20 August 2017, Sunday

തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം

തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് നേട്ടം. ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡടക്കം മൂന്നിടത്ത് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു.

ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ ബോക്ക് പഞ്ചായത്തിലെ വണ്ടാനം വാര്‍ഡിലാണ് എല്‍ഡിഎഫിന് അട്ടിമറി വിജയം. കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച ഇവിടെ സിപിഐയിലെ എന്‍ എ ഷംസുദ്ദീന്‍ 523 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാറത്ഥിയെ തോല്‍പ്പിച്ചത്.എറണാകുളം ജില്ലയിലെ മലയോര പഞ്ചായത്തായ കുട്ടമ്പുഴയില്‍ ഉപതെരഞ്ഞെടുപ്പോടെ ഭൂരിപക്ഷം എല്‍ഡിഎഫിനായി. ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.

പൊയ്ക വാര്‍ഡില്‍ സിപിഐ യിലെ ബിനോയ് രാഘവനാണ് വിജയിച്ചത്. ഇതോടെ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഒമ്പതും യുഡിഎഫിന് എട്ടും സീറ്റായി. എറണാകുളം ജില്ലയില്‍ ശ്രീമൂലനഗരം പഞ്ചായത്തിലെ ശ്രീമൂലനഗരം സൗത്ത് വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു. സിപിഐ എമ്മിലെ എം പി അബുവാണ് വാര്‍ഡ് നിലനിര്‍ത്തിയത്.കോട്ടയം ജില്ലയിലെ അയ്മനം- പഞ്ചായത്തിലെ അയ്മനം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് 273 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഐ എം പിടിച്ചെടുത്തു. ഇവിടെ യുഡിഎഫിന് 139 വോട്ടേ ആകെ കിട്ടിയുള്ളൂ. പാലക്കാട്ട് പുതുപ്പരിയാരം പഞ്ചായത്തിലെ പൂച്ചിറ വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. സിപിഐ എമ്മിലെ പുഷ്പലക്ഷ്മിയാണ് വാര്‍ഡ് നിലനിര്‍ത്തിയത്. കണ്ണൂര്‍ ജില്ലയിലെ ന്യൂമാഹി പഞ്ചായത്തിലെ ഏടന്നൂര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐ എമ്മിലെ സി വി ഉദയകുമാറാണ് വിജയിച്ചത്.