18 October 2017, Wednesday

മാണിയുടെ പൊതുപരിപാടികള്‍ എല്‍ഡിഎഫ് ബഹിഷ്ക്കരിക്കും:വൈക്കം വിശ്വന്‍

ബാര്‍ ഇടപാടില്‍ കോഴ വാങ്ങിയ ധനമന്ത്രി കെ എം മാണിയുടെ പൊതുപരിപാടികള്‍ എല്‍ഡിഎഫ് ബഹിഷ്ക്കരിക്കുമെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ എം മാണിക്കെതിരായ പ്രക്ഷോഭം തുടരും. സമരത്തിന്റെ ഭാഗമായി ഫെബ്രുവരി 3ന് ബഹുജനമാര്‍ച്ച് നടത്തും സെക്രട്ടറിയറ്റിലേക്കും താലൂക്ക് ഓഫീസുകളിലേക്കുമാണ് മാര്‍ച്ച് നടത്തുക.

കെ എം മാണി ഒരു നിമിഷംപോലും അധികാര സ്ഥാനത്ത് തുടരരുതെന്നും രാജിവെച്ച് പോകണമെന്നുമാണ് ആരോപണം വന്നപ്പോള്‍ തന്നെ എല്‍ഡിഎഫ് ആവശ്യപ്പെട്ടിട്ടുള്ളത്. അതേ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ബിജു രമേശ് തന്റെ നിലപാടുകളിലും ആരോപണങ്ങളിലും ഉറച്ചു നില്‍ക്കുകയാണെങ്കില്‍ എല്ലാ പിന്തുണയും നല്‍കുമെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കി. തൃശൂരില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുയായിരുന്നു വൈക്കം വിശ്വന്‍.