13 April 2019, Saturday

തിരുവനന്തപുരം നഗരം: മികവിന്റെ അഞ്ചുവര്‍ഷങ്ങള്‍

രാജേഷ് വെമ്പായം

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനമേഖലയില്‍ മികവിന്റെ അഞ്ചുവര്‍ഷങ്ങളാണ് കടന്നുപോയത്. റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണത്തിലും പരിപാലനത്തിലും മുമ്പെങ്ങുമില്ലാത്ത വിധം ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞു. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നിശ്ചലമായ തലസ്ഥാനനഗര വികസന പദ്ധതി പുനരാരംഭിക്കാനും പദ്ധതിക്ക് പുതുജീവന്‍ നല്‍കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് കഴിഞ്ഞു.

നഗരവികസനപദ്ധതില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ പ്രധാന നിര്‍മാണ പ്രവൃത്തിയാണ് ബേക്കറിയിലെ മേല്‍പാലം. 13 കോണ്‍ഗ്രീറ്റ് പില്ലറുകളില്‍ 14 സ്പാനുകളോടെ 510 മീറ്റര്‍ ദൈര്‍ഘ്യമുള്ളതും 11 മീറ്റര്‍ വീതിയിലുള്ള ഗതാഗതപാതയും ഉള്‍ക്കൊള്ളുന്ന മേല്‍പാലം യാഥാര്‍ഥ്യമാക്കിയത് സര്‍ക്കാരിന്റെ നേട്ടങ്ങളിലെ പൊന്‍തൂവലാണ്. മേല്‍പാലം തുറന്നുകൊടുത്തതോടെ തലസ്ഥാനനഗരത്ത് അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും കഴിഞ്ഞു. പ്രീസ്‌ട്രെസ് കോണ്‍ക്രീറ്റ് ബെയറിങ് സംവിധാനമുപയോഗിച്ച് സമയബന്ധിതമായാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

1996-2001ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് തലസ്ഥാന നഗരവികസന പദ്ധതി തയ്യാറാക്കുന്നതിന് നടപടി തുടങ്ങിയത്. 2004ല്‍ പദ്ധതി ഏറ്റെടുത്ത ടി ആര്‍ ഡി സി എല്‍ കമ്പനിയുമായി യു ഡി എഫ് സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടിരുന്നെങ്കിലും സ്ഥലം ഏറ്റെടുത്തു നല്‍കുന്നതില്‍ യു ഡി എഫ് സര്‍ക്കാര്‍ ഗുരുരുതരമായ വീഴ്ച വരുത്തി. ഇതിനെ തുടര്‍ന്ന് പണി ഏറ്റെടുത്ത കമ്പനിക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി വിധി വന്നു. 2006ല്‍ അധികാരത്തിലേറിയ ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് കമ്പനിക്ക് നല്‍കാനുള്ള നഷ്ടപരിഹാര തുക കുറയ്ക്കുന്നതിനും പുതിയ കരാര്‍പ്രകാരം പണി ആരംഭിക്കുന്നതിനും കഴിഞ്ഞു.

റോഡുവികസനത്തിനായുള്ള 98 ശതമാനം സ്ഥലവും എല്‍ ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്തു. നഗരത്തിലെ 42 കി. മീ. ദൈര്‍ഘ്യം വരുന്ന 12 പാതകളുടെ വീതി കൂട്ടുന്നതിന് നടപടിയെടുത്തു. ജംഗ്ഷനുകള്‍ നവീകരിച്ച് ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഊന്നല്‍ നല്‍കി.ആധുനിക സിഗ്നല്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചു. അപകടാവസ്ഥയിലുള്ള റോഡുകളും കലുങ്കുകളും പുതുക്കി പണിയുന്നതിന് ശ്രദ്ധിച്ചു. പ്രധാന നഗരഭാഗങ്ങളില്‍ ട്രാഫിക് ബോര്‍ഡുകളും ആധുനിക സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചു. ഗതാഗതത്തിന് തടസമുണ്ടാകാതെ ബസുകള്‍ നിര്‍ത്താന്‍ കഴിയുന്ന തരത്തില്‍ പ്രധാനപാതകളില്‍ ബസ്‌ബേകള്‍ പണിയുന്നതിന് തുടക്കം കുറിച്ചു. ഹരിതവീഥി എന്നത് യാഥാര്‍ഥ്യമാക്കുന്ന വിധത്തില്‍ പാതയോരങ്ങളില്‍ വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചു.

തലസ്ഥാന നഗര റോഡ് വികസന പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തീകരിച്ച ശാസ്തമംഗലം-വെള്ളയമ്പലം റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയുള്ള ഭാഗത്തു മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചു. ജക്രാന്ത, കണിക്കൊന്ന, പൈന്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന 48 വൃക്ഷത്തൈകളാണ് ശാസ്തമംഗലം-വെള്ളയമ്പലം റോഡിന് ഹരിതഭംഗി നല്‍കുന്നത്.

റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കാതെ ദര്‍ഘാസ് ക്ഷണിക്കുകയോ കരാറിലേര്‍പ്പെടുകയോ ചെയ്യില്ലെന്നത് സര്‍ക്കാര്‍ നയമായി അംഗീകരിച്ചു. എം സി റോഡില്‍ കേശവദാസപുരം-മണ്ണന്തല നാലുവരിപ്പാത യാഥാര്‍ഥ്യമാക്കിയതും എല്‍ ഡി എഫ് സര്‍ക്കാരിന്റെ മറ്റൊരു പ്രധാന നേട്ടമാണ്. അപ്രതീക്ഷിതമായി പെയ്ത മഴ തടസ്സം സൃഷ്ടിച്ചെങ്കിലും യുദ്ധകാലാടിസ്ഥാനത്തിലാണ് പണികള്‍ പൂര്‍ത്തിയാക്കിയത്. 2010 ജൂലൈ മാസത്തില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി 18 കോടി രൂപ അനുവദിച്ച ഈ പദ്ധതി ആഗസ്റ്റ് മാസത്തില്‍ തന്നെ പണി തുടങ്ങി. വാട്ടര്‍ കണക്ഷന്‍, ഇലക്ട്രിസിറ്റി കേബിളുകള്‍, ബി എസ് എന്‍ എല്‍ കേബിളുകള്‍, ഡ്രെയിനേജ് സംവിധാനം എന്നിവയെല്ലാം മാറ്റി സ്ഥാപിച്ച് പണി പൂര്‍ത്തീകരണത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. കരാര്‍പ്രകാരം പണി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം ബാക്കിയുള്ളപ്പോഴാണ് ഇത്രയും വേഗത്തില്‍ പദ്ധതി ഫലപ്രാപ്തിയിലെത്തിയത്.

തിരുവനന്തപുരം നഗര റോഡ് വികസനത്തിന്റെ ഒന്നാം ഘട്ടത്തിലുള്ള പ്രധാന റോഡുകളുടെ പണി അന്തിമഘട്ടത്തിലാണ്. ചാക്കയിലെ മേല്‍പാലം ഇതിനകം ഉദ്ഘാടനം ചെയ്തു. നഗരവികസനത്തിന്റെ രണ്ടാം ഘട്ടത്തില്‍ 100 കിലോമീറ്റര്‍ റോഡ് കൂടി വികസിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. ശാസ്തമംഗലത്തു നിന്ന് മരുതന്‍കുഴി വഴി വട്ടിയൂര്‍ക്കാവിലേക്കുള്ള റോഡും പൈപ്പിന്‍മൂട് വഴി പേരൂര്‍ക്കടയിലേക്കുള്ള റോഡും 19.5 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനുള്ള ട്രിഡയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

ഇതിനുപുറമെ പേരൂര്‍ക്കടയില്‍ നിന്ന് എസ് എ പി ക്യാമ്പ് വഴിയുള്ള റോഡ് കെ എസ് യു ഡി പിയില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. പേരൂര്‍ക്കട എസ് എ പി ക്യാമ്പ് റോഡ്, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, ജഗതി വഴി കിള്ളിപ്പാലം വരെ ദേശീയപാത നിലവാരത്തില്‍ വികസിപ്പിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്.

25 ലക്ഷം രൂപാ ചെലവഴിച്ച് മാനവീയം റോഡിന്റെ നവീകരണം പൂര്‍ത്തീകരിച്ചു. ബീമാപള്ളി മുതല്‍ വലിയതുറവരെ 48 ലക്ഷം രൂപ മടുക്കി തീരദേശ റോഡ് നിര്‍മിച്ചു. ബേക്കറി-പനവിള-തമ്പാനൂര്‍ റോഡ് അന്തിമഘട്ടത്തിലാണ്. അടിസ്ഥാന സൗകര്യ വികസന വഴിയില്‍ പുതിയ രീതി അവലംബിക്കാനും അവ വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും എല്‍ ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞു.

 

Image courtesy : Kerala Public Works Department