21 March 2019, Thursday

പ്രതിബദ്ധതയോടെ തൊഴിലാളികള്‍ക്കൊപ്പം

സംഘടിതരും അസംഘടിതരുമായ തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കിയ നിരവധി പദ്ധതികള്‍ അടിസ്ഥാനവിഭാഗങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യമാണ്. ഉത്പാദനം വര്‍ധിപ്പിച്ചും ഉത്പാദനക്ഷമത ഉയര്‍ത്തിയും ഉത്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തിയും ശാന്തമായ തൊഴിലന്തരീക്ഷം സൃഷ്ടിച്ചും ത്രികക്ഷി ചര്‍ച്ചയിലൂടെ തൊഴില്‍തര്‍ക്കങ്ങള്‍ പരിഹരിച്ചും തൊഴില്‍മേഖലയില്‍ ഏറെ വികസനം സൃഷ്ടിക്കാനായി.

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ 1.4 ലക്ഷം എപിഎല്‍ വിഭാഗം ഉള്‍പ്പെടെ 18.75 ലക്ഷം കുടുംബങ്ങളെ അംഗങ്ങളാക്കി ചേര്‍ത്ത് റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. അടുത്ത സാമ്പത്തികവര്‍ഷം 35 ലക്ഷം കുടുംബങ്ങള്‍ക്ക് സൌജന്യചികിത്സക്കുള്ള അവസരമൊരുക്കി. ‘ആം ആദ്മി ബീമാ യോജനയില്‍’ (AABY)) 3.5 ലക്ഷം കുടുംബങ്ങള്‍ക്ക് അംഗത്വം. വിവിധ വിഭാഗം തൊഴിലാളികള്‍ക്ക് 100 രൂപയില്‍നിന്ന് 300 രൂപയാക്കി പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുകയും കൂടുതല്‍ വിഭാഗം തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതികള്‍ ആരംഭിക്കുകയും ചെയ്തു. കടകളിലും വാണിജ്യസ്ഥാപനങ്ങളിലും പണിയെടുക്കുന്ന പത്തു ലക്ഷത്തോളം തൊഴിലാളികള്‍ക്കായി തുടങ്ങിയ ക്ഷേമനിധിയില്‍ മൂന്നരലക്ഷത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു.

പുതിയ കാലത്തെ നിര്‍മാണ പ്രക്രിയയിലേയ്ക്ക് തൊഴിലാളികളുടെ വൈദഗ്ദ്ധ്യം ഉയര്‍ത്തുന്നതിനും അവരെ പ്രാപ്തരാക്കുന്നതിനുമുള്ള കണ്‍സ്ട്രക്ഷന്‍ അക്കാദമി സര്‍ക്കാരിന്റെ ശ്രദ്ധേയമായ പദ്ധതിയാണ്. വ്യവസായമേഖലയിലെ സാങ്കേതിക പുരോഗതി കണക്കിലെടുത്ത് ലോക നിലവാരത്തിലുള്ള തൊഴിലാളികളെ പരിശീലിപ്പിച്ചെടുക്കാന്‍ കേന്ദ്രസഹായത്തോടെ ഐടിഐകളില്‍ ആരംഭിച്ച സെന്റര്‍ ഓഫ് എക്സലന്‍സ് പദ്ധതി കാലത്തിനൊപ്പമുള്ള വളര്‍ച്ചയായി.ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയുടെ പ്രയോജനം രണ്ട് ലക്ഷം പേര്‍ക്ക് ലഭിക്കുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതി ആവിഷ്കരിച്ചു. സംസ്ഥാന കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വരുമാനം കൂട്ടാന്‍, കൈത്തറി തൊഴിലാളി ക്ഷേമ (സെസ്) നിയമം കൊണ്ടുവന്നു. കൈത്തറിത്തൊഴിലാളികളുടെ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തു. ഇളവുകള്‍ നല്‍കി വന്‍കിട തോട്ടങ്ങള്‍ തുറക്കാനും തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും നടപടിയെടുത്തു. തേയിലത്തോട്ട പുനരുദ്ധാരണത്തിന് 1677 കോടിയുടെ പാക്കേജ് കേന്ദ്രത്തിന് സമര്‍പ്പിച്ചു. 41 മേഖലകളില്‍ പുതുക്കിയ കുറഞ്ഞ കൂലി 65 ലക്ഷം തൊഴിലാളികള്‍ക്ക് ഗുണം ചെയ്തു.

2002-ലെ കേരള കയറ്റിറക്ക് നിയമം റദ്ദാക്കി 1978-ലെ ചുമട്ടു തൊഴിലാളി നിയമത്തില്‍ ഭേദഗതി വരുത്തി. ഈ മേഖലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും വേതനം ക്രമപ്പെടുത്താനും ആവശ്യമായ വ്യവസ്ഥ ഉള്‍പ്പെടുത്തുന്നതിനാണിത്. റവന്യൂ ജില്ലയില്‍ ഒന്ന് എന്ന രീതിയില്‍ കമ്മിറ്റികളുടെ എണ്ണം ക്രമപ്പെടുത്താന്‍ ചുമട്ടുതൊഴിലാളി നിയമത്തിന് രണ്ടാം ഭേദഗതി പാസാക്കി. ഇതനുസരിച്ച് ജില്ലാതല സമിതികള്‍ രൂപവത്കരിച്ചു. തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ ആനുകൂല്യം കൂട്ടാനും അംശാദായ വിഹിതം വര്‍ധിപ്പിക്കാനും നിയമഭേദഗതി കൊണ്ടുവന്നു.

കശുവണ്ടിയുടെ കുടിവറുപ്പ് നിരോധനനിയമം ഫലപ്രദമായി നടപ്പാക്കാന്‍ 2008-ലെ കശുവണ്ടി ഫാക്ടറി നിരോധനനിയമത്തില്‍ ഭേദഗതി വരുത്തി. അനധികൃത കുടിവറുപ്പ് നടത്തുന്നവര്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കുന്നതിനാണിത്. രണ്ടുമാസം മുതല്‍ രണ്ടുവര്‍ഷം വരെ നീളാവുന്ന തടവും 25000 മുതല്‍ ഒരു ലക്ഷം വരെ രൂപ പിഴയും ആണ് നിയമലംഘനത്തിനുള്ള ശിക്ഷ. മറ്റേതെങ്കിലും ക്ഷേമനിധിയില്‍ അംഗമാണെന്ന ഒറ്റക്കാരണത്താല്‍ കടകളിലും വാണിജ്യസ്ഥാപനങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികള്‍ക്കായുള്ള പ്രത്യേക ക്ഷേമനിധിയില്‍ അംഗത്വം നിഷേധിക്കപ്പെടുന്ന വ്യവസ്ഥ ഒഴിവാക്കാനും നിയമഭേദഗതി കൊണ്ടുവന്നു. ഈ ക്ഷേമനിധി പ്രകാരം ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യം ലഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനാണിത്. ഇതനുസരിച്ച് കേരള തൊഴിലാളി ക്ഷേമനിധിയില്‍നിന്ന് കടകളിലും വാണിജ്യസ്ഥാപനങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികളെ ഒഴിവാക്കി അവര്‍ക്ക് പുതിയ ക്ഷേമനിധിയില്‍ അംഗത്വമെടുക്കാന്‍ അവസരമൊരുക്കി. മാത്രമല്ല വിഹിതം അടയ്ക്കുന്ന തൊഴിലാളികള്‍ക്കും ശാരീരിക അവശതമൂലം ജോലി ചെയ്യാനാവാതെ വരുന്നവര്‍ക്കും കൂടി ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും നിയമഭേദഗതി കൊണ്ടുവന്നു.

കള്ളുവ്യവസായ തൊഴിലാളികളുടെ പെന്‍ഷനും, അപകടമോ അപകടമരണമോ സംഭവിക്കുന്ന തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കുമുള്ള ആനുകൂല്യങ്ങളും കൂട്ടാന്‍ നിയമഭേദഗതി പാസാക്കി. ഇതനുസരിച്ച് കുറഞ്ഞ പെന്‍ഷന്‍ 150-ല്‍നിന്ന് 500 രൂപയാക്കി. അപകടങ്ങളില്‍ പെടുന്ന തൊഴിലാളികള്‍ക്ക് പരമാവധി 25000 രൂപ ധനസഹായം നല്‍കാനും വ്യവസ്ഥ ചെയ്തു. മേല്‍പറഞ്ഞ നിയമ ഭേദഗതികള്‍ക്കു പുറമേ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ചില ഓര്‍ഡിനന്‍സുകളും വിജ്ഞാപനം ചെയ്തു. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ശോചനീയമായ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ഇതാദ്യമായി ബോര്‍ഡില്‍ തൊഴിലാളി വിഹിതത്തിന് തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായി നല്‍കാനും ഭൂവുടമയുടെ വിഹിതം കൂട്ടാനും നിയമനിര്‍മാണം നടത്തി. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സൂപ്പര്‍ ആന്വേഷന്‍ ഇനത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തീര്‍ക്കുന്നതിനായി 114.9 കോടി രൂപ ഗ്രാന്റായി നല്‍കി. സംസ്ഥാനത്ത് ട്രേഡ് യൂണിയനുകളുടെ ബാഹുല്യം നിയന്ത്രിക്കാനും കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ അസംഘടിത തൊഴിലാളി ക്ഷേമനിധി നിയമം നടപ്പാക്കാനും നടപടി സ്വികരിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്കായി ക്ഷേമ പദ്ധതി ആവിഷ്കരിച്ചു.

കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗമായ തൊഴിലാളി മരണമടഞ്ഞാല്‍ ആശ്രിതര്‍ക്ക് സഹായം നല്‍കാന്‍ ‘സാന്ത്വനം’ പദ്ധതി നടപ്പാക്കി. തൊഴിലാളികളുടെ കുറഞ്ഞ പെന്‍ഷന്‍ 250-ഉം പരമാവധി 450-ഉം രൂപയായി വര്‍ധിപ്പിച്ചു. കുടുംബ പെന്‍ഷന്‍ കുറഞ്ഞത് 100-ല്‍നിന്ന് 125 രൂപയാക്കി. തൊഴിലാളികള്‍ക്കുള്ള ചികിത്സാ ധനസഹായങ്ങളെല്ലാം കൂട്ടി. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ ഇരട്ടിയാക്കി. കശുവണ്ടി വികസന കോര്‍പ്പറേഷന് 70 കോടി രൂപ വകയിരുത്തി. 6000 തൊഴിലാളികള്‍ക്ക് കൂടി നിയമനം ലഭ്യമായി.

പുതിയ 38 ഐടിഐകള്‍ അനുവദിച്ചു. 21 എണ്ണത്തിന്റെ ഗ്രേഡ് ഉയര്‍ത്തി. പഠനം പൂര്‍ത്തിയാവര്‍ക്ക് വിദഗ്ദ്ധപരിശീലനത്തിന് ഫിനിഷിങ് സ്കൂളുകള്‍. എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 58,836 പേര്‍ക്ക് നിയമനം. 3233 പേര്‍ക്ക് 20 കോടിയുടെ സ്വയംതൊഴില്‍ വായ്പ. ചാലക്കുടിയില്‍ പുതിയ എംപ്ളോയ്മെന്റ് ഓഫീസ്. പാരിപ്പള്ളിയില്‍ ഇഎസ്ഐ മെഡിക്കല്‍ കോളജ് നിര്‍മാണം തുടങ്ങി.

സംസ്ഥാനത്ത് വ്യവസായസമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി വിവിധമേഖലകളിലെ  എട്ട് വ്യവസായബന്ധ സമിതികളും’ വ്യവസായബന്ധ ബോര്‍ഡും’ പുനഃസംഘടിപ്പിച്ചു. 2010 അടിസ്ഥാനവര്‍ഷമാക്കി വ്യവസായതൊഴിലാളികള്‍ക്കായുള്ള ‘ഉപഭോക്തൃവിലസൂചിക’ (Consumer Price Index) പുനഃനിര്‍ണ്ണ യിക്കുന്നതിനുള്ള സമിതി പ്രവര്‍ത്തനം ആരംഭിച്ചു. അടഞ്ഞുകിടന്ന 22 തോട്ടങ്ങളില്‍ 17 തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അവസരമൊരുക്കി. ‘ഓവര്‍സീസ് ഡെവലപ്പ്മെന്റ് ആന്റ് എംപ്ളോയ് മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍സ് ലിമിറ്റഡ്’(ODEPC) വഴി 5678 പേര്‍ക്ക് വിദേശത്ത് ജോലിക്ക് സൌകര്യമുണ്ടാക്കി.

ഫാക്ടറികളിലെ രാസാപകടങ്ങള്‍ ഒഴിവാക്കാന്‍ എറണാ കുളത്ത് കെമിക്കല്‍ എമര്‍ജന്‍സി റെസ്പോണ്‍സ് സെന്റര്‍. തൊഴില്‍ ജന്യ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ കൊല്ലത്ത് ‘‘ഒക്കുപേഷണല്‍ ഹെല്‍ത്ത് സെന്റര്“‍. തൊഴില്‍നൈപുണ്യം സ്വായത്തമാക്കാന്‍ എഫ്എസിടിയുമായി ചേര്‍ന്ന് എറണാകുളത്ത് ‘‘കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെല്‍ഡിംഗ് ആന്റ് റിസര്‍ച്ച്. പാചക ത്തൊഴിലാളികള്‍, സ്വകാര്യക്ഷേത്രങ്ങളിലെ ജീവനക്കാര്‍, ഗാര്‍ഹികത്തൊഴിലാളികള്‍ ഇവര്‍ക്കായി പ്രത്യേകം പ്രത്യേകം ക്ഷേമ പദ്ധതികള്‍, പരമ്പരാഗത കരകൌശലത്തൊഴിലാളികളുടെ പരിശീലനത്തിനായി ചന്ദനത്തോപ്പില്‍ കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍. വിധവകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, വിവാഹമോചിതകള്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍, പട്ടിക വര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കായി 50 ശതമാനം സര്‍ക്കാര്‍ സബ്സിഡിയോടെ 50000 രൂപ പലിശരഹിത വായ്പ നല്‍കുന്ന ‘ശരണ്യ’ പദ്ധതി തുടങ്ങിയവയും തൊഴിലാളി കളോടുള്ള സര്‍ക്കാരിന്റെ ശ്രദ്ധയും പരിഗണനയും വ്യക്തമാക്കുന്നു.