20 March 2019, Wednesday

പരവൂർ ദുരന്തം ആവർത്തിക്കാതിരിക്കാൻ

പരവൂരിലെ വെടിക്കെട്ട് അപകടം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത മഹാദുരന്തമാണ്. ഉല്ലാസത്തിന്റെയും ആഘോഷത്തിന്റെയും നെറുകയില്‍ എന്ന് ജനങ്ങള്‍ സ്വയം കരുതുന്ന ഒരു നിമിഷത്തിലാണ് പുറ്റിങ്ങല്‍ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയ ജനാവലിയെ ചിന്നിച്ചിതറിച്ച സ്‌ഫോടനം ഉണ്ടായത്. ഇതെഴുതുമ്പോള്‍ മരണസംഖ്യ 113 ആണ്. സാരമായി പൊള്ളലേറ്റ അനേകം പേര്‍ ആശുപത്രികളില്‍ ഗുരുതരാവസ്ഥയിലുണ്ട്. ഈ ദുരന്തത്തില്‍നിന്ന് നാം നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതില്‍ പ്രധാനം കരിമരുന്ന് കലാപ്രകടനം നടക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ നിഷ്‌കര്‍ഷിക്കേണ്ട മുന്‍കരുതലുകളാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ വെടിക്കെട്ടുകള്‍ സുരക്ഷിതമായി നടക്കുന്നുണ്ട്. കര്‍ക്കശമായ നിയമവ്യവസ്ഥകളും ശാസ്ത്രസാങ്കേതിക വിദ്യയുടെ ഏറ്റവും ഉയര്‍ന്ന പ്രയോഗവുമാണ് അത്തരം വെടിക്കെട്ടുകളില്‍ സുരക്ഷ ഉറപ്പാക്കുന്നത്. എന്തുകൊണ്ട് ആധുനിക സുരക്ഷാരീതികള്‍ നമ്മുടെ നാട്ടിലും വെടിമരുന്ന് പ്രയോഗത്തില്‍ ഉപയോഗിച്ചുകൂട എന്നതാണ് പരവൂര്‍ ദുരന്തത്തിന്റെ ബാക്കിപത്രം എന്ന നിലയില്‍ നാം ഗൗരവമായി ചിന്തിക്കേണ്ടത്. ആധുനിക ഉപകരണങ്ങളും സുരക്ഷാ മുന്‍കരുതലുകളും ശാസ്ത്രീയ മാര്‍ഗങ്ങളും ഉപയോഗിച്ച് വെടിക്കെട്ട് നടത്തുന്നതിനുള്ള സാധ്യതകള്‍ നാം അന്വേഷിച്ചു തുടങ്ങണം.

സുരക്ഷിതമായി വെടിക്കെട്ടുകള്‍ നടത്താന്‍ പറ്റുമെന്ന് ഈ മേഖലയില്‍ വൈദഗ്ധ്യമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജനീവയിലും മറ്റും അങ്ങനെ നടത്തുന്നതിന്റെ ഉദാഹരണങ്ങളും അവര്‍ നിരത്തുന്നു. ജനീവയില്‍ ഒരു തടാകത്തിലാണ് വെടിക്കെട്ട് നടത്തുന്നത്. ആസ്വാദകര്‍ തടാകത്തിന്റെ കരയില്‍ അപകടഭീതിയില്ലാതെ ഇരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലും വിശേഷാവസരങ്ങളില്‍ വെടിക്കെട്ടുകള്‍ സംഘടിപ്പിക്കാറുണ്ട്. അവിടെയും ആധുനിക സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.
കേരളത്തിലെ അനേകം ആരാധനാലയങ്ങളില്‍ ഉത്സവത്തിന്റെയും നിത്യാരാധനയുടെയും ഭാഗമായി കരിമരുന്ന് പ്രയോഗം ഉണ്ട്. മറ്റ് ആഘോഷവേളകളിലും വിഷു, ദീപാവലി തുടങ്ങിയ ഉത്സവങ്ങളോടനുബന്ധിച്ചും വലിയതോതില്‍ കരിമരുന്ന് പ്രയോഗം നടക്കുന്നു. തീര്‍ച്ചയായും ജനങ്ങള്‍ അത് ആസ്വദിക്കുന്നു. വെടിക്കെട്ടുകളോട് കമ്പമുള്ള അനേകരുണ്ട്. ഇത്രയേറെ വിപുലമായി നടക്കുന്ന കരിമരുന്നു പ്രയോഗം എത്രമാത്രം അശാസ്ത്രീയമായും അരക്ഷിതവുമായാണ് സംഘടിപ്പിക്കുന്നത് എന്ന ചര്‍ച്ചയാണ് പരവൂര്‍ ദുരന്തത്തെത്തുടര്‍ന്ന് ഉയര്‍ന്നുവരുന്നത്. സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് കര്‍ക്കശമായ നിയമവിലക്കുകള്‍ നമ്മുടെ നാട്ടിലുണ്ട്. ലൈസന്‍സിങ്ങുണ്ട്. സൂക്ഷിച്ചുവെക്കാവുന്ന വെടിമരുന്നിന്റെ അളവ്, അത് കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട സുരക്ഷാനിബന്ധനകള്‍, ഉപയോഗിക്കാവുന്ന പടക്കങ്ങളുടെ ശക്തി- ഇവയൊക്കെ നിയന്ത്രിക്കാനുള്ള സംവിധാനവും നമ്മുടെ നാട്ടില്‍ ഉണ്ടെന്നാണ് സങ്കല്‍പം. എന്നാല്‍, അത്തരം ഒരു വിലക്കും പ്രായോഗികതലത്തില്‍ നിലവിലില്ല എന്നാണ് പരവൂര്‍ ദുരന്തം തെളിയിച്ചത്. അതിനു തൊട്ടുമുമ്പ് കണ്ണൂരില്‍ ഒരു വെടിക്കെട്ടപകടം നടന്നിരുന്നു. ഒരു ഇരുനില വീട് അപ്പാടെ തകര്‍ത്ത സ്‌ഫോടനമാണ് ഉണ്ടായത്. ഒരു പിഞ്ചുകുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ടു. ആ ദുരന്തത്തിന്റെ അന്വേഷണം ചെന്നെത്തിയത് നിയമവിരുദ്ധമായി സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്ത സ്‌ഫോടകവസ്തുക്കളിലാണ്.

പരവൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉന്നയിച്ച വിമര്‍ശനങ്ങള്‍ പരിശോധിച്ചാല്‍ നമ്മുടെ നാട്ടില്‍ നിയമസംവിധാനം പാടേ നിഷ്‌ക്രിയമായി എന്നാണ് മനസ്സിലാക്കാനാവുക. ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷ് നല്‍കിയ ഒരു കത്ത് പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിച്ച് പ്രത്യേക ബെഞ്ച് രൂപീകരിച്ചാണ് ഹൈക്കോടതി ഈ വിഷയം പരിഹരിച്ചത്.

ഗൗരവമായ വിമര്‍ശനങ്ങളാണ് സംസ്ഥാന സര്‍ക്കാരിനും പൊലീസിനും എതിരെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ നിന്നുണ്ടായത്. പൗരന്റെ ജീവന് സംരക്ഷണം കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനാണെന്നും അതില്‍ വീഴ്ചവരുന്നത് നിയമവാഴ്ച നടപ്പാക്കുന്നതിലുള്ള പരാജയമാണെന്നും കോടതി വ്യക്തമായി പറഞ്ഞു. കോടതി സര്‍ക്കാരിനോട് പ്രസക്തമായ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. കലക്ടര്‍ അനുമതി നിഷേധിച്ച വെടിക്കെട്ട് എങ്ങനെ നടന്നു? പൊലീസ് എന്തുകൊണ്ട് തടഞ്ഞില്ല? ഈ രണ്ടു ചോദ്യങ്ങള്‍ ദുരന്തത്തിനുശേഷം ജനങ്ങളുടെ മനസ്സിലാകെ ഉയര്‍ന്നതാണ്. ഹൈക്കോടതിയും അത് ആവര്‍ത്തിച്ചു. കലക്ടര്‍ അനുമതി നിഷേധിച്ച വെടിക്കെട്ട് പൊലീസിന്റെ ഒത്താശയോടെയാണ് നടന്നതെന്ന് സംഭവദിവസം തന്നെ വ്യക്തമായിരുന്നു. കലക്ടര്‍ തന്നെ ഇക്കാര്യം തുറന്നു പറഞ്ഞു. ഇതിനൊന്നും മറുപടിയോ വിശദീകരണമോ നല്‍കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തയ്യാറായില്ല. അന്വേഷണത്തിന് നിയോഗിച്ച ക്രൈംബ്രാഞ്ച് സംഘം ആകട്ടെ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പരിഹാസരൂപേണ മറുപടി നല്‍കുകയാണുണ്ടായത്.

കേരളത്തില്‍ മുമ്പും വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരവൂരിലെ ദുരന്തം അത്തരം അപകടങ്ങള്‍ പോലെയല്ല. പ്രദേശവാസികള്‍ നേരത്തെതന്നെ പരാതി ഉന്നയിച്ചിരുന്നു. അതിന്മേല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ അനുമതി നിഷേധിച്ചത്. ഈ ഉത്തരവ് സിറ്റി പൊലീസ് കമീഷണര്‍ ഉള്‍പ്പെടെയുള്ള പൊലീസ് അധികാരികള്‍ക്ക് അയച്ചുകൊടുത്തു. എന്നിട്ടും നൂറുകണക്കിന് പൊലീസുകാരുടെ സാന്നിധ്യത്തിലാണ് വെടിക്കെട്ട് നടന്നത്. അപകട സാധ്യതയും നിയമലംഘനവും മുന്നില്‍ കണ്ട് ജില്ലാ മജിസ്‌ട്രേട്ട് തടഞ്ഞ പരിപാടി പൊലീസുകാരുടെ ഒത്താശയോടെ നടന്നുവെന്നത് നിയമവാഴ്ച പൂര്‍ണമായും ഇല്ലാതായതിന്റെ തെളിവാണ്. അതാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്.

പരവൂരിലുള്‍പ്പെടെ അനേകം സ്ഥലത്ത് വര്‍ഷാവര്‍ഷം വെടിക്കെട്ട് നടക്കുന്നുണ്ട്. ചെറുതും വലുതുമായ വെടിക്കെട്ടുകള്‍ കേരളത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. പരവൂരില്‍ ദുരന്തം ഉണ്ടായതുകൊണ്ട് വെടിക്കെട്ടുകള്‍ ആകെ നിരോധിക്കണം എന്ന അഭിപ്രായം ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്. മനുഷ്യജീവന് വിലകല്‍പിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങള്‍ വേണം എന്ന ചര്‍ച്ചയും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. അത്തരം ചര്‍ച്ചകള്‍ക്കിടയില്‍ പരവൂര്‍ ദുരന്തത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ ആരെന്നും യഥാര്‍ത്ഥ കാരണം എന്തെന്നുമുള്ള അന്വേഷണം വഴിതെറ്റിക്കൂട. അന്വേഷണം കുറ്റമറ്റ രീതിയില്‍ നടക്കുകയും ഉത്തരവാദികളായ എല്ലാവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരികയും വേണം. പക്ഷപാതരഹിതവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിന്റേതാണ്.

ഇവിടെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ എന്തുകൊണ്ട് ഉത്തരമില്ലാതെ അവശേഷിക്കുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചിട്ടും എങ്ങനെ വെടിക്കെട്ട് നടന്നു; എന്തുകൊണ്ട് പൊലീസ് വെടിക്കെട്ട് തടഞ്ഞില്ല എന്നതിന് വിഷയം കോടതിയിലെത്തിയശേഷവും അധികൃതരുടെ ഭാഗത്തുനിന്നും കൃത്യമായ മറുപടി ഉണ്ടായിട്ടില്ല. കലക്ടറുടെ ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ എന്തുകൊണ്ട് ഇതുവരെ നടപടിയെടുത്തില്ലെന്ന് ഹൈക്കോടതിക്കു ചോദിക്കേണ്ടിവന്നു. കുറ്റം തടയാനുള്ള ബാധ്യത പൊലീസിനായിരുന്നു. പൊലീസിന് വീഴ്ച പറ്റി. റവന്യൂ സംവിധാനവും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. ഇത് ഒരു സര്‍ക്കാരിന് കോടതിയില്‍നിന്ന് കിട്ടാനുള്ള ഏറ്റവും വലിയ പ്രഹരമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായി നിന്നതാണ് ഈ മഹാദുരന്തത്തിനു കാരണം എന്ന് കോടതിക്ക് ഇതില്‍ക്കൂടുതല്‍ വ്യക്തമായി പറയാനാകില്ല.

ഇത്തരം നിഷ്‌ക്രിയത്വത്തിലേക്ക് നയിച്ചത് ബാഹ്യസമ്മര്‍ദമാണോ എന്ന് കോടതി സംശയിച്ചു. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഉണ്ടായത്. ജീവിക്കാനുള്ള അവകാശം പൗരന്റെ പരമമായ അവകാശമാണ്. അതാണ് നിഷേധിക്കപ്പെട്ടത്. ജനങ്ങളുടെ ജീവന് രക്ഷ നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ അത് നിയമവാഴ്ചയുടെ പരാജയമാണ്- കോടതി സര്‍ക്കാരിനെതിരെ കൃത്യമായ കുറ്റപത്രം തന്നെയാണ് തയ്യാറാക്കിയത്.

ദുരന്തവാര്‍ത്ത അറിഞ്ഞയുടനെ മറ്റെല്ലാ പരിപാടികളും മാറ്റിവെച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി തീരുമാനിച്ചത്. ആവശ്യമായ ഫണ്ട് റിലീസ് ചെയ്യണമെന്നും അതിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമാകരുതെന്നും അക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രദ്ധിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. മുന്നണി പ്രവര്‍ത്തകര്‍ രക്തദാനത്തിനും മറ്റ് സഹായങ്ങള്‍ക്കും സ്വയം സന്നദ്ധരായി മുന്നോട്ടുവന്നു. ഈ ദുരന്തം ഒരു തരത്തിലുമുള്ള രാഷ്ട്രീയ മുതലെടുപ്പിനും ഉപയോഗിക്കപ്പെടരുത് എന്ന നിര്‍ബന്ധബുദ്ധിയോടെയാണ് എല്‍ഡിഎഫ് ഇടപെട്ടത്. എന്നാല്‍, ദുരന്തത്തെ സിപിഐ എമ്മിനും മുസ്ലിങ്ങള്‍ക്കുമെതിരായ പ്രചാരണത്തിന് ആയുധമാക്കാന്‍ സംഘപരിവാറിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായി. ബോംബ് സ്‌ഫോടനമാണ് നടന്നതെന്നും ഹിന്ദു സഹോദരങ്ങളാണ് കൊല്ലപ്പെട്ടതെന്നും ഗൂഢാലോചനയാണെന്നും സിപിഐ എം നിറഞ്ഞ ദേവസ്വംബോര്‍ഡാണ് ഉത്തരവാദിയെന്നും തീവ്രവാദ പശ്ചാത്തലമുള്ളവര്‍ക്കാണ് കരാര്‍ നല്‍കിയതെന്നും ആര്‍എസ്എസ് ബന്ധമുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് വ്യാപകമായ പ്രചാരണമുണ്ടായി. ജനങ്ങളുടെ ശക്തമായ ഇടപെടലും മാധ്യമങ്ങളുടെ ജാഗ്രതയും അത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തി. അതിവൈകാരികതയിലൂടെ സര്‍ക്കാരിന്റെ അനാസ്ഥ മറച്ചുവെക്കാനുള്ള ശ്രമമാണ് യുഡിഎഫില്‍നിന്ന് ഉണ്ടായത്.

രാഷ്ട്രീയ മുതലെടുപ്പിനല്ല ഇനി ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് എല്ലാ ഭാഗത്തുനിന്നും ശ്രമം വേണ്ടത്. വെടിമരുന്ന് കൈകാര്യം ചെയ്യുന്ന വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കപ്പെടണം. സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ണമായി പാലിക്കപ്പെട്ടാലേ വെടിക്കെട്ടുകള്‍ നടത്താവൂ എന്ന നിര്‍ബന്ധം ഉണ്ടാകണം. കഴിഞ്ഞദിവസങ്ങളില്‍ വന്ന വാര്‍ത്ത പരവൂരില്‍ മത്സരകമ്പം നടക്കുന്ന കാര്യം പൊലീസിന് അറിയില്ലായിരുന്നുവെന്ന മട്ടിലാണ്. നാട്ടിലെ ഏതു സൂക്ഷ്മചലനങ്ങളും മുന്‍കൂട്ടി മനസ്സിലാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ ശേഷിയുള്ള പൊലീസിന് പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുകയും പരസ്യപ്രഖ്യാപനത്തോടെ നടത്തുകയും ചെയ്യുന്ന മത്സരവെടിക്കെട്ടിനെക്കുറിച്ച് അറിയില്ലായിരുന്നു എന്ന പരിഹാസ്യമായ ന്യായീകരണത്തില്‍തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ലാഘവബുദ്ധി പ്രകടമാണ്. ഒരു കാര്യം ഉറപ്പിച്ചുപറയാനാകും. വെടിക്കെട്ടിനായാലും മറ്റേത് ആഘോഷത്തിനായാലും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കണം. ഉല്ലാസത്തിന് സംഘടിപ്പിക്കുന്ന പരിപാടികള്‍ ജീവനാശത്തിന് കാരണമാകരുത്. ആധുനിക സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി എങ്ങനെ ഈ നിയന്ത്രണങ്ങള്‍ നടപ്പാക്കാം എന്ന ചര്‍ച്ചയും ക്രിയാത്മകമായ തീരുമാനങ്ങളുമാണ് വേണ്ടത്. അതാണ് പരവൂര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് നല്‍കാനുള്ള ഉചിതമായ ആദരം.