16 March 2019, Saturday

നിയമസഭാ തെരഞ്ഞെടുപ്പും സ്ത്രീകളുടെ പ്രശ്നങ്ങളും

അഡ്വ. പി വസന്തം

കേരള സംസ്ഥാന നിയമസഭയിലേക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ നിർണായക ശക്തി സ്ത്രീകളാണ്‌ എന്ന കാര്യത്തിൽ ഒരു തർക്കവുമുണ്ടായിരിക്കാനിടയില്ല. കാരണം കേരളത്തിലെ വോട്ടർമാരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്‌. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിൽ സ്ത്രീകൾ അഭിസംബോധന ചെയ്യുന്ന വിഷയങ്ങളും പ്രശ്നങ്ങളും പ്രധാനമായും ചർച്ച ചെയ്യപ്പെടും. കേരളത്തിലെ സ്ത്രീകൾ ഈ തെരഞ്ഞെടുപ്പിനെ അതിജീവനത്തിന്റെ പോരാട്ടമായാണ്‌ കാണുന്നത്‌. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡി സർക്കാരും കേരളം ഭരിക്കുന്ന ഉമ്മൻചാണ്ടി സർക്കാരും വരുത്തിവച്ച ദുരിതങ്ങൾ സത്യസന്ധമായി വിലയിരുത്താനുള്ള അവസരം കൂടിയാണിത്‌. ഗൗരവതരമായ സാമൂഹ്യപ്രതിസന്ധികളുടെ നടുവിലേക്ക്‌ ഒരു രാഷ്ട്രത്തെയും അവിടുത്തെ സാധാരണ മനുഷ്യരെയും വലിച്ചിഴച്ചുകൊണ്ടുപോവുകയാണ്‌ കേന്ദ്ര ഭരണകൂടം. കഴിഞ്ഞ ഇരുപത്തിയഞ്ച്‌ വർഷമായി രാജ്യം പിന്തുടരുന്ന, സ്വകാര്യ കുത്തകമൂലധനത്തിന്‌ പരമാധികാരം പ്രഖ്യാപിച്ചുകൊണ്ടുള്ള നയപരിപാടികളാണ്‌ ഇതിന്റെ കാരണം. കടുത്ത വിലക്കയറ്റം, തൊഴിലില്ലായ്മ, സാമൂഹ്യ സുരക്ഷിതത്വത്തിന്റെ അഭാവം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾ ഇന്ത്യയിലെ ജനജീവിതത്തെ തീവ്രമായി കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നു. വിലക്കയറ്റം കാരണം സ്ത്രീകൾ പ്രത്യേകിച്ചും പൊറുതിമുട്ടിയിരിക്കയാണ്‌. ഇന്ത്യൻ സ്ത്രീകളിൽ ഭൂരിപക്ഷത്തിന്റെയും ജീവിതം മൂർച്ഛിക്കുന്ന ദാരിദ്ര്യത്തിന്റെ അനുഭവങ്ങളാണ്‌. അറുപത്തിയൊമ്പത്‌ വയസായ ഇന്ത്യാമഹാരാജ്യം ആഗോളപട്ടിണി സുചികയിൽ 122 രാജ്യങ്ങളിൽ അറുപത്തിമൂന്നാം സ്ഥാനത്ത്‌ നിൽക്കുന്നു. നമ്മുടെ രാജ്യം ലോകത്തിലെ മൂന്നിലൊന്ന്‌ ദരിദ്രരെയും കൊണ്ടാണ്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം പിന്നിടുന്നത്‌. ഇന്ത്യയിൽ കാർഷിക തൊഴിലിൽ ഏർപ്പെടുന്നത്‌ എൺപത്‌ ശതമാനം സ്ത്രീകളാണ്‌. പതിനേഴ്‌ കോടി സ്ത്രീകളാണ്‌ കാർഷിക ജോലിക്കാർ. അറുപത്‌ മുതൽ എൺപത്‌ ശതമാനംവരെ ഇന്ത്യക്കാർക്കുള്ള ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദകർ അവരാണ്‌. പക്ഷേ പതിമൂന്ന്‌ ശതമാനത്തിന്‌ താഴെ സ്ത്രീകൾക്ക്‌ മാത്രമേ ഈ സമ്പത്തിന്റെ മേൽ എന്തെങ്കിലും ഉടമസ്ഥതയുള്ളൂ എന്ന്‌ പഠനങ്ങൾ പറയുന്നു. ഇരുപത്‌ രൂപയിൽ താഴെ ദിവസവരുമാനമുള്ള 83.66 കോടി ജനങ്ങളിൽ എഴുപത്തിനാലു ശതമാനം സ്ത്രീകളാണ്‌. ഒരു ദിവസംപോലും വയറുനിറയെ ആഹാരം കഴിക്കാനില്ലാത്ത മുപ്പത്‌ കോടി മനുഷ്യരുടെ ജന്മദേശമാണിന്ത്യ. ഇന്നും നമ്മുടെ രാജ്യത്ത്‌ ഊർജ്ജസ്വലവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ ആവശ്യമായ ആഹാരം ലഭിക്കാത്തവരാണ്‌ ബഹുഭൂരിപക്ഷം എന്നത്‌ ലജ്ജിപ്പിക്കുന്നു. യൂനിസെഫിന്റെ റിപ്പോർട്ടുകൾ പറയുന്നത്‌ ലോകത്തിൽ പോഷകാഹാരക്കുറവുള്ള മൂന്ന്‌ കുട്ടികളിൽ ഒന്ന്‌ ഇന്ത്യയിലാണെന്നാണ്‌. നാഷണൽ ഫാമിലി ഹെൽത്ത്‌ സർവേ വെളിപ്പെടുത്തുന്നത്‌ നമ്മുടെ കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ്‌ 79.2 ശതമാനമായി വർധിച്ചിരിക്കുന്നു എന്നതാണ്‌. പോഷകാഹാരക്കുറവും പട്ടിണിയും കാരണം വിളർച്ച ബാധിച്ച ബഹുഭൂരിപക്ഷം വരുന്ന അമ്മമാർക്ക്‌ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാൻ സ്വപ്നം കാണാൻ പോലും കഴിയാത്ത സാഹചര്യമാണ്‌ ഇന്ന്‌ ഇന്ത്യയിലുള്ളത്‌. ഭക്ഷ്യധാന്യങ്ങളുടെയും എണ്ണയുടേയും വില ഉയരുകയല്ലാതെ താഴ്‌ന്നിട്ടില്ല. ദരിദ്രർ അവരുടെ വരുമാനത്തിന്റെ അമ്പത്‌ ശതമാനം മുതൽ എഴുപത്തിനാലു ശതമാനം വരെ മാറ്റിവയ്ക്കുന്നത്‌ ആഹാരത്തിനുവേണ്ടിയാണ്‌. വിലക്കയറ്റം കാരണം അവർക്ക്‌ ഈ പണം വിശപ്പ്‌ മാറ്റാൻ മതിയാവുന്നില്ല. ആറും ഏഴും അതിലധികവും അംഗങ്ങളുള്ള കുടുംബത്തിൽ വിലക്കയറ്റം സ്വാഭാവികമായും ഭക്ഷണ അളവ്‌ കുറയ്ക്കുകയും അതിന്റെ പ്രയാസം സ്ത്രീ അനുഭവിക്കേണ്ടിവരുകയും ചെയ്യും.

ഭരണകൂടം നിർവഹിച്ചുവന്ന സാമൂഹിക സാമ്പത്തിക കടമകൾ കമ്പോളത്തെയും കോർപ്പറേറ്റുകളെയും ഏൽപ്പിച്ചു. പ്രകൃതി വിഭവങ്ങളും പൊതൂമുതലും സർക്കാർ മൂലധന ശക്തികൾക്ക്‌ കൈമാറി. വില നിശ്ചയിക്കാനോ, നിയന്ത്രിക്കാനോ ഭരണകൂടം വേണ്ടാ എന്നും വിപണിക്കാണ്‌ പരമാധികാരമെന്ന്‌ കോൺഗ്രസും ബിജെപിയും നിശ്ചയിച്ചതിന്റെ ദുര്യോഗമാണ്‌ നമ്മൾ ഇന്ന്‌ വിലക്കയറ്റത്തിലൂടെ അനുഭവിക്കുന്നത്‌. എല്ലാ പ്രശ്നങ്ങൾക്കും കമ്പോളാധിഷ്ഠിത പരിഹാരം നിർദ്ദേശിക്കുന്ന നിയോലിബറൽ നയങ്ങൾ എല്ലാ രംഗത്തും അസമത്വം തീവ്രതരമാക്കിയിരിക്കുന്നു. ആഗോള വിപണിയിൽ പെട്രോളിയത്തിന്റെ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യയിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിത്യേന വർധിക്കുന്നതല്ലാതെ കുറയുന്നില്ല. മോഡി സർക്കാർ അധികാരത്തിൽവന്നതിനുശേഷം പതിനൊന്ന്‌ തവണ പെട്രോൾ ഡീസലിന്റെയും മൂന്ന്‌ തവണ പാചകവാതക സിലിണ്ടറുകളുടെയും വില വർധിപ്പിച്ചു. ഈ സമീപനത്തിലൂടെ റിലയൻസിനെയും എസ്സാറിനെയും അദാനിയെയും പോലുള്ള കുത്തകകളെയാണ്‌ പ്രോത്സാഹിപ്പിക്കുന്നത്‌. ഇക്കാരണങ്ങൾ തന്നെയാണ്‌ നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിന്‌ നിദാനമായിട്ടുള്ളത്‌. ഭക്ഷ്യധാന്യങ്ങളുടെയും പയർവർഗങ്ങളുടെയും കുത്തകസംഭരണത്തിൽ നിന്ന്‌ സർക്കാർ പിന്തിരിയുകയും കർഷകനും ഉപഭോക്താവിനും ഒരേ സമയം ദ്രോഹകരമായ ‘അവധിവ്യാപാരം’ മനുഷ്യന്റെ ഭക്ഷ്യസാധനങ്ങളുടെ മേഖലയിലും തുടരുന്നത്‌ വിലക്കയറ്റത്തിന്‌ ഇടയാക്കുന്ന ഘടകങ്ങളാണ്‌. എത്രയോ പാവപ്പെട്ട ചില്ലറ വിൽപനക്കാരുടെ ജീവിതം വഴിമുട്ടിച്ച്‌ ചില്ലറവ്യാപാര രംഗത്തേക്കും കുത്തകകൾ കടന്നുവന്ന്‌ വിലനിയന്ത്രണം അവർ ഏറ്റെടുത്തിരിക്കയാണ്‌. വിലനിയന്ത്രണ നിയമങ്ങളെല്ലാം ദുർബലപ്പെടുത്തിയിരിക്കുന്നു. കമ്പോളത്തെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തമുള്ള സർക്കാർ പിൻമാറുന്ന കാഴ്ചയാണ്‌ കാണുന്നത്‌. കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പിന്റെ റിപ്പോർട്ട്‌ പ്രകാരം 2004 മുതൽ 2013 വരെയുള്ള ഭക്ഷ്യവിലക്കയറ്റം 260 ശതമാനമായിരുന്നു. ഇപ്പോൾ അത്‌ 280 ശതമാനമായി വർധിച്ചിരിക്കുന്നു. രാജ്യത്ത്‌ വിലക്കയറ്റത്തിന്റെ ആഘാതം വർധിക്കുന്നത്‌ പെട്രോൾ, ഡീസൽ വിലയുമായി ബന്ധപ്പെട്ടാണ്‌.

ചില്ലറ വിൽപന ആധാരമാക്കിയുള്ള രാജ്യത്തെ വിലക്കയറ്റത്തിന്റെ തോത്‌ 3.78 ശതമാനമാണെങ്കിൽ കേരള സംസ്ഥാനത്തിന്റേത്‌ പതിമൂന്ന്‌ ശതമാനമാണ്‌ അധികമായത്‌. അരിക്ക്‌ 24 മുതൽ 39 ശതമാനം വരെ, പയർവർഗങ്ങൾ 28 മുതൽ 67 ശതമാനം വരെ, മിൽമപാൽ ഉൽപന്നങ്ങളുടെ വർധനവ്‌ 64.39 ശതമാനം വരെ, മുട്ടവില 44 മുതൽ 62 ശതമാനം വരെ, പലവ്യഞ്ജന വില 124 ശതമാനം വരെ, ഉരുളക്കിഴങ്ങ്‌ 38 മുതൽ 94 ശതമാനം വരെ വർധിച്ചു. കേരളം ഭരിക്കുന്ന ഉമ്മൻചാണ്ടി സർക്കാർ അഴിമതി നടത്തുന്നതിലും കൊള്ളപ്പണം പങ്കിട്ടെടുക്കുന്നതിലും താൽപര്യം കാണിക്കുന്നു എന്നല്ലാതെ വിലക്കയറ്റം കൊണ്ട്‌ പൊറുതിമുട്ടുന്ന ജനങ്ങളുടെ പ്രയാസം കാണാനോ, പരിഹരിക്കാനോ സമയം കാണുന്നില്ല. 1974 ൽ അച്യുതമേനോൻ മുഖ്യമന്ത്രിയായി ഭരിക്കുമ്പോഴാണ്‌ പൊതുവിതരണരംഗം വിപുലീകരിക്കേണ്ട ആവശ്യകത മനസിലാക്കുകയും ഇതിന്റെ ഭാഗമായി വിപണി ഇടപെടലും അവശ്യസാധനങ്ങളുടെ കുറഞ്ഞവിലയ്ക്കുള്ള വിതരണം കാര്യക്ഷമമാക്കി വ്യാപകമാക്കുന്നതിനും വേണ്ടിയാണ്‌ സിവിൽ സപ്ലൈസ്‌ കോർപ്പറേഷൻ രൂപീകരിച്ചത്‌. 1980 ൽ ഇ കെ നായനാർ നേതൃത്വം കൊടുത്ത ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തിൽ ഇ ചന്ദ്രശേഖരൻ നായർ മാവേലി സ്റ്റോറുകൾക്ക്‌ രൂപം കൊടുത്തു. സംസ്ഥാനത്ത്‌ ആരംഭിച്ച മാവേലിസ്റ്റോറുകൾ വിലക്കയറ്റം പിടിച്ചുനിർത്തി ജനങ്ങൾക്ക്‌ ആശ്വാസം നൽകിയിരുന്നു. സർക്കാർ നൽകുന്ന സബ്സിഡി ഉപയോഗപ്പെടുത്തി കുറഞ്ഞവിലയ്ക്ക്‌ അവശ്യസാധനങ്ങളുടെ വിതരണം മാവേലിസ്റ്റോറിലൂടെ നടത്തി. പൊതുവിപണിയിൽ ശക്തമായ ഇടപെടലായിരുന്നു ഇതെന്ന്‌ മാത്രമല്ല ഇതുവഴി പൊതുകമ്പോളത്തിലെ അവശ്യസാധന വിലവർധനവ്‌ ഒരു പരിധിവരെ നിയന്ത്രണ വിധേയമാക്കുവാൻ കഴിഞ്ഞു. എന്നാൽ മാവേലിസ്റ്റോറുകളെ പരിഹസിച്ച്‌ പ്രതീകാത്മകമായി വാമന സ്റ്റോറുകൾ തുറന്ന്‌ കരിഞ്ചന്തക്കാർക്കും പൂഴ്ത്തിവയ്പ്പുകാർക്കും ഒപ്പമാണ്‌ തങ്ങളെന്ന്‌ തെളിയിക്കുകയാണ്‌ അന്നത്തെ യുഡിഎഫ്‌ ചെയ്തത്‌. 1991 മുതൽ കേന്ദ്രസർക്കാർ നടപ്പിലാക്കാൻ തുടങ്ങിയ നവലിബറൽ നയങ്ങളും പൊതുവിതരണത്തെ തകർക്കുന്നതായിരുന്നു. 1991-96 കാലത്തിലെ യുഡിഎഫ്‌ സർക്കാറാണ്‌ കേരളത്തിൽ നല്ലരീതിയിൽ ഏറ്റവും ഫലപ്രദമായി നടന്നുവന്നിരുന്ന റേഷനിങ്‌ സംവിധാനം ‘ന്യായവില റീട്ടെയിൽ ഷോപ്പുകളായിരുന്ന റേഷൻ കടകളെ പുനർനാമകരണം ചെയ്ത്‌ പൊതുവിതരണ’ കേന്ദ്രങ്ങളാക്കി മാറ്റി തകർച്ചയ്ക്ക്‌ വഴിയൊരിക്കിയത്‌. എല്ലാവർക്കും അരി ലഭിച്ചിരുന്ന സാഹചര്യം ഇല്ലാതാക്കി ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ളവർക്കായി പരിമിതപ്പെടുത്തി.

2010 ൽ ഇടതുമുന്നണി സർക്കാരിന്റെ കാലത്ത്‌ തന്നെയാണ്‌ അവശ്യസാധനങ്ങളുടെ വിലനിയന്ത്രിക്കാൻ ശക്തമായ ഇടപെടൽ നടത്താൻ സിവിൽ സപ്ലൈസ്‌ കോർപറേഷനെയും കൺസ്യൂമർഫെഡിനെയും സഹകരണ സ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്തിയത്‌. ഭക്ഷ്യമന്ത്രിയായ സി ദിവാകരന്റെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ്‌ കോർപറേഷൻ വഴി പതിമൂന്ന്‌ അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്തു. ഇപ്പോൾ അവയിൽ പലതും മാവേലിസ്റ്റോറിൽ നിന്ന്‌ കിട്ടുന്നില്ല എന്ന്‌ മാത്രമല്ല വില പലതവണയായി വർധിപ്പിച്ചിരിക്കുന്നു. ഇപ്പോൾ തങ്ങളുടെ ആശ്രയമായിരുന്ന മാവേലിസ്റ്റോറുകൾപോലും സ്ത്രീകൾക്ക്‌ അപ്രാപ്യമായിരിക്കുന്നു. മാവേലി സ്റ്റോറിന്‌ മുമ്പിൽ സ്ത്രീകളുടെ വലിയ നിരതന്നെയുണ്ടായിരന്നത്‌ ഇപ്പോൾ ഇല്ലാതായിരിക്കുന്നു. വിലക്കുതിച്ചുയരുമ്പോഴും ഉമ്മൻചാണ്ടി സർക്കാർ സിവിൽ സപ്ലൈസ്‌ കോർപറേഷനെ നോക്കുകുത്തിയാക്കുകയാണ്‌ ചെയ്യുന്നത്‌. 2010 ലെ ഇടതുപക്ഷ ഭരണത്തിലെ വിപണിയിലെ വിലകൾ താരതമ്യം ചെയ്താൽ വിലക്കയറ്റത്തിന്റെ രൂക്ഷത വ്യക്തമാകും.

ഉള്ളി, ഗോതമ്പ്‌, അരി, പഴവർഗങ്ങൾ തുടങ്ങിയവയ്ക്കും തീപിടിച്ച വിലയാണ്‌ കമ്പോളത്തിൽ. 2010ൽ ഏൽഡിഎഫ്‌ സർക്കാർ എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകളം ഒപ്പം ഒട്ടേറെ ഔട്ട്ലെറ്റുകളും സൂപ്പർമാർക്കറ്റുകളും ഹൈപ്പർ മാർക്കറ്റുകളും പീപ്പിൾസ്‌ ബസാറുകളും നടത്തിപ്പോന്നിരുന്നു. വിപുലമായ വിപണനശൃംഖലയുള്ള പാവപ്പെട്ടവർക്ക്‌ ആശ്രയമായിരുന്ന ഒരു മേഖലയെയാണ്‌ ഇപ്പോൾ തികച്ചും നിഷ്ക്രിയമാക്കി യുഡിഎഫ്‌ മാറ്റിയത്‌. എൽഡിഎഫ്‌ കാലത്ത്‌ പതിനാലു രൂപയ്ക്ക്‌ അരിക്കടകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അരിവില 42 രൂപവരെ വർധിപ്പിച്ചു. മാർക്കറ്റിൽ 85.50 രൂപ വിലയുള്ള വെളിച്ചെണ്ണയ്ക്ക്‌ മാവേലിസ്റ്റോറിൽ 100 രൂപയ്ക്കാണ്‌ വിൽപന. റേഷൻ വിഹിതം വിലകുറച്ചു നൽകുന്നതിന്റെ ഭാഗമായി രണ്ടുരൂപയ്ക്ക്‌ ഒരു കിലോ അരി നൽകുന്ന പദ്ധതി എൽഡിഎഫ്‌ സർക്കാർ ആരംഭിച്ചിരുന്നു. തൊഴിലാളി ക്ഷേമനിധികളിലംഗമായിട്ടുള്ള കുടുംബങ്ങളെ കൂടി ഇതിൽ ഗുണഭോക്താക്കളാക്കി. സ്കൂൾ വിദ്യാർഥികൾക്ക്‌ ഓണം, റംസാൻ, ക്രിസ്തുമസ്‌ ഉത്സവകാലത്ത്‌ 10 കിലോ അരി വീതം നൽകിയിരുന്നു. ബിപിഎൽ വിഭാഗത്തിൽ വരുന്നകാർഡുടമകൾക്ക്‌ (ഇരുപത്തിയഞ്ച്‌) കിലോ അരിയും 10 കിലോ ഗോതമ്പും നൽകിയിരുന്നത്‌ ഈ ഭരണകാലത്ത്‌ യുഡിഎഫുകാർ പാടെ തകർത്തു. രണ്ട്‌ രൂപയ്ക്ക്‌ ഒരു കിലോ അരി നൽകുന്നത്‌ നിർത്തലാക്കി. സ്കൂൾ വിദ്യാർഥികൾക്കുള്ള അരിവിഹിതവും അട്ടിമറിച്ചു. ബിപിഎൽ കാർഡുടമകൾക്ക്‌ മുമ്പ്‌ കിട്ടിയിരുന്ന അരി 17 കിലോ ആയും ഗോതമ്പ്‌ നാലുകിലോ ആയും പരിമിതപ്പെടുത്തി. എപിഎൽ കാർഡുടമകൾക്ക്‌ കിട്ടിയിരുന്ന പത്ത്‌ കിലോ അരി ഇപ്പോൾ അഞ്ചായി വെട്ടിക്കുറച്ചു. ഗോതമ്പാകട്ടെ ഒരു കിലോഗ്രാമാണ്‌ ലഭിക്കുന്നത്‌. അന്നപൂർണ അന്ത്യയോജനവഴി മുപ്പത്തഞ്ച്‌ കിലോ ലഭിച്ചിരുന്നത്‌ ഇപ്പോൾ ഇരുപത്തഞ്ച്‌ കിലോഗ്രാമാക്കി കുറച്ചു.

കേന്ദ്ര സർക്കാർ കൊട്ടിഘോഷിച്ച ഭക്ഷ്യസുരക്ഷാ നിയമം നടപ്പിൽ വരുമ്പോൾ കേരളത്തെ സംബന്ധിച്ചിടത്തോളം യുഡിഎഫ്‌ സർക്കാരിന്റെ പിടിപ്പുകേട്‌ കാരണം ഭക്ഷ്യ സുരക്ഷാ പദ്ധതിയിൽ പെടാതെപോകും. കേന്ദ്രം ഉദ്ദേശിച്ചിരുന്നത്‌ കേരളത്തിൽ നാൽപത്തിരണ്ട്‌ ശതമാനംവരെ (അപ്പോഴും അർഹതപ്പെട്ടവർ പുറത്താണ്‌) ഉൾപ്പെടുത്താനാണ്‌. 2016 മാർച്ച്‌ മുപ്പത്തിയൊന്നിനുള്ളിൽ ഉപഭോക്താക്കളുടെ പട്ടിക നൽകണമെന്നായിരുന്നു കേന്ദ്ര നിർദ്ദേശമെങ്കിലും പാലിച്ചിട്ടില്ല. ഒരു വർഷമായിട്ടും പുതിയ റേഷൻ കാർഡ്‌ ലഭിച്ചിട്ടില്ല. പശ്ചാത്തല സൗകര്യങ്ങൾ ഒന്നും ഒരുക്കിയിട്ടില്ല. എഫ്സിഐ ഗോഡൗണുകളും മൊത്തവ്യാപാര കേന്ദ്രങ്ങളും റേഷൻ കടകളുമടക്കം ഓൺലൈൻ സംവിധാനത്തിലാക്കണമെന്ന പ്രധാനനിർദ്ദേശവും സ്വകാര്യ മൊത്ത വ്യാപരകേന്ദ്രങ്ങൾ സർക്കാർ ഏറ്റെടുക്കണമെന്ന കാര്യത്തിലും നടപടിയെടുത്തിട്ടില്ല. പദ്ധതിയിൽ പെടാത്ത സംസ്ഥാനങ്ങൾക്ക്‌ സബ്സിഡി ലഭിക്കാനും സാഹചര്യമാണുണ്ടാവാൻ പോകുന്നത്‌. മാത്രമല്ല ഭക്ഷണം അവകാശമാണ്‌, ഭക്ഷ്യവസ്തുക്കൾ ലഭിച്ചില്ലെങ്കിൽ ഉപഭോക്താക്കൾക്ക്‌ കോടതിയെ സമീപിക്കാനുള്ള സാഹചര്യവുമില്ലാതാവും. റേഷൻ മാഫിയകളെ സഹായിക്കാനുള്ള തന്ത്രങ്ങളാണ്‌ കേരള സർക്കാർ മെനഞ്ഞത്‌.

ഭക്ഷ്യധാന്യ വിലക്കയറ്റത്തോടൊപ്പം കേരള ജനത വൈദ്യുതി നിരക്കിലുള്ള വർധനവും ബസ്‌ ചാർജ്ജ്‌ വർധനവും അനുഭവിക്കേണ്ടിവന്നു. വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന സ്ത്രീകൾ ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പരാജയപ്പെടുത്തുമെന്ന കാര്യത്തിൽ കർക്കമില്ല.
price-supply