15 August 2018, Wednesday

കമ്യൂണിസം, മതം, മത - ജാതി സംഘടനകള്‍


    പയ്യപ്പിള്ളി ബാലന്‍ / ചിന്ത വാരിക

    "നേരു പറയുന്നവരേയും നേരേ പറയുന്നവരേയും വെറുതെ വിടുക" എന്ന ശീര്‍ഷകത്തില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 21െന്‍റ മാതൃഭൂമി ദിനപത്രത്തില്‍ ഫാദര്‍ ഫിലിപ്പ് നെല്‍പുരപറമ്പില്‍ എഴുതിയ ലേഖനം, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിെന്‍റ അല്‍പജ്ഞതയും സിപിഐ എമ്മിനെ എന്തെങ്കിലുമൊക്കെ പറഞ്ഞു അപവദിക്കാനുള്ള വ്യഗ്രതയും വെളിവാക്കുന്നു. ഇ എം എസിന്റേതായ രണ്ടു വാചകങ്ങള്‍ സന്ദര്‍ഭം നോക്കാതെ അടര്‍ത്തിയെടുത്ത് ഉദ്ധരിച്ച് അന്തിമവിധി പ്രഖ്യാപിക്കുന്നത് കേവലം യുക്തിക്കുപോലും ചേര്‍ന്നതല്ലല്ലോ.

കമ്യൂണിസ്റ്റ് പ്രസ്ഥാനം ലക്ഷ്യമാക്കുന്നത് മതനശീകരണവും നിരീശ്വരത്വം ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുകയും ആണോ? അല്ലേ അല്ല. ഒന്നേമുക്കാല്‍ നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ ചോദ്യത്തിന് കാറല്‍ മാര്‍ക്സിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനും, ഭൗതികവാദം ശാസ്ത്രീയ വിശകലനം ചെയ്യുന്നതില്‍ മുന്‍പനും ആയിരുന്ന ഫ്രെഡറിക് എംഗല്‍സ് അന്നു തന്നെ നല്‍കിയിട്ടുണ്ട്. കമ്യൂണിസ്റ്റ് സാമൂഹ്യക്രമം, നിലവിലുള്ള മതത്തില്‍ ഇടപെടുമോ എന്നായിരുന്നു എംഗല്‍സിന്റെ മുമ്പില്‍ ഉന്നയിക്കപ്പെട്ട ചോദ്യം. "കമ്യൂണിസ്റ്റ് സാമൂഹ്യക്രമം മതത്തില്‍ ഇടപെടേണ്ട ആവശ്യം ഇല്ല. മതവിശ്വാസവും മതാനുഷ്ഠാനങ്ങളുമെല്ലാം വ്യക്തിപരമായ വിഷയങ്ങളാണ്". ("കമ്യൂണിസത്തിന്റെ മൂലതത്വങ്ങള്‍" മലയാള തര്‍ജ്ജിമ, പേജ് 22, 23). ഏതൊരു വ്യക്തിക്കും ഏതൊരു മതത്തിലും വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് എംഗല്‍സിന്റെ മറുപടിയില്‍നിന്നും സിദ്ധിക്കുന്നുണ്ടല്ലോ.

 മതത്തോടുള്ള ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെന്‍റ ഈ കാഴ്ചപ്പാട് ഇന്ത്യയില്‍ സിപിഐ എം ഏതുവിധം പ്രായോഗികമാക്കുന്നുവെന്ന് പരിശോധിക്കാം. സിപിഐ എം "പാര്‍ടി പരിപാടി"യില്‍ ആറാം അദ്ധ്യായം ഖണ്ഡിക 11ല്‍ പറയുന്നു: - "പൗരസ്വാതന്ത്ര്യങ്ങള്‍ പൂര്‍ണ്ണമായും ഉറപ്പുവരുത്തുന്നതായിരിക്കും. വ്യക്തികള്‍ക്കും അവരുടെ വാസസ്ഥലത്തിനും ആക്രമണങ്ങളില്‍നിന്നും നിയമപരമായ സംരക്ഷണം, വിചാരണ കൂടാതെയുള്ള തടങ്കല്‍ ഒഴിവാക്കല്‍ , ചിന്തയ്ക്കും മതവിശ്വാസത്തിനും ആരാധനയ്ക്കും പ്രസംഗത്തിനും പത്രപ്രവര്‍ത്തനത്തിനും സംഘടിക്കുന്നതിനും ഉള്ള അവകാശം, എവിടെയും സഞ്ചരിക്കാനും ജോലി ലഭിക്കാനുമുള്ള സ്വാതന്ത്ര്യം, ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം ഇവയെല്ലാം ഉറപ്പുവരുത്തും". കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വന്നാല്‍ മതം അപകടത്തില്‍ എന്ന മുറവിളിയും ഭീതിയും അസ്ഥാനത്താണെന്ന് വ്യക്തമാണല്ലോ.

പരിപൂര്‍ണ്ണ മതസ്വാതന്ത്ര്യം ഉറപ്പു ചെയ്യുമ്പോള്‍ തന്നെ ജാതികോയ്മ അനുവദിക്കുകയില്ലെന്നും പാര്‍ടി പരിപാടി അദ്ധ്യായം ആറ്, ഖണ്ഡിക 13ല്‍ അസന്ദിഗ്ദ്ധമായി വെട്ടിത്തുറന്നു പറയുന്നുമുണ്ട്. "ഒരു ജാതിയുടെമേല്‍ മറ്റൊരു ജാതി ഏല്‍പിക്കുന്ന സാമൂഹ്യമായ അടിച്ചമര്‍ത്തല്‍ ഇല്ലാതാക്കും. അടിച്ചമര്‍ത്തലിന്റെ ഭാഗമായ എല്ലാ വിവേചനങ്ങളും നിയമപരമായ ശിക്ഷയ്ക്കു വിധേയമാക്കും. സേവനതുറകളുടെയും വിദ്യാഭ്യാസ സൗകര്യങ്ങളുടെയും മറ്റും കാര്യത്തില്‍ പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും മറ്റു പിന്നോക്ക സമുദായങ്ങള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ അനുവദിക്കുന്നതായിരിക്കും".
പാര്‍ടി മതത്തില്‍ ഇടപെടുന്നതിെന്‍റ തെളിവായി പരിപാടിയിലെ ഈ ഇനത്തെ ഉദാഹരിക്കാന്‍ ഈ 2011ലും ആരെങ്കിലും തുനിഞ്ഞേക്കുമോ?

നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്നും നടമാടുന്ന ബീഭല്‍സമായ അയിത്താചരണം കണ്ണുതുറന്നു കാണട്ടെ. പാര്‍ടിയുടെ അഖിലേന്ത്യാ തലത്തിലുള്ള വീക്ഷണം തന്നെയാണ് പാര്‍ടിക്കു മുന്‍കൈയുള്ള മുന്നണികള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലും സ്വീകരിക്കുക. 1957ലെ ആദ്യത്തെ ഇ എം എസ് മന്ത്രിസഭ മുതല്‍ ഒരൊറ്റ ഇടതുമുന്നണിഭരണവും ബഹുജനങ്ങളുടെ മതവിശ്വാസത്തിലും ആചാരാനുഷ്ഠാനങ്ങളിലും ഇടപെട്ടിട്ടില്ല. ഇനിയും ഇടപെടുകയുമില്ല. ലോകത്ത് ഒരു കമ്യൂണിസ്റ്റ് പാര്‍ടിയും മത കാര്യങ്ങളില്‍ ഇടപെട്ടതായി ചരിത്രമില്ല. നേരെമറിച്ച്, മതത്തെ മറയായി പിടിച്ചുകൊണ്ട് മത - ജാതി സംഘടനകളും അവയുടെ കപ്പിത്താന്‍മാരും ആണ് കമ്യൂണിസ്റ്റ് പാര്‍ടിയോട് സമരത്തിന് തയ്യാറായി കാണുന്നത്.

ഇക്കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദിയുടെ അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ പ്രവീണ്‍ തൊഗാഡിയ കാഞ്ഞങ്ങാട്ട് വന്ന്, ഹിന്ദുമതം ഭീഷണിയെ നേരിടുന്നുവെന്ന് പ്രസ്താവിച്ച് ആരേയോ ഭയപ്പെടുത്താന്‍ ശ്രമിച്ചുവല്ലോ. മതത്തിെന്‍റ പേരില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കും പാര്‍ടി നേതൃത്വം നല്‍കിയ സര്‍ക്കാരിനും എതിരെ അക്രമം അഴിച്ചുവിട്ടതിന്റെ നഗ്നവും ബീഭല്‍സവുമായ ഉദാഹരണമാണ് 1959ല്‍ കേരളം കണ്ട "വിമോചന സമരം" എന്ന് പേരു വിളിച്ച ഗുണ്ടാ വിളയാട്ടം. ക്രിസ്റ്റഫര്‍ ഗുണ്ടകളുടെ വിക്രിയകളുടെ സംക്ഷിപ്ത വിവരണംപോലും വളരെ ഏറെ പേജുകള്‍ കവര്‍ന്നെടുക്കുമെന്നതിനാല്‍ വിടുകയാണ്. എന്നെ വകവരുത്താനായി വെഞ്ചരിച്ച കഠാരിയുമായി (വെഞ്ചരിച്ച കഠാരി കൊണ്ട് കുത്തിക്കൊന്നാല്‍, നരഹത്യകൊണ്ടുള്ള പാപം ഏല്‍ക്കേണ്ടി വരില്ലത്രെ) നിയോഗിക്കപ്പെട്ട കൊച്ചുപാപ്പുവിന്റെ മുമ്പില്‍ ഞാന്‍ ഒറ്റയ്ക്ക് യാദൃച്ഛികമായി അകപ്പെട്ടുപോയി. എന്നാല്‍ , കൊച്ചുപാപ്പു എന്നെ ആലിംഗനം ചെയ്തിട്ട് "പുള്ളേച്ചന്റെ മേല്‍ ഒരു കിള്ള് മണ്ണു ഞാന്‍ എറിയുകില്ലെന്നു"പറഞ്ഞ ആവേശകരമായ അനുഭവവും ഉണ്ട്. (കൊച്ചുപാപ്പുവിന്റെ അനുജന്‍ ലോറന്‍സ് ഇന്ന് പാര്‍ടിയുടെ ഉറ്റമിത്രമാണ്).

കേരളത്തില്‍ മാത്രമല്ല, കത്തോലിക്കാ സഭ പുരോഗമന നടപടികളില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുള്ളത്. ഇരുപതാം നൂറ്റാണ്ടിെന്‍റ മദ്ധ്യം വരെ കത്തോലിക്കാസഭ പുരോഗമന സാമൂഹ്യ പരിഷ്കരണ നടപടികളെ നഖശിഖാന്തം എതിര്‍ത്തിട്ടുള്ളതിെന്‍റ വിശദ വിവരങ്ങള്‍, അതായത് ചരിത്രസത്യങ്ങള്‍ , ആവ്റോ മന്‍ഹാട്ടന്‍ തെന്‍റ "ദ കാത്തലിക് ചര്‍ച്ച് എഗന്‍സ്റ്റ് ട്വന്‍റീത് സെന്‍ച്വറി" എന്ന ബൃഹദ് ഗ്രന്ഥത്തില്‍ നല്‍കുന്നുണ്ട്. ഈ പുസ്തകത്തിെന്‍റ കോപ്പി വൈദികപ്പട്ടത്തിന് പഠിപ്പിക്കുന്ന ആലുവ മംഗലപ്പുഴ സെമിനാരിയില്‍ ഉണ്ടെന്നും താന്‍ അതു വായിച്ചിട്ടുണ്ടെന്നും എെന്‍റ സുഹൃത്തായ ഒരു വൈദികന്‍ പറഞ്ഞിട്ടുള്ളത് ഓര്‍ക്കുന്നു. ഫാദര്‍ ഫിലിപ്പ് നെല്‍പുര പറമ്പിലും ഈ പുസ്തകം വായിച്ചിട്ടുണ്ടാകാം എന്നു പ്രതീക്ഷിക്കട്ടെ.

മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിത്തറ ഭൗതികവാദം തന്നെയാണ്. പ്രത്യയശാസ്ത്രം ഹൃദിസ്ഥമാക്കുന്നവര്‍ക്കേ പാര്‍ടി അംഗത്വം നല്‍കൂ എന്ന വ്യവസ്ഥയില്ലെന്നതു ശരി. പാര്‍ടി അംഗത്വം കിട്ടിയ ഒരാള്‍ നിരീക്ഷിക്കപ്പെടുന്നത്, അയാള്‍ എത്രമാത്രം മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം ഉള്‍ക്കൊണ്ടു എന്നത് അളന്നു നോക്കാനല്ല. പാര്‍ടി അംഗമായി ചേരുമ്പോള്‍ ഏറ്റെടുത്ത ചുമതലകള്‍ നിര്‍വ്വഹിച്ചുവോ എന്നതാണ് പരിശോധിക്കപ്പെടുക. അംഗമാകുന്നതും നിശ്ചിത ചുമതല ഏറ്റെടുക്കുന്നതും എല്ലാം സ്വമേധയാ ആണ്. ഈ കുറിപ്പിന്റെ ആദ്യഭാഗത്ത് ഉദ്ധരിച്ചവ ഉള്‍പ്പെടെയുള്ള പാര്‍ടി പരിപാടി നടപ്പാക്കാന്‍ സഹകരിക്കുക, അംഗത്വമുള്ള ഘടകത്തിെന്‍റ യോഗങ്ങളില്‍ കൃത്യമായി പങ്കെടുക്കുക മുതലായവയാണ് ഏറ്റെടുക്കുന്ന ചുമതലകള്‍ . അയാളില്‍നിന്നും പ്രതീക്ഷിക്കാവുന്ന പ്രവര്‍ത്തനം തൃപ്തികരമായി നിര്‍വ്വഹിക്കപ്പെട്ടിട്ടില്ലെങ്കില്‍ അംഗത്വത്തില്‍നിന്നും ബഹിഷ്കൃതനാകും. എന്തുകൊണ്ടെന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ടി, കാഡര്‍ പാര്‍ടി - പ്രവര്‍ത്തകരുടെ പാര്‍ടി - യാണ്.

ടെലഫോണ്‍ ഡയറക്ടറിയില്‍ കണ്ടവരുടെയെല്ലാം പേരില്‍ അംഗത്വ രസീത് മുറിച്ചു കോണ്‍ഗ്രസില്‍ മെമ്പര്‍ഷിപ്പു പെരുപ്പിച്ചു കാണിക്കാന്‍ പണ്ടുകാലത്ത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ ചെയ്തിരുന്ന രീതി ഒരു വിപ്ലവ പാര്‍ടിക്ക് സ്വീകാര്യമല്ല. മുന്‍പറഞ്ഞ ചുമതലകളെപ്പോലെ പ്രത്യയശാസ്ത്രം പഠിക്കാനും ഒരു വിപ്ലവപാര്‍ടി അംഗം സ്വമേധയാ തയ്യാറെടുക്കും. ഇക്കാര്യത്തിലും പാര്‍ടി അയാള്‍ക്കാവശ്യമായ സഹായ സഹകരണങ്ങളും ലഭ്യമാക്കും. ഇത്തരുണത്തില്‍ സുപ്രധാന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്. വേദം പഠിക്കാന്‍ തുടങ്ങുന്ന ബ്രാഹ്മണ ബാലന്‍ ഋഗ്വേദം ആദ്യം മുതല്‍ അവസാനം വരെയും പിന്നെ അവസാനം മുതല്‍ ആദ്യം വരെയും മനഃപാഠം ചൊല്ലി പഠിക്കണം. എന്നാല്‍ അങ്ങനെ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം ഉരുവിട്ടു പഠിക്കേണ്ട മന്ത്രമല്ല. അതു പ്രായോഗിക വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വഴികാട്ടിയാണ്. അനുഭവങ്ങള്‍ വഴി ലഭിക്കുന്ന പ്രത്യയശാസ്ത്ര ജ്ഞാനം ഗ്രന്ഥങ്ങളില്‍നിന്നും ഗുരുമുഖത്തുനിന്നും ലഭ്യമാകുന്നതിനേക്കാള്‍ ശക്തവും ഹൃദയ സ്പര്‍ശിയുമായിരിക്കും. അനുഭവമാണ് വലിയ അദ്ധ്യാപകന്‍ എന്ന മൗ - സേ - ദോങിന്റെ വചനവും ഓര്‍ക്കുക.

ഉദാഹരണത്തിന്, കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതത്തില്‍പ്പെട്ട് വലയുന്ന ജനങ്ങളെ എടുക്കാം. ഇന്ന് അവരുടെ മുഖത്തുനോക്കി നിങ്ങള്‍ അനുഭവിക്കുന്ന ജനിതകരോഗങ്ങളും വൈകല്യങ്ങളും നിങ്ങളുടെ ശിരോലിഖിതത്തിന്റെ ഫലമാണ്, ദൈവ കല്‍പിതം എന്നു പറഞ്ഞാല്‍ അത് അവര്‍ വിശ്വസിക്കുമോ? ശാസ്ത്രീയമായി പഠനം നടത്തിയതിന്റെ ഫലമായി മനുഷ്യ കല്‍പിത വിനയാണെന്ന് ശാസ്ത്രം അവരെ പഠിപ്പിച്ചിരിക്കുന്നു. അവരെല്ലാം ഈശ്വരവിശ്വാസം വെടിഞ്ഞ് മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം ഉള്‍ക്കൊണ്ടിരിക്കുന്നുവെന്ന് ഇതിന് അര്‍ത്ഥം കല്‍പിക്കേണ്ട. തലമുറകളില്‍ നിന്ന് തലമുറകളിലേക്കു പകര്‍ന്നുകൊണ്ടിരുന്ന ഒരു ധാരണയ്ക്ക് ശക്തമായ പ്രഹരമേറ്റിരിക്കുന്നു എന്ന് ധരിച്ചാല്‍ മതി.

ഈശ്വരന്‍ ഉണ്ടോ ഇല്ലയോ എന്ന് അക്കാദമിക വാദപ്രതിവാദം സംഘടിപ്പിക്കുന്നതിലൊന്നും കമ്യൂണിസ്റ്റുകാര്‍ക്ക് താല്‍പര്യമില്ല. മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യാത്ത സാമൂഹ്യാവസ്ഥയാണ് അവരെ മാടി വിളിക്കുന്നത്. ആ ലക്ഷ്യത്തിലേക്കുള്ള പാത ക്ലേശപൂര്‍ണ്ണവും സങ്കീര്‍ണ്ണവുമാണ്. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ തടസ്സം സൃഷ്ടിക്കുന്നവരെ തള്ളിനീക്കുകയാണ് ആവശ്യം. കത്തോലിക്കാസഭ ക്യാപിറ്റലിസ്റ്റിതരവും കമ്യൂണിസ്റ്റിതരവുമാണെന്ന് ഫാദര്‍ ഫിലിപ്പ് അവകാശപ്പെടുന്നു. അങ്ങനെയെങ്കില്‍ കമ്യൂണിസ്റ്റു പാര്‍ടിയുമായി സഹകരിക്കുന്നതിന് എന്തു തടസ്സം? കമ്യൂണിസ്റ്റു പ്രസ്ഥാനം മതത്തില്‍ ഇടപെടുകയില്ലെന്നുറപ്പു ചെയ്തിട്ടില്ലേ? പോരെങ്കില്‍ 1957ലെ ഇ എം എസ് മന്ത്രിസഭയുടെ നയപ്രഖ്യാപനരേഖ ഓര്‍ക്കുക. ഇ എം എസ് പറഞ്ഞു: "എന്റെ ഗവണ്‍മെന്‍റ് സോഷ്യലിസമോ കമ്യൂണിസമോ നടപ്പാക്കാന്‍ ശ്രമിക്കയില്ല, മറിച്ച് സ്വാതന്ത്ര്യസമര കാലത്ത് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നവയും എന്നാല്‍ അധികാരത്തില്‍ വന്നപ്പോള്‍ പാടേ വിസ്മരിക്കയും ചെയ്ത വാഗ്ദാനങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരികയേയുള്ളൂ...."

ഈ കാഴ്ചപ്പാട് ഇന്നും പ്രസക്തമാണ്. സോഷ്യലിസ്റ്റ് നടപടികള്‍ക്ക് ഇനിയും എത്രയോ മുന്നോട്ട് പോകേണ്ടതുണ്ട്. ഭാവിയില്‍ പിറക്കാന്‍ പോകുന്ന സോഷ്യലിസ്റ്റ് സാമൂഹ്യക്രമത്തെ ഓര്‍ത്തു ഇന്നു ഭയപ്പെടുന്ന ഫാദര്‍ ഫിലിപ്പ് ഒരു ഇന്ത്യന്‍ താര്‍ക്കികനെ ഓര്‍മ്മപ്പെടുത്തുന്നു. പുഴയരികിലുള്ള വഴിയേ യാത്ര ചെയ്യുകയായിരുന്ന സുഹൃത്ത് - പുഴയുടെ മറുകരയില്‍ ചങ്ങലയിട്ട് പൂട്ടിയിരിക്കുന്ന ഒരു നായ കുരയ്ക്കുന്നതു കണ്ടു. ഉടനെ അയാളുടെ താര്‍ക്കിക ബുദ്ധി ഉണര്‍ന്നു. ചങ്ങല പൊട്ടുകയും വെള്ളം വറ്റുകയും ചെയ്താല്‍ നായ തന്നെ കടിച്ചതുതന്നെ. ഉടനെ അയാള്‍ കുട നിലത്തിട്ട് ചവിട്ടി പൊളിച്ച് കുടക്കാല്‍ കയ്യിലെടുത്തു വടിയാക്കി നായയെ ചെറുക്കാന്‍ തയ്യാറെടുത്തു!

മതമാണ് വ്യക്തിയുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് നിദാനം എന്ന വാദം ശരിയല്ല. ഓരോ മതവും അതതിെന്‍റ അനുയായികളെ മതത്തിെന്‍റ വേലികെട്ടി അതിനുള്ളില്‍ ഒതുക്കി നിറുത്തുമ്പോള്‍ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം മത - ജാതി - വര്‍ണ്ണ - ദേശ വ്യത്യാസമില്ലാത്ത വിശ്വമാനവികതയാണ് വിഭാവനം ചെയ്യുന്നത്. 121 കോടി ജനങ്ങള്‍ക്കിടയില്‍ സിപിഐ എം അംഗങ്ങള്‍ വെറും 982155 മാത്രമാണ്. അവര്‍ മാര്‍ക്സിസ്റ്റു പ്രത്യയശാസ്ത്രം സ്വീകരിക്കുന്നതില്‍ എന്തിനിത്ര ബേജാര്‍ ? കമ്യൂണിസ്റ്റുകാരുടെ എണ്ണത്തെയല്ല, അവര്‍ കൊളുത്തുന്ന ദീപത്തിെന്‍റ പ്രകാശത്തെയാണ് ഫാദര്‍ ഫിലിപ്പ് ഭയക്കുന്നത്. ക്യാപ്പിറ്റലിസ്റ്റുപക്ഷമല്ലെന്നു മേനി പറയുമെങ്കിലും ചൂഷണ സമ്പ്രദായം തുടര്‍ന്നു നിലനില്‍ക്കാനുള്ള അത്യാഗ്രഹമാണിതിെന്‍റ പിന്നില്‍ .

കത്തോലിക്കനായി ജനിച്ച് കത്തോലിക്കാ അന്തരീക്ഷത്തില്‍ വളര്‍ന്നു, കത്തോലിക്കാ സ്ഥാപനത്തില്‍ ജീവനക്കാരനായി തുടരവെ, ഏതാനും വര്‍ഷങ്ങളായി ഇടതുപക്ഷ രാഷ്ട്രീയവുമായി സജീവ ബന്ധം പുലര്‍ത്തുന്ന ലോനപ്പന്‍ നമ്പാടെന്‍റ ഒരു വാചകം ഇത്തരുണത്തില്‍ ഉദ്ധരിക്കുന്നത് അവസരോചിതമാണ്. "നോക്കുകൂലിക്കെതിരായ കെസിബിസിയുടെ ഇടയലേഖനം പള്ളികളില്‍ വായിക്കുന്ന വൈദികരില്‍ ഭൂരിപക്ഷവും നോക്കുക പോലും ചെയ്യാതെ കൂലി വാങ്ങുന്നവരാണ്. ഒരു ദിവസം കുര്‍ബാന ചൊല്ലുന്നതിന് നാലും അഞ്ചും പേരില്‍നിന്നും പണം വാങ്ങി ഒരു കുര്‍ബാന മാത്രം ചൊല്ലി അവസാനിപ്പിക്കുന്ന വൈദികരുണ്ട്". ഫാദര്‍ ഫിലിപ്പ് പ്രതികരിക്കുമോ?

1936ല്‍ സോവിയറ്റ് യൂണിയനിലെ സന്ദര്‍ശന വേളയില്‍ അവിടെ കണ്ട അവിശ്വസനീയമായ മനുഷ്യബന്ധങ്ങളിലും ഭൗതിക വികസനങ്ങളിലും വിസ്മയംപൂണ്ട് പ്രസിദ്ധമായ "സോഷ്യലിസ്റ്റ് വണ്‍സിക്സ്ത്ത് ഓഫ് ദ വേള്‍ഡ്" എന്ന പുസ്തകം എഴുതിയ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ ഹ്യൂലറ്റ് ജോണ്‍സണ്‍ , വിമോചന ദൈവശാസ്ത്രത്തില്‍ ആകൃഷ്ടരായി സാമ്രാജ്യത്വനുകത്തിനെതിരെ കമ്യൂണിസ്റ്റുകാരോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് ആയുധമേന്തി പോരാടിയ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളിലേയും സൈപ്രസിലെയും ബിഷപ്പുമാരും മറ്റു വൈദികരും, മലങ്കോവിെന്‍റ മക്കളെ മലനാട്ടില്‍നിന്നും ആട്ടിപ്പായിക്കാന്‍ കച്ചകെട്ടിയിറങ്ങി, മലയോര കര്‍ഷകരെ പെരുമഴയില്‍ ഇറക്കിവിട്ടതില്‍ പ്രതിഷേധിച്ച് അമരാവതിയില്‍ നിരാഹാര സമരത്തിലേര്‍പ്പെട്ട എ കെ ജിയെ ഓടിച്ചെന്ന് ആലിംഗനം ചെയ്ത്, കമ്യൂണിസ്റ്റുകാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ഫാദര്‍ വടക്കന്‍ , സാമൂഹ്യകാര്യങ്ങളില്‍ കമ്യൂണിസ്റ്റുകാരുമായി സഹകരിക്കാന്‍ സങ്കോചം കരുതാതിരുന്ന തൃശ്ശൂരിലെ കാല്‍ഡിയന്‍ സിറിയന്‍ സഭയിലെ ബിഷപ്പ് പൗലോസ് മാര്‍ പൗലോസ്, എഴുപതുകളില്‍ മഞ്ഞുമ്മല്‍ ഇടവക പള്ളിയില്‍ വികാരിയായി ചാര്‍ജ്ജെടുത്ത് സാമൂഹ്യ പ്രശ്നങ്ങളില്‍ എന്നോടൊപ്പം സഹകരിച്ചു പ്രവര്‍ത്തിച്ച ഫാദര്‍ വില്ല്യംസ് തുടങ്ങിയവരെല്ലാം ഈശ്വരവിശ്വാസികളായ ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ ആയിരുന്നുവെന്ന സത്യം ഫാദര്‍ ഫിലിപ്പ് നെല്‍പുരപറമ്പില്‍ അംഗീകരിക്കുമോ?

ഈ കുറിപ്പില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അച്ചടിച്ചു പ്രസിദ്ധം ചെയ്തിട്ടുള്ള പുസ്തകങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ളവയും ബഹുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവങ്ങളില്‍നിന്നും സിദ്ധിച്ചിട്ടുള്ളവയും ആണ്. 1848ല്‍ തന്നെ കാറല്‍ മാര്‍ക്സ് വെട്ടിത്തുറന്നു പറഞ്ഞിട്ടുണ്ട് "കമ്യൂണിസ്റ്റുകാരായ ഞങ്ങള്‍ക്ക് ഒന്നും ഒളിച്ചുവയ്ക്കാനില്ല എന്ന്". നേരു പറയുന്നവരോടും നേരേ പറയുന്നവരോടും സഹകരിച്ച് ഈ ഭൂമിയില്‍ തന്നെ സ്വര്‍ഗ്ഗം പണിയാനുള്ള സംരംഭത്തില്‍ പങ്കെടുക്കുകയാണ് യഥാര്‍ത്ഥ ക്രിസ്തുഭക്തന്മാര്‍ ചെയ്യേണ്ടത്.

 

image courtesy of  itodyaso.files.wordpress.com (Discernmentalist News)