20 August 2017, Sunday

കെ എം മാണിയുടെ സഹോദരീപുത്രന് 37,000 രൂപ അധിക ശമ്പളത്തില്‍ കരാര്‍ നിയമനം

സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡില്‍ വിരമിച്ചശേഷം കരാറില്‍ തുടരുന്ന ചീഫ് എന്‍ജിനിയര്‍ക്ക് പ്രതിഫലം കൂട്ടിനല്‍കി പുനര്‍നിയമനം. ധനമന്ത്രി കെ എം മാണിയുടെ സഹോദരീപുത്രനാണ് ബോര്‍ഡ് സെക്രട്ടറിയുടെ എതിര്‍പ്പു മറികടന്ന് കരാര്‍ നിയമനം നീട്ടിനല്‍കിയത്. എതിര്‍പ്പ് മറികടക്കാനായി സെക്രട്ടറിയെ മാറ്റി. പകരം സെക്രട്ടറിയെവച്ച് ചീഫ് എന്‍ജിനിയറുടെ കരാര്‍ കാലാവധി നീട്ടിയപ്പോള്‍ ശമ്പളവും വര്‍ധിപ്പിച്ചു. വിരമിക്കുന്ന സമയത്ത് ലഭിച്ച ശമ്പളത്തില്‍നിന്ന് പ്രതിമാസം 37,363 രൂപയാണ് അധികം നല്‍കുന്നത്. ഉയര്‍ന്ന യോഗ്യതയും സേവന മികവും തെളിയിച്ചിട്ടുള്ള പട്ടികവിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കേണ്ട സ്ഥാനക്കയറ്റവും ഇതിലൂടെ നിഷേധിച്ചു. വിരമിച്ച ചീഫ് എന്‍ജിനിയര്‍ ജെയിംസ് ജേക്കബ്ബിനാണ് കരാര്‍ കാലാവധി നീട്ടിനല്‍കിയത്. ഇദ്ദേഹത്തിന്റെ ശമ്പളവും പെന്‍ഷനും ചേര്‍ത്ത് 1,19,491 രൂപയാണ് ബോര്‍ഡിന്റെ പ്രതിമാസ ബാധ്യത. വിരമിക്കുന്ന സമയത്ത് 82,128 രൂപയായിരുന്നു ശമ്പളം. 2012 നവംബര്‍ 30നാണ് വിരമിച്ചത്. കരാര്‍ വ്യവസ്ഥയില്‍ സേവനം തുടരാന്‍ തയ്യാറാണെന്ന് കാട്ടി ബോര്‍ഡിനെ സമീപിച്ചു. പ്രതിമാസം 80,000 രൂപ ശമ്പളവും താമസസൗകര്യവും കാറും വേണമെന്നായിരുന്നു ആവശ്യം. ധനമന്ത്രിയുടെ പാര്‍ടി നോമിനി ചെയര്‍മാനായ ബോര്‍ഡ് ഇയാളെ 65,000 രൂപ ശമ്പളം നല്‍കി നിയമിക്കാന്‍ തീരുമാനിച്ചു. ഒരു വര്‍ഷംകഴിഞ്ഞ് ആറുമാസംകൂടി കാലാവധി നീട്ടി നല്‍കി. വീണ്ടും സേവനം നീട്ടണമെന്നുകാട്ടിയാണ് ഫയല്‍ സെക്രട്ടറിയായിരുന്ന എസ് ഗോപാലകൃഷ്ണന്‍ മുമ്പാകെ എത്തിയത്. ജെയിംസ് ജേക്കബ്ബിന്റെ സേവനം സ്ഥാപനത്തിന് പ്രയോജനകരമല്ലെന്നും, കരാര്‍ നീട്ടേണ്ടതില്ലെന്നും സെക്രട്ടറി അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടുതന്നെ ഭവന വകുപ്പ് സെക്രട്ടറിക്ക് എസ് ഗോപാലകൃഷ്ണന്‍ നല്‍കി. ജെയിംസ് ജേക്കബ്ബിന് ചീഫ് എന്‍ജിനിയറായി ഉദ്യോഗക്കയറ്റം നല്‍കിയത് അനധികൃതമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ഹരായ നാലുപേരെ തഴഞ്ഞാണ് ഇദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്‍കിയത്. സിനിയോറിറ്റി പട്ടികയിലുണ്ടായിരുന്ന രാജീവ് കരിയലിനെ മറികടന്നാണ് ജെയിംസിന് ഉദ്യോഗക്കയറ്റം നല്‍കിയത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഇദ്ദേഹത്തിന്റെ സേവനചരിത്രവും മികച്ചതാണ്. കോഴിക്കോട് എന്‍ഐടിയില്‍നിന്ന് എംടെക് യോഗ്യതയുമുണ്ട്. റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ബോര്‍ഡ് ചെയര്‍മാന്റെ അപ്രീതിക്ക് പാത്രമായ ഐഎഫ്എസ് കേഡറിലുള്ള ഗോപാലകൃഷ്ണനെ വനം വകുപ്പിലേക്ക് മടക്കാനുള്ള ചരടുവലി ആരംഭിച്ചു. ഗോപാലകൃഷ്ണനെ ബോര്‍ഡ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം നേടിയെടുത്തു. പകരം കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ എന്‍ അശോക്കുമാറിനെ സെക്രട്ടറിയായി നിയമിച്ച് ജെയിംസ് ജേക്കബ്ബിന്റെ നിയമനം സാധൂകരിച്ചു