24 May 2017, Wednesday

നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍

നിയമസഭയില്‍ എല്‍ഡിഎഫ് എംഎല്‍എമാരെയും നിയമസഭയ്ക്കുപുറത്ത് സമരത്തിനെത്തിയ പ്രവര്‍ത്തകരെയും ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലാചരിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വെള്ളിയാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് തീരുമാനമെടുത്തതെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബാര്‍കോഴക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ നിയമസഭയിലും പുറത്തും ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. നിയമസഭയില്‍ പ്രതിഷേധിച്ച എല്‍ഡിഎഫ് എംഎല്‍എമാരെ യുഡിഎഫ് എംഎല്‍എമാരും വാച്ച് ആന്‍ഡ് വാര്‍ഡും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. വനിതാ എംഎല്‍എമാരെയടക്കം ക്രൂരമായി മര്‍ദ്ദിച്ചു. കെ ശിവദാസന്‍ നായര്‍, എം എ വാഹിദ്, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരാണ് വനിതാ അംഗങ്ങളെ ആക്രമിച്ചത്. നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചവരെ ക്രൂരമായി പൊലീസ് ആക്രമിച്ചു. ഉപരോധം അവസാനിപ്പിച്ച് സമാപനത്തിനായി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. നിഷ്ഠുരമായ ആക്രമണമാണ് നടന്നിട്ടുള്ളത്. നേരത്തെ ആസൂത്രണം ചെയ്താണ് ഈ ആക്രമണങ്ങള്‍ നടത്തിയത്. നടപടിക്രമങ്ങള്‍ പാലിക്കാതെ ബജറ്റ് അവതരിപ്പിച്ചുവെന്ന് പറയുന്നത് പരാജിതരുടെ ജല്‍പ്പനം മാത്രമാണ്. മീഡിയാ സെന്ററിലാണ് ബജറ്റ് അവതരണം നടന്നത്.

നിയമപരമായ സാധുതയില്ലാത്ത ബജറ്റിന്‍മേലുള്ള ചര്‍ച്ചയില്‍ എല്‍ഡിഎഫ് പങ്കെടുക്കില്ല. മാണിയെ മാറ്റിനിര്‍ത്തി ബജറ്റ് അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലിമെന്ററി പാര്‍ടി നേതാക്കള്‍ ഗവര്‍ണറെ കാണും. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു. ആക്രമത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച പ്രാദേശിക കേന്ദ്രങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടത്തും. വനിതാ എംഎല്‍എമാരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ വനിതാ സംഘടനകള്‍ തിങ്കളാഴ്ച പ്രതിഷേധ വനിതാ കൂട്ടായ്മ നടത്തുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.