25 June 2017, Sunday

ബാര്‍ കോഴ : എല്‍ഡിഎഫ് ഹര്‍ജി നല്‍കി

അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ എം മാണിക്ക് കോഴ നല്‍കിയെന്ന ബാര്‍ ഉടമകളുടെ അസോസിയേഷന്‍ നേതാവിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നാവശ്യപെട്ട് എല്‍ഡിഎഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് കോഴ ആരോപണം അന്വേഷിക്കണമെന്നാവശ്യപെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.വിജിലന്‍സ് മാനുവലിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ലംഘിച്ചെന്ന് ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. ആരോപണവിധേയനായ മന്ത്രിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കിനിര്‍ത്തി വേണം കേസ് അന്വേഷിക്കാനെന്ന് ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടുണ്ട്.ഹര്‍ജി ഡിവിഷന്‍ബെഞ്ച് നാളെ പരിഗണിക്കും.ധനമന്ത്രി കെ എം മാണിക്ക് പാലയില്‍ വച്ച് ഒരു കോടി കോഴ നല്‍കിയെന്ന് ബാറുടമാ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. കോഴ വിവാദത്തില്‍ കൂടുതല്‍ അന്വേഷണം നടത്താതെ സര്‍ക്കാര്‍ ആരോപണം ഒതുക്കാന്‍ ശ്രമിക്കുന്നു എന്ന് ചൂണ്ടികാട്ടിയാണ് എല്‍ഡിഎഫ് കോടതിയെ സമീപിച്ചത്.