന്റെ പങ്കാളിത്തവും വ്യക്തമാക്കപ്പെട്ടിരിക്കുന്നു.

ഖജനാവിലെ പണം അപഹരിച്ച് കൈക്കലാക്കിയ കോടാനുകോടി ഉറുപ്പികയും അതുവഴി രാജ്യത്തിനകത്തും പുറത്തും ഉണ്ടാക്കിയ സമ്പാദ്യങ്ങളും അന്വേഷണ വിഷയങ്ങളിലെ മുഖ്യഇനമാണ്.

മോചനയാത്രയുടെ സ്ഥിതി എന്തായി? വടക്കുനിന്നും തെക്കോട്ടു വന്ന ജാഥ ആലപ്പുഴ വന്ന് രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും വടക്കോട്ട്. പത്തിക്ക് അടിയേറ്റ പാമ്പിനെപ്പോലെ തല അറ്റുപോയ കുഞ്ഞാലിക്കുട്ടിയെ പൊക്കിയെടുത്ത് മലപ്പുറത്ത് കൊണ്ടുവന്ന്, നാലാളെ കൂട്ടി മഹാസമ്മേളനം എന്ന് സ്ഥിരം പല്ലവി പാടുന്ന പത്രങ്ങളെ കൊണ്ട് എഴുതിച്ച് സായൂജ്യമടയുകയായിരുന്നു ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍. തിരുവനന്തപുരത്തു സമാപിക്കേണ്ടിയിരുന്ന ജാഥ സമാപിച്ചത് പത്തനംതിട്ടയിലെ അടൂരിലും.

കേരള മോചനയാത്ര ആരംഭിച്ച ദിവസം മുതല്‍ അവസാനിക്കുന്നതുവരെയുള്ള കാലയളവില്‍, പഴയ യുഡിഎഫ് ഭരണകാലത്ത് ചെയ്തുകൂട്ടിയ അഴിമതികളുടെയും പണാപഹരണത്തിന്റെയും പരമ്പരകള്‍ യുഡിഎഫിനകത്ത് ഒരു ഉരുള്‍പൊട്ടല്‍ തന്നെ സൃഷ്ടിച്ചു. നേതാക്കന്മാര്‍ ഓരോരുത്തരും ആത്മബലം നഷ്ടപ്പെട്ടവരായി.

ജാഥയുടെ പര്യടനവേളയില്‍ ഒന്നിനു പുറകെ ഒന്നായി അഴിമതികളുടെയും ഖജനാവിലെ പണം കൊള്ളയടിച്ചതിന്റേയും പൊതുമുതല്‍ വില്‍ക്കാന്‍ അച്ചാരം വാങ്ങിയതിന്റെയും പെണ്‍വാണിഭത്തിന്റെയും പാമോയില്‍ ഇറക്കുമതിയുടെയും നാറുന്നതും അതേസമയം ഞെട്ടിപ്പിക്കുന്നതും ആയ സംഭവങ്ങളുടെ പരമ്പരകള്‍ ഓരോന്നോരോന്നായി പുറത്തുവരികയായിരുന്നു. അപമാനകരമെന്നു പറയട്ടെ നമ്മുടെ സംസ്ഥാനത്തിലെ ചില വൃദ്ധമാധ്യമങ്ങള്‍ ഈ അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കുംവേണ്ടി മുന്‍കൂര്‍ ജാമ്യം എടുക്കുന്ന ചരിത്രപരമായ കടമകള്‍ നിര്‍വഹിക്കുന്ന ദൌത്യത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.

ബാലകൃഷ്ണപിള്ള ജയില്‍വാസം അനുഭവിക്കേണ്ടി വന്ന സാഹചര്യം എന്താണ് എന്ന് ഈ രാജ്യവാസികള്‍ക്കാകെ ബോദ്ധ്യമായിട്ടുള്ളതാണ്. പക്ഷേ താന്‍ ചെയ്ത കുറ്റത്തിന്റെയും പാപത്തിന്റെയും ഭാരം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും സിപിഐ എമ്മിന്റെയും തലയില്‍വെച്ച് കെട്ടുന്നതിനാണ് അദ്ദേഹം ശ്രമിച്ചുപോന്നിട്ടുള്ളത്. പണാപഹരണം കൃത്യമായി നടത്തിയെന്ന് വ്യക്തമായി ബോദ്ധ്യപ്പെട്ടപ്പോഴാണ് രാജ്യത്തെ പരമോന്നത കോടതി അദ്ദേഹത്തിന് തടവും പിഴയും വിധിച്ചത്. ജനങ്ങളുടെ വോട്ടു വാങ്ങി അധികാരത്തില്‍ വരുന്നവര്‍ അധികാര ദുര്‍വിനിയോഗം ചെയ്യുന്നതിനെ എന്നും ശക്തിയായി എതിര്‍ത്തുപോന്നിട്ടുള്ള രാഷ്ട്രീയ പാര്‍ടിയാണ് സിപിഐ എം. അവിടെ വിട്ടുവീഴ്ചയ്ക്ക് ഇടമില്ല, അവസരവും ഇല്ല. ബാലകൃഷ്ണപിള്ള ജയില്‍ അഴികള്‍ എണ്ണുമ്പോള്‍ താന്‍ ജയില്‍ അഴികള്‍ എണ്ണേണ്ടുന്ന ദിനങ്ങള്‍ എണ്ണിക്കഴിക്കുകയാണ് പി കെ കുഞ്ഞാലിക്കുട്ടി. എനിക്ക് പിന്നാലെ ഒരുവന്‍ വരുന്നുണ്ട് എന്നത് അല്‍പം പാഠഭേദത്തോടെ പ്രയോഗിക്കുകയാണെങ്കില്‍, ചിലര്‍ വരുന്നുണ്ട് അവരുടെ ചെരിപ്പിന്റെ വള്ളി അഴിയ്ക്കാനുള്ള യോഗ്യതപോലും എനിക്കില്ലായെന്ന് ഉമ്മന്‍ചാണ്ടിയേയും കുഞ്ഞാലിക്കുട്ടിയേയും ടി എച്ച് മുസ്തഫയേയും ഉന്നം വച്ച് ബാലകൃഷ്ണപിള്ള പറയുന്നു.

തങ്ങള്‍ക്ക് കിട്ടിയ ഭരണ അവസരം നാടിന്റെ പൊതുവായ പുരോഗതിക്കും നന്മയ്ക്കുംവേണ്ടി വിനിയോഗിക്കുവാന്‍ ഒരു ചെറുവിരല്‍പോലും അനക്കാന്‍ കൂട്ടാക്കാത്ത ഇക്കൂട്ടര്‍ പിന്നെന്താണ് ചെയ്തുകൊണ്ടിരുന്നത് എന്ന് തുടര്‍ച്ചയായി പത്രങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍നിന്നും പൊതുജനം മനസ്സിലാക്കുന്നു. ഇവര്‍ ഭരണത്തില്‍ ഇരിക്കുമ്പോഴും നമ്മുടെ ഈ സമൂഹത്തില്‍ കര്‍ഷകതൊഴിലാളികളും കര്‍ഷകരും ഉണ്ടായിരുന്നു. അവര്‍ക്ക് ആശ്വാസമേകാനുള്ള എന്തെങ്കിലും പരിപാടികള്‍ യുഡിഎഫ് ഗവണ്‍മെന്റ് ചെയ്തിരുന്നില്ല. എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോള്‍ ഇരുപത്തിയേഴ് മാസത്തെ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക ആയിരുന്നു. ഖജനാവില്‍ പണമില്ലായെന്ന ന്യായം പറഞ്ഞ് അവരുടെ വയറ്റത്തടിക്കാനാണ് യുഡിഎഫ് ഗവണ്‍മെന്റ് തയ്യാറായത്. കര്‍ഷക ആത്മഹത്യ കേരളത്തില്‍ ഉണ്ടാകുന്നതേയില്ല എന്ന് പ്രഖ്യാപിച്ച യുഡിഎഫ് ഭരണകാലത്തെ ആയിരത്തി അഞ്ഞൂറില്‍പരം വരുന്ന ആത്മഹത്യകളെ മൂടിവെയ്ക്കുന്നതിനാണ് അവര്‍ തയ്യാറായത്.

പരമ്പരാഗത വ്യവസായ സ്ഥാപനങ്ങളുടെ ഉടമകളെ സംരക്ഷിക്കുന്നതിനുവേണ്ടി ആ വ്യവസായ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളെ ആണ്ടടക്കം പട്ടിണിയിടുന്ന ക്രൂരവും മനുഷ്യത്വഹീനവുമായ നിലപാടാണ് യുഡിഎഫ് ഗവണ്‍മെന്റ് സ്വീകരിച്ചത്. ശമ്പളപരിഷ്കരണം അംഗീകരിച്ച് അനുവദിക്കുവാന്‍ ഒരിക്കലും ഇക്കൂട്ടര്‍ തയ്യാറായിരുന്നില്ല.

ക്രമസമാധാനം പാടെ തകര്‍ന്നതിന്റെ പേരില്‍ കൊള്ളയും കൊള്ളിവെയ്പും വര്‍ഗീയസംഘട്ടനങ്ങളും നിത്യസംഭവങ്ങളായി മാറി. പൊതുമേഖലാ സ്ഥാപനങ്ങളും ഗവണ്‍മെന്റ് വിദ്യാലയങ്ങളും വിറ്റു തുലയ്ക്കുന്നതിനുള്ള നടപടികള്‍ ഇവര്‍ ആരംഭിച്ചു. ആരോഗ്യപരിപാലനരംഗത്തും കുറ്റകരമായ വീഴ്ച യുഡിഎഫ് ഗവണ്‍മെന്റ് വരുത്തി. യുഡിഎഫ് ഭരണകാലത്തെ കൊള്ളരുതായ്മകളുടെ പട്ടിക ദീര്‍ഘിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല.

തല്‍സ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിനെ ഏതെങ്കിലും ഒരു വിഷയത്തിന്റെ പേരില്‍ വിമര്‍ശിക്കുവാനോ പ്രതിക്കൂട്ടില്‍ നിറുത്തുവാനോ കഴിയുമോ എന്ന് ഈ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന ഏതൊരാളും ചോദിക്കുന്ന ചോദ്യമാണ്. തദ്ദേശ സ്വയംഭരണ രംഗത്തും വൈദ്യുതിരംഗത്തും വിദ്യാഭ്യാസരംഗത്തും ഭക്ഷ്യവിതരണരംഗത്തും ആരോഗ്യപരിപാലനരംഗത്തും ക്രമസമാധാനരംഗത്തും ഒന്നിലധികം തവണ കേന്ദ്ര ഭരണകര്‍ത്താക്കളുടെ മുക്തകണ്ഠമായ പ്രശംസയേറ്റു വാങ്ങിയ ഗവണ്‍മെന്റാണ് ഈ ഗവണ്‍മെന്റ്.

രണ്ടു രൂപയ്ക്കുള്ള അരിവിതരണം സാര്‍വത്രികമാക്കാനുള്ള എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ തീരുമാനത്തെ അട്ടിമറിച്ചത് ഹൃദയശൂന്യരായ കോണ്‍ഗ്രസ്സുകാരാണ് (ഹൈക്കോടതി വിധിയിലൂടെ അത് പുനഃസ്ഥാപിക്കപ്പെട്ടത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്). കോണ്‍ഗ്രസിന് എന്നും ആവശ്യം തൊഴിലില്ലായ്മയും പട്ടിണിയുമാണ്. സാര്‍വത്രികമായ അരക്ഷിതാവസ്ഥയും ഭരണവൈകല്യങ്ങളും ഇന്നാട്ടിലെ ജനങ്ങള്‍ കണ്ടു മടുത്തു. അവിടെയാണ് ജനങ്ങളുടെ രക്ഷയ്ക്കായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് അധികാരത്തിന്റെ ചുമതല ഏറ്റെടുത്തത്. ഒരു സെക്കന്റുനേരംപോലും ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റെ ഈ കാലയളവില്‍ സംസ്ഥാന ഖജനാവ് പൂട്ടിയിട്ടില്ല. ഇത് ഇതുവരെയുള്ള കേരള ഭരണത്തിന്റെ ചരിത്രത്തില്‍ ഒരു റെക്കോര്‍ഡാണ്. ഇവിടെയാണ് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നത്. ഐശ്വര്യസമ്പൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാനുള്ള ഇച്ഛാശക്തി ഇടതുപക്ഷ ജനാധിപത്യമുന്നണിക്കാണെന്ന് കേരളീയ സമൂഹം തിരിച്ചറിയുന്നു.

ഭരണം എന്നത് “സംഭരണം” ആണ് എന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത യുഡിഎഫ് ഭരണം ഇനി ഈ സംസ്ഥാനത്തിനാവശ്യമില്ലായെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പൊതുജനം വിലയിരുത്തിക്കഴിഞ്ഞു. യുഡിഎഫിനു ഇന്നുള്ളത് കളങ്കിതരുടെ നേതൃത്വമാണ്. അതിന്റെ നേതാക്കള്‍ ഗുരുതരമായ കുറ്റങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ടതോ ശിക്ഷ ഏറ്റുവാങ്ങാന്‍ കൈനീട്ടി നില്‍ക്കുന്നതോ ആയ കാഴ്ചയാണ് കേരള ജനത കാണുന്നത്. ഭരണം പൊതുമുതല്‍ കൊള്ളയടിക്കുന്നതിനുവേണ്ടി ഉള്ളതാണ് എന്ന മിഥ്യാധാരണ കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടരിക്കുന്നു. തന്മൂലം യുഡിഎഫിന്റെ ജനപിന്തുണ ഗണ്യമായ നിലയില്‍ കുറഞ്ഞുകൊണ്ടുമിരിക്കുന്നു. യുഡിഎഫ് കേരളത്തില്‍ സമീപഭാവിയില്‍ തന്നെ വംശനാശം സംഭവിച്ച ഒരു മുന്നണിയായി പരിണമിക്കും എന്നത് യാഥാര്‍ത്ഥ്യമാവുകയാണ്.

ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, ടി എച്ച് മുസ്തഫ, ആര്‍ ബാലകൃഷ്ണപിള്ള, അടൂര്‍ പ്രകാശ് എന്നീ അഞ്ച് മുന്‍ യുഡിഎഫ് മന്ത്രിമാര്‍ അഴിമതിയുടെയും പെണ്‍വാണിഭത്തിന്റെയും പേരില്‍ നിയമനടപടികളെ അഭിമുഖീകരിക്കുകയാണ്. ഓങ്ങുന്ന വെട്ട് തടയാന്‍ പരിച ഇല്ലാതെ ഒടിഞ്ഞ വാളുമായിട്ടാണ് തെരഞ്ഞെടുപ്പുയുദ്ധത്തിന് അവര്‍ ഇറങ്ങുന്നത്. യുഡിഎഫിന്റെ ചരിത്രത്തില്‍ ഇന്നോളം സംഭവിച്ചിട്ടില്ലാത്ത തകര്‍ച്ചയെ സ്വയം വരിക്കുന്നതിനാണ് ഈ നായകന്മാര്‍ പുറപ്പെടുന്നത്. യുഡിഎഫിന് ഇത് ഗ്രഹനിലയനുസരിച്ച് സര്‍വനാശകാലമാണ്; ഇത് വസുന്ധരായോഗ കാലമാണ്.