26 September 2017, Tuesday

മാണിയും ബാബുവും രാജിവെക്കുക:എല്‍.ഡി.എഫ്‌ സായാഹ്ന ധര്‍ണ 16ന്

ധനമന്ത്രി കെ.എം. മാണിയും എക്‌സൈസ്‌ മന്ത്രി കെ. ബാബുവും മന്ത്രിസ്ഥാനം രാജിവയ്‌ക്കണമെന്നും സ്‌ത്രീ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ മെയ്‌ 16ന് പഞ്ചായത്ത്‌ കേന്ദ്രീകരിച്ച്‌ എല്‍.ഡി.എഫ്‌ നേതൃത്വത്തില്‍ നടക്കുന്ന സായാഹ്ന ധര്‍ണ വിജയിപ്പിക്കാന്‍ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.

അടിമുടി അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിക്കുളിച്ചുനില്‍ക്കുന്ന യു.ഡി.എഫ്‌ സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തീകരിക്കുകയാണ്‌. ജനദ്രോഹ നയങ്ങളുടെ പരമ്പരയാണ്‌ ഈ കാലയളവില്‍ അരങ്ങേറിയത്‌. ഇത്തരം നയങ്ങള്‍ക്കെതിരായി നടത്തിയിട്ടുള്ള ശക്തമായ പോരാട്ടത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണ്‌ ഈ സമരവും നടത്തുന്നത്‌.
യു.ഡി.എഫ്‌ സര്‍ക്കാര്‍ തന്നെ പ്രാഥമിക അന്വേഷണം നടത്തിയാണ്‌ ധനമന്ത്രി കെ.എം.മാണിക്കെതിരെ കേസ്‌ ചാര്‍ജ്ജ്‌ ചെയ്‌തത്‌. എന്നിട്ടും അദ്ദേഹം മന്ത്രിസ്ഥാനത്ത്‌ തുടരുന്ന അപമാനകരമായ സാഹചര്യമാണ്‌ നിലനില്‍ക്കുന്നത്‌. ഈ കേസില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാതെ നീട്ടികൊണ്ട്‌ പോകുന്നതിനും സര്‍ക്കാര്‍ ഇടപെടുകയാണ്‌. 164-ാം വകുപ്പ്‌ പ്രകാരം നല്‍കിയ മൊഴിയില്‍ എക്‌സൈസ്‌ മന്ത്രി കെ.ബാബു കുറ്റക്കാനാണെന്ന്‌ വ്യക്തമായിരിക്കുകയാണ്‌. എന്നിട്ടും അദ്ദേഹത്തിനെതിരെ കേസെടുത്ത്‌ അതിന്റെ നടപടികള്‍ മുന്നോട്ട്‌ കൊണ്ട്‌ പോകുന്നതിന്‌ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇദ്ദേഹത്തിന്റെ പേരില്‍ ഒരു പ്രത്യേക കേസ്‌ ചാര്‍ജ്ജ്‌ ചെയ്യുന്നതിനും തയ്യാറാവാത്ത വിചിത്രമായ സ്ഥിതിയുമാണ്‌ നിലനില്‍ക്കുന്നത്‌.

നിയമസഭയില്‍ വനിത എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക ചുവയോടുകൂടി അപമര്യാദയായി പെരുമാറുകയും, ജാതിപ്പേര്‌ വിളിച്ച്‌ അധിക്ഷേപിക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടായി. എന്നിട്ടും അതിനെതിരായി യാതൊരു വിധത്തിലുള്ള നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറായില്ല എന്നത്‌ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌. എം.എല്‍.എമാരായ വനിതകള്‍ക്ക്‌ നേരെ ആക്രമണമുണ്ടായാല്‍ പോലും പരിരക്ഷ നല്‍കാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയിരിക്കുന്നു.

മുഖ്യമന്ത്രിയുടെ തണലിലാണ്‌ ഇത്തരം കൊള്ളരുതായ്‌മകളെല്ലാം അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം, പദ്ധതികള്‍ക്ക്‌ അംഗീകാരം കൊടുക്കല്‍, എന്‍.ഒ.സി കൊടുക്കല്‍ - ഇവയുടെ പേരിലെല്ലാം കൈക്കൂലി വാങ്ങുന്നു എന്ന പരാതി ഉണ്ടെന്ന്‌ പോലും കെ.പി.സി.സി പ്രസിഡന്റിന്‌ പറയേണ്ട സാഹചര്യം പോലും ഉണ്ടായിരിക്കുകയാണ്‌. ഇത്തരത്തില്‍ അഴിമതിയില്‍ മുങ്ങി കുളിച്ച സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്‌. ഇതിനെതിരായി വിശാലമായ ബഹുജന മുന്നേറ്റം ഉയര്‍ന്ന്‌ വരേണ്ടതുണ്ട്‌. അതിന്റെ കൂടി ഭാഗമായാണ്‌ അഴിമതിക്കെതിരായി തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ എല്‍.ഡി.എഫ്‌ സംഘടിപ്പിക്കുന്നത്‌.

അഴിമതിക്കാരെ മാറ്റി നിര്‍ത്തി കേരളത്തിന്റെ ഉന്നതമായ രാഷ്‌ട്രീയ സംസ്‌കാരം സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ്‌ എല്‍.ഡി.എഫ്‌ നടത്തുന്നത്‌. ഈ പ്രക്ഷോഭ പരിപാടിയുമായി സഹകരിക്കാന്‍ നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.