20 August 2017, Sunday

എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കും: എന്‍സിപി

എല്‍ഡിഎഫില്‍ തുടരുന്നതുസംബന്ധിച്ച് പാര്‍ടിയില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി എന്‍സിപി പ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തനരംഗത്തുണ്ട്. എന്‍സിപിയില്‍ ഭിന്നതയുണ്ടെന്ന് ചിലര്‍ നടത്തുന്ന പ്രചാരണം പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഉദ്ദേശിച്ച് മാത്രമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സീറ്റുവിഭജന ചര്‍ച്ചയ്ക്കുശേഷം ചേര്‍ന്ന എന്‍സിപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും സംസ്ഥാന നേതൃയോഗവും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് രംഗത്തിറങ്ങാന്‍ ആഹ്വാനം ചെയ്തു.

നിക്ഷിപ്തതാല്‍പ്പര്യക്കാരുടെ പ്രചാരണത്തില്‍ വീഴാതെ എന്‍സിപി പ്രവര്‍ത്തകര്‍ എല്‍ഡിഎഫിന്റെ വിജയത്തിനുള്ള പ്രചാരണ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്ന് ടി പി പീതാംബരന്‍ വ്യക്തമാക്കി. എന്‍സിപി പിളരുന്നുവെന്നും ഒരു വിഭാഗം യുഡിഎഫില്‍ ചേരുന്നുവെന്നുമുള്ള പ്രചാരണം അസംബന്ധമാണെന്ന് കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി അംഗം എ കെ ശശീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. അടിയുറച്ച ഇടതുനിലപാടുള്ള കേരളത്തിലെ എന്‍സിപിയെ ഭിന്നിപ്പിക്കാനുള്ള കുതന്ത്രങ്ങളൊന്നും വിലപ്പോകില്ല. തെരഞ്ഞെടുപ്പില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുന്ന യുഡിഎഫിനുവേണ്ടി ദുഷ്പ്രചാരണങ്ങള്‍ നടത്തുന്ന ചില കേന്ദ്രങ്ങളുടെ തറവേലയാണിതെന്നും അദ്ദേഹം "ദേശാഭിമാനി"യോട് പറഞ്ഞു.

ശരിയായ രാഷ്ട്രീയ വീക്ഷണം നഷ്ടപ്പെടുമ്പോഴാണ് ലാഭ നഷ്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ ചിലര്‍ രാഷ്ട്രീയബന്ധങ്ങളെ നിര്‍ണയിക്കുക. ഇടതുമുന്നണി വിട്ട ആര്‍എസ്പിയെ ഗ്രസിച്ചത് രാഷ്ട്രീയ പാപ്പരത്തമാണ്. അഴിമതിയും അധികാരദുര്‍വിനിയോഗവുംകൊണ്ട് നാമാവശേഷമായ കോണ്‍ഗ്രസിനും വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്ന ബിജെപിക്കും ബദലായ ഇടത്- മതനിരപേക്ഷ- ജനാധിപത്യ ശക്തിയെ രാജ്യം ഉറ്റുനോക്കുന്ന ഘട്ടത്തിലാണ് ആര്‍എസ്പി കാലുമാറ്റം. കേരളത്തിലെ ഇടതുപക്ഷ ഐക്യം രാജ്യത്തിന് മാതൃകയാണെന്നതുപോലും ആര്‍എസ്പി ഒറ്റനിമിഷംകൊണ്ട് മറന്നു. അത്തരമൊരു വിവരക്കേട് എന്‍സിപി കാണിക്കില്ല- എ കെ ശശീന്ദ്രന്‍ പറഞ്ഞു. എന്‍സിപി, എല്‍ഡിഎഫ് വിടുമെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പാര്‍ടി നിയമസഭാകക്ഷി നേതാവും കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി അംഗവുമായ തോമസ് ചാണ്ടി എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി എന്‍സിപി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങിയതായും തോമസ് ചാണ്ടി പറഞ്ഞു.