18 November 2017, Saturday

കെ എം മാണിയും കെ. ബാബുവും മന്ത്രിസ്ഥാനം രാജിവെയ്ക്കണം: മെയ് 7ലെ ധര്‍ണ്ണ വിജയിപ്പിക്കുക

ധനമന്ത്രി കെ എം മാണിയും എക്സൈസ് മന്ത്രി കെ. ബാബുവും മന്ത്രിസ്ഥാനം രാജിവയ്ക്കണം എന്നാവശ്യപ്പെട്ട ് മെയ് ഏഴിന് സെക്രട്ടേറിയറ്റ് നടയില്‍ എല്‍.ഡി.എഫ് എം.എല്‍.എമാരും എം.പിമാരും തിരുവനന്തപുരം ജില്ലയിലെ മറ്റ് ജനപ്രതിനിധികളും എല്‍ഡിഎഫ് സംസ്ഥാന നേതാക്കളും നടത്തുന്ന സത്യാഗ്രഹം വിജയിപ്പിക്കാന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു

.ധനമന്ത്രി കെ.എം. മാണി ബാര്‍ കോഴക്കേസില്‍ പ്രതിയായി കേസ് ചാര്‍ജ്ജ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ഇതുവരേയും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. 164-ാം വകുപ്പനുസരിച്ച് കോടതിയില്‍ ബിജു രമേശ് നല്‍കിയ മൊഴിയില്‍ എക്സൈസ് മന്ത്രി കെ. ബാബുവിന് 10 കോടി രൂപ നല്‍കി എന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും കെ. ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ അടിയന്തരമായും സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകാത്ത സ്ഥിതിയാണുള്ളത്.

നിയമസഭയ്ക്കകത്ത് വനിതാ എം.എല്‍.എമാരോട് ലൈംഗിക ചുവയോടുകൂടി അപമര്യാദയായി പെരുമാറുകയും, ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത സ്ഥിതി ഉണ്ടായിട്ടും അതിനെതിരായി നടപടി എടുക്കുന്നതിനുപോലും സര്‍ക്കാര്‍ തയ്യാറായില്ല എന്നതും അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കാര്യമാണ്.

യു.ഡി.എഫ് മന്ത്രിസഭയിലെ ഈ രണ്ട് മന്ത്രിമാരും കോഴ വാങ്ങി എന്ന് വ്യക്തമാക്കപ്പെട്ട സാഹചര്യത്തില്‍ മന്ത്രിസഭയില്‍ തുടരുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാനാവുന്നതല്ല. കെ.എം. മാണിയും കെ. ബാബുവും രാജിവയ്ക്കണമെന്നും അവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട ് എല്‍.ഡി.എഫ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് സെക്രട്ടേറിയറ്റ് നടയില്‍ എല്‍.ഡി.എഫ് ജനപ്രതിനിധികളും എല്‍.ഡി.എഫ് നേതാക്കളും സത്യാഗ്രഹം നടത്തുന്നത്.

കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയ സംസ്കാരം സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ് എല്‍.ഡി.എഫ് നടത്തുന്നത്. ഈ പ്രക്ഷോഭ പരിപാടിയുമായി സഹകരിക്കാന്‍ നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളോടും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.