എസ്എസ്എല്‍സി പരീക്ഷാഫലം അട്ടിമറിയെക്കുറിച്ച് സമഗ്ര അന്വേഷണം വേണം:എല്‍ഡിഎഫ്
എസ്എസ്എല്‍സി പരീക്ഷാഫലം അട്ടിമറിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ അടിയന്തരനടപടി വേണമെന്ന് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രിക്കാണ്. അതിനാല്‍ ഉദ്യോഗസ്ഥരെമാത്രം ബലിയാടാക്കി രക്ഷപ്പെടാന്‍ സര്‍ക്കാരിനാകില്ല. ആറന്മുള വിമാനത്താവളത്തിന് വീണ്ടും പരിസ്ഥിതി ആഘാതപഠനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് പ്രതിഷേധാര്‍ഹമാണ്. ഒരു നാടിന്റെ പൈതൃകവും പ്രകൃതിയും തകര്‍ക്കുന്ന വിമാനത്താവളത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്തിരിക്കുകയാണെന്നും എല്‍ഡിഎഫ് ചൂണ്ടിക്കാട്ടി.
കേരളത്തില്‍ കുറ്റമറ്റ തരത്തില്‍ നടന്ന എസ്എസ്എല്‍സി പരീക്ഷാഫല പ്രഖ്യാപനം ഇന്ന് കുത്തഴിഞ്ഞ നിലയിലാണ്. അഞ്ചരലക്ഷം വിദ്യാര്‍ഥികളുടെ ഭാവികൊണ്ടാണ് സര്‍ക്കാര്‍ പന്താടുന്നത്. വിദ്യാഭ്യാസമന്ത്രിയുടെ അമിതാവേശവും വിവരമില്ലായ്മയുമാണ് ഈ ഗുരുതര സ്ഥിതിവിശേഷത്തിന് കാരണം. അതിനാല്‍ ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രിക്കുതന്നെയാണ്. ശരിയായ നിലയിലുള്ള അന്വേഷണം നടത്തി ഇതിനുപിന്നിലെ കളികള്‍ വെളിച്ചത്തുകൊണ്ടുവരണം. ആറന്മുള വിമാനത്താവളത്തിനെതിരെ എല്ലാ വിഭാഗവും യോജിച്ച പ്രക്ഷോഭം നടത്തിയതിന്റെ ഫലമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചത്. എന്നാല്‍, പുതിയ സര്‍ക്കാര്‍ കെജിഎസ് ഗ്രൂപ്പിനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായാണ് പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി നല്‍കിയത്. ഇതിന് യുഡിഎഫ് സര്‍ക്കാരും കൂട്ടുനില്‍ക്കുന്നു. ഈ തീരുമാനത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. ഇതിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു.