26 September 2017, Tuesday

പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെയുള്ള ഏകപക്ഷീയമായി നടപടി പ്രതിഷേധാര്‍ഹം:വൈക്കം വിശ്വന്‍

നിയമസഭയില്‍ കഴിഞ്ഞദിവസം നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ഏകപക്ഷീയമായി നടപടി എടുത്തതില്‍ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ ശക്തമായി പ്രതിഷേധിച്ചു.

അഴിമതിക്കേസില്‍ പ്രതിയായ കെ.എം. മാണി ബഡ്‌ജറ്റ്‌ അവതരിപ്പിക്കരുത്‌ എന്നാവശ്യപ്പെട്ടുകൊണ്ടാണ്‌ എല്‍.ഡി.എഫ്‌ എം.എല്‍.എമാര്‍ നിയമസഭയ്‌ക്കകത്ത്‌ പ്രതിഷേധം ഉയര്‍ത്തിയത്‌. ഇക്കാര്യം നേരത്തെതന്നെ ഗവര്‍ണ്ണര്‍ ഉള്‍പ്പെടെ ഉള്ളവരെ അറിയിക്കുകയും ചെയ്‌തതാണ്‌. എന്നാല്‍, ഈ പ്രതിഷേധത്തെ വകവയ്‌ക്കാതെ വാച്ച്‌ & വാര്‍ഡും ഭരണകക്ഷി എം.എല്‍.എമാരും എല്‍.ഡി.എഫ്‌ എം.എല്‍.എമാരെ നേരിടുന്ന നിലയാണുണ്ടായത്‌. വനിതാ അംഗങ്ങളെ ഭരണകക്ഷിയിലെ പുരുഷ എം.എല്‍.എമാര്‍ ആക്രമിക്കുകയും ലൈംഗിക ചുവയോടുകൂടി അപമര്യാദയായി പെരുമാറുകയും ജാതിപ്പേര്‌ വിളിച്ച്‌ അധിക്ഷേപിക്കുകയും ചെയ്‌തു. എന്നാല്‍, ഇത്തരം ചെയ്‌തികള്‍ക്ക്‌ നേതൃത്വം കൊടുത്ത ഭരണകക്ഷി എം.എല്‍.എമാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സ്‌പീക്കര്‍ തയ്യാറായില്ല. നിയമസഭാ ചട്ടങ്ങളെ മറികടന്ന്‌ മുന്‍ സ്‌പീക്കറുടെ മരണത്തില്‍ ദുഃഖാചരണം നിലനില്‍ക്കവെ ലെഡ്ഡു വിതരണം ചെയ്യുകയുമുണ്ടായി. ഇത്തരം കാര്യങ്ങളില്‍ നടപടി സ്വീകരിക്കാതെ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കു നേരെ നടപടി സ്വീകരിച്ചത്‌ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.

എല്ലാ ജനാധിപത്യ മര്യാദകളേയും കാറ്റില്‍പറത്തിക്കൊണ്ട്‌ പ്രതിപക്ഷ എം.എല്‍.എമാരായ ഇ.പി. ജയരാജന്‍, വി. ശിവന്‍കുട്ടി, കെ. അജിത്‌, കുഞ്ഞഹമ്മദ്‌ മാസ്റ്റര്‍, ഡോ. കെ.ടി. ജലീല്‍ എന്നിവരെ ഏകപക്ഷീയമായി സഭയില്‍നിന്നും സസ്‌പെന്റ്‌ ചെയ്‌തിരിക്കുകയാണ്‌. ഈ നടപടിയില്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്‌. അതിന്റെ ഭാഗമായി ഇന്നും നാളയും സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ സമാധാനപരമായി നടത്തണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആഹ്വാനം ചെയ്‌തു.