18 January 2019, Friday

പെട്രോള്‍ വിലവര്‍ധന:ജനരോഷം ഇരമ്പുന്നു; 11 മാസം 11 തവണ; കൂടിയത് 30 ശതമാനം

പെട്രോളിന് 5.39 രൂപ കൂട്ടി


നിയമസഭാ തെരഞ്ഞെടുപ്പുഫലം വന്നതിനു പിന്നാലെ പെട്രോള്‍വില ലിറ്ററിന് അഞ്ചുരൂപ കൂട്ടി. കേരളത്തില്‍ നികുതിയടക്കം 5.39 രൂപ വര്‍ധിക്കും. വിലവര്‍ധന ശനിയാഴ്ച അര്‍ധരാത്രി നിലവില്‍വന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിലവര്‍ധനയാണിത്. കഴിഞ്ഞ ജൂണില്‍ പെട്രോള്‍വിലനിയന്ത്രണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയശേഷം ലിറ്ററിന് 15 രൂപയിലേറെ വര്‍ധനയാണ് 11 മാസത്തിനിടെ ഉണ്ടായത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് മൂന്നുമാസമായി എണ്ണക്കമ്പനികള്‍ വിലവര്‍ധന മാറ്റിവച്ചതായിരുന്നു. അതുകൊണ്ടാണ് ഒറ്റയടിക്ക് അഞ്ചുരൂപ വര്‍ധിപ്പിച്ചതെന്നാണ് പെട്രോളിയം മന്ത്രാലയവൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. ഡീസല്‍ വില വര്‍ധനയ്ക്കുള്ള തീരുമാനമെടുക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ ഉപസമിതി അടുത്ത ബുധനാഴ്ച ചേരും. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ സബ്സിഡി ഒഴിവാക്കുന്ന കാര്യവും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ , ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പുകളില്‍ 4.99 രൂപ മുതല്‍ 5.01 രൂപവരെയാണ് ഡല്‍ഹയില്‍ വര്‍ധിക്കുക. വിവിധ സംസ്ഥാനങ്ങളിലെ നികുതികള്‍കൂടിയാകുമ്പോള്‍ വില പിന്നെയും വ്യത്യാസപ്പെടും. നിലവിലെ സാഹചര്യത്തില്‍ പത്തുരൂപവരെ വില വര്‍ധിപ്പിക്കേണ്ടതാണെന്നും മറ്റൊരു വിലവര്‍ധന ഉടന്‍ ഉണ്ടാകുമെന്നും പെട്രോളിയം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അന്താരാഷ്ട്രവിലയ്ക്കനുസരിച്ച് പെട്രോള്‍വില സ്വയം നിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയ രണ്ടാം യുപിഎ സര്‍ക്കാരിന്റെ തീരുമാനമാണ് ജനങ്ങള്‍ക്കുമേല്‍ ഇടിത്തീയായി പതിക്കുന്നത്. പുതിയ സംവിധാനത്തില്‍ പെട്രോള്‍വില വര്‍ധനയ്ക്ക് സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. എന്നാല്‍ , അനൗദ്യോഗികമായ അംഗീകാരം സര്‍ക്കാര്‍ നല്‍കാതെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കാറില്ല. നിലവിലുള്ള അന്താരാഷ്ട്രവിലയ്ക്ക് അനുസരിച്ച് പെട്രോള്‍വില നിജപ്പെടുത്തണമെങ്കില്‍ ലിറ്ററിന് ഒമ്പതരമുതല്‍ പത്തു രൂപവരെ വര്‍ധിപ്പിക്കണമെന്നാണ് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ , ഇത്രയും തുക ഒറ്റയടിക്ക് കൂട്ടുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്നും രണ്ടുമൂന്ന് മാസത്തിനിടെ പല ഘട്ടമായി ഈ നിലയിലേക്ക് വില ഉയര്‍ത്തിയാല്‍ മതിയെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഈ സാഹചര്യത്തില്‍ ആഴ്ചകള്‍ക്കകം ഇനിയും വില വര്‍ധിക്കും.

ഡീസല്‍ , പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലവര്‍ധനയും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. എണ്ണക്കമ്പനികള്‍ക്ക് സബ്സിഡി നല്‍കുന്നത് ബാധ്യതയാണെന്നും അതിനാല്‍ വിലവര്‍ധിപ്പിക്കാതെ തരമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഡീസല്‍ വിലവര്‍ധന അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ സബ്സിഡി ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ സബ്സിഡി നിരക്കില്‍ നല്‍കുന്ന എല്‍പിജി സിലിണ്ടറുകളുടെ എണ്ണം നിജപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. വര്‍ഷം ആറു സിലിണ്ടര്‍മാത്രം സബ്സിഡിയോടെ നല്‍കിയാല്‍ മതിയെന്നാണ് നന്ദന്‍ നിലേകനിയുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശചെയ്തത്. പിന്നീട് നാലായി ചുരുക്കണമെന്നും ശുപാര്‍ശയുണ്ട്. വില 650-700 രൂപയായി വര്‍ധിക്കും. മണ്ണെണ്ണയുടെ സബ്സിഡിയും എടുത്തുകളയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

11 മാസം 11 തവണ; കൂടിയത് 30 ശതമാനം


ഒരുവര്‍ഷത്തിനിടെ രാജ്യത്ത് പെട്രോള്‍വില വര്‍ധിച്ചത് 30 ശതമാനത്തിലേറെ. വിലനിയന്ത്രണം കമ്പനികള്‍ക്ക് വിടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ച ജൂണ്‍ 25നു 47.93 രൂപയായിരുന്നു (ഡല്‍ഹി വില) പെട്രോളിന്. തുടര്‍ന്നുള്ള 11 മാസക്കാലയളവില്‍ പത്തുതവണയായി 14 രൂപയോളമാണ് വിലകൂട്ടിയത്. കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ നികുതിനിരക്കില്‍ വരുത്തിയ മാറ്റം 1.54 രൂപയുടെ വര്‍ധനയ്ക്കും വഴിയൊരുക്കി. ചുരുക്കത്തില്‍ ഒരു വര്‍ഷത്തിനിടെ 15.42 രൂപയാണ് പെട്രോളിന് കൂടിയത്. വിലനിയന്ത്രണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയശേഷമുള്ള ഏറ്റവുമുയര്‍ന്ന വിലക്കയറ്റമാണ് ഇപ്പോഴത്തെ അഞ്ചു രൂപ വര്‍ധന, അതായത് ഒമ്പതു ശതമാനത്തോളം.

ഡിസംബര്‍ മുതലുള്ള ആറുമാസത്തില്‍ 14 രൂപയോളമാണ് എണ്ണക്കമ്പനികള്‍ വില കൂട്ടിയത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ച് വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിന് പിറ്റേന്ന് തന്നെ മൂന്നരരൂപ കൂട്ടി 47.93 രൂപയില്‍ നിന്ന് 51.43 രൂപയാക്കി. ഇതോടൊപ്പം ഡീസല്‍ വിലയും 38.10 രൂപയില്‍ നിന്ന് 40.10 രൂപയായി കുതിച്ചുയര്‍ന്നു. തോന്നുംപോലെ വിലകൂട്ടാന്‍ "ലൈസന്‍സ്" ലഭിച്ച എണ്ണക്കമ്പനികള്‍ അവസരം മുതലെടുത്തു. ജൂണ്‍ 25 മുതല്‍ ജനുവരി 15 വരെ പല കാരണം പറഞ്ഞ് ഇന്ധനവില ഒമ്പതു വട്ടം കൂട്ടി. സെപ്തംബറില്‍ മൂന്നുതവണ 66 പൈസ വര്‍ധിപ്പിച്ചു. ഒക്ടോബര്‍ 17നു72 പൈസ കൂട്ടി. നവംബറില്‍ 32 പൈസ വര്‍ധിപ്പിച്ചു. 2010 ഡിസംബറിലും 2011 ജനുവരിയിലുമാണ് വലിയ വര്‍ധന വരുത്തിയത്. ഡിസംബര്‍ 15നു 3.18 രൂപ കൂട്ടി. സ്പെക്ട്രം അഴിമതി പ്രശ്നത്തിലുണ്ടായ ബഹളത്തില്‍ നടപടികളിലേക്ക് കടക്കാനാകാതെ പാര്‍ലമെന്റ് പിരിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു ഈ വര്‍ധന. തുടര്‍ന്ന് ജനുവരിയില്‍ രണ്ടുതവണയായി 5.50 രൂപ കൂട്ടി.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് പെട്രോള്‍ വിലവര്‍ധന മാറ്റിവച്ചത്. പൊതുബജറ്റിലൂടെ ഇന്ധനവില വര്‍ധിപ്പിച്ച ആദ്യ സര്‍ക്കാരെന്ന കുപ്രസിദ്ധിയും രണ്ടാം യുപിഎക്കുണ്ട്. പൊതുബജറ്റില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 27ന് പെട്രോള്‍ വില ആറു ശതമാനവും ഡീസല്‍ വില 7.75 ശതമാനവും ഉയര്‍ന്നു. ഇന്ധനവില കുത്തനെ കൂട്ടാന്‍ എണ്ണക്കമ്പനികളെ അനുവദിച്ച സര്‍ക്കാര്‍ നടപടി വിലക്കയറ്റം കൂടുതല്‍ ദുഷ്കരമാക്കും. പത്തുശതമാനത്തില്‍ നിന്ന് അടുത്തിടെ താഴ്ന്ന ഭക്ഷ്യപണപ്പെരുപ്പം വീണ്ടും രണ്ടക്ക സംഖ്യയിലേക്ക് കുതിക്കുമെന്ന് തീര്‍ച്ചയാണ്. പെട്രോള്‍ വിലവര്‍ധനയ്ക്കു പിന്നാലെ ഡീസല്‍ , പാചകവാതക വിലയും വര്‍ധിപ്പിക്കും. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക മന്ത്രിതലസമിതി ഉടന്‍ യോഗം ചേരും.


പെട്രോള്‍ വില വര്‍ധന : ജനരോഷം ഇരമ്പുന്നു

ജനങ്ങളെ വെല്ലുവിളിച്ച് പെട്രോള്‍ വില കുത്തനെ ഉയര്‍ത്തിയ നടപടിയില്‍ നാടാകെ പ്രതിഷേധം ഇരമ്പുന്നു. ഞായറാഴ്ച സംസ്ഥാനത്തൊട്ടാകെ എല്ലാ വിഭാഗം ജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. പെട്രോള്‍ വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കേരളം സ്തംഭിക്കുന്ന പ്രതിരോധത്തിന് വരും ദിവസങ്ങള്‍ സാക്ഷ്യം വഹിക്കുമെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ മുന്നറിയിപ്പു നല്‍കി. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ സംസ്ഥാനത്താകെ യുവജനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രകടനവും ഉപരോധവും സംഘടിപ്പിച്ചു. വില്ലേജ്- ലോക്കല്‍ കേന്ദ്രങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടത്തിയായിരുന്നു പ്രതിഷേധം.

തിരുവനന്തപുരം നഗരത്തില്‍ ഏജീസ് ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. പ്രകടനത്തില്‍ പങ്കെടുത്തവര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ കോലം കത്തിച്ചു. തിങ്കളാഴ്ച എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം സംഘടിപ്പിക്കും. ജീവനക്കാര്‍ , തൊഴിലാളികള്‍ , വീട്ടമ്മമാര്‍ , വിദ്യാര്‍ഥികള്‍ എന്നിവര്‍ പ്രതിഷേധത്തില്‍ അണിനിരക്കും. കഴിഞ്ഞ ജൂണില്‍ പെട്രോള്‍ വില നിയന്ത്രണം എടുത്തുകളഞ്ഞ ശേഷം ഒരു ലിറ്റര്‍ പെട്രോളിന് 16 രൂപയോളമാണ് വര്‍ധിപ്പിച്ചത്. രാജ്യം ദുസ്സഹമായ വിലക്കയറ്റത്തിന്റെ പിടിയിലമര്‍ന്ന പശ്ചാത്തലത്തിലാണ് എണ്ണക്കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരമൊരുക്കുന്നത്.
 

പാചകവാതകം, ഡീസല്‍ വിലവര്‍ധന ഈയാഴ്ചതന്നെ

പെട്രോള്‍വില കുത്തനെ കൂട്ടിയതിനു പുറകെ ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലയും ഈയാഴ്ച വര്‍ധിപ്പിക്കും. ഇന്ധനവില സംബന്ധിച്ച മന്ത്രിസഭാ സമിതി ഈയാഴ്ച യോഗം ചേര്‍ന്ന് ഇക്കാര്യം തീരുമാനിക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. മണ്ണെണ്ണ വില വര്‍ധിപ്പിക്കുന്നതും സമിതിയുടെ പരിഗണനയിലുണ്ട്. പെട്രോള്‍ വില അഞ്ചു രൂപ കൂടി ഉടന്‍ കൂട്ടുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ എസ് ബുട്ടോലയും അറിയിച്ചു. ഡീസല്‍ വില ലിറ്ററിന് നാലുരൂപയും പാചകവാത സിലിണ്ടറിന് 25 രൂപ മുതല്‍ 50 രൂപ വരെയും കൂട്ടാനുമാണ് നീക്കം. അന്താരാഷ്ട്ര കമ്പോളത്തിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ വിലയ്ക്കാണ് ഡീസലും പാചകവാതകവും വില്‍ക്കുന്നതെന്നും ഇത് അധികകാലം തുടരാനാവില്ലെന്നും മുഖര്‍ജി കൊല്‍ക്കത്തയില്‍ പറഞ്ഞു. പെട്രോള്‍ വില വര്‍ധിപ്പിച്ചതില്‍ കേന്ദ്രസര്‍ക്കാരിന് പങ്കില്ലെന്നും എണ്ണക്കമ്പനികളാണ് വില വര്‍ധിപ്പിച്ചതെനും മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.

2009ല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പെട്രോള്‍വില 50 ശതമാനത്തോളം വര്‍ധിപ്പിച്ചു. ഒരു വര്‍ഷത്തിനകം 30 ശതമാനം വിലവര്‍ധന അടിച്ചേല്‍പ്പിച്ചു. അന്താരാഷ്ട്ര വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പെട്രോളിന് 10.50 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്ന് ഐഒസി ചെയര്‍മാന്‍ ബുട്ടോല പറഞ്ഞു. നിലവില്‍ അഞ്ച് രൂപ മാത്രമാണ് വര്‍ധിപ്പിച്ചത്. ബാക്കി വരുന്ന തുകയും ഉടന്‍ വര്‍ധിപ്പിക്കും അദ്ദേഹം അറിയിച്ചു. അന്തരാഷ്ട്ര കമ്പോളത്തില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറയുമ്പോഴാണ് വില വര്‍ധിച്ചുവെന്ന് പറഞ്ഞ് എണ്ണക്കമ്പനികള്‍ വില ഉയര്‍ത്തിയത്. നീമെക്സ് അസംസ്കൃത എണ്ണയ്ക്ക് വീപ്പയ്ക്ക് 113 ഡോളറില്‍നിന്ന് 99 ഡോളറായി വില കുറഞ്ഞു. ബ്രെന്റ് അസംസ്കൃത എണ്ണയ്ക്കാകട്ടെ 126 ഡോളറില്‍ നിന്ന് 113 ഡോളറായി കുറഞ്ഞു. ഇന്ത്യ ഉപയോഗിക്കുന്ന അസംസ്കൃത എണ്ണയുടെ വിലയും 119.40 ഡോളറില്‍നിന്ന് 113.09 ഡോളറായി കുറഞ്ഞപ്പോഴാണ് വില വര്‍ധിപ്പിച്ചത്.

ക്രൂരമായ പ്രഹരം: ഇടതുപക്ഷം

ന്യൂഡല്‍ഹി: വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് യുപിഎ സര്‍ക്കാര്‍ നല്‍കിയ ക്രൂരമായ പ്രഹരമാണ് പെട്രോള്‍ വില വര്‍ധനയെന്ന് നാല് ഇടതുപക്ഷ പാര്‍ടികള്‍ അഭിപ്രായപ്പെട്ടു. വിലനിയന്ത്രണം എടുത്ത് കളഞ്ഞ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ , ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ്, ആര്‍എസ്പി സെക്രട്ടറി അബനിറോയ് എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിലവര്‍ധനക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും പ്രസ്താവന ജനങ്ങളോടഭ്യര്‍ഥിച്ചു.

പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയടെ വര്‍ധനവാണ് സര്‍ക്കാര്‍ വരുത്തിയത്. പെട്രോളിന്റെ വില നിയന്ത്രണം എടുത്ത് കളഞ്ഞ ശേഷം എല്ലാ മാസവും വില വര്‍ധിപ്പിക്കുകയാണ്. എന്നാല്‍ , ഈ വര്‍ഷം ജനുവരിമുതല്‍ എണ്ണക്കമ്പനികള്‍ വിലകൂട്ടിയിട്ടില്ല. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചായിരിക്കണം നടപടി. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനാണ് വില വര്‍ധിപ്പിച്ചതും. ഇതു തെളിയിക്കുന്നത് പെട്രോളിയം വില വര്‍ധന രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിച്ചുവെന്നാണ്. ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മൂല്യാധിഷ്ഠിത നികുതി ഘടനയില്‍ മാറ്റം വരുത്താന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. അന്താരാഷ്ട്രക്കമ്പോളത്തില്‍ വില കൂടുന്നതിനനുസരിച്ച് സര്‍ക്കാരിന് അധികമായി ലഭിക്കുന്ന സെസ് വരുമാനം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയാല്‍ വില വര്‍ധിപ്പിക്കേണ്ടിവരില്ല. അത് ജനങ്ങള്‍ക്ക് ആശ്വാസമാകുകയും ചെയ്യും. വര്‍ധിച്ച പണപ്പെരുപ്പവും വിലക്കയറ്റവും സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നയം ജനങ്ങള്‍ക്ക് സ്വീകാര്യമാകില്ല- പ്രസ്താവനയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ യുപിഎ സര്‍ക്കാരിന്റെ യഥാര്‍ഥ നിറം വ്യക്തമായതായി സിഐടിയു കേന്ദ്ര സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു. വില വര്‍ധനവ് പിന്‍വലിക്കാനും നികുതിഘടന യുക്തിപരമാക്കാനും സര്‍ക്കാര്‍ തയ്യാറാകണം. വില വര്‍ധനവിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും സിഐടിയു തൊഴിലാളികളോട് അഭ്യര്‍ഥിച്ചു. അന്താരാഷ്ട്രക്കമ്പോളത്തില്‍ അസംസ്കൃത എണ്ണയ്ക്ക് 113.7 ഡോളറായി ഉയര്‍ന്ന സാഹചര്യത്തിലാണ് വില വര്‍ധിപ്പിച്ചതെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിക്കാനാകില്ല. പെട്രോളിയം വിലയുടെ പകുതിയിലധികവും നികുതിയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്കാണ് പോകുന്നത്. മാത്രമല്ല എണ്ണ ശുദ്ധീകരണത്തിന് ഇന്ത്യയില്‍ ചെലവു കുറവാണ്. എന്നാല്‍ , അതിന്റെ ഇളവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. അന്താരാഷ്ട്രക്കമ്പോളത്തിലെ വിലവര്‍ധന ചൂണ്ടിക്കാട്ടി ആഭ്യന്തരകമ്പോളത്തില്‍ വില വര്‍ധിപ്പിക്കുന്നത് ന്യായീകരിക്കാനാകില്ല-സിഐടിയു പറഞ്ഞു.

വിമാന ഇന്ധനത്തിന് പെട്രോളിനേക്കാള്‍ കുറഞ്ഞ വില

കഴിഞ്ഞ ദിവസത്തെ വര്‍ധനയോടെ രാജ്യത്ത് പെട്രോളിനേക്കാള്‍ കുറഞ്ഞ വില വ്യോമ ഇന്ധനത്തിന്. അഞ്ചു രൂപ വര്‍ധിപ്പിച്ചതോടെ രാജ്യതലസ്ഥാനത്ത് 63.37 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. മറ്റിടങ്ങളില്‍ ഇത് 67 രൂപ വരെയെത്തും. എന്നാല്‍ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന് (എ ടി എഫ്) 60.56 രൂപയാണ് ഡല്‍ഹിയിലെ വില.

പെട്രോള്‍ വില കുത്തനെ ഉയര്‍ത്തിയതിനു പിറ്റേന്ന് വിമാന ഇന്ധനത്തിന്റെ വിലയില്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ കുറവു വരുത്തിയിരുന്നു. 2.9 ശതമാനത്തിന്റെ കുറവാണ് എവിയേഷന്‍ ടര്‍ബന്‍ ഫ്യുവലില്‍ വരുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില കുറഞ്ഞ സാഹചര്യത്തിലാണ് എ ടി എഫ് വില കുറയ്ക്കുന്നതെന്ന് കമ്പനികള്‍ അറിയിച്ചു.
കിലോലിറ്ററില്‍ 1766 രൂപയുടെ കുറവാണ് വ്യോമ ഇന്ധനത്തില്‍ വരുത്തിയിട്ടുള്ളത്. ഇതനുസരിച്ച് 58,794 രൂപയാണ് ഒരു കിലോലിറ്റര്‍ വ്യോമ ഇന്ധനത്തിന് ഡല്‍ഹിയിലെ വില. പുതിയ വില കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.

അതേസമയം ഇന്ധന വില കുറച്ചതിലൂടെ ടിക്കറ്റ് നിരക്കില്‍ കുറവു വരുത്തുമോയെന്ന കാര്യത്തില്‍ വിമാന കമ്പനികള്‍ വ്യക്തത നല്‍കിയിട്ടില്ല.

പെട്രോളിനെ അപേക്ഷിച്ച് കുറഞ്ഞ നികുതിയാണ് സര്‍ക്കാര്‍ എ ടി എഫിന് ഈടാക്കുന്നത്. ഏഴര ശതമാനം കസ്റ്റംസ് തീരുവയാണ് പെട്രോളിനു നല്‍കേണ്ടിവരുന്നത്. എ ടി എഫിന് കസ്റ്റംസ് തീരുവയില്ല. ഒരു ലിറ്റര്‍ പെട്രോളിന് എട്ടു രൂപ എക്‌സൈസ് തീരുവ നല്‍കേണ്ടിവരുമ്പോള്‍ എ ടി എഫിന് അതും ഇല്ല.

മെയ് 20ന് വാഹന പണിമുടക്ക്

കോഴിക്കോട്: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് മെയ് 20ന് വാഹന പണിമുടക്ക് നടത്താന്‍ മോട്ടോര്‍ തൊഴിലാളി യൂണിയനുകളുടെ സംയുക്ത കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ ബിഎംഎസ് നേതാവ് കെ ഗംഗാധരന്‍ അധ്യക്ഷനായിരുന്നു. സിഐടിയു നേതാവ് പി വി കൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ബസ് മുതല്‍ ചെറുകിട മോട്ടോര്‍ വാഹനങ്ങളിലെവരെയുള്ള ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്.

പെട്രോള്‍ : കേരളത്തിന് മാസം 47.62 കോടി നഷ്ടം

പെട്രോള്‍ വില വര്‍ധനയിലൂടെ മലയാളികളുടെ കീശയില്‍നിന്ന് ചോരുന്നത് മാസം 47.62 കോടി രൂപ. 28,55,800 ലിറ്റര്‍ പെട്രോളാണ് കേരളത്തില്‍ പ്രതിദിനം ശരാശരി വില്‍ക്കുന്നത്. കേരളത്തില്‍ നികുതിയടക്കം ലിറ്ററിന് 5.39 രൂപ വില വര്‍ധിച്ചു. ഇതുപ്രകാരം 1.53 കോടിരൂപ ദിവസവും മലയാളിയുടെ കൈയില്‍നിന്ന് ചെലവാകും. തിരുവനന്തപുരത്ത് 67.13 രൂപയാണ് ഐഒസി പെട്രോള്‍ വില. 2010 ജൂണിന് ശേഷം 11 തവണയാണ് പെട്രോള്‍ വില വര്‍ധിപ്പിച്ചത്. പെട്രോള്‍ വില വര്‍ധിപ്പിച്ചതിനു പിന്നാലെ ഡീസല്‍ , പാചക വാതക വിലകൂടി വര്‍ധിക്കുന്നതോടെ മലയാളിയുടെ കുടുംബ ബജറ്റ് ആകെ താളംതെറ്റും.

പെട്രോള്‍ വില വര്‍ധിപ്പിച്ചതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ഡീസല്‍ , പാചക വാതക വിലവര്‍ധനയും പരിഗണിക്കുന്നത്. പെട്രോള്‍ വിലവര്‍ധന പ്രധാനമായും ഇരുചക്ര വാഹനങ്ങളെയും ഓട്ടോറിക്ഷകളെയുമാണ് ബാധിക്കുന്നത്. വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഈ മാസം 20ന് മോട്ടോര്‍ വാഹന തൊഴിലാളികളുടെ സംയുക്ത സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തുകഴിഞ്ഞു. ഇനി ഡീസല്‍ , പാചക വാതകവില വര്‍ധിപ്പിക്കുന്നതോടെ ജീവിതച്ചെലവ് കുതിച്ചുയരും. ഡീസല്‍ വില വര്‍ധിക്കുന്നതോടെ ചരക്കുവാഹനങ്ങള്‍ നിരക്ക് വര്‍ധിപ്പിക്കും. അരിയും പച്ചക്കറിയുമുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ഇത് വന്‍ തിരിച്ചടിയാകും. ബസ് ചാര്‍ജും വര്‍ധിപ്പിക്കേണ്ടിവരും.

ഇതിനിടെ പെട്രോളിയം വില വര്‍ധിപ്പിച്ചപ്പോള്‍ തങ്ങളുടെ കമീഷന്‍ വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് പെട്രോളിയം ഡീലര്‍മാരും സമരത്തിന് ഒരുങ്ങുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ നഷ്ടം വരുന്നുവെന്ന് നിരന്തരം വാദിക്കുന്ന എണ്ണക്കമ്പനികള്‍ പുതിയ പമ്പുകള്‍ക്ക് നിയന്ത്രണമില്ലാതെ അനുമതി നല്‍കുന്നത് എന്തിനാണെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്ദ് എം ഖാന്‍ ചോദിച്ചു. 2000ല്‍ 650 പമ്പാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 1760 പമ്പുകളുണ്ട്. ഇതിനു പുറമെ റിലയന്‍സിന്റെ 29 പമ്പും എസ്സാറിന്റെ 28 പമ്പും കേരളത്തിലുണ്ട്. റിലയന്‍സും എസ്സാറും, പമ്പ് നഷ്ടത്തിലായതിനെത്തുടര്‍ന്ന് ഇടക്കാലത്ത് അടച്ചിട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍വിലയിലുള്ള നിയന്ത്രണം എടുത്തുകളഞ്ഞതോടെയാണ് അടച്ചിട്ട ഈ പമ്പുകള്‍ വീണ്ടും തുറന്നത്.

undefined: undefined »