30 March 2019, Saturday

മാണി ബജറ്റ് അവതരിപ്പിക്കരുത്: എല്‍ഡിഎഫ് പ്രക്ഷോഭം വിജയിപ്പിക്കുക

കോഴക്കേസില്‍ പ്രഥമദൃഷ്‌ടിയാ കുറ്റക്കാരനെന്ന്‌ കണ്ട കെ.എം.മാണിയെ ബഡ്‌ജറ്റ്‌ അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട്‌ എല്‍.ഡി.എഫ്‌ നടത്തുന്ന പ്രക്ഷോഭ സമരങ്ങള്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ ജനങ്ങളും തയ്യാറാവണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.

കേരളത്തില്‍ ആദ്യമായാണ്‌ സിറ്റിംഗ്‌ മന്ത്രി തന്നെ അഴിമതി കേസില്‍ പ്രതിയായിരിക്കുന്നത്‌. മാണി അംഗമായിരിക്കുന്ന സര്‍ക്കാര്‍ തന്നെ നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഏതെങ്കിലും തരത്തിലുള്ള രാഷ്‌ട്രീയ പ്രേരണ ഈ കേസിന്‌ പിന്നിലുണ്ടെന്ന്‌ ആര്‍ക്കും പറയാനാവില്ല.

ബാര്‍ ഹോട്ടല്‍ ഉടമകളോട്‌ അഞ്ച്‌ കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഒരു കോടി രൂപ കൈപ്പറ്റുകയും ചെയ്‌തു എന്ന വസ്‌തുതയാണ്‌ പുറത്ത്‌ വന്നത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമത്തിലെ 13 (1) (ഡി) വകുപ്പ്‌ പ്രകാരം കേസ്‌ അന്വേഷണം നടത്തി വരുന്ന വിവരം വിജിലന്‍സ്‌ കോടതിയെ തന്നെ അറിയിക്കുകയുണ്ടായി. എഫ്‌.ഐ.ആറിലാവട്ടെ മാണിക്കെതിരായ തെളിവുകള്‍ അക്കമിട്ട്‌ നിരത്തുകയും ചെയ്‌തു.
മാണിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മാത്രമല്ല ഉള്ള തെളിവുകള്‍ തന്നെ ഇല്ലാതാക്കുന്നതിനാണ്‌ ശ്രമിക്കുന്നത്‌. അന്വേഷണം ഉദ്യോഗസ്ഥനെ വരെ മാറ്റിയിരിക്കുകയാണ്‌. മന്ത്രിസ്ഥാനത്ത്‌ ഇരിക്കുന്ന ഒരാള്‍ പ്രതിയായിരിക്കുന്ന കേസില്‍ അന്വേഷണം നടത്താന്‍ അന്വേഷണ സംഘത്തിന്‌ തന്നെ പ്രയാസം ഉണ്ടാകും. മാണിയുടെ വീട്ടില്‍ നിന്ന്‌ തന്നെയാണ്‌ കോഴപ്പണം വാങ്ങിയത്‌ എന്ന വസ്‌തുത പുറത്ത്‌ വന്നിട്ടും പ്രതിയുടെ വീട്‌ പോലും പരിശോധിക്കുന്നതിനോ പ്രതിയെ ചോദ്യം ചെയ്യാനോ കഴിയാത്തത്‌ ഈ സാഹചര്യത്തിലാണ്‌. പുറത്ത്‌ വന്ന വസ്‌തുതകള്‍ വ്യക്തമാക്കുന്നത്‌ മുഖ്യമന്ത്രിക്കും മറ്റ്‌ ചില മന്ത്രിമാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന കാര്യവുമാണ്‌. കേരളം അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുകയാണ്‌ എന്ന്‌ ഭരണകക്ഷിക്കാര്‍ പോലും ഇപ്പോള്‍ സമ്മതിക്കുകയാണ്‌.

കേരളത്തില്‍ രൂപപ്പെട്ട ഈ അസാധാരണ സാഹചര്യത്തിലാണ്‌ മാണി ബഡ്‌ജറ്റ്‌ അവതരിപ്പിക്കരുത്‌ എന്ന ആവശ്യം ശക്തമായി എല്‍.ഡി.എഫ്‌ മുന്നോട്ട്‌ വെക്കുന്നത്‌. കോഴ ഇടപാടില്‍ ഉള്‍പ്പെട്ട മന്ത്രി ബഡ്‌ജറ്റ്‌ അവതരിപ്പിക്കുന്നത്‌ കൂടുതല്‍ കോഴ വാങ്ങുന്നതിനുള്ള സാഹചര്യം സൃഷ്‌ടിക്കുകയാണ്‌ ചെയ്യുക. കോഴ വാങ്ങിയ ധനമന്ത്രി ബഡ്‌ജറ്റ്‌ അവതരിപ്പിക്കുന്നത്‌ സാംസ്‌കാരിക കേരളത്തിന്‌ അപമാനകരമാണ്‌. ഈ സാഹചര്യത്തിലാണ്‌ കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായുള്ള പ്രക്ഷോഭങ്ങള്‍ എല്‍.ഡി.എഫ്‌ സംഘടിപ്പിക്കുന്നത്‌.

ഈ ഭീഷണിയെ നേരിടുമെന്നാണ്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ പ്രസ്‌താവിച്ചിരിക്കുന്നത്‌. ജനാധിപത്യവിരുദ്ധം എന്നാണ്‌ മുഖ്യമന്ത്രിയുടെ വിശേഷണം. എന്നാല്‍ ഇത്‌ യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ രാഷ്ട്രീയസംസ്‌കാരത്തെ സംരക്ഷിക്കുന്നതിനുള്ള ധര്‍മ്മ സമരമാണ്‌. ഈ സമരത്തില്‍ അണിചേരുന്നതിന്‌ യു.ഡി.എഫില്‍ ഉള്‍പ്പെടെയുള്ള ജനാധിപത്യത്തെ സ്‌നേഹിക്കുന്നവര്‍ തയ്യാറാവുകയാണ്‌ വേണ്ടത്‌. അതിനുപകരം സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനുള്ള പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ക്കുനേരെയുള്ള വെല്ലുവിളിയായാണ്‌ എല്‍.ഡി.എഫ്‌ കാണുന്നത്‌. ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്‌ടിച്ച്‌ ആക്രമിക്കാനുള്ള നീക്കമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ഇത്‌ ജനങ്ങള്‍ തിരിച്ചറിയും.

എല്‍.ഡി.എഫ്‌ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മാര്‍ച്ച്‌ ഏഴാം തീയതി സംസ്ഥാനത്ത്‌ ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ച്‌ മാണിയെ കുറ്റവിചാരണ നടത്തുകയുണ്ടായി. മാര്‍ച്ച്‌ 12ന്  തീയതി പ്രാദേശിക തലത്തില്‍ വൈകുന്നേരം പ്രകടനങ്ങള്‍ നടക്കും. ബഡ്‌ജറ്റ്‌ അവതരിപ്പിക്കുന്ന മാര്‍ച്ച്‌ 13ന്  നിയമസഭയ്‌ക്കു മുമ്പിലേക്ക്‌ പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട്‌ പ്രതിഷേധ പ്രതിരോധവും സംഘടിപ്പിക്കുകയാണ്‌. ആ ദിവസം തന്നെ തലസ്ഥാന ജില്ല ഒഴിച്ചുള്ളിടത്ത്‌ അസംബ്ലി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ ഓഫീസ്‌ രാവിലെ മുതല്‍ ഉപരോധിക്കുന്ന സമരവും സംഘടിപ്പിക്കും. കേരളത്തിന്റെ പ്രതിഷേധം അലയടിച്ചുയരുന്ന ഈ പ്രക്ഷോഭത്തിന്‌ മുഴുവന്‍ ജനാധിപത്യവിശ്വാസികളുടെയും പിന്തുണ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.