12 June 2018, Tuesday

കേന്ദ്ര പൊതുമേഖലയുമായി ബന്ധിപ്പിച്ചുള്ള വ്യാവസായിക വികസനം എൽ.ഡി.എഫ് മാതൃക

എല്‍ഡിഎഫ് നയത്തിന്റെ മറ്റൊരു പ്രധാന വിജയം

വ്യവസായരംഗത്തെ എല്‍ഡിഎഫ് നയത്തിന്റെ മറ്റൊരു പ്രധാന വിജയം കേന്ദ്ര പൊതുമേഖലയുമായി ബന്ധിപ്പിച്ച് സംസ്ഥാനത്തെ സ്ഥാപനങ്ങളെ പുനരുദ്ധരിക്കാന്‍ കഴിഞ്ഞതും കൂടുതല്‍ കേന്ദ്രനിക്ഷേപം നേടിയെടുക്കാന്‍ കഴിഞ്ഞതുമാണ്.

ട്രാന്‍സ്ഫോര്‍മര്‍ ഉല്‍പ്പാദന കമ്പനിയായ അങ്കമാലിയിലെ 'ടെല്‍ക്ക്' കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എന്‍ടിപിസിയുമായി സംയുക്തസംരംഭം ആരംഭിച്ചു. യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച കമ്പനിയായിരുന്നു 'ടെല്‍ക്ക്'. കോഴിക്കോട്ടെ സ്റീല്‍ കോംപ്ളക്സ് കേന്ദ്ര നവരത്ന കമ്പനിയായ സ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ(സെയില്‍)യുമായി സംയുക്ത പ്രവര്‍ത്തനം തുടങ്ങി. തുടര്‍ച്ചയായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ച സ്റീല്‍ കോംപ്ളക്സ് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു.

ചേര്‍ത്തല ഓട്ടോകാസ്റ് - സില്‍ക്ക് യൂണിറ്റുകള്‍ റെയില്‍വേയുമായി ചേര്‍ന്ന് റെയില്‍വേ ബോഗി നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ ധാരണയായി. കേരള റെയില്‍ കമ്പോണന്റ്സ് ലിമിറ്റഡ് എന്ന ഈ സ്ഥാപനം മൂന്നുവര്‍ഷത്തിനകം 150 ജീവനക്കാരെ ഏറ്റെടുക്കും. കെല്ലിന്റെയും ഭെല്ലിന്റെയും സംയുക്തസംരംഭം കാസര്‍കോട് സീതാംഗോലിയില്‍ തുടങ്ങും.
ബിഎച്ച്ഇഎല്ലുമായി കെല്ലും ബിഇഎല്ലുമായി കെല്‍ട്രോണും സംയുക്തസംരംഭത്തില്‍ ഏര്‍പ്പെട്ടു. ഇസിഐഎല്‍, ഐഎസ്ആര്‍ഒ, പ്രതിരോധവകുപ്പ് എന്നിവയുമായും കെല്‍ട്രോണ്‍ സംയുക്തസംരംഭത്തിനുള്ള ചര്‍ച്ചകള്‍ നടന്നുവരുകയാണ്. എസ്ഐഎഫ്എല്ലിനുമുണ്ട് ഐഎസ്ആര്‍ഒയുമായി ദീര്‍ഘകാല കരാര്‍.

തിരുവനന്തപുരത്തെ കേരള ഹൈടെക് ഇന്‍ഡസ്ട്രീസ് പ്രതിരോധവകുപ്പിനു കീഴിലുള്ള 'ബ്രഹ്മോസ് എയ്റോ സ്പേസ്' ഏറ്റെടുത്ത് 'ബ്രഹ്മോസ്' മിസൈല്‍ നിര്‍മാണ യൂണിറ്റാക്കി മാറ്റി. കേരളത്തിലെ ആദ്യത്തെ പ്രതിരോധ ഉല്‍പ്പാദന യൂണിറ്റാണിത്. പ്രതിരോധവകുപ്പിന്റെ മിനി രത്ന കമ്പനിയായ ഭാരത് എര്‍ത് മൂവേഴ്സ് (ബിഇഎംഎല്‍) യൂണിറ്റ് പാലക്കാട്ട് കഞ്ചിക്കോട്ടുള്ള കിന്‍ഫ്രയുടെ ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി. റെക്കോഡുവേഗത്തില്‍ ഇതിന്റെ പണി പൂര്‍ത്തിയാക്കിയത് കേരളത്തിന്റെ പ്രതിഛായതന്നെ മെച്ചപ്പെടുത്തി.

കേന്ദ്ര മിനി നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനെ കേരളത്തിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞത് ഇലക്ട്രോണിക് കുതിപ്പിന് നാന്ദികുറിക്കുകയാണ്. കെല്‍ട്രോണിന്റെ പല യൂണിറ്റുകളെയും നഷ്ടത്തില്‍നിന്നു കരകയറ്റാനും പുതിയ വികസന- വിപുലീകരണ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കാനുമുള്ള എല്‍ഡിഎഫ് സര്‍ക്കാറിന്റെ ശ്രമം വിജയത്തിലേക്കു നീങ്ങുകയുമാണ്.

എന്നാൽ എ കെ ആന്റണി കേന്ദ്രമന്ത്രിയായശേഷം കേരളത്തില്‍ കേന്ദ്ര വ്യവസായനിക്ഷേപം വര്‍ധിച്ചെന്ന കോണ്‍ഗ്രസ് അവകാശവാദം പൊള്ളയാണെന്ന് കണക്കുകൾ തെളിയിക്കുന്നു. കേന്ദ്ര വ്യവസായനിക്ഷേപത്തിന്റെ സംസ്ഥാനവിഹിതം വര്‍ഷംതോറും കുറയുന്നുവെന്നാണ് 2010ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരശ്രമം മൂലം യാഥാര്‍ഥ്യമായ പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിന്റെ ദാനമാണെന്ന് ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് പ്രചരിപ്പിക്കുന്നത്.

2007നുശേഷം ഓരോ വര്‍ഷവും കേരളത്തില്‍ പൊതുമേഖലയിലെ ആനുപാതിക കേന്ദ്രനിക്ഷേപം കുറഞ്ഞു. 2006ല്‍ കേന്ദ്ര വ്യവസായനിക്ഷേപത്തിന്റെ 2.49 ശതമാനം കേരളത്തിന് നീക്കിവച്ചു. 2007ല്‍ 2.44, 2008ല്‍ 2.41, 2009ല്‍ 2.39. 2001ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യയുടെ 3.10 ശതമാനം കേരളത്തിലാണ്. ഇതിന് ആനുപാതിക വ്യവസായനിക്ഷേപം സംസ്ഥാനത്തിന് നിഷേധിക്കുകയാണ്. 2007 ലാണ് എ കെ ആന്റണി പ്രതിരോധമന്ത്രിയായത്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റശേഷമാണ് വിഹിതത്തില്‍ ഗണ്യമായ വെട്ടിക്കുറവ്.

കേന്ദ്ര - സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളുടെ സംയുക്ത സംരംഭങ്ങള്‍ വഴി സംസ്ഥാനത്ത് കേന്ദ്രനിക്ഷേപം വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തത് എല്‍ഡിഎഫ് സര്‍ക്കാരാണ്. കേന്ദ്ര ഊര്‍ജവകുപ്പിന് കീഴിലുള്ള എന്‍ടിപിസിയും ടെല്‍ക്കുമായി ചേര്‍ന്ന് സംയുക്തസംരംഭമുണ്ടായി. ടെല്‍ക്കിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ 45 ശതമാനം ഓഹരി എന്‍ടിപിസിക്ക് കൈമാറിയാണ് ഈ സംരംഭം സാധ്യമാക്കിയത്. യുഡിഎഫ് ഭരണത്തില്‍ വില്‍പ്പനയ്ക്കുവച്ച കമ്പനിയാണ് ടെല്‍ക്ക്. കെല്‍ടെക് പ്രതിരോധമന്ത്രാലയത്തിന് ഒരു രൂപയ്ക്ക് കൈമാറി ബ്രഹ്മോസ് യൂണിറ്റ് സാധ്യമാക്കി. ദിവസങ്ങള്‍ക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കി സ്ഥാപനം കൈമാറുകയായിരുന്നു. ഇതിന്റെ രണ്ടാംഘട്ട വികസനത്തിന് ഭൂമി നല്‍കുന്നതിന് തടസ്സമായത്് കേന്ദ്ര പ്രതിരോധവകുപ്പും. പകരം ഭൂമി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തി നല്‍കുകയായിരുന്നു. അതേസമയം സംസ്ഥാനത്തിന്റെ വ്യവസായവികസനത്തിന് പറയത്തക്ക സംഭാവനയൊന്നും ഇതുവരെ ഈ സ്ഥാപനം നല്‍കിയിട്ടുമില്ല.

ഹെവി ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, സ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുമായുമായാണ് പുതിയ സംയുക്തസംരംഭം ആരംഭിച്ചത്. കെല്ലിന്റെ കാസര്‍കോട് യൂണിറ്റ് വിട്ടുനല്‍കി ഭെല്‍ - കെല്‍ സംയുക്തസംരംഭം യാഥാര്‍ഥ്യമാക്കി. കോഴിക്കോട് സ്റീല്‍ കോംപ്ളക്സിന്റെ ആസ്തി നല്‍കി എസ്സിഎല്‍ - സെയില്‍ സംയുക്തസംരംഭം തുടങ്ങി. അതേസമയം, 2007-08ലെ ബജറ്റില്‍ റെയില്‍ പ്രഖ്യാപിച്ച ചേര്‍ത്തല ബോഗി നിര്‍മാണ യൂണിറ്റ് ഇനിയും ആരംഭിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയിട്ടും റെയില്‍വേ നിസ്സംഗത തുടരുന്നു.

പ്രതിരോധവകുപ്പിന് കീഴിലെ ചില പദ്ധതികള്‍ നടപ്പാക്കാന്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞതെന്നാണ് ഉമ്മന്‍ചാണ്ടി ആരോപിക്കുന്നത്. എ കെ ആന്റണി ആത്മാര്‍ഥമായി താല്‍പ്പര്യമെടുത്ത്് ഇവ യാഥാര്‍ഥ്യമാക്കിയെന്ന് പറയുന്ന ഉമ്മന്‍ചാണ്ടി, മന്ത്രി എളമരം കരീം സഹകരിച്ചതായി സമ്മതിക്കുന്നു. എന്നാൽ‍, ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഈ പദ്ധതികള്‍ അനുവദിച്ചത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഈ പദ്ധതികള്‍ നടപ്പാക്കുന്നതിന് കാലതാമസമുണ്ടാക്കിയതല്ലാതെ പുതിയ ഒന്നും തുടങ്ങിയില്ല. കേന്ദ്ര പ്രതിരോധവകുപ്പിന് കീഴിലുള്ള ബെല്‍, ബിഇഎംഎല്‍, എച്ച്എഎല്‍ എന്നീ സ്ഥാപനങ്ങളെല്ലാം കേരളത്തില്‍ യൂണിറ്റ് ആരംഭിക്കാന്‍ തീരുമാനിച്ചത് ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. സംസ്ഥാന സര്‍ക്കാരിന്റെ ആത്മാര്‍ഥമായ പരിശ്രമവും ഇടതുപക്ഷ പാര്‍ടികള്‍ക്ക് ആ സര്‍ക്കാരിലുണ്ടായിരുന്ന സ്വാധീനവുമാണ് ഇത്തരം വ്യവസായവികസനത്തിന് കാരണം.