നാടിന്റെ അഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കുക:വൈക്കം വിശ്വന്
ധനമന്ത്രി കെ എം മാണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച സെക്രട്ടറിയറ്റിനും താലൂക്ക് ഓഫീസുകള്‍ക്കും മുന്നിലേക്ക് സംഘടിപ്പിക്കുന്ന മാര്‍ച്ചില്‍ അഴിമതിക്കെതിരായി പോരാടുന്ന മുഴുവന്‍പേരും അണിനിരക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് അഭ്യര്‍ഥിച്ചു. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ മന്ത്രി കെ എം മാണി കോഴ വാങ്ങിയ വിവരം പുറത്തുവന്നിരിക്കയാണ്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് മാണിക്കെതിരെ കേസെടുക്കുകയും ചെയ്തു. നിരവധി തെളിവുകളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. മാണി മന്ത്രിസ്ഥാനത്തിരിക്കാന്‍ ഒരു കാരണവശാലും യോഗ്യനല്ലെന്ന്് ഇത് കാണിക്കുന്നു. അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണുകിടക്കുന്ന ആളെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കുക എന്ന പരിഹാസ്യമായ നടപടിയിലേക്ക് സംസ്ഥാനസര്‍ക്കാര്‍ നീങ്ങുകയാണ്.ബാര്‍ കോഴയുമായി ബന്ധപ്പെട്ട വിവരം പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞിട്ടാണ് മാണിയെ കാണാന്‍ പോയത് എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെ മറ്റു ചില മന്ത്രിമാരും കോഴപ്പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചില മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. ഭരണകക്ഷി എംഎല്‍എതന്നെ ഇത്തരം അഴിമതിക്കെതിരെ പരസ്യമായി രംഗത്തെത്തി.എല്‍ഡിഎഫ് നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയറ്റ് ഉപരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണ കമീഷന് മുഖ്യമന്ത്രിയെ ചോദ്യംചെയ്യാനും അദ്ദേഹത്തിന്റെ ഓഫീസിനെ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനും ഇപ്പോള്‍ തീരുമാനിച്ചിരിക്കയാണ്. കേരളത്തില്‍ അത്യപൂര്‍വമായ സ്ഥിതിവിശേഷമാണ് ഇതിലൂടെ രൂപപ്പെട്ടത്. എന്നിട്ടും മുഖ്യമന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. കേരളത്തില്‍ വളര്‍ന്നുവന്നിട്ടുള്ള ഉന്നത രാഷ്ട്രീയസംസ്കാരത്തിനുതന്നെ അപമാനമാകുന്ന പ്രവര്‍ത്തനങ്ങളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റേത്. അതിനാല്‍ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും രാജി അനിവാര്യമാണ്. നാടിന്റെ അഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും വൈക്കം വിശ്വന് അഭ്യര്‍ഥിച്ചു.