26 March 2019, Tuesday

കേരളത്തിന്റെ 79 സ്ത്രീ എംഎല്‍എമാരില്‍ 49 പേരും ഇടതുപക്ഷം

തിരുവനന്തപുരം : സംസ്ഥാന നിയമസഭയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതില്‍ എന്നും മുന്നില്‍ ഇടതുപക്ഷമെന്ന് കണക്കുകള്‍. ഇതുവരെ നടന്ന 13 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് എംഎല്‍എമാരായ  79 സ്ത്രീകളില്‍ 49 പേരും ഇടതുപക്ഷ പ്രതിനിധികള്‍. 29 പേരാണ് എതിര്‍പക്ഷത്തുനിന്ന് സഭയിലെത്തിയത്. ഒരു സ്വതന്ത്രയും സഭയിലെത്തി–1980ല്‍ ചെങ്ങന്നൂരില്‍ നിന്ന് ജയിച്ച കെ ആര്‍ സരസ്വതിയമ്മ. 1965 ല്‍ ജയിച്ച മൂന്നുപേര്‍ സഭ ചേരാത്തതിനാല്‍ എംഎല്‍എ മാര്‍ ആയില്ല. വിജയസാധ്യതയുള്ള സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കാതിരിക്കുന്ന കോണ്‍ഗ്രസ് സമീപനം  ഈ കണക്ക് വ്യക്തമാക്കുന്നു.

ഇക്കുറിയും കോണ്‍ഗ്രസിന് വിജയസാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന സീറ്റുകള്‍ പുരുഷനേതാക്കള്‍ പങ്കിട്ടെടുത്തശേഷം ഒട്ടും ജയസാധ്യതയില്ലാത്ത സീറ്റുകളാണ് മഹിളാ നേതാക്കള്‍ക്ക് നല്‍കിയതെന്ന് മഹിളാകോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തിക്കഴിഞ്ഞു.

 

ഇത്തവണ എല്‍ഡിഎഫിന്റെ 17 സീറ്റില്‍ സ്ത്രീകള്‍ മത്സരിക്കുമ്പോള്‍ യുഡിഎഫില്‍ നിന്ന് ആകെ ഒന്‍പതു പേര്‍ മാത്രം. കോണ്‍ഗ്രസിന്റെ രണ്ട് സിറ്റിങ് സീറ്റ് മാത്രമാണ് യുഡിഎഫ് വനിതകള്‍ക്ക് നല്‍കിയത്. മാനന്തവാടിയില്‍ മന്ത്രി പി കെ ജയലക്ഷ്മിയും തൃശൂരില്‍ പത്മജ വേണുഗോപാലും. മറ്റുള്ളവര്‍ മത്സരിക്കുന്ന സീറ്റുകളില്‍ ഒന്നൊഴികെ എല്ലാം പതിമൂവായിരത്തിലേറെ വോട്ടിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ചവയാണ്.

എല്‍ഡിഎഫിന്റെ പട്ടികയില്‍ പതിനേഴില്‍ എട്ടുപേരും മത്സരിക്കുന്നത് കഴിഞ്ഞതവണ എല്‍ഡിഎഫ് വിജയിച്ച മണ്ഡലങ്ങളിലാണ്. ശേഷിച്ച ഒമ്പതില്‍ ഏഴ് മണ്ഡലങ്ങളും 2011ല്‍ ഒമ്പതിനായിരത്തില്‍ താഴെ വോട്ടിന് എല്‍ഡിഎഫിന് നഷ്ടമായ സീറ്റുകളും. 

എല്‍ഡിഎഫില്‍ കെ കെ ശൈലജ (കൂത്തുപറമ്പ്), രുഗ്മിണി സുബ്രഹ്മണ്യന്‍ (സുല്‍ത്താന്‍ ബത്തേരി), കെ കെ ലതിക (കുറ്റ്യാടി), കെ പി സുമതി (മലപ്പുറം), സുബൈദ ഇസഹാക് (തൃത്താല), മേരി തോമസ് (വടക്കാഞ്ചേരി), ഷിജി ശിവജി (കുന്നത്തുനാട്), പ്രതിഭാ ഹരി(കായംകുളം), വീണ ജോര്‍ജ് (ആറന്‍മുള), അയിഷാ പോറ്റി (കൊട്ടാരക്കര), ജെ മേഴ്‌സിക്കുട്ടിയമ്മ (കുണ്ടറ) ടി എന്‍ സീമ (വട്ടിയൂര്‍ക്കാവ്) എന്നിവരാണ് സിപിഐ എമ്മിന്റെ വനിതാ സ്ഥാനാര്‍ഥികള്‍. ഗീത ഗോപി (നാട്ടിക), ശാരദാ മോഹന്‍ (പറവൂര്‍), ഇ എസ് ബിജിമോള്‍ (പീരുമേട്), സി കെ ആശ (വൈക്കം) എന്നിവര്‍ സിപിഐയുടെ സ്ഥാനാര്‍ഥികളാണ്.  ജനതാദള്‍ എസ് സ്ഥാനാര്‍ഥിയായി കോവളത്ത് ജമീല പ്രകാശവും മത്സരിക്കുന്നു. 
 

ലാലി വിന്‍സെന്റ് (ആലപ്പുഴ), മറിയാമ്മ ചെറിയാന്‍ (റാന്നി), പത്മജ വേണുഗോപാല്‍ (തൃശൂര്‍), കെ എ തുളസി (ചേലക്കര), സി സംഗീത (ഷൊര്‍ണൂര്‍), ഷാനിമോള്‍ ഉസ്മാന്‍  (ഒറ്റപ്പാലം) അമൃത രാമകൃഷ്ണന്‍ (കല്യാശ്ശേരി), ധന്യ സുരേഷ് (കാഞ്ഞങ്ങാട്) എന്നിവരാണ് കോണ്‍ഗ്രസിന്റെ (യുഡിഎഫിന്റെയും) സ്ഥാനാര്‍ഥികള്‍. 

എന്‍ഡിഎക്ക് സി കെ ജാനു അടക്കം എട്ട് വനിതാ സ്ഥാനാര്‍ഥികളാണ് ഉള്ളത്.

1957 മുതലുള്ള വിവിധ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിച്ച സ്ത്രീകളുടെ പട്ടിക താഴെ:
 
ഏറ്റവും കുടുതല്‍ വനിതകള്‍ സഭയിലെത്തിയ വര്‍ഷം 1996 ആയിരുന്നു. 13 പേരാണ് അന്ന് ജയിച്ചുവന്നത്.
 
എന്നാല്‍ 1967.1977 എന്നീ വര്‍ഷങ്ങളില്‍ സഭയിലെത്തിയത് ഓരോ സ്ത്രീകള്‍ മാത്രം. 
 
മറ്റ് വര്‍ഷങ്ങളിലെ കണക്ക്: 1957 ആറ്, 1960ഏഴ്, 1965മൂന്ന്, 1970 രണ്ട് ,1980 അഞ്ച്, 1982അഞ്ച്, 1987എട്ട്, 1991 എട്ട്, 2001ഒന്‍പത് , 2006ഏഴ്, 2011  ഏഴ്.
 
1957 

മത്സരിച്ചവര്‍ 9, വിജയിച്ചവര്‍ 6
 
1. കായംകുളം കെ ഒ അയിഷാബായി  സി പി ഐ
2. ചേര്‍ത്തല കെ ആര്‍ ഗൗരിയമ്മ സി പി ഐ
3. ദേവികുളം റോസമ്മ പുന്നൂസ് സി പി ഐ
4.കരിക്കോട് കുസുമം ജോസഫ്  കോണ്‍ഗ്രസ്
5. കോഴിക്കോട്1 ശാരദാ കൃഷ്ണന്‍  കോണ്‍ഗ്രസ്
6. കുന്ദമംഗലം ലീലാ ദാമോദര മേനോന്‍ കോണ്‍ഗ്രസ്
 

1960 


മത്സരിച്ചവര്‍ 13, വിജയിച്ചവര്‍ 7
 
1. കായംകുളം  കെ ഒ അയിഷാബായി സി പി ഐ
2, ചെങ്ങന്നൂര്‍ കെ ആര്‍ സരസ്വതിയമ്മ കോണ്‍ഗ്രസ്
3. ആലപ്പുഴ  നഫീസത്ത് ബീവി കോണ്‍ഗ്രസ്
4. ചേര്‍ത്തല കെ ആര്‍ ഗൗരിയമ്മ സി പി ഐ
5. കരിക്കോട്  കുസുമം ജോസഫ് കോണ്‍ഗ്രസ്
6. കോഴിക്കോട്1 ശാരദാ കൃഷ്ണന്‍   കോണ്‍ഗ്രസ്
7. കുന്ദമംഗലം ലീലാ ദാമോദര മേനോന്‍  കോണ്‍ഗ്രസ്
 
 
 
1965

മത്സരിച്ചവര്‍ 10, വിജയിച്ചവര്‍ 3
 
1. അരൂര്‍ കെ ആര്‍ ഗൗരിയമ്മ സി പി ഐ എം
2.മാരാരിക്കുളം   സുശീലാ ഗോപാലന്‍  സി പി ഐ എം
3.ചെങ്ങന്നൂര്‍   കെ ആര്‍ സരസ്വതിയമ്മ  കോണ്‍ഗ്രസ്(ഇവര്‍ തെരെഞ്ഞെടുക്കപ്പെട്ടെങ്കിലും നിയമസഭ ചേരാത്തതിനാല്‍ എം എല്‍ എ ആയി സത്യപ്രതിഞ്ജ ചെയ്തില്ല)

 

1967

മത്സരിച്ചവര്‍ 7, വിജയിച്ചവര്‍ 1

1.  അരൂര്‍ കെ ആര്‍ ഗൗരിയമ്മ സിപിഐ എം

 

1970

മത്സരിച്ചവര്‍ , വിജയിച്ചവര്‍ 2

1.  അരൂര്‍  കെ ആര്‍ ഗൗരിയമ്മ സി പി ഐ എം
2.  മൂവാറ്റുപുഴ  പെണ്ണമ്മ ജേക്കബ് കേരളകോണ്‍.

 

1977

മത്സരിച്ചവര്‍ 11, വിജയിച്ചവര്‍ 1
 
1.നെടുവത്തൂര്‍ ഭാര്‍ഗവി തങ്കപ്പന്‍ സിപിഐ

                  
1980

മത്സരിച്ചവര്‍ 13, വിജയിച്ചവര്‍ 5
1. അഴീക്കോട് പി ദേവുട്ടി    സി പി ഐ എം
2. കല്‍പ്പറ്റ   എം കമലം   കോണ്‍ഗ്രസ്
3. അരൂര്‍   കെ ആര്‍ ഗൗരിയമ്മ  സി പി ഐ എം
4, ചെങ്ങന്നൂര്‍ കെ ആര്‍ സരസ്വതിയമ്മ സ്വതന്ത്ര
5. കിളിമാനൂര്‍ ഭാര്‍ഗവി തങ്കപ്പന്‍ സി പി ഐ
 
 

1982

മത്സരിച്ചവര്‍ 17, വിജയിച്ചവര്‍ 4
 
1.  അഴീക്കോട് പി ദേവുട്ടി    സി പി ഐ എം
2.  കല്‍പ്പറ്റ എം കമലം കോണ്‍ഗ്രസ്
3.  അരൂര്‍ കെ ആര്‍ ഗൗരിയമ്മ സി പി ഐ എം
4.  കിളിമാനൂര്‍ ഭാര്‍ഗവി തങ്കപ്പന്‍ സി പി ഐ
5.  റാന്നി റേച്ചല്‍ സണ്ണി പനവേലി* കോണ്‍ഗ്രസ്
 

(*ഭര്‍ത്താവ് സണ്ണി പനവേലി മരിച്ച ഒഴിവില്‍ ഉപതെരെഞ്ഞെടുപ്പിലൂടെ)

 

1987

മത്സരിച്ചവര്‍ 34, വിജയിച്ചവര്‍ 8

1. കൊയിലാണ്ടി എം ടി പത്മ  കോണ്‍ഗ്രസ്
2. പട്ടാമ്പി ലീലാ ദാമോദര മേനോന്‍ കോണ്‍ഗ്രസ്
3. ഇടുക്കി റോസമ്മ ചാക്കോ  കോണ്‍ഗ്രസ്
4. അരൂര്‍ കെ ആര്‍ ഗൗരിയമ്മ സി പി ഐ എം
5. ആലപ്പുഴ റോസമ്മ പുന്നൂസ് സി പി ഐ
6. കുണ്ടറ   ജെ മേഴ്സിക്കുട്ടി അമ്മ സി പി ഐ എം
7. കിളിമാനൂര്‍   ഭാര്‍ഗവി തങ്കപ്പന്‍ സി പി ഐ
8. കഴക്കൂട്ടം പ്രൊഫ. നബീസ ഉമ്മാള്‍ സിപിഐ എം സ്വ

 

1991

മത്സരിച്ചവര്‍ 26, വിജയിച്ചവര്‍ 8
 

1. കൊയിലാണ്ടി എം ടി പത്മ കോണ്‍ഗ്രസ്
2. പേരാമ്പ്ര എന്‍ കെ രാധ സി പി ഐ എം
3. സുല്‍ത്താന്‍ ബത്തേരി കെ സി റോസക്കുട്ടി കോണ്‍ഗ്രസ്
4. ചാലക്കുടി റോസമ്മ ചാക്കോ കോണ്‍ഗ്രസ്
5. കൊടുങ്ങല്ലൂര്‍ മീനാക്ഷി തമ്പാന്‍ സി പി ഐ
6. അരൂര്‍ കെ ആര്‍ ഗൗരിയമ്മ സി പി ഐ എം
7. ചെങ്ങന്നൂര്‍ ശോഭനാ ജോര്‍ജ് കോണ്‍ഗ്രസ്
8. കുണ്ടറ അല്‍ഫോന്‍സ ജോണ്‍ കോണ്‍ഗ്രസ് 

 

1996

മത്സരിച്ചവര്‍ 55, വിജയിച്ചവര്‍ 13

1. കൂത്തുപറമ്പ് കെ കെ ശൈലജ സി പി ഐ എം
2. വടക്കേ വയനാട് രാധാ രാഘവന്‍ കോണ്‍ഗ്രസ്
3. പേരാമ്പ്ര എന്‍ കെ രാധ സി പി ഐ എം
4. ശ്രീകൃഷ്ണപുരം ഗിരിജാ സുരേന്ദ്രന്‍ സി പി ഐ എം
5. ചാലക്കുടി സാവിത്രി ലക്ഷ്മണന്‍ കോണ്‍ഗ്രസ്
6. മണലൂര്‍ റോസമ്മ ചാക്കോ കോണ്‍ഗ്രസ്
7. കൊടുങ്ങല്ലൂര്‍ മീനാക്ഷി തമ്പാന്‍ സി പി ഐ
8. അരൂര്‍ കെ ആര്‍ ഗൗരിയമ്മ ജെ എസ് എസ്
9. അമ്പലപ്പുഴ   സുശീലാ ഗോപാലന്‍ സി പി ഐ എം
10. ചെങ്ങന്നൂര്‍ ശോഭനാ ജോര്‍ജ്   കോണ്‍ഗ്രസ്
11. ചടയമംഗലം ആര്‍ ലതാദേവി സി പി ഐ
12. കുണ്ടറ ജെ മേഴ്‌സിക്കുട്ടി അമ്മ സി പി ഐ എം
13. കിളിമാനൂര്‍ ഭാര്‍ഗവി തങ്കപ്പന്‍ സി പി ഐ

 


2001

മത്സരിച്ചവര്‍ 26, വിജയിച്ചവര്‍ 9

1. പയ്യന്നൂര്‍  പി കെ ശ്രീമതി സി പി ഐ എം
2. വടക്കേവയനാട്  രാധാ രാഘവന്‍ കോണ്‍ഗ്രസ്
3. ശ്രീകൃഷ്ണപുരം ഗിരിജാ സുരേന്ദ്രന്‍   സി പി ഐ എം
4. ചാലക്കുടി സാവിത്രി ലക്ഷ്മണന്‍. കോണ്‍ഗ്രസ്
5. കോട്ടയം  മേഴ്‌സി രവി കോണ്‍ഗ്രസ്
6. അരൂര്‍ കെ ആര്‍ ഗൗരിയമ്മ  ജെ എസ് എസ്
7. ആറന്മുള മാലേത്ത് സരളാദേവി കോണ്‍ഗ്രസ്
8. ചെങ്ങന്നൂര്‍ ശോഭനാ ജോര്‍ജ് കോണ്‍ഗ്രസ്
9.* തിരുവല്ല എലിസബത്ത് മാമ്മന്‍ മത്തായി കേരള കോണ്‍


(*ഭര്‍ത്താവ് മാമ്മന്‍ മത്തായി  മരിച്ച ഒഴിവില്‍ ഉപതെരെഞ്ഞെടുപ്പിലൂടെ)

 


2006

മത്സരിച്ചവര്‍ 70, വിജയിച്ചവര്‍ 7

1. പയ്യന്നൂര്‍ പി കെ ശ്രീമതി സി പി ഐ എം
2. പേരാവൂര്‍ കെ കെ ശൈലജ സി പി ഐ എം
3. മേപ്പയൂര്‍ കെ കെ ലതിക സി പി ഐ എം
4. ശ്രീകൃഷ്ണപുരം കെ എസ് സലീഖ സി പി ഐ എം
5. പീരുമേട്  ഇ എസ് ബിജിമോള്‍ സി പി ഐ
6. കൊട്ടാരക്കര അയിഷാ പോറ്റി സി പി ഐ എം
7. വാമനപുരം ബി അരുന്ധതി സി പി ഐ എം


2011

മത്സരിച്ചവര്‍ 83, വിജയിച്ചവര്‍ 7

1. മാനന്തവാടി പി കെ ജയലക്ഷ്മി കോണ്‍ഗ്രസ്
2  കുറ്റ്യാടി കെ കെ ലതിക സി പി ഐ എം
3. ഷൊര്‍ണൂര്‍ കെ എസ് സലീഖ സി പി ഐ എം
4. നാട്ടിക ഗീതാ ഗോപി സി പി ഐ
5. പീരുമേട് ഇ എസ് ബിജിമോള്‍ സി പി ഐ
6. കൊട്ടാരക്കര അയിഷാ പോറ്റി സി പി ഐ എം
7. കോവളം ജമീലാ പ്രകാശം   ജനതാദള്‍

*******************************************************************************************      

ഈ പതിമൂന്ന്‍ തെരഞ്ഞെടുപ്പുകളിലായി കേരളം ഇതുവരെ തെരഞ്ഞെടുത്തത് 1887 പേരെയാണ്. ഇതില്‍ വനിതകളുടെ എണ്ണം വെറും 82 (1965 ല്‍ ജയിച്ച മൂന്നുപേരടക്കം). നാലര ശതമാനം. ഈ 82  തവണയായി ജയിച്ച വ്യക്തികളുടെ എണ്ണം 40  ആണ്. ഏറ്റവും കുടുതല്‍ തവണ (പത്ത് തവണ) എംഎല്‍എയായത് പതിനൊന്ന് തവണ (1965 ല്‍ സഭ ചേര്‍ന്നില്ല) വിജയിച്ച കെ ആര്‍ ഗൗരിയമ്മയാണ്. ഭാര്‍ഗവി തങ്കപ്പന്‍ അഞ്ചുതവണയും ലീലാ ദാമോദര മേനോനും റോസമ്മ ചാക്കോയും ശോഭനാ ജോര്‍ജും മൂന്നുതവണയും വിജയിച്ചു. എം എല്‍ എ ആയിരുന്ന ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നുണ്ടായ ഉപതെരെഞ്ഞെടുപ്പില്‍  ജയിച്ച  രണ്ടുപേരും  പട്ടികയിലുണ്ട് റേച്ചല്‍ സണ്ണി പനവേലിയും എലിസബത്ത് മാമ്മന്‍ മത്തായിയും.

അധികാരഘടനയിലെ ഒന്നാം തലത്തിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ ചിത്രം ഈ കണക്കിലുണ്ട്. ഇനിയും പാസായിട്ടില്ലാത്ത സ്ത്രീ സംവരണ നിയമം വന്നിരുന്നെങ്കില്‍ ഒന്നിച്ച് നിയമസഭയിലേക്കെത്താന്‍ കഴിയുമായിരുന്നവരുടെ എണ്ണം 46 ആണെന്നു കൂടി കാണണം.