26 September 2017, Tuesday

ബജറ്റ് അവതരിപ്പിക്കുന്ന ദിവസം നിയമസഭയിലേക്ക് പ്രതിഷേധ പ്രതിരോധ മാര്‍ച്ച്

ബജറ്റ് അവതരിപ്പിക്കുന്ന ദിവസം നിയമസഭയിലേക്ക് പ്രതിഷേധ പ്രതിരോധ മാര്‍ച്ച് നടത്താന്‍ എല്‍ഡിഎഫ് തീരുമാനിച്ചു.  അന്നേ ദിവസം സഭക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തും. ബാര്‍കോഴ കേസില്‍ പ്രതിയായ കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുവാനാണ് പ്രക്ഷോഭം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രവര്‍ത്തകര്‍ 13 ന് തിരുവനന്തപുരത്ത്  കേന്ദ്രീകരിച്ചാണ് മാര്‍ച്ച് നടത്തുക. അന്നുതന്നെ മണ്ഡലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കും. രാവിലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് തീരുമാനമെടുത്തത്. യോഗത്തിൽ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ അധ്യക്ഷനായി.

മാര്‍ച്ച് 13നാണ് ബജറ്റ് അവതരണം.  12ന് സംസ്ഥാന വ്യാപകമായി പ്രകടനം നടത്തും. കോഴക്കേസില്‍ പ്രതിയായ മന്ത്രിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്നും ആരോപണത്തില്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് സഭക്കകത്തും പുറത്തും എല്‍ഡിഎഫ് നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് സഭയിലേക്ക് മാര്‍ച്ച് നടത്തുന്നത്. ഇക്കാര്യമുന്നയിച്ച് എല്‍ഡിഎഫ് നേതാക്കല്‍ വെള്ളിയാഴ്ച വൈകിട്ട് ഗവര്‍ണറെ കാണും.

സഭ സമ്മേളിക്കുന്ന ആദ്യ ദിനമായ വെള്ളിയാഴ്ച ഗവര്‍ണരുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്ക്കരിച്ചിരുന്നു. മാണിക്കെതിരായ മുദ്രാവാക്യം മുഴക്കിയാണ് സഭ ബഹിഷ്ക്കരിച്ചത്.