21 February 2019, Thursday

ഉമ്മൻ ചാണ്ടിക്കു മറുപടി ഉണ്ടോ?

ബിനോയ് വിശ്വം

ആക്രമണമാണ്‌ ഏറ്റവും നല്ല പ്രതിരോധമെന്ന സമരതന്ത്രം തനിക്ക്‌ ഒരു വയ്ക്കോൽ തുരുമ്പാകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യാമോഹിക്കുന്നതായി തോന്നുന്നു. ഏപ്രിൽ അഞ്ചിലെ പത്രങ്ങളിൽ അദ്ദേഹം പ്രസിദ്ധീകരിച്ച നെടുങ്കൻ ലേഖനം ആ വ്യാമോഹത്തിന്റെ സന്താനമാണ്‌. യുഡിഎഫ്‌ ഭരണത്തിന്റെ തിരശീല വീഴുന്നതിനു തൊട്ടുമുമ്പ്‌ കേരളത്തിൽ നടന്ന നിയമവിരുദ്ധ ഭൂദാനങ്ങളെ വെള്ളപൂശാൻ വേണ്ടിയാണ്‌ അദ്ദേഹം ആ ലേഖനം എഴുതിയത്‌. മെത്രാൻ കായലും, കരുണ എസ്റ്റേറ്റും, സന്തോഷ്‌ മാധവൻ എന്ന വ്യാജസന്യാസിയുടെ ഹൈടെക്‌ ഐ ടി പാർക്കും, ഹോപ്‌ പ്ലാന്റേഷനും കടമക്കുടി മെഡിക്കൽ ടൂറിസം പദ്ധതിയും എല്ലാം അതിൽ സ്ഥലം പിടിക്കുന്നു. വെളുക്കാൻ തേച്ചതു പാണ്ടായതുപോലെയാണ്‌ ലേഖനം കലാശിക്കുന്നത്‌. ഓരോ ഇടപാടിലും നിയമവിരുദ്ധ ഭൂമിദാനത്തിനു കച്ചകെട്ടിയിറങ്ങിയ സർക്കാരിന്‌ ആ കച്ച അഴിക്കും മുമ്പ്‌ ഉത്തരവുകൾ പിൻവലിക്കേണ്ടി വന്നുവെന്നാണ്‌ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുന്നത്‌. മാർച്ച്‌ ഒന്നിനും രണ്ടിനും ചേർന്ന മന്ത്രിസഭായോഗങ്ങളിലൂടെ 110 തീരുമാനങ്ങളാണ്‌ സർക്കാർ എടുത്തതെന്ന്‌ മുഖ്യമന്ത്രി സമർഥിക്കുന്നു. 822 ന്റെ കണക്ക്‌ പ്രതിപക്ഷത്തിന്‌ എവിടെ നിന്നുകിട്ടി എന്ന ‘ഘനഗംഭീര’ ചോദ്യവുമായി അദ്ദേഹം ജേതാവിനെപ്പോലെ നിൽക്കുന്ന ആ കാഴ്ച എത്ര ദയനീയമാണ്‌! ഉമ്മൻചാണ്ടിയുടെ ലേഖനം രണ്ടു തവണ വായിക്കുന്ന യുഡിഎഫ്‌ പ്രവർത്തകർപോലും മുഖ്യമന്ത്രിയോട്‌ ഒരു ചോദ്യം ചോദിക്കും. പിൻവലിക്കാൻ വേണ്ടി മാത്രം ഇറക്കേണ്ടിവന്ന ഈ നിയമവിരുദ്ധ ഉത്തരവുകളുടെയെല്ലാം പിന്നിൽ പ്രവർത്തിച്ചത്‌ ആരുടെ കൈകളാണ്‌? ആ സമ്മർദ്ദത്തിനു പിന്നിൽ പ്രവർത്തിച്ച കണക്കറ്റ പണം എങ്ങോട്ടാണ്‌ ഒഴുകിയത്‌? മുഖ്യമന്ത്രി അവകാശപ്പെടുംപോലെ നിയമാനുസൃതമായ വികസനത്തിനും തൊഴിലവസരത്തിനും വേണ്ടിയാണ്‌ ഈ ഭൂദാന പരമ്പര എങ്കിൽ, കോഴികൂകും മുമ്പ്‌ അവ പിൻവലിച്ച്‌ തടിതപ്പേണ്ട ഗതികേട്‌ എങ്ങനെ ഉണ്ടായി?

കേരളത്തിന്റെ മുഴുവൻ വികസനത്തിനും അസ്തിവാരമിട്ട ഭൂപരിഷ്കരണ നിയമത്തെ ദുർബലപ്പെടുത്തിയ ഗവൺമെന്റാൺ്‌ ഉമ്മൻചാണ്ടിയുടേത്‌. പശ്ചിമഘട്ട മലനിരകളിലെ തോട്ടങ്ങളുടെ അഞ്ച്‌ ശതമാനം തോട്ടം ഇതര ആവശ്യങ്ങൾക്കായി മാറ്റിമറിക്കാൻ മുൻകൈയെടുത്തത്‌ ഉമ്മൻചാണ്ടിയാണ്‌. കേരളത്തിലെ സമ്പന്ന തോട്ടം മുതലാളിമാർക്ക്‌ മുമ്പിൽ അതിലൂടെ ഒരു ലക്ഷത്തിൽപരം ഏക്കർ ഭൂമിയാണ്‌ യുഡിഎഫ്‌ സർക്കാർ കാണിക്കവച്ചത്‌. ലോകോത്തരമെന്ന്‌ ജോസഫ്‌ സ്റ്റിഗ്ലറെ പോലുള്ളവർ വാഴ്ത്തിയ നെൽവയൽ-തണ്ണീർത്തട നിയമത്തെ കഴുത്തുഞ്ഞെരിച്ചു കൊല്ലാൻ കരുനീക്കിയത്‌ ഉമ്മൻചാണ്ടിയുടെ കാർമികത്വത്തിലാണ്‌. ദാഹജലം കിട്ടാതെ തൊണ്ട വരളുന്ന കേരളത്തിന്റെ പ്രകൃതിയേയും ജലലഭ്യതയേയും ഈ തീരുമാനങ്ങൾ എങ്ങനെ ബാധിക്കുമെന്ന്‌ യുഡിഎഫ്‌ സർക്കാർ ചിന്തിച്ചില്ല. കുടിവെള്ളത്തിന്റെ പ്രാധാന്യം കാണാത്ത വലതുപക്ഷ വികസനം അതിസമ്പന്നരുടെ മടിശീലയുടെ വളർച്ചയാണ്‌ വികസനത്തിന്റെ അളവുകോലായി കാണുന്നത്‌.

പോകുന്ന പോക്കിൽ തങ്ങളുടെ വർഗബന്ധുക്കൾ കണ്ണുവച്ച ബാക്കിയുള്ള ഭൂമികൂടി നൽകാനാണ്‌ ഉമ്മൻചാണ്ടി സർക്കാർ തിടുക്കപ്പെട്ടത്‌. ഇടതുപക്ഷം സ്വാഭാവികമായും അതിനെ എതിർത്തു. ജനങ്ങളും മാധ്യമങ്ങളും രംഗത്തുവന്നു. സ്വന്തം പാർട്ടിയുടെ പ്രസിഡന്റിനുപോലും ഉമ്മൻചാണ്ടി സർക്കാരിന്റെ ദുർനയങ്ങൾക്കെതിരെ പരസ്യമായി രംഗത്തു വരേണ്ടിവന്നു. മോഷണശ്രമത്തിനിടെ കൈയോടെ പിടികൂടപ്പെട്ട കള്ളന്റെ അവസ്ഥയിലാണ്‌ സർക്കാർ. അങ്ങനെ പിടികൂടപ്പെടുമ്പോൾ പരിചയസമ്പന്നരായ കള്ളന്മാർ അവലംബിക്കുന്ന അതേ തന്ത്രമാണ്‌ തന്റെ ലേഖനമെഴുത്തിലൂടെ ഉമ്മൻചാണ്ടിയും അവലംബിച്ചത്‌. മറ്റുള്ളവരെ ചൂണ്ടി “കള്ളൻ, കള്ളൻ” എന്നു പറഞ്ഞുകൊണ്ട്‌ ഓടിരക്ഷപ്പെടുകയാണ്‌ ആ തന്ത്രം. ഇവിടെ ആ തന്ത്രം ഇപ്പോൾ തിരിച്ചടി നേരിടുകയാണ്‌. തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഡൽഹിയിൽ നടന്ന ‘സീറ്റ്‌ തർക്ക ബലപരീക്ഷണ’ത്തിൽ ഉമ്മൻചാണ്ടി എടുത്ത കടുത്ത നിലപാടിന്റെ ഉള്ളുകള്ളികളിലേക്ക്‌ നോക്കാൻ കോൺഗ്രസ്‌ പ്രവർത്തകരെത്തന്നെ പ്രചോദിപ്പിക്കുന്നതാണ്‌ പ്രസ്തുത ലേഖനം. അങ്ങനെയൊന്ന്‌ സാധ്യമാക്കിയതിന്‌ അദ്ദേഹത്തോട്‌ നന്ദിയുള്ളവരാകും, കേരളീയർ.

ഭൂദാനത്തിനു മുമ്പിൽ നിന്ന അടൂർ പ്രകാശിനും ബാർ കോഴയുടെ വീരനായകൻ കെ ബാബുവിനും സീറ്റുറപ്പിക്കാൻ വേണ്ടിയാണല്ലോ ഉമ്മൻചാണ്ടി ഹൈക്കമാൻഡിനു മുമ്പിൽ കൊത്തുകോഴിയെപ്പോലെ പൊരുതിയത്‌. ദിവസങ്ങൾ നീണ്ട യുദ്ധത്തിനൊടുവിൽ ഹൈക്കമാൻഡിനെ നിരായുധമാക്കുന്ന ബ്രഹ്മാസ്ത്രം പ്രയോഗിച്ചാണ്‌ അദ്ദേഹം അന്നു ഡൽഹിയിൽ നിന്നു കേരളത്തിലേക്ക്‌ വണ്ടി കയറിയത്‌. അടൂർ പ്രകാശിനു സീറ്റില്ലെങ്കിൽ താനും മത്സരരംഗത്തുണ്ടാകില്ലെന്ന ഭീഷണിയായിരുന്നു, ആ ബ്രഹ്മാസ്ത്രം! അതു കൊള്ളേണ്ടിടത്തെല്ലാം കൊള്ളുകതന്നെ ചെയ്തു. അടൂർ പ്രകാശും ബാബുവും അവരുടെ സംഘത്തലവനായ ഉമ്മൻചാണ്ടിയും യുദ്ധം ജയിച്ചു. എന്നാൽ കോൺഗ്രസിനുണ്ടെന്ന്‌ സുധീരനും കൂട്ടരും പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ഗാന്ധിസ്മരണയുടെ അവസാന ഞരക്കം കൂടി കോൺഗ്രസിന്റെ മുറ്റത്ത്‌ അന്ത്യശ്വാസം വലിച്ചു.

സ്വന്തം പാർട്ടി പ്രസിഡന്റിനാൽ പോലും തുറന്നുകാണിക്കപ്പെട്ടതിന്റെ ജാള്യത ഉമ്മൻചാണ്ടിക്കുണ്ടാകുമല്ലോ. അതു മൂടിവയ്ക്കാൻ എൽഡിഎഫിനു നേർക്ക്‌ നടത്തിയ ആക്രമണത്തിന്‌ അദ്ദേഹം തിരഞ്ഞെടുത്ത ഒരു വിഷയം എനിക്ക്‌ നേരിട്ട്‌ ബന്ധമുള്ളതാണ്‌ മെർക്കിസ്റ്റൺ ഇടപാട്‌. ആ ഇടപാടിനെക്കുറിച്ച്‌ ഉമ്മൻചാണ്ടി എഴുതിയ ഓരോ അക്ഷരവും കല്ലുവച്ച കള്ളമാണ്‌. സത്യത്തോട്‌ ഭീകരമായ അനാദരവ്‌ കാട്ടി മെർക്കിസ്റ്റൺ വിഷയത്തിൽ ഉമ്മൻചാണ്ടി എഴുതിയ അതേ അക്ഷരങ്ങളെ സാക്ഷ്യപ്പെടുത്തിപറയട്ടെ. ഞങ്ങൾക്കെതിരെ ഉമ്മൻചാണ്ടി തൊടുത്തുവിട്ട ഓരോ ആരോപണവും അതുപോലെ മുനയൊടിഞ്ഞവയാണ്‌. എൽഡിഎഫ്‌ ഭരണകാലത്ത്‌ (2006-2011) നിന്ന്‌ പാടുപെട്ട്‌ ചികഞ്ഞെടുത്തു ഉമ്മൻചാണ്ടി നിരത്തുന്ന ഒരു സംഭവത്തിലും ഒരിഞ്ചു ഭൂമിപോലും ഇടതുപക്ഷ സർക്കാർ ആർക്കും ദാനം കൊടുത്തിട്ടില്ല.

അഞ്ചു വർഷം മുമ്പത്തെ മെർക്കിസ്റ്റൺ ഇടപാട്‌ ഓർമയുണ്ടോ എന്ന്‌ ചോദിച്ചുകൊണ്ടാണ്‌ ഉമ്മൻചാണ്ടി തന്റെ മുനയൊടിഞ്ഞ അമ്പുകളിൽ വിഷം പുരട്ടുന്നത്‌. ഉണ്ട്‌, എനിക്ക്‌ നല്ലവണ്ണം ഓർമയുണ്ട്‌. നാടിന്റെ സമ്പത്തായ ആ പരിസ്ഥിതി ദുർബലഭൂമി സംരക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ കടന്നാക്രമിക്കപ്പെട്ട അന്നത്തെ വനം മന്ത്രിയാണല്ലോ ഞാൻ. എല്ലാ ഇടതുപക്ഷ വിരുദ്ധരേയും അണിനിരത്തി സത്യത്തിനും നീതിക്കുമെതിരായി അന്ന്‌ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ അഴിച്ചുവിട്ട ആ ആക്രമണം എങ്ങനെ മറക്കാൻ കഴിയും? “പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ നിക്ഷിപ്തമാക്കൽ ഓർഡിനൻസ്‌ പ്രകാരം സർക്കാർ ഏറ്റെടുത്ത 707 ഏക്കർ ഭൂമി ഡീനോട്ടിഫൈ ചെയ്ത്‌ സ്വകാര്യവ്യക്തിക്കു കൈമാറിയത്‌ വെറും 27 ദിവസം” കൊണ്ടാണെന്ന്‌ ഉമ്മൻചാണ്ടി എഴുതി. സത്യത്തെ ഇതുപോലെ തല്ലിക്കൊന്ന്‌ തലകീഴായി കെട്ടിത്തൂക്കാൻ അദ്ദേഹത്തിനു മാത്രമേ കഴിയൂ. ശരിയാണ്‌, ഉമ്മൻചാണ്ടീ! ആ ഭൂമി 27 ദിവസം കൊണ്ട്‌ സ്വകാര്യവ്യക്തിക്കു കൈമാറാൻ അന്നു കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നു. രാജ്യം എന്നും ആദരവോടെ കാണുന്ന ഐഎസ്‌ആർഒയുടെ മറവിലാണ്‌ അതു നടന്നത്‌. കോൺഗ്രസ്‌ നേതാവായ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഓഫീസ്‌ അതിൽ നേരിട്ട്‌ പങ്കുവഹിച്ചു. എന്നാൽ ആ സമ്മർദ്ദങ്ങളെയും നിഗൂഢമായ കരുനീക്കങ്ങളെയും ചെറുത്തുനിൽക്കാൻ ചങ്കുറപ്പുള്ള ഒരു ഗവൺമെന്റ്‌ അന്നു കേരളത്തിലുണ്ടായിരുന്നു. കേന്ദ്ര സർക്കാരും ഭൂമാഫിയായും ചില ഉദ്യോഗസ്ഥ മേധാവികളും ചേർന്ന്‌ 27 ദിവസം കൊണ്ട്‌ കരുപ്പിടിപ്പിച്ച ഭൂദാന പദ്ധതി അതുകൊണ്ട്‌ നടന്നില്ല. പരിസ്ഥിതി ദുർബലഭൂമിയായ മെർക്കിസ്റ്റൺ എസ്റ്റേറ്റിലെ ഒരു തരിമണ്ണുപോലും അന്നു ‘ഡീനോട്ടിഫൈ’ ചെയ്യപ്പെട്ടില്ല. സങ്കൽപ്പിക്കാനാകാത്തത്ര കോടികൾ പലരിലൂടെയും കൈമറിയുമായിരുന്ന ‘മെർക്കിസ്റ്റൺ എസ്റ്റേറ്റ്‌ കൈമാറ്റം’ തകർത്തതിന്റെ പേരിൽ ദയാരഹിതമായി ആക്രമിക്കപ്പെട്ടവനാണ്‌ ഞാൻ. ആ ആക്രമണത്തിന്റെ നായകനായിരുന്നു, അന്നത്തെ പ്രതിപക്ഷ നേതാവ്‌ ഉമ്മൻചാണ്ടി. അദ്ദേഹം പിന്നീട്‌ മുഖ്യമന്ത്രിയായി അഞ്ചു കൊല്ലം പൂർത്തിയാക്കുമ്പോൾ കേരളത്തിന്റെ വനങ്ങളും കായലും വയലും തണ്ണീർത്തടങ്ങളും സർക്കാർ ഭൂമികളുമെല്ലാം സമ്പന്നന്മാർക്ക്‌ കൈമാറ്റം ചെയ്യപ്പെട്ടു. ഈ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങളിലൊന്ന്‌ ഇത്തരം കൈമാറ്റങ്ങളായിരിക്കും. കുടിവെള്ളം പോലും കിട്ടാതെ പാവങ്ങൾ നട്ടം തിരിയുമ്പോൾ ജലസ്രോതസുകളെല്ലാം പണക്കാർക്ക്‌ തീറുകൊടുത്തവരെ ജനങ്ങൾ ശിക്ഷിക്കുക തന്നെ ചെയ്യും.

പരിസ്ഥിതി ദുർബലമായ മെർക്കിസ്റ്റൺ എസ്റ്റേറ്റിനെക്കുറിച്ച്‌ മുതലക്കണ്ണീർ പൊഴിക്കുന്ന ഉമ്മൻചാണ്ടി എന്തിനാണ്‌ സത്യങ്ങൾ മറച്ചുവയ്ക്കുന്നത്‌? എൽഡിഎഫ്‌ സർക്കാർ നാടിന്റേതായി കാത്തുരക്ഷിച്ച മെർക്കിസ്റ്റൺ എസ്റ്റേറ്റ്‌ സ്വകാര്യ വ്യക്തിക്കു കൈമാറാൻ തകൃതിയായ ശ്രമങ്ങൾ നടക്കുന്നത്‌ ഇപ്പോൾ താങ്കളുടെ കാർമികത്വത്തിലല്ലേ? അതിനുള്ള കസ്റ്റോഡിയന്റെ ഉത്തരവ്‌ 2016 ജനുവരി അഞ്ചിനല്ലേ പുറത്തിറങ്ങിയത്‌? റിട്ടയർമെന്റിന്റെ തലേന്നു ആ ഉദ്യോഗസ്ഥനെക്കൊണ്ട്‌ നിയമവിരുദ്ധമായ ഉത്തരവ്‌ ഇറക്കിച്ചത്‌ ആരുടെ താൽപര്യ പ്രകാരമാണ്‌? അത്‌ റദ്ദ്‌ ചെയ്യിക്കാൻ താങ്കൾക്ക്‌ ആർജവമുണ്ടോ? ഇതിനുത്തരം പറഞ്ഞിട്ടുമതി താങ്കൾ ഞങ്ങൾക്കു നേരെ വിരൽചൂണ്ടാൻ എന്ന്‌ വിനയപൂർവം അറിയിക്കട്ടെ. എന്റെ വാദങ്ങൾ ഓരോന്നും സമർഥിക്കാനുള്ള രേഖകൾ കസ്റ്റോഡിയന്റെ ഓഫീസിലെ പൂട്ടിവച്ച ലോക്കറിനുള്ളിൽ ഉണ്ടാകും. താങ്കളുടെ വാദങ്ങൾക്കുള്ള രേഖകൾ കാടും വയലും ഭൂമിയും വിഴുങ്ങാൻ നിൽക്കുന്ന ഏതു ഭൂമാഫിയയുടെ നിലവറയിലാണുള്ളത്