25 February 2019, Monday

ജനമനസ്സ് എല്‍ഡിഎഫിനൊപ്പം

തെരഞ്ഞെടുപ്പുപ്രചാരണം അവസാനിക്കുമ്പോള്‍ കേരളത്തിന്റെ പൊതുചിത്രം വ്യക്തമാണ്. അത് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അനുകൂലമാണ്. ഈ തെരഞ്ഞെടുപ്പുപ്രചാരണ ഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായി കാമ്പുള്ള ഏതെങ്കിലും പ്രശ്നം ഉന്നയിക്കാന്‍ യുഡിഎഫിനോ ആ മുന്നണിയെ പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല. എല്‍ഡിഎഫിന്റെ രാഷ്ട്രീയസമീപനങ്ങള്‍ക്കെതിരായ വിമര്‍ശവുമുണ്ടായിട്ടില്ല.

അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍, നവലിബറല്‍ നയങ്ങള്‍ക്കെതിരായ ബദല്‍ രാഷ്ട്രീയസമീപനം, യുഡിഎഫ് ഭരണത്തിന്റെ കെടുതികള്‍, അവയില്‍നിന്ന് സംസ്ഥാനത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍- ഇങ്ങനെയുള്ള കാര്യങ്ങളാണ് എല്‍ഡിഎഫ് പ്രചാരണവിഷയമാക്കിയത്. സാധാരണ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ അഞ്ചുവര്‍ഷം മുമ്പത്തെ ഭരണത്തെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ച നടന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്കൊപ്പം യുഡിഎഫിന്റെ ഭരണകാലം ഇനി തിരിച്ചുവരാന്‍ അനുവദിക്കാമോ എന്ന ചോദ്യവും ജനങ്ങള്‍ക്കുമുന്നില്‍ ഉയര്‍ന്നു.

അഞ്ചുകൊല്ലം കൂടുമ്പോള്‍ ഭരണമാറ്റമുണ്ടാകും; ആ പതിവ് ഇത്തവണ തെറ്റാനിടയില്ലെന്ന വിശ്വാസവും ഘടകകക്ഷികളുടെ ബാഹുല്യവും മാത്രമാണ് യുഡിഎഫിന് തെരഞ്ഞെടുപ്പുരംഗത്ത് സമാശ്വാസം പകര്‍ന്നിരുന്നത്. എന്നാല്‍, ആ മുന്നണിയുടെ വിശ്വാസ്യത തകര്‍ക്കുന്നതും അത് ഒരു തല്ലിപ്പൊളിക്കൂട്ടം മാത്രമാണെന്ന് സ്ഥാപിക്കുന്നതുമായ അനേകം അനുഭവമാണ് തുടരെത്തുടരെ ജനങ്ങള്‍ക്കുമുമ്പാകെ വന്നത്.

മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്വമേധയാ വാര്‍ത്താസമ്മേളനം വിളിച്ച്, താന്‍ വധഭീഷണി നേരിടുകയാണെന്ന് പ്രഖ്യാപിച്ചതോടെയാണ് യുഡിഎഫിന്റെ പൂര്‍വകാലത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. മന്ത്രിയായിരുന്ന കാലത്ത് കുഞ്ഞാലിക്കുട്ടി നടത്തിയ നിയമവിരുദ്ധമായ കാര്യങ്ങളെക്കുറിച്ച് വിളിച്ചുപറഞ്ഞ് അദ്ദേഹത്തിന്റെ അടുത്ത ബന്ധുതന്നെ രംഗത്തുവന്നു. താന്‍ വഴിവിട്ട് പലതും ചെയ്തെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞപ്പോള്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ആ 'തുറന്നു പറച്ചിലി'നെ അഭിനന്ദിച്ചു.

യുഡിഎഫ് ഒന്നടങ്കമാണ് വഴിവിട്ട കാര്യങ്ങള്‍ ചെയ്തതെന്ന് സ്ഥിരീകരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. തുടര്‍ന്ന് ആര്‍ ബാലകൃഷ്ണപിള്ളയുടെ ജയില്‍ശിക്ഷ, ഉമ്മന്‍ചാണ്ടിക്കെതിരായ ടി എച്ച് മുസ്തഫയുടെയും രാമചന്ദ്രന്‍ മാസ്ററുടെയും വെളിപ്പെടുത്തല്‍, ലോട്ടറിപ്രശ്നത്തില്‍ യുഡിഎഫിന്റെ കള്ളക്കളി പൊളിക്കുന്ന കോടതി ഇടപെടലുകള്‍, ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുക്കുന്നതിന് സാക്ഷിയായി എന്ന കെ സുധാകരന്റെ പ്രസംഗം- ഇങ്ങനെ അനേകം സംഭവങ്ങളാണുണ്ടായത്. എല്ലാം വന്നത് യുഡിഎഫിന്റെ ഭാഗത്തുനിന്ന് യുഡിഎഫിനെതിരെ.

മുന്നണി എന്നനിലയില്‍ യുഡിഎഫിന്റെ കെട്ടുറപ്പ് തകരുന്ന പ്രശ്നങ്ങള്‍ സീറ്റുവിഭജനത്തോട് അനുബന്ധിച്ചുണ്ടായി. ഘടകകക്ഷികള്‍ ഒതുക്കപ്പെട്ടു. കോഴിക്കോട് സീറ്റ് കിട്ടാത്തതിന്റെ പേരില്‍ എല്‍ഡിഎഫ് വിട്ട എം പി വീരേന്ദ്രകുമാറിന്റെ ജനതാദളിനെപ്പോലും മാന്യമായി പരിഗണിക്കാന്‍ കോൺഗ്രസ് തയ്യാറായില്ല. ആ പാര്‍ടിയിലെ ഭിന്നത പരസ്യമായിരിക്കുന്നു. ജെഎസ്എസും സിഎംപിയും പാടേ അവഗണിക്കപ്പെട്ടു. ചോദിച്ചത് കൊടുത്തില്ലെന്നുമാത്രമല്ല, വേണ്ടെന്നു പറഞ്ഞ സീറ്റുകള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു. കേരള കോൺഗ്രസ് മാണി ഗ്രൂപ്പാകട്ടെ, ജോസഫ് ഗ്രൂപ്പിനെ യുഡിഎഫിലേക്കെത്തിച്ചിട്ടും തങ്ങളെ അര്‍ഹമായ രീതിയില്‍ പരിഗണിച്ചില്ലെന്ന വാദമുയര്‍ത്തി കടുത്ത പ്രതിഷേധത്തിലാണ്. കുഞ്ഞാലിക്കുട്ടിപ്രശ്നം വീണ്ടും ഉയര്‍ന്നതോടെ പ്രതിരോധത്തിലായ മുസ്ളിംലീഗിന് കോൺഗ്രസ് കൊടുത്തത് വാങ്ങി അടങ്ങിനില്‍ക്കേണ്ടിവന്നു. കോൺഗ്രസിനകത്താകട്ടെ തെരഞ്ഞെടുപ്പിനുശേഷം നിയമസഭയിലെ പാര്‍ടി നേതാവ് ആരാകുമെന്നതില്‍ തര്‍ക്കം രൂക്ഷമാകുന്നു. ഒരുഭാഗത്ത് അഴിമതിയുടെയും കൊള്ളയടിയുടെയും ചരിത്രം, മറുവശത്ത് മുന്നണിക്കകത്തെ കൂട്ടക്കുഴപ്പം.

യുഡിഎഫിന്റെ യഥാര്‍ഥ മുഖം ജനങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയാണ്. ആ മുന്നണിയോട് ഇന്നലെവരെ ചേര്‍ന്നുനിന്നവരിലടക്കം വെറുപ്പുളവാക്കുന്ന അവസ്ഥയാണിത്. ഇതിനെയെല്ലാം മറികടന്ന് കേരളത്തിലെ ബഹുജനങ്ങള്‍ യുഡിഎഫില്‍ പ്രതീക്ഷയര്‍പ്പിക്കാനുള്ള ചെറിയ സാധ്യതപോലും കാണാനില്ല. സോണിയ ഗാന്ധി, രാഹുല്‍, മന്‍മോഹന്‍സിങ് തുടങ്ങിയവരുടെ പ്രചാരണയോഗങ്ങളില്‍ ഒഴിഞ്ഞുകിടന്ന കസേരകള്‍, യുഡിഎഫിനോട് കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങള്‍ക്കുമുള്ള വിരക്തിയുടെ പ്രതിഫലനമാണ്. എല്‍ഡിഎഫിന്റെ പ്രചാരണപരിപാടികളില്‍ വന്‍തോതില്‍ ജനങ്ങള്‍ ഒഴുകിയെത്തുന്നു എന്നും ഓര്‍ക്കണം.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മേല്‍ക്കൈ വ്യക്തമാണ്. അത് യുഡിഎഫിനെ പരിഭ്രാന്തിയിലാക്കുന്നു. നാദാപുരത്ത് ബോംബുശേഖരം പൊട്ടിത്തെറിച്ച് അഞ്ചു മുസ്ളിംലീഗുകാര്‍ മരിച്ചത് തെരഞ്ഞെടുപ്പ് അക്രമത്തിനുള്ള വലിയ ഒരുക്കത്തിന്റെ സൂചനയായിരുന്നു. പണം ഒഴുക്കിയും മാധ്യമങ്ങളെ വഴിവിട്ട് ഉപയോഗിച്ചും പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനുള്ള ശ്രമമാണ് യുഡിഎഫില്‍നിന്നുണ്ടായത്. അതും തിരിച്ചറിയപ്പെട്ടു. അഖിലേന്ത്യാതലത്തിലുള്ള രാഷ്ട്രീയസാഹചര്യം യുഡിഎഫിന് ഒട്ടും ആശയ്ക്ക് വകനല്‍കുന്നതല്ല. അഴിമതിയും വിലക്കയറ്റവും ജനങ്ങളില്‍ രൂക്ഷമായ വികാരം സൃഷ്ടിക്കുന്നു.

അനേകലക്ഷം കോടികളുടെ അഴിമതി നടത്തുകയും രാജ്യത്തിന്റെ പരമാധികാരംതന്നെ സാമ്രാജ്യശക്തികള്‍ക്കും ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ക്കും അടിയറവയ്ക്കുകയും ചെയ്യുന്ന യുപിഎ നയങ്ങളാണ് രാജ്യത്തിന്റെ ശത്രു എന്നത് ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. അണ്ണ ഹസാരെ അഴിമതിക്കെതിരെ നയിച്ച സമരം യുപിഎ സര്‍ക്കാരിന്റെമാത്രമല്ല, കേരളത്തിലെ യുഡിഎഫിന്റെയും ശിരസ്സ് കുനിപ്പിച്ചു. ഒരുതലത്തിലും യുഡിഎഫിന് പ്രതീക്ഷ നല്‍കാത്ത ഈ സാഹചര്യങ്ങള്‍തന്നെയാണ് തെരഞ്ഞെടുപ്പുപ്രചാരണം അവസാനിക്കുമ്പോള്‍ കേരളത്തില്‍ തെളിഞ്ഞുനില്‍ക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഏതെങ്കിലും തരത്തില്‍ അനുഭവിക്കാനാകാത്ത ഒരു കുടുംബംപോലുമില്ല കേരളത്തിലിന്ന്.

സാമൂഹ്യക്ഷേമത്തിനും വികസനത്തിനുമായി എല്‍ഡിഎഫ് നിലകൊള്ളുമ്പോള്‍, വര്‍ഗീയതയുടെയും അഴിമതിയുടെയും ജനവിരുദ്ധ നയങ്ങളുടെയും പ്രോത്സാഹകരും നടത്തിപ്പുകാരുമായി യുഡിഎഫ് നില്‍ക്കുന്നു. ഈ താരതമ്യം ജീവിതാനുഭവങ്ങളില്‍നിന്ന് തിരിച്ചറിയുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ ഭരണം ആരെ ഏല്‍പ്പിക്കണമെന്ന് സംശയിക്കേണ്ടിവരുന്നില്ല. ആ ജനവികാരമാണ് പ്രചാരണത്തിലുടനീളം കാണാനായത്. ജനഹിതം തങ്ങള്‍ക്കെതിരാണെന്ന് മനസ്സിലാക്കുന്ന യുഡിഎഫ്, അക്രമത്തിന്റെയും കള്ളപ്രചാരണത്തിന്റെയും അപഹാസ്യനാടകങ്ങളുടെയും വഴിയേ പോകുന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പലേടത്തായുണ്ടായ സംഭവങ്ങള്‍ നല്‍കുന്ന സൂചന.

അത്തരം അക്രമനീക്കങ്ങളെ തിരിച്ചറിയാനും അവയില്‍ പ്രകോപിതരാകാതെ സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാനും പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ ഇനിയുള്ള മണിക്കൂറുകളില്‍ അതീവജാഗ്രത കാട്ടേണ്ടതുണ്ട്.