31 August 2018, Friday

കേന്ദ്ര ബജറ്റും വിലക്കയറ്റവും

ന്യൂഡൽഹിയിൽ മാർച്ച് 4,5 തീയതികളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇൻഡ്യ(മാർക്സിസ്റ്റ്)യുടെ കേന്ദ്രക്കമ്മിറ്റി ചേർന്നശേഷം പുറത്തിറക്കിയ പത്രപ്രസ്താവനയിൽ നിന്ന് :

കേന്ദ്ര ബജറ്റ്

യു.പി.ഏ സർക്കാർ പിന്തുടരുന്ന നവ-ഉദാരീകരണ നയങ്ങളുടെ എല്ലാ ദുഷ്‌പ്രവണതകളും പ്രകടമായ ബജറ്റാണ് ഇപ്പോൾ അവതരിപ്പിക്കപ്പെട്ട കേന്ദ്രബജറ്റ്. നിരന്തരമുയരുന്ന ഭക്ഷ്യ, ഇന്ധന വിലകളെയോ ഉയർന്ന പണപ്പെരുപ്പത്തെയോ സംബോധനചെയ്യുന്നതിൽ അത് തികഞ്ഞപരാജയമാണ്. കഴിഞ്ഞ ബജറ്റിൽ വർദ്ധിപ്പിച്ച പെട്രോളിയം ഉല്പന്നങ്ങളുടെ എക്സൈസ്, കസ്റ്റംസ് ഡ്യൂട്ടികൾ കുറയ്ക്കാൻ കാണിക്കുന്ന വിസമ്മതം സൂചിപ്പിക്കുന്നത് അന്താരാഷ്ട്ര എണ്ണവിലവർദ്ധിക്കുന്നതിനനുസരിച്ച് ഇന്ധനവില വർദ്ധിക്കാൻ സർക്കാർ അനുവദിക്കുമെന്ന് തന്നെയാണ്.

ഭക്ഷ്യ, ഇന്ധന വിലകൾ അനിയന്ത്രിതമായി ഉയരുന്ന ഈ സമയത്തും അതിനെ  പിടിച്ചുനിർത്താനുള്ള നടപടികളൊന്നും ബജറ്റിലില്ല. ഇന്ധനം, വളം, ഭക്ഷണം എന്നിവയിലെ 20,000 കോടിരൂപയുടെ സബ്സിഡി നിർത്തലാക്കൽ ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുകയേ ഉള്ളൂ.

സബ്സിഡികൾക്ക് പകരം കൊണ്ടുവന്നിട്ടുള്ള “നേരിട്ട് പണം നൽകൽ” പദ്ധതി വിലക്കയറ്റം കൂട്ടാനേ സഹായിക്കൂ. രാജ്യത്തെ വലിയൊരുവിഭാഗം നിർദ്ധനരെ ആഹാര, ഇന്ധന സബ്സിഡികളിൽ നിന്ന് അത് ഒഴിവാക്കും. പൊതുവിതരണ സംവിധാനത്തെ തകർക്കുകയും ജനങ്ങളെ ക്രമേണ പൊതുവിപണിയിലേക്കും സ്വകാര്യമേഖലയിലേക്കും തള്ളിവിടുകയും ചെയ്യുന്ന നടപടിയാണിത്. വിലവർദ്ധിച്ചുകൊണ്ടേയിരിക്കുമ്പോഴും “നേരിട്ട് പണം നൽകൽ” പദ്ധതിയിലെ “സബ്സിഡിപ്പണം” ക്ലിപ്തമായി തുടരും. മാത്രവുമല്ല, വളത്തിനായുള്ള “നേരിട്ട് പണം നൽകൽ” ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തുന്നതോടെ ഭൂവുടമകളായ, ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള മഹാഭൂരിപക്ഷം കർഷകരൊഴിവാക്കപ്പെടുകയാണ് ചെയ്യുക.  

സബ്സിഡികളെ വെട്ടിക്കുറയ്ക്കുന്ന അതേ ബജറ്റുതന്നെ സർച്ചാർജ് കുറയ്ക്കലിലൂടെ കോർപ്പറേറ്റ് മേഖലയ്ക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്നുണ്ട്. 2010-11ന്റെ  കോർപ്പറേറ്റ് നികുതിയിളവ് രൂ. 88,000 കോടിയാണ്. പൊതുമേഖലാസ്ഥാപനങ്ങളുടെ ഷെയർ വില്പനയിലൂടെ രൂ.40,000 കോടിയാണ് ലക്ഷ്യമിടുന്നതത്രെ. സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും ആദിവാസികൾക്കുമുള്ള ബജറ്റ് വിഹിതവുംതീരെ അപര്യാപതമാണ്.ആശുപത്രികൾക്കും രോഗനിർണയ ടെസ്റ്റുകൾക്കുമുള്ള 5% സേവന നികുതി ചികിത്സാചെലവ് വർദ്ധിപ്പിക്കും.

ബജറ്റിലെ ഈ പിന്തിരിപ്പൻ നടപടികളെ കേന്ദ്രക്കമ്മിറ്റി എതിർക്കുന്നു; അടിച്ചേൽ‌പ്പിക്കപ്പെട്ട  ഈ അധിക ഭാരങ്ങൾക്കെതിരേ ജനങ്ങളെ അണിനിരത്താൻ പാർട്ടിയെ അത് ആഹ്വാനം ചെയ്യുന്നു.

വിലക്കയറ്റം

ഭക്ഷ്യവിലപ്പെരുപ്പത്തോത് ജനുവരി 2011ൽ 15.67%ത്തിലാണു നിന്നിരുന്നത്. അതായത് 2010 ജനുവരിയിൽ നിന്ന് ഏകദേശം 15 ശതമാനത്തിന്റെ വർധനവാണ് ഭക്ഷ്യവിലസൂചികയിലെ ഉയർച്ച. ഭക്ഷ്യവിലക്കയറ്റം പ്രതിരോധിക്കാൻ ഒന്നും ചെയ്യാതെ നിൽക്കുന്ന കോൺഗ്രസ് നയിക്കുന്ന സർക്കാർ ഇതിൽ കുറ്റവാളികളാണ്. നവ-ഉദാരീകരണ അജണ്ടകൾ പിന്തുടർന്നുകൊണ്ട് ചില്ലറവില്പനയിൽ വിദേശനിക്ഷേപം അനുവദിക്കാനാണ് യു.പി.ഏ സർക്കാരിന്റെ നീക്കം. ഇതോടൊപ്പം സബ്സിഡിനൽകി പൊതുവിതരണ ശൃംഖലയിലൂടെ നടത്തുന്ന ഭക്ഷ്യവിതരണത്തെ ഇല്ലാതാക്കി “നേരിട്ട് പണം നൽകൽ” സംവിധാനം കൊണ്ടുവരാനും ശ്രമിക്കുന്നു. സി.പി.ഐ (എം) ഈ നടപടികളെ എതിർക്കുന്നു. കൃഷിക്കുള്ള സർക്കാരിന്റെ പിന്താങ്ങൽ വർദ്ധിപ്പിക്കുകയും സാർവ്വത്രികമായ പൊതുവിതരണസമ്പ്രദായം സ്ഥാപിക്കുകയും വേണമെന്നാണു സി.പി.ഐ.എമ്മിന്റെ നയം.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------------------------------------------------------------------

Press Communiqué

marxistindia
news from the cpi(m)
March 6, 2011