22 January 2018, Monday

ചിദംബരം രാജിവയ്ക്കണം: മുഖ്യമന്ത്രി

തിരു: കേന്ദ്ര വിജിലന്‍സ് കമീഷണര്‍ പി ജെ തോമസിനെതിരായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെയും ചട്ടങ്ങള്‍ പാലിക്കാതെയുമാണ് തോമസിനെ നിയമിച്ചത്. ഇതിന് ഉത്തരവാദികളായവര്‍ രാജിവയ്ക്കണം. തോമസിനെ വിജിലന്‍സ് കമീഷണറാക്കിയ കേന്ദ്രനടപടി തെറ്റാണെന്ന സുപ്രീംകോടതി വിധി മുന്‍കാലങ്ങളിലെ യുഡിഎഫ് ഭരണത്തില്‍ അരങ്ങേറിയ നഗ്നമായ അഴിമതികളിലേക്ക് വീണ്ടും വിരല്‍ചൂണ്ടുകയാണ്.

സംസ്ഥാനത്തെ 27 ഐഎഎസ് ഉദ്യോഗസ്ഥര്‍ ഒന്നിച്ച് അഭ്യര്‍ഥിച്ചത് പരിഗണിച്ചാണ് 2006ല്‍ പി ജെ തോമസിനെ ചീഫ് സെക്രട്ടറിയായി നിയമിച്ചതെന്ന് മുഖ്യമന്ത്രി ചോദ്യത്തിനു മറുപടി നല്‍കി. ആക്ഷേപവിധേയനാണെങ്കിലും ചീഫ് സെക്രട്ടറിയായി നിയമിക്കുന്നത് ഗുണമാകുമെന്ന് അവര്‍ പറഞ്ഞു. പാമൊലിന്‍ കേസ് ശക്തമായി ഉന്നയിച്ചതും കരുണാകരന്‍ അടക്കമുള്ളവരെ പ്രതിയാക്കി കേസ് വിജയകരമായി നടത്താന്‍ ശ്രമിച്ചതും താനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്യസംസ്ഥാന ലോട്ടറി സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത് ചട്ടപ്രകാരമല്ലെന്ന പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിമാര്‍ സാധാരണ അയക്കുന്ന തരം കത്ത് തന്നെയാണ് അയച്ചത്. ഇതിനു പുറമെ, സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ തന്റെ മകന്‍ ശ്രമിച്ചെന്ന പ്രതിപക്ഷ ആരോപണം അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. മകന്‍ അരുകുമാറിനെതിരെ പ്രതിപക്ഷം ചില പരാതികള്‍ എഴുതിത്തന്നിട്ടുണ്ട്. തെളിവുസഹിതം പരാതി തരാനാണ് പറഞ്ഞത്. എന്നാല്‍, വ്യക്തമായി എന്തെങ്കിലും ഉന്നയിച്ചതായി കാണുന്നില്ല. പരാതിക്ക് മറുപടി നല്‍കും. അരുകുമാര്‍ തന്റെ മകന്‍ എന്നതിനു പുറമെ ഇന്ത്യന്‍ പൌരനുമാണ്. ആക്ഷേപങ്ങള്‍ മകന്‍ കോടതിയില്‍ ചോദ്യംചെയ്തിട്ടുണ്ട്. പ്രതിപക്ഷത്തിനും ഈ വഴിയില്‍ കൈകാര്യം ചെയ്യാം. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ തെളിവുസഹിതമാണ് തന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

 

Photo credits : AFP/ Noah Seelam