24 November 2017, Friday

മാനനഷ്ടക്കേസ് മാധ്യമപ്രവര്‍ത്തകരുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമം

മാനനഷ്ടക്കേസ് മാധ്യമപ്രവര്‍ത്തകരുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമം തെരഞ്ഞെടുപ്പ്‌ അടുത്ത ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ വായ്‌ മൂടിക്കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഉമ്മന്‍ചാണ്ടി അവര്‍ക്കെതിരെ മാനനഷ്‌ടക്കേസ്‌ നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്ലിഫ്‌ ഹൗസില്‍വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചു എന്ന വാര്‍ത്ത നല്‍കിയതിന്റെ പേരിലാണ്‌ നാല്‌ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഉമ്മന്‍ചാണ്ടി മാനനഷ്‌ടക്കേസ്‌ നല്‍കിയിരിക്കുന്നത്‌. നേരത്തെ തന്നെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എല്ലാം എതിരായി ഇത്തരം ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്‌. അത്തരം ഘട്ടങ്ങളിലൊന്നും മാനനഷ്‌ടക്കേസ്‌ കൊടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. മന്ത്രിസഭയിലെ അംഗങ്ങള്‍ക്കു നേരെ ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ മന്ത്രിസഭാ യോഗം ചേര്‍ന്നു തന്നെ ക്രിമിനല്‍ കേസുകള്‍ കൊടുക്കുന്ന രീതി കേരളത്തില്‍ നിലവിലുണ്ട്‌. പബ്ലിക്‌ പ്രോസിക്യൂട്ടര്‍ മുഖാന്തരം ഇത്തരം കേസുകള്‍ ഫയല്‍ ചെയ്‌ത രീതി കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിലുണ്ട്‌. ഉന്നയിക്കപ്പെട്ട ആരോപണം വസ്‌തുതാവിരുദ്ധമാണ്‌ എന്ന്‌ ബോധ്യമുണ്ടെങ്കില്‍ എന്തുകൊണ്ടാണ്‌ സരിത നായര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ആരോപിച്ച്‌ ഇത്തരത്തിലുള്ള ഒരു കേസ്‌ ഫയല്‍ ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത്‌? തെരഞ്ഞെടുപ്പ്‌ അടുത്ത ഘട്ടത്തില്‍ സര്‍ക്കാരിന്റെ കൊള്ളരുതായ്‌മകള്‍ക്കെതിരെയും ഹീനമായ പ്രവൃത്തികള്‍ക്കെതിരെയും ഇനിയും വാര്‍ത്തകള്‍ വരുമോ എന്ന്‌ ഭയപ്പെട്ടിട്ടുകൂടിയാണ്‌ മുഖ്യമന്ത്രി ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടുള്ളത്‌. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഭയം കൂടാതെ പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം സൃഷ്‌ടിക്കുക എന്നുള്ളത്‌ ജനാധിപത്യ സമൂഹത്തിന്റെ മുന്നോട്ടുപോക്കിന്‌ അനിവാര്യമായിട്ടുള്ളതാണ്‌. വിവരാവകാശത്തിലൂടെ വിവരങ്ങള്‍ ലഭിക്കുന്ന വിവരങ്ങള്‍ പോലും തടയാന്‍ ഇടപെട്ട മുഖ്യമന്ത്രി ജനാധിപത്യപരമായി അറിയാനുള്ള അവകാശങ്ങള്‍ക്കു നേരെ കടന്നാക്രമണം നടത്തുകയാണ്‌. നേരത്തെ സര്‍ക്കാര്‍ പുറപ്പെടുവിച്ച തെറ്റായ നിരവധി ഉത്തരവുകള്‍ മാധ്യമപ്രവര്‍ത്തകര്‍ വെളിച്ചത്ത്‌ കൊണ്ടുവരികയും അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന താല്‍പ്പര്യം കണക്കിലെടുത്ത്‌ മുഖ്യമന്ത്രിക്കു തന്നെ ഉത്തരവുകള്‍ റദ്ദാക്കേണ്ടിവരികയും ചെയ്‌തിട്ടുണ്ട്‌. അത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നത്‌ തടയാനുള്ള ഇടപെടല്‍ കൂടിയായാണ്‌ ഇതിനെ കാണേണ്ടത്‌. രാഷ്‌ട്രീയ പ്രതിയോഗികളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്‌ക്കുകയും സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ രാഷ്‌ട്രീയ അജണ്ടകളുടെ ഭാഗമാണ്‌ ഇത്‌. ഇതിനെതിരെ ജനാധിപത്യാവകാശങ്ങള്‍ പുലരണമെന്നാഗ്രഹിക്കുന്ന മുഴുവന്‍ ജനാധിപത്യവാദികളും രംഗത്തിറങ്ങണം.