9 June 2018, Saturday

കൂലിയെഴുത്തിന്റെ കൊട്ടിക്കലാശം

തെരുവുകളില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നിലച്ച തെരഞ്ഞെടുപ്പാരവം മനോരമയില്‍ നിലയ്ക്കുന്ന മട്ടില്ല. ചാനലുകള്‍ക്ക് തിരഞ്ഞെടുപ്പു കമ്മിഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പത്രങ്ങള്‍ക്ക് ബാധകമല്ല. വാര്‍ത്തയിലും വ്യാഖ്യാനങ്ങളിലും നിരീക്ഷണങ്ങളിലും  അവലോകനങ്ങളിലും തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ വൈവിദ്ധ്യമാര്‍ന്ന സാധ്യതകളുണ്ട്. എങ്ങനെയെങ്കിലും യുഡിഎഫിന്റെ വിജയം ഉറപ്പിക്കാനുളള അച്ചായന്റെ അത്യദ്ധ്വാനം മുഴുവന്‍ പ്രതിഫലിക്കുന്ന റിപ്പോര്‍ട്ട് ഏപ്രില്‍ 12ന്റെ മനോരമയിലുണ്ട്.

അവലോകനാഭാസത്തിന്റെ തലക്കെട്ട് :  നാളെയാണ് നാളെ.

മാനഭംഗപ്പെടുത്താന്‍ ആദ്യം തിരഞ്ഞെടുത്തത് തലസ്ഥാന ജില്ലയെ. നിരീക്ഷണങ്ങള്‍ ഇങ്ങനെ പോകുന്നു:

തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫിനു മുന്‍തൂക്കം കിട്ടുമെന്നാണ് പൊതുവെ വിലയിരുത്തല്‍. ഏഴു മണ്ഡലങ്ങളില്‍ യുഡിഎഫിന് ഉറച്ച വിജയസാധ്യതയുണ്ട്. അഞ്ചുമണ്ഡലങ്ങളില്‍ പ്രവചനാതീതമായ മത്സരമാണ്. രണ്ടു മണ്ഡലങ്ങളാണ് എല്‍ഡിഎഫിന് ഉറപ്പിച്ചു പറയാവുന്നത്. 14 സീറ്റില്‍ 11 മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്ന വിലയിരുത്തലാണ് യുഡിഎഫിന്.

യുഡിഎഫിന്റെ ജില്ലാ കമ്മിറ്റി ഓഫീസില്‍ അലയടിക്കുന്ന തെരഞ്ഞെടുപ്പു സ്വപ്നങ്ങളുടെ അക്ഷരാഖ്യാനമാണ് ഈ റിപ്പോര്‍ട്ട് എന്നു വേണമെങ്കില്‍ നമുക്കു വിമര്‍ശിക്കാം. എങ്കിലും വാദത്തിനു വേണ്ടി, തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫിന്റെ ഏഴും എല്‍ഡിഎഫിന്റെ രണ്ടും ഉറച്ച മണ്ഡലങ്ങള്‍ തീര്‍ച്ചപ്പെടുത്താനുളള ചില സാമഗ്രികള്‍ മനോരമയുടെ കൈവശം ഉണ്ട് എന്ന് സമ്മതിക്കുക. ഇതേ സാമഗ്രികള്‍ തുടര്‍ന്നുളള ജില്ലകളിലും പ്രവര്‍ത്തനക്ഷമമാണോ എന്നു നോക്കണമല്ലോ.

കൊല്ലത്ത് അടിയൊഴുക്കിന് സാധ്യത എന്നാണ് മനോരമ പറയുന്നത്. റിപ്പോര്‍ട്ട് ഇങ്ങനെ പോകുന്നു:

ഇടതുപക്ഷത്തിന്റെ എണ്ണപ്പെട്ട ഇടമെന്ന മേലൊഴുക്കിലും യുഡിഎഫിന് ഏതുവിധത്തിലും ചായ്‌വ് കിട്ടുമെന്നു പ്രതീക്ഷിക്കാവുന്ന അടിയൊഴുക്കിലുമാണ് കൊല്ലം ജില്ല നാളെ പോളിങ്ബൂത്തിലേയ്ക്കു പോകുന്നത്. പതിനൊന്നു സീറ്റില്‍ ഒമ്പതില്‍ വരെ ജയിക്കാമെന്ന ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം തകര്‍ത്ത് യുഡിഎഫ് ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു എന്നതാണ് കഴിഞ്ഞ പത്തുദിവസത്തിലുണ്ടായ പ്രധാന മാറ്റം.

തിരുവനന്തപുരം ജില്ലയില്‍ മേലൊഴുക്ക് അളക്കുന്ന സാമഗ്രി കൊല്ലത്തെത്തുമ്പോള്‍ അടിയൊഴുക്കിനെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ മേലൊഴുക്ക് എല്‍ഡിഎഫിന് അനുകൂലം. പക്ഷേ, അടിയൊഴുക്കു കൊണ്ട് യുഡിഎഫുകാര്‍ ഇടതുമുന്നണിയുടെ ആത്മവിശ്വാസം തകര്‍ത്തുവത്രേ. അഴിമതിക്കേസില്‍ ജയിലില്‍ കിടക്കുന്ന ആര്‍ ബാലകൃഷ്ണപിളളയെന്ന വജ്രായുധമാണ് അടിയൊഴുക്ക് കുത്തിയൊലിപ്പിക്കുന്നത്. വ്യംഗ്യം, നായന്മാരെല്ലാം സംഘടിതമായി യുഡിഎഫിന് വോട്ടു ചെയ്യുമെന്ന്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ക്കു വേണ്ടി ഒരു സമുദായത്തിന്റെ അന്തരാത്മാവ് ഒരേ സ്വരത്തില്‍ തുടിക്കുമെന്ന് പ്രതീക്ഷിക്കാന്‍ ആര്‍ക്കും ഒരുളുപ്പുമില്ല.

ആലപ്പുഴയിലേയ്ക്കു പോയാലോ, എട്ടു സീറ്റെന്ന് ഇരുപക്ഷവും അവകാശപ്പെടുന്നുവത്രേ... ആകെ ഒമ്പതു സീറ്റ്. അതില്‍ എട്ടു സീറ്റും ജയിക്കുമെന്ന് യുഡിഎഫ് അവകാശപ്പെട്ടാല്‍ ഒരു നറുപുഞ്ചിരിയല്ലാതെ ആരുടെയും ചുണ്ടില്‍ വിരിയില്ല. യുഡിഎഫ് പ്രതീക്ഷയുടെ കാരണങ്ങള്‍ മനോരമ വിവരിക്കുന്നത് കാണുമ്പോള്‍ പ്രത്യേകിച്ചും:

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, എ കെ ആന്റണി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ മിന്നുന്ന സന്ദര്‍ശനം അവസാന റൌണ്ടില്‍ യുഡിഎഫിന് മേല്‍ക്കൈ സമ്മാനിച്ചിട്ടുണ്ട്.

മിന്നിയ സന്ദര്‍ശനം കാമറകള്‍ ഒപ്പിയെടുത്തിട്ടുണ്ട്. അതു കണ്ട് യുഡിഎഫിന് മേല്‍ക്കൈ വന്നു എന്ന് നിരീക്ഷിക്കണമെങ്കില്‍ ഏറ്റവും കുറച്ച് വോട്ടു കിട്ടുന്നവനാകണം എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യേണ്ടത്. എ കെ ആന്റണിയ്ക്ക് സ്വന്തം ജില്ലയില്‍ നൂറില്‍ താഴെ ആളുകളെ അഭിസംബോധന ചെയ്ത് തൃപ്തിയടയേണ്ടി വന്ന ആദ്യ തിരഞ്ഞെടുപ്പ് ഇതാദ്യമായിരിക്കും. പൂങ്കാവില്‍ ഇരുനൂറില്‍ താഴെ ആളെ അഭിസംബോധ ചെയ്ത ആന്റണി നടത്തിയത് മിന്നുന്ന സന്ദര്‍ശനമാണെങ്കില്‍, നട്ടുച്ചയ്ക്ക് കലവൂരില്‍ ഇരമ്പിയാര്‍ത്ത പതിനായിരങ്ങളെ ആവേശഭരിതനാക്കിയ വിഎസിന്റെ സന്ദര്‍ശനത്തെ എന്തുപേരിട്ടു വിളിക്കും ?

പഞ്ചായത്ത് തിരഞ്ഞെടുപ്പു ഫലം വെച്ചാണ് തൃശൂര്‍ ജില്ലയില്‍ മനോരമ യുഡിഎഫ് തരംഗം പ്രവചിക്കുന്നത്. പ്രവചനത്തിന് അതാണ് മാനദണ്ഡമെങ്കില്‍ ആലപ്പുഴയിലും കൊല്ലത്തും എല്‍ഡിഎഫിന് മുന്‍തൂക്കമെന്നെഴുതണം.

യുഡിഎഫിനെ എഴുതി വിജയിപ്പിക്കുന്ന ചില സാമ്പിള്‍ വാചകങ്ങള്‍ നോക്കുക:

മോന്‍സ് ജോസഫും സ്റീഫന്‍ ജോര്‍ജും മത്സരിക്കുന്ന കടുത്തുരുത്തിയില്‍ കടുത്ത പോരാട്ടമുണ്ടെങ്കിലും മുന്‍തൂക്കം യുഡിഎഫിനാണെന്നാണു വിലയിരുത്തല്‍ (ആരു വിലയിരുത്തി എന്നു ചോദിക്കാതിരിക്കാം)

സംസ്ഥാനമാകെ ചെറിയ യുഡിഎഫ് തരംഗമെങ്കിലുമുണ്ടെങ്കില്‍ ഇടതുപക്ഷത്തിനു കോട്ടയത്തു വന്‍തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതല്ല, ഇഞ്ചോടിഞ്ചു പോരാട്ടമെങ്കില്‍ യുഡിഎഫിന് ഏഴ് അല്ലെങ്കില്‍ എട്ട്, എല്‍ഡിഎഫിന് ഒന്ന് അല്ലെങ്കില്‍ രണ്ടു സീറ്റും എന്നും കണക്കുകൂട്ടലുകളുണ്ട്. (ഇതു രണ്ടും യുഡിഎഫ് ജില്ലാ കമ്മിറ്റിയുടേതാവുമെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയം ബാക്കിയുണ്ടോ)

കോഴിക്കോട് മുമ്പില്ലാത്ത കടുപ്പമാണത്രേ ! അതിന്റെ കാരണം എന്തെന്നറിയേണ്ടേ?

തുടക്കത്തില്‍ പിന്നിലായതിന്റെ കേടുതീര്‍ത്ത് അഭിപ്രായസര്‍വേകളിലും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളിലും മുന്നിലെത്തിയത് യുഡിഎഫിനു ഗുണം ചെയ്തു.

അഭിപ്രായ സര്‍വേയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും പതിമൂന്നു ജില്ലകളിലും ചെയ്യാത്ത ഗുണം കോഴിക്കോട്ട് യുഡിഎഫിനുണ്ടാക്കിയത്രേ. എത്ര കടുപ്പമുളള മൈക്രോസ്കോപ്പുകള്‍  എഡിറ്റോറിയല്‍ ഡെസ്കുകളില്‍ ഫിറ്റു ചെയ്തതാണ് കോഴിക്കോട്ട് മനോരമ മാതൃഭൂമിയെ പിന്നിലാക്കിയത് എന്നാലോചിക്കുക. പ്രചരണത്തില്‍ ഒന്നാം സ്ഥാനത്തെത്തുക പണച്ചെലവുളള പരിപാടി തന്നെയാണ്.

വയനാട് ജില്ലയെക്കുറിച്ചുളള നിരീക്ഷണം കേള്‍ക്കുക:

വിഎസ് അച്യുതാനന്ദന്‍ ഒരിക്കല്‍ പോലും വരാത്തത് എല്‍ഡിഎഫിനെ വല്ലാതെ നിരാശപ്പെടുത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം യുഡിഎഫ് ക്യാമ്പിന് പുതിയ ഊര്‍ജം നല്‍കി.

മറ്റു ജില്ലകളിലെല്ലാം വിഎസ് ജനലക്ഷങ്ങളെ ഇളക്കി മറിച്ചാണ് എല്‍ഡിഎഫിന്റെ പ്രചാരണത്തേര് ഓടിച്ചത്. അതുകൊണ്ടൊന്നും പക്ഷേ എല്‍ഡിഎഫിന് എന്തെങ്കിലും മെച്ചമുളളതായി മനോരമയുടെ ഒരു ജില്ലാ ബ്യൂറോയ്ക്കും തോന്നിയിട്ടില്ല എന്നാണു അതുവരെ വായിക്കുമ്പോൾ മനസ്സിലാകുക. പക്ഷേ, വിഎസ് ഒരു ജില്ലയില്‍ പോകാത്തത് വയനാട്ടില്‍ വലിയ പ്രശ്നമാക്കി പോലും !

കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന വേങ്ങരയില്‍ വിഎസിന്റെ പ്രചരണ യോഗത്തിന് പതിനായിരങ്ങള്‍ പങ്കെടുത്തിരുന്നു. വല്ല പ്രയോജനവുമുണ്ടോ ? 

മനോരമ നിരീക്ഷണം കേള്‍ക്കുക:

പി കെ കുഞ്ഞാലിക്കുട്ടി മത്സരത്തിനിറങ്ങുന്ന വേങ്ങരിയില്‍ വിഎസ് അച്യുതാനന്ദന്റെയും വൃന്ദാ കാരാട്ടിന്റെയും അജിതയുടെയും സന്ദര്‍ശനങ്ങള്‍ക്ക് എന്തു ഫലമുണ്ടാകുമെന്ന് കണ്ടറിയണം.

ഏതുളുപ്പില്ലായ്മയിലും ബൈലൈന്‍ സഹിതം അച്ചടിമഷി പുരട്ടാന്‍ നെഞ്ചൂക്കുളളുവരാണ് കണ്ടത്തില്‍ കുടുംബത്തിന്റെ ക്വട്ടേഷന്‍ സംഘം. പക്ഷേ, ഈ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ മഹാപ്രതിഭകളുടെ പേരുകള്‍ മനോരമ ഒളിച്ചു വെയ്ക്കാനുളള സൌമനസ്യം മനോരമ കാണിച്ചിട്ടുണ്ട്.

പെയ്ഡ് ന്യൂസിന്റെ നിര്‍വചനത്തില്‍ ഈ ഡയലോഗുകള്‍ ഉള്‍പ്പെടുമോ എന്ന ചര്‍ച്ചയാണ് മാധ്യമവിമര്‍ശകര്‍ക്കിടയില്‍ ഉണ്ടാകേണ്ടത്...