23 October 2017, Monday

നമ്മുടെ സമ്പത്ത്

വഴിയോരങ്ങളിലെല്ലാം ഒരു പേരുമാത്രം നിറയുന്നു. തൊഴിലാളിയായാലും വിദ്യാര്‍ഥിയായാലും മുതിര്‍ന്നവരായാലും കുഞ്ഞുങ്ങളായാലും പറയുന്നത്് "നമ്മുടെ സമ്പത്ത്". ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ സമ്പത്ത്് അരുവിക്കര നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നമ്മുടെ സമ്പത്താണ്. ആര്‍ക്കും സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഏവരും സന്തോഷത്തോടെ ആശിര്‍വദിക്കുന്നു. കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ഈറ്റ-പനമ്പ് മേഖലയിലെ പരമ്പരാഗത വ്യവസായ തൊഴിലാളികള്‍ക്കുമൊക്കെ മുന്‍കൈയുള്ള മണ്ഡലം ചരിത്രത്തിന്റെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ്. സമ്പത്തിന് ഏറ്റവും മികച്ച വിജയം നല്‍കുമെന്ന് എല്ലാ മനസ്സുകളും ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു. തൊഴിലാളിവര്‍ഗത്തിന്റെ അനിഷേധ്യ നേതാവായിരുന്ന കാട്ടായിക്കോണം വി ശ്രീധറിന്റെ സ്മരണ പുതുക്കിയാണ് സമ്പത്ത് ചൊവ്വാഴ്ച അരുവിക്കര മണ്ഡലത്തിലെ പര്യടനം ആരംഭിച്ചത്. കാട്ടായിക്കോണത്തിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ സമ്പത്തിന്, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ വിജയാശംസ നേര്‍ന്നു. അരുവിക്കര മണ്ഡലത്തില്‍ അഴിക്കോട്, അരുവിക്കര, മുള്ളിലവിന്‍മൂട്, വെമ്പന്നൂര്‍, മൈലം, ചെറിയകൊണ്ണി, വെള്ളനാട്, കമ്പനിമുക്ക്, പൂവച്ചല്‍ തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെല്ലാം സന്ദര്‍ശിച്ചു. സമ്പത്തിന് വിജയം ആശംസിക്കാന്‍ കൂടിയവരില്‍ ഭൂരിപക്ഷവും സ്ത്രീകളായിരുന്നു. മുണ്ടേല, കളത്തറ, വെളിയന്നൂര്‍, കടുകില്‍കോണം, ചാങ്ങ ലക്ഷംവീട് കോളനി, പുലായത്തുകോണം, മാമ്പള്ളി, പാവേലി, ആനാവൂര്‍ തുടങ്ങിയ ഈറ്റ-പനമ്പ് വ്യവസായ മേഖലയില്‍ തൊഴിലാളികള്‍ ആവേശത്തോടെയാണ് സമ്പത്തിനെ വരവേറ്റത്. തങ്ങള്‍ക്ക് മിനിമം കൂലി ഉറപ്പാക്കാനുള്ള സമ്പത്തിന്റെ ഇടപെടലുകളും, എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികളും തൊഴിലാളികള്‍ സന്തോഷപൂര്‍വം വിവരിച്ചു. ഇപ്പോള്‍ വേതനവും ക്ഷാമബത്തയും നിഷേധിക്കപ്പെടുന്നതിന്റെ ബുദ്ധിമുട്ടും സ്ഥാനാര്‍ഥിമുമ്പാകെ തൊഴിലാളികള്‍ നിരത്തി. എല്‍ഡിഎഫ് നേതാക്കളായ എന്‍ വിജയകുമാര്‍, അരുവിക്കര ബാബു, ആര്യനാട് സുരേഷ്, ജി രാജീവ്, ആര്‍ വി പ്രവീണ്‍, ബിനുകുമാര്‍, എം രാജേന്ദ്രന്‍, വി എസ് ശോഭനകുമാര്‍, കെ രാമചന്ദ്രന്‍ എന്നിവരും സമ്പത്തിനൊപ്പം ഉണ്ടായിരുന്നു. -