12 March 2019, Tuesday

മനോരമ ഇങ്ങനെയൊക്കെയാണ് പ്രചരണം നടത്തുന്നത്...

യുഡിഎഫിനും കോണ്‍ഗ്രസിനുമുളള വക്കാലത്തുകളാണ് തിരഞ്ഞെടുപ്പുകാലത്ത് മനോരമയില്‍ പ്രത്യക്ഷപ്പെടുന്ന ഓരോ വാര്‍ത്തയും വാചകവും വാക്കും. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കെഎം മാണിയും സുധീരനും ചെന്നിത്തലയുമൊന്നും പ്രസംഗിച്ചാലും പ്രസ്താവനയിറക്കിയാലും പത്രസമ്മേളനം നടത്തിയാലുമൊന്നും കൈപ്പത്തിയിലും കോണിയിലും വോട്ടു വീഴില്ലെന്ന് മറ്റാരെക്കാളും നന്നായി മനോരമയ്ക്കറിയാം; മാതൃഭൂമിയ്ക്കും. ഈ പത്രങ്ങളിലൂടെ നടപ്പാകുന്ന സൂക്ഷ്മമായ എഡിറ്റോറിയല്‍ ആസൂത്രണമാണ് യഥാര്‍ത്ഥത്തിലുളള യുഡിഎഫിന്റെ തിരഞ്ഞെടുപ്പു പ്രചരണം. തലക്കെട്ടിനുളള വാക്കുകള്‍ തിരഞ്ഞെടുക്കുന്നതു മുതല്‍ ചില വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നതും മറ്റു ചിലത് തമസ്‌കരിക്കപ്പെടുന്നതും വേറെ ചിലത് അപ്രധാനമായ പേജുകളിലേയ്ക്ക് ഒതുങ്ങുന്നതുമൊക്കെ യുഡിഎഫിനു വേണ്ടിയുളള പരസ്യമായ രാഷ്ട്രീയപ്രചരണത്തിന്റെ സമര്‍ത്ഥമായ നിര്‍വഹണമാണ്.  യുഡിഎഫിനു വേണ്ടി രാഷ്ട്രീയസമ്മതി നിശ്ചയിക്കാനുളള ചുമതല ഏറ്റെടുത്തിട്ടുളള മനോരമയും മാതൃഭൂമിയും പയറ്റിപ്പരിചയിച്ച അടവുകളാണ് ഇപ്പോള്‍ മിക്ക വാര്‍ത്താചാനലുകളും പകര്‍ത്തിയെഴുതുന്നത്. 

പ്രൊപ്പഗാന്‍ഡയുടെ പ്രഖ്യാപിതതന്ത്രങ്ങളും പലയിനം ലോജിക്കല്‍ ഫാലസികളും കലര്‍ത്തി നിര്‍മ്മിക്കുന്ന വാര്‍ത്തകളും വിശകലനങ്ങളും ലക്ഷ്യമിടുന്നത് യുഡിഎഫിന് അനുകൂലവും എല്‍ഡിഎഫിന് പ്രതികൂലവുമായ പൊതുജനാഭിപ്രായങ്ങളാണ്. ഉദാഹരണത്തിന് ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിന് മനോരമ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ശ്രദ്ധിക്കുക. 'സിപിഎം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു, ലാത്തിച്ചാര്‍ജ്, കല്ലേറ്' എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്. വളാഞ്ചേരിയിലാണ് സംഭവം. ''മോഷണക്കേസില്‍ പ്രതിയെന്ന് ആരോപണവിധേയനായ യുവാവിനെ പോലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചു'' എന്നാണ് വാര്‍ത്തയുടെ ഇന്‍ട്രോ.

മോഷണക്കേസില്‍ സംശയിക്കപ്പെട്ട ആളെ പൊലീസ് വിട്ടയച്ചതിന് സിപിഎമ്മുകാര്‍ക്കെന്താ എന്ന് ഏതു വായനക്കാരനെയും ചിന്തിപ്പിക്കാന്‍ പാകത്തിനാണ് വാര്‍ത്ത.  ഇതേ സംഭവത്തെക്കുറിച്ച് മാതൃഭൂമി പറയുന്നതു വായിച്ചാലോ? 'കസ്റ്റഡിയിലെടുത്ത ആളെ കോണ്‍ഗ്രസുകാരന്‍ മോചിപ്പിച്ചു' എന്നാണ് തലക്കെട്ടു തന്നെ. ''സ്വര്‍ണച്ചെയില്‍ മോഷ്ടിച്ച സംഭവത്തിലെ പ്രതിയെന്ന് ആരോപിച്ച് പൊലീസ് പിടിച്ചുകൊണ്ടുവന്നയാളെ യുവ കോണ്‍ഗ്രസ് നേതാവ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയി. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചു'' എന്നാണ് മാതൃഭൂമിയിലെ വാര്‍ത്ത തുടങ്ങുന്നത്.

മാതൃഭൂമിയിലെത്തുമ്പോള്‍ ഭാഷ്യം തലകുത്തി മറിയുന്നു. മോഷ്ടാവെന്ന് സംശയിക്കപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തയാളെ കോണ്‍ഗ്രസുകാര്‍ സ്റ്റേഷനില്‍ നിന്ന് മോചിപ്പിച്ചതിനെതിരെയാണ് സിപിഎം പ്രതിഷേധിച്ചത്. പക്ഷേ, അക്കാര്യം മനോരമയുടെ വാര്‍ത്തയില്‍ ഇല്ലേയില്ല. സിപിഎമ്മുകാര്‍ എന്തോ പാതകം ചെയ്തുവെന്നാണ് മനോരമ വാര്‍ത്തയുടെ ധ്വനി. അതിന് പോലീസ് കണക്കിനു കൊടുത്തുവെന്നും. മോഷ്ടാവ് എന്ന് ആരോപിക്കപ്പെട്ട് (സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത് എന്നും മാതൃഭൂമിയിലുണ്ട്) പോലീസ് കസ്റ്റഡിയിലെടുത്തയാളെ കോണ്‍ഗ്രസ് നേതാവ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി, അതിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു, പ്രതിഷേധത്തില്‍ പ്രകോപിതരായ പോലീസുകാര്‍ ലാത്തിച്ചാര്‍ജു ചെയ്തു - ഇതാണ് യഥാര്‍ത്ഥത്തില്‍ നടന്നത്.  ആഭ്യന്തരവകുപ്പ് കൈയാളുന്ന പാര്‍ട്ടിയുടെ ലോക്കല്‍ നേതാവിന് പൊലീസ് സ്റ്റേഷനിലുളള സ്വാധീനത്തിന്റെ നേര്‍ചിത്രമാണ് സംഭവം. സ്വാഭാവികമായും  പൊലീസിനെതിരെ നാട്ടില്‍ ജനരോഷമുയരും. ആ ജനരോഷമാണ് സിപിഎം നടത്തിയ പൊലീസ് സ്റ്റേഷന്‍ ഉപരോധത്തില്‍ പ്രതിഫലിച്ചത്. മോഷ്ടാവിനെ മോചിപ്പിക്കാന്‍ സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനു മുന്നില്‍ വിനീതവിധേയരായി നിന്ന പൊലീസുകാര്‍ പ്രതിഷേധിച്ചവരെ ലാത്തിച്ചാര്‍ജു നടത്തി.

നീതിനിര്‍വഹണത്തെ തലകുത്തി നിര്‍ത്തുന്ന ഇത്തരം കൈകടത്തലുകള്‍ക്കെതിരെ സമൂഹം പ്രകടിപ്പിക്കുന്ന ജാഗ്രതയുടെ നാവാകണം, പത്രങ്ങള്‍ എന്നാണ് ആരും ആഗ്രഹിക്കുക. പക്ഷേ, മനോരമയുടെ ദൗത്യം അതല്ല. മോഷണക്കേസും സിസി ടിവി ദൃശ്യങ്ങള്‍ സഹിതമുളള പരാതിയും പ്രതിയെ പോലീസ് സ്റ്റേഷനില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബലം പ്രയോഗിച്ച് മോചിപ്പിച്ചതുമൊന്നും മനോരമയില്‍ വാര്‍ത്തയായില്ല. പകരം, ഒരു നിയമവിരുദ്ധ നടപടിയ്‌ക്കെതിരെ നടന്ന സിപിഎം പ്രതിഷേധത്തെ വളാഞ്ചേരിയ്ക്കു പുറത്തുളള ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മനോരമ വക്രീകരിച്ചു. മനോരമയുടെ മറ്റു വായനക്കാര്‍ക്ക് സിപിഎം വക അക്രമത്തിന്റെയും കൈയേറ്റത്തിന്റെയും ഉദാഹരണമാണ് പ്രസ്തുത സംഭവം. മനോരമ സംഭവം വക്രീകരിച്ചു വാര്‍ത്തയാക്കിയപ്പോള്‍ വസ്തുതയുടെ സൂചനകള്‍ മാത്രം നല്‍കിയ മാതൃഭൂമി ഉള്‍പ്പേജിന്റെ മൂലയ്ക്ക് ഒറ്റക്കോളം വാര്‍ത്തയാക്കി പരമാവധി തമസ്‌കരിക്കാന്‍ ശ്രമിച്ചു.  

ഒരു ചെറിയ സംഭവത്തെക്കുറിച്ചുളള വാര്‍ത്ത പോലും എത്ര സൂക്ഷ്മതയോടെയാണ് മനോരമയുടെ ഡെസ്‌ക്ക് പരിചരിക്കുന്നത് എന്നു നോക്കുക. ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെ ഇടുക്കി ബിഷപ്പ് മാത്യു ആനക്കാട്ടില്‍ പരസ്യമായി ശകാരിച്ച വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുമ്പോഴും ഇതേ സൂക്ഷ്മത മനോരമയ്ക്കുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വെച്ചാണ് ഡീന്‍ കുര്യാക്കോസിനെ ബിഷപ്പ് രൂക്ഷമായി വിമര്‍ശിച്ചത്. എല്ലാ പത്രങ്ങളിലും അതു തന്നെയായിരുന്നു തലക്കെട്ടും ഇന്‍ട്രോയും. പക്ഷേ, മനോരമയ്ക്ക് അങ്ങനെ റിപ്പോര്‍ട്ടു ചെയ്യാനാവില്ല. 'ഡീന്‍ കുര്യാക്കോസ് ഇടുക്കി ബിഷപ്പിനെ സന്ദര്‍ശിച്ചു' എന്ന നിരുപദ്രവകരമായ തലക്കെട്ടിനു കീഴെയാണ് ആ വാര്‍ത്ത പ്രതിഷ്ഠിച്ചത്. ''ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് രൂപതാ അധ്യക്ഷന്‍ മാര്‍ മാത്യൂസ് ആനിക്കുഴിക്കാട്ടിലിനെ സന്ദര്‍ശിച്ചു പിന്തുണ തേടി'' എന്നാണ് ലീഡ്. മറ്റു സംഭവങ്ങളൊക്കെ നിസംഗമായി വാര്‍ത്തയില്‍ പരാമര്‍ശിച്ചു പോകുന്നേയുളളൂ. ഒറ്റക്കോളത്തിലുളള വാര്‍ത്ത ഒരുള്‍പ്പേജിന്റെ മൂലയില്‍ത്തളളി വായനക്കാരന്റെ കണ്ണില്‍ അതു പെട്ടെന്നു പെടില്ല എന്നുറപ്പുവരുത്തുകയും ചെയ്തു. മിക്ക വാര്‍ത്താ ചാനലുകളും തലേ ദിവസം ന്യൂസ് അവര്‍ ചര്‍ച്ച സംഘടിപ്പിച്ച സംഭവമാണ് മനോരമ ഇങ്ങനെ തമസ്‌കരിച്ചത്. 
 

ചില സംഭവങ്ങളോട് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടില്‍ പ്രതികരിക്കുന്ന മനോരമ ലേഖകന്‍ മറ്റു ചിലപ്പോള്‍ യുഡിഎഫിന്റെ മൈക്ക് അനൗണ്‍സറുടെ വേഷം കെട്ടും. ആര്‍എസ്പി ഇടതുമുന്നണി വിട്ടതോടെ മനോരമയുടെ ആവേശം അലതല്ലി. ''ആളും ആരവവും നിറഞ്ഞ് ആര്‍എസ്പി ഓഫീസ്, അഭിവാദ്യവുമായി ഷിബു ബേബിജോണ്‍'' എന്ന തലക്കെട്ടില്‍ മാര്‍ച്ച് ഒമ്പതിനു തന്നെ ആവേശത്തിന്റെ മാലപ്പടക്കം അവര്‍ പൊട്ടിച്ചു. എന്നിട്ടും മതിയായില്ല. ഇതേ വാര്‍ത്തയിലെ വിവരങ്ങള്‍ കുറച്ചുകൂടി പൊലിപ്പിച്ച് മാര്‍ച്ച് 11ന് വീണ്ടും അതേ വാര്‍ത്ത. ''ഒടുവില്‍ ആലസ്യം വിട്ടുണര്‍ന്ന് ആര്‍എസ്പി ഓഫീസ്, ആവേശത്തോടെ പ്രവര്‍ത്തകര്‍'' എന്നു തലക്കെട്ട്. എത്രയോ കാലത്തിനു ശേഷം ആര്‍എസ്പിയുടെ സംസ്ഥാനകമ്മിറ്റി ഓഫീസില്‍ അഞ്ചാറു പ്രവര്‍ത്തകര്‍ എത്തിയതിനെക്കുറിച്ചാണ് വാര്‍ത്ത. എഴുതിയിട്ടും എഴുതിയിട്ടും മനോരമയ്ക്കു മതിവരുന്നില്ല. വാര്‍ത്തയിലെ മറ്റൊരു വാചകം ഇങ്ങനെ - ''എന്‍. ശ്രീകണ്ഠന്‍ നായരെയും ബേബിജോണിനെയും പോലുളള രാഷ്ട്രീയസിംഹങ്ങള്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി ഇന്ന് സിംഹം ഉറക്കംവിട്ടുണരുന്നതു പോലെയാണ്''

സിംഹം മനോരമ വായിക്കില്ലെന്നു വെച്ച് ഇങ്ങനെ അതിനെ അപമാനിക്കാമോ? തലേന്നുവരെ രൂക്ഷമായി എതിര്‍ത്തവരെ ഒരു സുപ്രഭാതത്തില്‍ രാഷ്ട്രീയ യജമാനന്മാരായി സ്വീകരിക്കുന്നവരെയാണ് "സിംഹം ഉറക്കംവിട്ടുണര്‍ന്നതുപോലെ" എന്നൊക്കെ വിശേഷിപ്പിക്കുന്നത്. മണിക്കൂറുകള്‍ കൊണ്ട് സ്വന്തം രാഷ്ട്രീയനിലപാടുകള്‍ തളളിപ്പറയുന്നവര്‍ക്കുനേരെ ഒരു സംശയദൃഷ്ടിയും മനോരമയ്ക്കില്ലെന്നു മാത്രമല്ല, ആ മലക്കംമറിച്ചിലിന് പൊതുസമ്മതി ഉറപ്പിക്കുന്ന എന്ന ദൗത്യവും അവര്‍ ഏറ്റെടുത്തുകഴിഞ്ഞു. ആര്‍എസ്പിയുടെ കൂടുവിട്ടു കൂടുമാറലിനെ എതിര്‍ക്കുകയോ പരിഹസിക്കുകയോ ചെയ്യുന്ന കാര്‍ട്ടൂണോ രാഷ്ട്രീയവിശകലനമോ പ്രസിദ്ധീകരിച്ചില്ലെന്നു മാത്രമല്ല, ആര്‍എസ്പി പ്രവര്‍ത്തകര്‍ എത്രയോ കാലമായി ആഗ്രഹിച്ചിരുന്ന കൂടുമാറ്റമാണ് അതെന്ന് പത്രം അംഗീകരിച്ചു സര്‍ട്ടിഫിക്കറ്റും നല്‍കി. 

യുഡിഎഫുമായി നടന്ന നിരന്തരമായ ചര്‍ച്ചകളുടെ അനിവാര്യമായ പരിസമാപ്തിയായിരുന്നു ആര്‍എസ്പിയുടെ മുന്നണി മാറ്റമെന്ന് ആര്‍ക്കും മനസിലാക്കാവുന്നതേയുളളൂ. വി പി രാമകൃഷ്ണപിളളയും ഷിബു ബേബിജോണുമൊക്കെ നടത്തിയ ചരടുവലികളുടെ വിവരങ്ങളും ഒട്ടുംവൈകാതെ പുറത്തുവന്നിരുന്നു. എന്നാല്‍ ആര്‍എസ്പിയുടെ മുന്നണി മാറ്റം പൊടുന്നനെയെടുത്ത തീരുമാനമായിരുന്നുവെന്ന് വ്യാഖ്യാനിച്ചു സമര്‍ത്ഥിക്കാന്‍ വല്ലാതെ പാടുപെട്ടതും മനോരമയാണ്. "ബുധനാഴ്ച തുടങ്ങി ഞായറാഴ്ച തീര്‍ന്ന നീക്കങ്ങളിലൂടെ ജൂനിയര്‍ കിസ്സിഞ്ചറാണ് താനെന്ന് ഷിബു ബേബിജോണ്‍ തെളിയിച്ചു"വെന്നാണ് മേല്‍പ്പറഞ്ഞ വാര്‍ത്തയിലെ ഒരുവരി. ''ബുധനാഴ്ച തുടങ്ങി ഞായറാഴ്ച തീര്‍ന്ന നീക്കങ്ങളെ''ന്ന് സ്വന്തം നിലയില്‍ മനോരമ പ്രഖ്യാപിക്കുകയാണ്. അതുവഴി ആര്‍എസ്പിയുടെ കാലുമാറ്റം ന്യായീകരിക്കാനുളള വക്കാലത്തായി വാര്‍ത്ത മാറി. 

മനോരമാ ഡെസ്‌കിലെ യുഡിഎഫ് ആവേശക്കമ്മിറ്റി പടച്ചുവിടുന്ന ചില നിരീക്ഷണങ്ങള്‍ കേട്ടാല്‍ ഏത് ശിലാഹൃദയനും പൊട്ടിച്ചിരിച്ചുപോകും.  രാഹുല്‍ ഗാന്ധി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് എന്ന കെട്ടുകാഴ്ചയുടെ റിപ്പോര്‍ട്ടു നോക്കുക. ''ആവേശമായി രാഹുലിന്റെ വീഡിയോ കോണ്‍ഫറന്‍സ്'' എന്ന് തലക്കെട്ടെഴുതിയാണ് മാര്‍ച്ച് 16ന് മനോരമ കോണ്‍ഗ്രസുകാരെ സുഖിപ്പിച്ചത്. ആ റിപ്പോര്‍ട്ടില്‍ നിന്നൊരു വാചകം - ''ന്യൂഡെല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിരുന്ന് പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ നമ്മള്‍ ജയിക്കുക തന്നെ ചെയ്യുമെന്ന ആത്മവിശ്വാസത്തോടെയുളള മറുപടി നേരിട്ടു കേട്ടപ്പോഴാണ് അവര്‍ക്ക് ഇത്തിരിയെങ്കിലും ആശ്വാസമായത്''.

കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമടക്കം രാഹുല്‍ പ്രചരണത്തിനിറങ്ങിയ മണ്ഡലങ്ങളില്‍ മുക്കാലേ മുണ്ടാണിയും കോണ്‍ഗ്രസ് തോറ്റമ്പുകയാണ് ചെയ്തത്. ആ രാഹുല്‍ ഗാന്ധി പാര്‍ട്ടി ഓഫീസിലിരുന്ന് ''നമ്മള്‍ ജയിക്കുക തന്നെ ചെയ്യു''മെന്ന് വീമ്പടിച്ചപ്പോള്‍ ഇന്ദിരാഭവനിലിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇത്തിരി ആശ്വാസമായത്രേ. സംഭവസ്ഥലത്തുണ്ടായിരുന്ന മനോരമാ ലേഖകന്റെ കൈവശം തക്കസമയത്ത് ആശ്വാസമളക്കുന്ന തെര്‍മോമീറ്ററുണ്ടായിരുന്നതുകൊണ്ട് ഇത്തിരിയേ ഉണ്ടായിരുന്നുവെങ്കിലും ആശ്വാസത്തിന്റെ അളവ് രേഖപ്പെടുത്തപ്പെട്ടു. അല്ലായിരുന്നെങ്കില്‍ എന്തായിരുന്നേനെ സ്ഥിതി?

2014 മാര്‍ച്ച് 17ന്റെ വര്‍ത്തമാനം പേജ് മനോരമയുടെ യുഡിഎഫ് പക്ഷപാതത്തിന്റെ ഏറ്റവും നല്ല തെളിവാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസംഗത്തിന് നീക്കിവെച്ച സ്ഥലവും ഉമ്മന്‍ചാണ്ടിയുടെ പ്രസംഗത്തിന് അനുവദിച്ച സ്ഥലവും തമ്മില്‍ യാതൊരു താരതമ്യവുമില്ല. തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നിയോജകമണ്ഡലം കണ്‍വെന്‍ഷനുകളാണ് യഥാക്രമം പിണറായിയും ഉമ്മന്‍ചാണ്ടിയും ഉദ്ഘാടനം ചെയ്തത്. ഒരേവലിപ്പത്തിലുളള ചിത്രങ്ങള്‍ നല്‍കി തങ്ങള്‍ രണ്ടുപേര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയെന്ന ധാരണ പരത്താന്‍ ഒരു വശത്തു ശ്രമിക്കുമ്പോള്‍ പിണറായിയുടെ പ്രസംഗം പ്രസിദ്ധീകരിച്ചതിന്റെ ഇരട്ടിയിലധികം സ്ഥലത്ത് ഉമ്മന്‍ചാണ്ടിയുടെ പ്രസംഗമുണ്ട്. കോളം സെന്റീമീറ്ററില്‍ കണക്കാക്കിയാല്‍ പിണറായിയുടെ ചിത്രവും റിപ്പോര്‍ട്ടുമായി നാലു കോളം 15 സെന്റീമീറ്റര്‍ വാര്‍ത്ത. ഉമ്മന്‍ചാണ്ടിയുടേത് റിപ്പോര്‍ട്ടും ചിത്രവുമായി നാലുകോളം 37 സെന്റീമീറ്ററും. വാമനപുരം മണ്ഡലത്തില്‍ നിന്നൊരു സിപിഎം വിരുദ്ധ വാര്‍ത്ത കൂടിയായപ്പോള്‍ പേജിന്റെ മുക്കാലും സിപിഎം വിരുദ്ധ വാര്‍ത്തയായി. 

ഡോ. ടി. എം. തോമസ് ഐസക്കും എന്‍ പി ചന്ദ്രശേഖരനും ചേര്‍ന്നെഴുതിയ വ്യാജസമ്മതിയുടെ നിര്‍മ്മിതി എന്ന മാധ്യമവിശകലന പുസ്തകത്തില്‍ 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്ത് ലാവലിന്‍ വിഷയത്തില്‍ മനോരമ, മാതൃഭൂമി പത്രങ്ങള്‍ പ്രസിദ്ധീകരിച്ച സിപിഎം അനുകൂല, സിപിഎം പ്രതികൂല വാര്‍ത്തകളുടെ താരതമ്യം നല്‍കിയിട്ടുണ്ട്. 2009 ജനുവരി 22 മുതല്‍ ഏപ്രില്‍ പതിനഞ്ചു വരെയുളള ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകളെയാണ് കോളം സെന്റീമീറ്റര്‍ അളന്ന് അടയാളപ്പെടുത്തിയത്. അക്കാലത്ത് സിപിഎം അനുകൂലമായി 80 വാര്‍ത്തകള്‍ നല്‍കിയപ്പോള്‍ എതിരെ പ്രത്യക്ഷപ്പെട്ടത് 438 വാര്‍ത്തകള്‍. സിപിഎം നേതാക്കളുടെ ഒഴിവാക്കാന്‍ കഴിയാത്ത പ്രസ്താവനകളും പത്രസമ്മേളനങ്ങളും ആകാവുന്നത്ര വെട്ടിച്ചുരുക്കി, പരമാവധി ദുസൂചന ചേര്‍ത്ത് പ്രസിദ്ധീകരിച്ചതാണ് ആ 80 വാര്‍ത്തകള്‍. എതിരെയുളള 438 വാര്‍ത്തകളില്‍ ഏറെയും പത്രങ്ങളുടെ വക സ്വന്തം വിശകലനങ്ങളും വ്യാഖ്യാനങ്ങളുമാണ്.  

ഈ വാര്‍ത്തകള്‍ക്കു വേണ്ടി ഉപയോഗിക്കപ്പെട്ട പത്രസ്ഥലത്തിന്റെ കാര്യത്തില്‍ യാതൊരനുപാതവുമില്ലാത്ത അന്തരമുണ്ട്. സിപിഎമ്മിന് അനുകൂലമായ ആകെ വാര്‍ത്തകള്‍ ചേര്‍ത്തുവെച്ചാല്‍ ആറര ഫുള്‍പേജ് വാര്‍ത്തകളുണ്ടെങ്കില്‍ സിപിഎമ്മിനെതിരെ അച്ചടിച്ച വാര്‍ത്തകള്‍ 51.5 ഷീറ്റ് വരും. ഓരോ വീട്ടിലും മുടങ്ങാതെയെത്തുകയും വീട്ടകങ്ങളിലെയും  നാല്‍ക്കവലകളിലെയും ചര്‍ച്ചകളെ സ്വാധീനിച്ച് പൊതുബോധത്തെ നിയന്ത്രിക്കുകയും ചെയ്ത ഈ ബൃഹദ് സാഹി്യതമാണ് 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 16 സീറ്റു നേടിക്കൊടുത്തത്.

എല്‍ഡിഎഫ് നേതാക്കളുടെ പ്രസംഗങ്ങളുടെയും പ്രസ്താവനകളുടെയും റിപ്പോര്‍ട്ടുകള്‍ അപ്രധാനപേജുകളിലേയ്ക്ക് ഒതുക്കുകയും യുഡിഎഫിന് ഗുണകരമാകുന്ന വിശകലനങ്ങളും വ്യാഖ്യാനങ്ങളും വന്‍പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. തലക്കെട്ടുകളുടെ ഭാഷാപ്രയോഗത്തിലൂടെ പത്രത്തിന്റെ പക്ഷപാതം പ്രകടമാകുന്ന ഒരുദാഹരണം വ്യാജസമ്മതിയുടെ നിര്‍മ്മിതി എന്ന ഗ്രന്ഥം എടുത്തുകാണിക്കുന്നുണ്ട്്. 2009 ഫെബ്രുവരിയില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന നവകേരള മാര്‍ച്ചിന്റെയും ഫെബ്രുവരി 10ന് രമേശ് ചെന്നിത്തല നയിച്ച കേരള രക്ഷാമാര്‍ച്ചിന്റെയും ഉദ്ഘാടന വാര്‍ത്തകളുടെ തലക്കെട്ടാണ് ഉദ്ധരിക്കുന്നത്. നവകേരള മാര്‍ച്ചിന്റെ ഉദ്ഘാടന വാര്‍ത്തയുടെ തലക്കെട്ട് 'പിണറായിയുടെ മാര്‍ച്ച് തുടങ്ങി' എന്നായിരുന്നു. അതേസമയം, രമേശ് ചെന്നിത്തലയുടെ യാത്ര വന്നപ്പോഴേയ്ക്കും പത്രാധിപര്‍ ആവേശഭരിതനായി. 'പ്രതിഷേധപ്രവാഹമാകാന്‍ നാടിന്റെ രക്ഷാമാര്‍ച്ച്' എന്ന തലക്കെട്ടില്‍ ആ ആവേശം തിളച്ചുതൂവി.

'പിണറായിയുടെ മാര്‍ച്ച് തുടങ്ങി' എന്ന സമ്പൂര്‍ണനിസംഗമായ തലക്കെട്ടും 'പ്രതിഷേധപ്രവാഹമാകാന്‍ നാടിന്റെ രക്ഷാമാര്‍ച്ച്' എന്ന മൈക്ക് അനൗണ്‍സ്‌മെന്റും പത്രവായനക്കാരിലെ അരാഷ്ട്രീയമായ നിശബ്ദഭൂരിപക്ഷത്തെയാണ് ലക്ഷ്യം വെയ്ക്കുന്നത്. ആദ്യത്തെ തലക്കെട്ട് പിണറായിയുടെ എന്തോ സ്വകാര്യആവശ്യത്തിനു വേണ്ടിയുളള പുറപ്പാടാണ് എന്ന് ധ്വനിപ്പിക്കുമ്പോള്‍ ചെന്നിത്തലയുടെ യാത്രയ്ക്ക് നാടിന്റെ രക്ഷാമാര്‍ച്ച് എന്നാണ് വിശേഷണം. 

ആദ്യത്തെ വാര്‍ത്ത തുടങ്ങിയത് ഇങ്ങനെയായിരുന്നു : ''പാര്‍ട്ടിയെ അടിമുടി ചൂഴ്ന്നു നില്‍ക്കുന്ന രാഷ്ട്രീയപ്രതിസന്ധിയ്ക്കിടയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന നവകേരള മാര്‍ച്ചിനു തുടക്കമായി''. ചെന്നിത്തലയുടെ യാത്ര റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ നിസംഗത കുടഞ്ഞെറിഞ്ഞ് മനോരമ ലേഖകന്‍ മൈക്ക് അനൗണ്‍സറുടെ സീറ്റു കൈവശപ്പെടുത്തി  ഇങ്ങനെ വിളിച്ചുകൂവി - ''പോരാട്ട ചരിത്രം മുഴങ്ങുന്ന തുളുനാടിന്റെ വീരഭൂമിയില്‍ നിന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹത്തിനെതിരെ യുദ്ധശംഖൊലി മുഴക്കി കേരളരക്ഷാമാര്‍ച്ചിന് ഉജ്വല തുടക്കം''. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എസ് രാമചന്ദ്രന്‍ പിളള എന്നീ മൂന്നുപേര്‍ മാത്രമുളള ചിത്രമാണ് ആദ്യത്തെ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയതെങ്കില്‍, രണ്ടാമത്തെ വാര്‍ത്തയ്‌ക്കൊപ്പമുളളത് നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കിടയില്‍ നില്‍ക്കുന്ന ചെന്നിത്തലയുടെ ചിത്രം. 'പിന്നിലുണ്ട് പിബി' എന്ന നസ്യം പറച്ചിലാണ് ഒന്നാമത്തെ ഫോട്ടോയുടെ അടിക്കുറിപ്പെങ്കില്‍, 'മുന്നേറ്റത്തിന്റെ കൈക്കരുത്ത്' എന്ന മുദ്രാവാക്യമാണ് രണ്ടാമത്തെ ചിത്രത്തിന്.

ഇരുവാര്‍ത്തകളുടെയും തലക്കെട്ടും വാര്‍ത്തയുടെ ആദ്യവാചകവും ചിത്രവും അടിക്കുറിപ്പുമൊക്കെ എത്ര സൂക്ഷ്മമായ ആസൂത്രണത്തിന്റെ സൃഷ്ടിയാണ് എന്നു നോക്കുക. ഇതാണ് യുഡിഎഫിനു വേണ്ടി നടത്തുന്ന യഥാര്‍ത്ഥ രാഷ്ട്രീയപ്രവര്‍ത്തനം. തലക്കെട്ടും ചിത്രവും മാത്രം ഓടിച്ചു നോക്കുന്ന അലസവായനക്കാരില്‍പ്പോലും കൃത്യമായ രാഷ്ട്രീയപക്ഷപാതം ജനിപ്പിക്കാന്‍ വേണ്ടതൊക്കെ മനോരമയിലുണ്ട്. ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വെയുടെ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഒന്നരക്കോടിയ്ക്കു മുകളിലാണ് മനോരമയുടെയും മാതൃഭൂമിയുടെയും പ്രചാരണം. എല്ലാ ദിവസവും രാവിലെ ഈ ഒന്നരക്കോടിയ്ക്കു മുന്നിലെത്തുന്നത് യുഡിഎഫിന്റെ പ്രചരണ നോട്ടീസാണ്. രാഷ്ട്രീയപ്രചരണമാണ് എന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാത്ത വിധത്തില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ട ഈ പത്രത്താളുകളിലൂടെയാണ് യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയസമ്മതി രൂപപ്പെടുന്നത്. വലതുപക്ഷഭരണത്തിന് ജനസമ്മതിയുണ്ടാക്കുക എന്ന ശ്രമകരമായ ദൗത്യം ശാസ്ത്രീയമായി നിര്‍വഹിക്കുന്ന കുത്തകപ്പത്രങ്ങളെ ഓരോ കോളം സെന്റീമീറ്ററിലും തുറന്നുകാട്ടിക്കൊണ്ടു മാത്രമേ ഇടതുപക്ഷ ആശയങ്ങള്‍ക്ക് മുന്നോട്ടു പോകാനാവൂ.