26 September 2017, Tuesday

മാര്‍ച്ച്‌ 7-ന് നടക്കുന്ന ജനകീയ കൂട്ടായ്‌മകള്‍ വിജയിപ്പിക്കുക.

കൈക്കൂലിക്കേസില്‍ പ്രതിസ്ഥാനത്തുള്ള ധനകാര്യ വകുപ്പുമന്ത്രി കെ.എം.മാണി ബഡ്‌ജറ്റ്‌ അവതരിപ്പിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട്‌ മാര്‍ച്ച്‌ 7-ാം തീയതി പഞ്ചായത്തുകളില്‍ നടക്കുന്ന ജനകീയ കൂട്ടായ്‌മകള്‍ വിജയിപ്പിക്കണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട്‌ പോലീസ്‌ അന്വേഷണം ധനമന്ത്രി കെ.എം.മാണി നേരിട്ടുകൊണ്ടിരിക്കുകയാണ്‌. ഈ സര്‍ക്കാരിന്റെ കീഴിലുള്ള വിജിലന്‍സിന്‌ തന്നെ മന്ത്രിക്കെതിരെ പ്രാഥമിക അന്വേഷണം നടത്തി കേസ്‌ ചാര്‍ജ്ജ്‌ ചെയ്‌ത സ്ഥിതിയാണ്‌ ഉണ്ടായിരിക്കുന്നത്‌. അതിനാല്‍, ഇത്‌ രാഷ്‌ട്രീയപ്രേരിതമല്ലെന്ന്‌ പകല്‍വെളിച്ചം പോലെ വ്യക്തവുമാണ്‌. ബാര്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്‌ നിയമങ്ങളില്‍ ഇളവ്‌ വരുത്തുന്നതിനാണ്‌ മാണി കൈക്കൂലി വാങ്ങിയത്‌. കൈക്കൂലി വാങ്ങിയ മാണി തന്നെ ബഡ്‌ജറ്റ്‌ അവതരിപ്പിക്കുന്ന സ്ഥിതി ഉണ്ടായാല്‍ തീര്‍ച്ചയായും കൂടുതല്‍ കൈക്കൂലിക്കുള്ള അവസരം സൃഷ്‌ടിക്കപ്പെടുകയാണ്‌ ചെയ്യുക.

ഉന്നതമായ രാഷ്‌ട്രീയ സംസ്‌കാരമുള്ള നാടാണ്‌ നമ്മുടേത്‌. അതുകൊണ്ടാണ്‌ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുമ്പോള്‍ മന്ത്രിസ്ഥാനം വിട്ടൊഴിയുന്ന രീതി ഇവിടെ ഉയര്‍ന്ന്‌ വന്നത്‌. എന്നാല്‍, അത്തരം മാതൃക പിന്തുടരുന്നില്ലെന്നു മാത്രമല്ല, ബഡ്‌ജറ്റ്‌ തന്നെ അവതരിപ്പിക്കുന്നു എന്ന അസാധാരണ സാഹചര്യവും ഉണ്ടായിരിക്കുകയാണ്‌. മന്ത്രിസഭയില്‍ ഇരിക്കാന്‍ പോലും യോഗ്യനല്ലാത്ത ഒരാള്‍ ബഡ്‌ജറ്റ്‌ അവതരിപ്പിക്കുന്ന സ്ഥിതി ഒരു കാരണവശാലും ഉണ്ടാവാന്‍ പാടുള്ളതല്ല. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട്‌ എല്‍.ഡി.എഫ്‌ നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായാണ്‌ മാര്‍ച്ച്‌ 7-ാം തീയതി രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പഞ്ചായത്ത്‌ കേന്ദ്രങ്ങളില്‍ ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കുന്നത്‌. മാണിയെ കുറ്റവിചാരണ ചെയ്യുന്ന ഈ കൂട്ടായ്‌മയില്‍ നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളും പങ്കാളികളാകണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.