15 March 2019, Friday

കള്ളപ്പണംകൊണ്ടുള്ള ആകാശാഘോഷംതെരഞ്ഞെടുപ്പിനെ പണംകൊണ്ടുള്ള ആറാട്ടാക്കി മാറ്റുകയാണ് കോണ്‍ഗ്രസ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പറന്ന് വോട്ട് പിടിക്കുന്നതിന് ആരും എതിരല്ല. അങ്ങനെ പറക്കുന്നതിനുള്ള പണം എവിടെനിന്ന് വരുന്നു എന്ന് അവര്‍ ജനങ്ങളോടും നിയമത്തോടും പറഞ്ഞേതീരൂ.

രണ്ട് ഹെലികോപ്റ്റര്‍ കേരളത്തിന്റെ ആകാശത്തിലൂടെ തലങ്ങും വിലങ്ങും പറക്കണമെങ്കില്‍ ഓരോ മണിക്കൂറിനും ലക്ഷങ്ങള്‍ വേണം. മൂന്ന് കോപ്റ്റര്‍ വരുന്നുവെന്നും അതില്‍ രണ്ടെണ്ണം സ്ഥാനാര്‍ഥികളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്കും മറ്റൊന്ന് ശശി തരൂര്‍ എംപിക്കും പറന്ന് പ്രചാരണം നടത്താനുള്ളതാണെന്നുമാണ് കോണ്‍ഗ്രസുതന്നെ വിശദീകരിച്ചിട്ടുള്ളത്. ഒരു സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പില്‍ പരമാവധി ചെലവാക്കാവുന്നത് 16 ലക്ഷം രൂപയാണ്. ആര്‍ക്കുവേണ്ടിയാണോ നേതാക്കള്‍ പറക്കുന്നത്, അതിന്റെ ചെലവ് സ്ഥാനാര്‍ഥിയുടെ കണക്കില്‍ പതിക്കും. അങ്ങനെ വന്നാല്‍, കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനാര്‍ഥികളും പ്രത്യക്ഷത്തില്‍ത്തന്നെ അനുവദിച്ചതിലും കൂടുതല്‍ തുക ചെലവാക്കുന്നു എന്ന് സമ്മതിക്കേണ്ടിവരും.

അതിനുമപ്പുറം, ഏതെങ്കിലും കാരണവശാല്‍ യുഡിഎഫ് അധികാരത്തില്‍ വരാനിടയായാലുണ്ടാകുന്ന ഭയാനകമായ അവസ്ഥയെയും ഈ പറന്നുകളി വരച്ചുകാട്ടുന്നു. യുഡിഎഫിന് എല്ലാം കച്ചവടമാണ്. തെരഞ്ഞെടുപ്പില്‍ ചെലവാക്കുന്ന പണം ഇരട്ടിക്കിരട്ടിയായി തിരിച്ചുപിടിക്കാനുള്ളതാണവര്‍ക്ക്. എത്രതന്നെ പണം വലിച്ചെറിയുന്നുവോ അതിന്റെ പലമടങ്ങ് അഴിമതിയിലൂടെ സ്വന്തമാക്കണം എന്ന ആഗ്രഹമാണവരെ നയിക്കുന്നത്. അതുകൊണ്ടുതന്നെ, കേവലം രണ്ട് ഹെലികോപ്റ്ററല്ല- യുഡിഎഫ് എന്ന രാഷ്ട്രീയ കൂട്ടുകെട്ടിന്റെ അടിസ്ഥാന സ്വഭാവമാണ് പ്രശ്നം. കേരളത്തില്‍ ഒതുങ്ങുന്നതല്ല യുഡിഎഫിന്റെ പണക്കൊഴുപ്പും ജനാധിപത്യത്തെ വിലയ്ക്കുവാങ്ങാനുള്ള ത്വരയും.

അഴിമതിയുടെ ഹൈക്കമാന്‍ഡും ഡല്‍ഹിയിലാണ്. അവിടെനിന്നാണ് പണച്ചാക്കുകള്‍ താഴോട്ടൊഴുകുന്നത്. രാജ്യത്തിന്റെ സ്വത്ത് തീറെഴുതിക്കൊടുത്ത് നേടിയ ശതകോടികള്‍കൊണ്ട് ജനഹിതം വിലയ്ക്കെടുക്കുകയും അങ്ങനെ കിട്ടുന്ന അധികാരം വീണ്ടും അഴിമതിക്കായി ഉപയോഗിക്കുകയും ചെയ്യുന്നു കോണ്‍ഗ്രസ്. ഇത് പ്രതിപക്ഷത്തിന്റെ ആരോപണമല്ല- പരമോന്നത കോടതിപോലും കണ്ടെത്തിയ യാഥാര്‍ഥ്യമാണ്. വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താത്തതിന് കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി കുറ്റപ്പെടുത്തിയ ഭാഷ എത്ര കഠിനമാണെന്നു പരിശോധിക്കുക.

വെറുമൊരു നികുതി വിഷയമായിമാത്രം കള്ളപ്പണനിക്ഷേപത്തെ കണ്ട്, രാജ്യത്തെ കൊള്ളയടിച്ചു കടത്തിക്കൊണ്ടുപോയ പണക്കൂമ്പാരങ്ങള്‍ക്ക് ഊനംതട്ടാതിരിക്കാനും കൊള്ളക്കാര്‍ക്ക് സംരക്ഷണം നല്‍കാനുമാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കള്ളപ്പണം നിക്ഷേപിച്ചവര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു; പണത്തിന്റെ സ്രോതസ്സുകളെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ എന്ന് സുപ്രീംകോടതിക്ക് ചോദിക്കേണ്ടിവന്നത് സര്‍ക്കാര്‍ അക്കാര്യത്തില്‍ നടത്തുന്ന കള്ളക്കളി കണ്ട് മനംമടുത്താണ്.

കള്ളപ്പണനിക്ഷേപകരുടെ പേരു വിവരവും അവര്‍ ആരുടെയെങ്കിലും ബിനാമിയാണോ എന്നതും പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായുള്ളതാണോ എന്നതും അന്വേഷിച്ച് രണ്ടുദിവസത്തിനകം മറുപടി നല്‍കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ വിദേശ രാജ്യങ്ങളുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്താന്‍ കഴിയില്ല എന്ന പരിഹാസ്യമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ തുടരുന്നത്. അതില്‍നിന്നുതന്നെ സംശയരഹിതമായി തെളിയുന്നുണ്ട്, ഒളിച്ചുവയ്ക്കാനുള്ളത് കേന്ദ്രസര്‍ക്കാരിനുതന്നെയാണെന്ന്.

ആണവകരാറിലൂടെ രാജ്യത്തെ അമേരിക്കയ്ക്ക് അടിയറവയ്ക്കാനുള്ള പുറപ്പാടില്‍ പ്രതിഷേധിച്ച് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍, എംപിമാരെ വിലയ്ക്കെടുത്താണ് യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയത്. അന്ന്, ഓരോ എംപിക്കും വില നിശ്ചയിച്ച് നല്‍കുക മാത്രമല്ല; അങ്ങനെ നടക്കുന്ന കച്ചവടം അമേരിക്കയെ ബോധ്യപ്പെടുത്തുകകൂടി ചെയ്തു എന്നാണ് വിക്കിലീക്സ് പുറത്തുവിട്ട രേഖകളിലൂടെ തെളിഞ്ഞത്. 2ജി സ്പെക്ട്രം കുംഭകോണംമുതല്‍ കോമവെല്‍ത്ത് ഗെയിംസ്, പ്രതിരോധ ഇടപാടുകള്‍, ആദര്‍ശ് ഫ്ളാറ്റ്- ഇങ്ങനെ പടുകൂറ്റന്‍ അഴിമതികളില്‍ മറിഞ്ഞ ലക്ഷക്കണക്കിനു കോടികളാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പായുധം.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 20 മണ്ഡലംമാത്രമുള്ള ഈ കേരളത്തില്‍ കൊണ്ടുവന്ന് തള്ളിയത് അവിശ്വസനീയമായ അളവിലുള്ള പണമാണ്. ഒരു യൂത്തുകോണ്‍ഗ്രസുകാരന്‍ 25 ലക്ഷം രൂപ അതില്‍നിന്ന് തട്ടിയെടുത്തിട്ടും ഒരക്ഷരം മിണ്ടാന്‍ കോണ്‍ഗ്രസ് തയ്യാറാകാതിരുന്നത് വന്നത് കണക്കില്‍പ്പെടാത്ത കള്ളപ്പണമാണെന്നതുകൊണ്ടാണ്. കേന്ദ്ര ഭരണകക്ഷിതന്നെയാണ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും ജനാധിപത്യത്തെയും തകര്‍ക്കുന്ന ഈ കുറ്റകൃത്യം ചെയ്യുന്നത്.

ഒരുഭാഗത്ത് മാധ്യമങ്ങളെ വിലയ്ക്കെടുക്കുന്നു. പെയ്ഡ് വാര്‍ത്തകളെ കോണ്‍ഗ്രസ് ആശ്രയിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം തുറന്നു സമ്മതിച്ചതാണ്. മറ്റൊരു ഭാഗത്ത് വോട്ടര്‍മാരെ പണംകൊടുത്ത് വശത്താക്കാനുള്ള ശ്രമം. ഇനിയുമൊരുവശത്ത് ചില കക്ഷികളുടെയും ഗ്രൂപ്പുകളുടെയും വോട്ട് കച്ചവടംചെയ്യല്‍. പ്രചാരണരംഗത്താണെങ്കില്‍ പണത്തിന്റെ പ്രളയം തീര്‍ക്കലും. ജനാധിപത്യം എന്ന സങ്കല്‍പ്പത്തെ വേരോടെ പിഴുതെറിയുന്നതാണ് കോണ്‍ഗ്രസിന്റെ ഈ നീക്കങ്ങള്‍. അതിന്റെ പുറമേക്കു കാണുന്ന രൂപംമാത്രമാണ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ആകാശാഘോഷം. പണംകൊടുത്ത് വാങ്ങാനുള്ളതല്ല കേരളത്തിന്റെ ജനഹിതം എന്ന് കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്തുകയാണ് ഈ തെരഞ്ഞെടുപ്പില്‍ കേരളീയര്‍ക്കുമുന്നിലുള്ള സുപ്രധാന കടമകളിലൊന്ന്.

ആകാശമാര്‍ഗേ വോട്ടുതേടിയാലും കള്ളപ്പണത്തിന്റെ കുത്തൊഴുക്കുണ്ടായാലും ജനവിധി അട്ടിമറിക്കപ്പെടില്ലെന്ന് ഉറപ്പാക്കാനുള്ള ജാഗ്രത എല്ലാ തലത്തിലും ഉണ്ടാകോണ്ടതുണ്ട്്. പണംമാത്രമല്ല, പ്രചാരണത്തിന്റെ ഏറ്റവും ഹീനമായ വഴികളും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ യുഡിഎഫ് മടിച്ചുനില്‍ക്കാറില്ല എന്നും ഓര്‍ക്കേണ്ടതാണ്. ജനവിധിയെ മാറ്റിമറിക്കാനുള്ള അത്തരം ഏതുനീക്കത്തെയും തുറന്നുകാട്ടാനും പരാജയപ്പെടുത്താനും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്.