13 March 2019, Wednesday

ടൈറ്റാനിയം അന്വേഷണം കഴിഞ്ഞാല്‍ യുഡിഎഫ് മന്ത്രിമാര്‍ കുടുങ്ങും


ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സില്‍ (ടിടിപി) മലിനീകരണം തടയാന്‍ യുഡിഎഫ് സര്‍ക്കാരുണ്ടാക്കിയ പദ്ധതിയില്‍ അന്വേഷണം പൂര്‍ത്തിയായാല്‍ യുഡിഎഫ് മന്ത്രിമാര്‍ കുടുങ്ങുമെന്ന് മന്ത്രി എളമരം കരീം പറഞ്ഞു. കരാറൊപ്പിട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞുമടക്കമുള്ളവരാണ് പ്രതിക്കൂട്ടിലാവുക. പദ്ധതിയില്‍ അഴിമതി കണ്ടെത്തിയ ഉടന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. ഇതേപ്പറ്റി വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. എത്രകോടിയുടെ വെട്ടിപ്പാണ് നടന്നതെന്ന് അപ്പോള്‍ വ്യക്തമാകും. മലിനീകരണനിവാരണത്തിന് മെക്കോണിന് കരാര്‍ നല്‍കിയത് പൂര്‍ണമായ പ്രവര്‍ത്തനരേഖ പരിശോധിക്കാതെയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായതിനാലാണിതെന്ന് ടിടിപി ചീഫ്എന്‍ജിനീയര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി.

ടിടിപി പദ്ധതിയിലെ അഴിമതിയെപ്പറ്റി മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രന്‍ പറഞ്ഞത് പൂര്‍ണമായി ശരിയാണ്. വന്‍തുകക്കുള്ള മലിനീകരണപദ്ധതി അംഗീകരിക്കാത്തതിന് മന്ത്രിയായിരുന്ന തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദം ചെലുത്തിയെന്നും വകുപ്പ് മാറ്റിയെന്നും കെ കെ രാമചന്ദ്രന്‍ പറഞ്ഞത് ശരിയാണ്. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ചുമതല വനംമന്ത്രി സുജനപാലിലേക്ക് മാറ്റി. സുജനപാലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. അഴിമതി ആക്ഷേപം വന്നപ്പോള്‍ പ്രതിപക്ഷ നേതാവ് തെറ്റിദ്ധാരണയും പുകമറയും സൃഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കയാണ്. കെഎംഎംഎല്ലില്‍ നവീകരണത്തിന്റെ മറവില്‍ കോടികള്‍ വെട്ടിക്കാന്‍ ശ്രമിച്ച അതേകമ്പനിയാണ് ടിടിപി നവീകരണത്തിനും പദ്ധതിതയ്യാറാക്കിയത്. കെഎംഎംഎല്ലിലെ നവീകരണ അഴിമതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിസഭ രണ്ടുതവണ കേന്ദ്രത്തിനെഴുതി. എന്നാല്‍ അംഗീകരിച്ചില്ല.

 


ഉമ്മന്‍ചാണ്ടി അന്വേഷണത്തിന് വിധേയനാകണം: കോടിയേരി

പ്രത്യേക ലേഖകന്‍ തിരു: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ അഴിമതിയെക്കുറിച്ച് മുന്‍മന്ത്രി കെ കെ രാമചന്ദ്രന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി സ്വമേധയാ അന്വേഷണത്തിന് വിധേയനാകണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടന്ന ക്രമക്കേട് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗമാണ് വെളിപ്പെടുത്തിയത്. ഇത് ഏറെ ഗൗരവമേറിയതാണ്. ടൈറ്റാനിയം അഴിമതിസംബന്ധിച്ച വിജിലന്‍സ് അന്വേഷണവുമായി കെ കെ രാമചന്ദ്രന്‍ സഹകരിക്കണമെന്നും അഴിമതിക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ സഹായിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ടൈറ്റാനിയത്തില്‍ 226 കോടിയുടെ അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതിനാല്‍ തന്നെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയെന്നാണ് കെ കെ രാമചന്ദ്രന്റെ ആരോപണം. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതി ഓരോന്നായി പുറത്ത് ചര്‍ച്ചചെയ്യപ്പെടാന്‍ യുഡിഎഫ് നേതാക്കള്‍തന്നെയാണ് അവസരം സൃഷ്ടിക്കുന്നത്.

മുന്‍ മന്ത്രി ടി എച്ച് മുസ്തഫയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കാളിത്തം പുറത്തുവന്നത്. കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. മുന്‍മന്ത്രി എം കെ മുനീറിനെതിരായ കേസുകളില്‍ രണ്ടെണ്ണത്തില്‍ വിജിലന്‍സ് കുറ്റപത്രം നല്‍കി. മുനീര്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. ഭക്ഷ്യമന്ത്രിയായിരുന്ന അടൂര്‍ പ്രകാശിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. ബാര്‍ലൈസന്‍സ് ഇടപാടിലെ അഴിമതി തുറന്നുപറഞ്ഞത് കെപിസിസി സെക്രട്ടറി കെ സുധാകരന്‍ എംപിയാണ്. യുഡിഎഫ് ഭരണകാലത്തെ പെണ്‍വാണിഭങ്ങളും പീഡനങ്ങളും ലീഗ് നേതാവ് എം കെ മുനീറിന്റെ കീഴിലുള്ള ഇന്ത്യാവിഷന്‍ ചാനലാണ് വീണ്ടും സജീവചര്‍ച്ചാവിഷയമാക്കിയതെന്നും കോടിയേരി ചൂണ്ടിക്കാണിച്ചു.

Image: logo from Travancore Titanium Products website