23 August 2018, Thursday

മുന്നേറ്റത്തിന്റെ കാലം; ബത്തേരിയില്‍ നടന്നത് 296.94 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍

A shot from Wayanad Brahmagiri tourist spot

പി മോഹനന്‍

ബത്തേരി: സര്‍വ മേഖലകളിലും വന്‍ വികസന മുന്നേറ്റമാണ് അഞ്ചുകൊലത്തെ എല്‍ഡിഎഫ് ഭരണത്തിനിടെ ബത്തേരി മണ്ഡലത്തില്‍ കണ്ടത്. കഴിവുറ്റ ഒരു ജനപ്രതിനധിയെ തെരഞ്ഞെടുത്താല്‍ നാടിന് എത്രമാത്രം പുരോഗതി ഉണ്ടാക്കാനാവുമെന്ന് പി കൃഷ്ണപ്രസാദ് എംഎല്‍എയിലൂടെ മണ്ഡലത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. സംസ്ഥാനത്തെയും കേന്ദ്രത്തിലെയും വിവിധ വകുപ്പുകളുടെ കോടിക്കണക്കിന് രൂപയുടെ വികസന പ്രവൃത്തികളാണ് മണ്ഡലത്തില്‍ നടപ്പായത്. ഇതിന് പുറമെ സര്‍ക്കാര്‍ സഹായത്തോടെയുള്ള ജനകീയ മാംസ സംസ്കരണ ശാലയും യാഥാര്‍ഥ്യമായി. ഏറെക്കാലം കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രതിനിധീകരിച്ച മണ്ഡലത്തില്‍ ജനകീയനായ ഒരു എംഎല്‍എയുടെ സാന്നിദ്ധ്യമാണ് അഞ്ചുകൊല്ലവും കണ്ടത്.

296.94 കോടി രൂപയുടെ വികസന പദ്ധതികളാണ് ഈ കാലയളവില്‍ നടപ്പാക്കിയത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിതള്ളി. ജീവനനൊടുക്കിയവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ വീതം ആശ്വാസ ധനമായി നല്‍കി. 42,113 കര്‍ഷകരെ കട വിമുക്തരാക്കി. 10 കൊല്ലമായി മുടങ്ങി കിടന്ന അമ്മായിപ്പാലത്തെ കാര്‍ഷിക മൊത്ത വ്യാപാര വിപണി 30 ലക്ഷംരൂപ നല്‍കി തുറന്ന് പ്രവര്‍ത്തിപ്പിച്ചു. ബുധനാഴ്ചകളില്‍ നടക്കുന്ന പൊതുലേലത്തിലൂടെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇവിടെ നിന്ന് ന്യായ വില ലഭിക്കുന്നു.

മഞ്ഞാടിയിലെ മലബാര്‍ മീറ്റ് ഫാക്ടറി തുടങ്ങുന്നതിന് 17 കോടി രൂപയോളമാണ് ചെലവ്. നമ്പിക്കൊല്ലിയില്‍ മൂന്ന് കോടി രൂപ ചെലവില്‍ പാല്‍ സംസ്കരണ ശീതീകരണ ശാല തുടങ്ങി. വിദ്യാഭ്യാസ മേഖലയിലും വലിയ മുന്നേറ്റമാണ് ഉണ്ടായത്. കാലിക്കറ്റ് സര്‍വകലാശലാക്ക് ചെതലയത്ത് പത്ത് ഏക്കര്‍ സ്ഥലം ലഭ്യമാക്കി പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. മീനങ്ങാടിയില്‍ ഐഎച്ച്ആര്‍ഡി മോഡല്‍ സയന്‍സ് കോളേജ്, പുല്‍പ്പള്ളിയില്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, തോമാട്ടുചാലില്‍ ഐഎച്ച്ആര്‍ഡി അപ്ളൈഡ് സയന്‍സ് കോളേജ്, നെന്മേനിയില്‍ വനിതാഐടിഐ, പൂമലയില്‍ ബിഎഡ് കോളേജ് എന്നിവ യാഥാര്‍ഥ്യമാക്കി. ഇതിന് പുറമെ അഞ്ച് ഹൈസ്കൂളുകളില്‍ പ്ളസ്ടു കോഴ്സുകള്‍ അനുവദിച്ചു. പിന്നോക്ക വിദ്യാര്‍ഥികള്‍ പഠിക്കുന്ന കുപ്പാടി, മാതമംഗലം, നെല്ലാറച്ചാല്‍ തുടങ്ങിയ യുപി സ്കൂളുകള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തി.

ബത്തേരിയില്‍ വര്‍ഷങ്ങളായി മുടങ്ങി കിടന്ന മിനിസിവില്‍സ്റ്റേഷന്‍ പണി 3.40 കോടി അനുവദിച്ച് പൂര്‍ത്തീകരിച്ചു. ഫെയര്‍ലാന്റിലെ താലൂക്ക് ആശുപത്രി കെട്ടിടം 125 ലക്ഷം രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് തുറന്നു കൊടുത്തത് രോഗികള്‍ക്ക് ആശ്വാസമായി. 7.5 കോടി രൂപ കൂടി താലൂക്ക് ആശുപത്രിക്ക് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെണ്ടര്‍ നടപടി കഴിഞ്ഞ് ഉടന്‍ നിര്‍മാണം ആരംഭിക്കും. ഗതാഗത കുരുക്ക് കാരണം വീര്‍പ്പ്മുട്ടുന്ന ബത്തേരി ടൌണില്‍ 3.55 കോടി രൂപ ചെലവഴിച്ച് എന്‍എച്ച് 212ന് സമാന്തരമായി ഏഴ് പാതകള്‍ അഞ്ചര മീറ്റര്‍ വീതിയില്‍ പൂര്‍ത്തീകരിച്ച് ബൈപ്പാസ് നിര്‍മിച്ചു. കൊളഗപ്പാറ എടക്കല്‍ റോഡിന് 5.85 കോടി രൂപയും കാക്കവയല്‍-കാര്യമ്പാടി-കേണിച്ചിറ- പുല്‍പ്പള്ളിറോഡിന് 1.25കോടിയും ബത്തേരി കട്ടയാട് പഴുപ്പത്തൂര്‍ റോഡിന് 1.45 കോടിയും, ബത്തേരി വടക്കനാട് റോഡിന് ഒരു കോടിയും കല്ലൂര്‍ നമ്പിക്കൊല്ലി റോഡിന് രണ്ട് കോടിയും അമ്പലവയല്‍ ആര്‍എആര്‍എസ് റോഡിന് രണ്ട് കോടിയും ചൂതുപാറ-സൊസൈറ്റികവല റോഡിന് 90 ലക്ഷവും ചാമപ്പാറ റോഡിന് ഒരു കോടിയും പഴൂര്‍-ചീരാല്‍ റോഡിന് 75ലക്ഷവും അനുവദിച്ച് പ്രവൃത്തി തുടങ്ങി. ഗതാഗത വികസനത്തിന് ചേകാടി പാലത്തിന് ഏഴ് കോടിയും കോട്ടൂര്‍ പാലത്തിന് 2.2 കോടിയും കോലമ്പറ്റ പാലത്തിന് 2.5 കോടിയും വാകേരി താഴത്തങ്ങാടി പാലത്തിന് 34 ലക്ഷവും ഞാറ്റാടി പാലത്തിന് 17 ലക്ഷവും തുമ്പക്കുനി പാലത്തിന് 75ലക്ഷവും അനുവദിച്ചു.

ടൂറിസം മേഖലയെ വികസിപ്പിക്കുന്നതിന് അമ്പലവയല്‍ കടുവാക്കുഴി വയനാട് ഡെസ്റ്റിനേഷന്‍ പദ്ധതിക്ക് എട്ട് ഏക്കര്‍ സ്ഥലം ലഭ്യമാക്കി 7.43 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ച് ആദ്യഘട്ടംപണി ആരംഭിച്ചു. രണ്ടാംഘട്ടത്തില്‍ എടക്കല്‍ ഗുഹയിലേക്ക് റോപ്വേ പദ്ധതിയും നടപ്പാക്കും. 50 ലക്ഷം രൂപ ചെലവഴിച്ച് എടക്കല്‍ ഗുഹയുടെ നവീകരണം നടത്തി. ജില്ലയിലെ വിനോദസഞ്ചാര വകുപ്പിന്റെ ഏറ്റവും വലിയ സംരംഭമായ മണിച്ചിറ പെപ്പര്‍ഗ്രോവിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തി. 3.5 കോടി രൂപ ചെലവില്‍ ബത്തേരി ടൌ സ്ക്വയര്‍ നിര്‍മാണം ആരംഭിച്ചു. ബത്തേരി സര്‍ക്കാര്‍ ഗസ്റ്റ് ഹൌസിന് പുതിയ ബ്ളോക്ക് പണിയുന്നതിന് 8.5 കോടി അനുദിച്ച് നിര്‍മാണം തുടങ്ങി. മുത്തങ്ങ ഫോറസ്റ്റ് ഓഫീസ് പരിസരത്ത് നിര്‍മിച്ച കാനനഭവനങ്ങള്‍ സഞ്ചാരികള്‍ക്ക് തുറന്ന് കൊടുത്തു. കുടിവെള്ള മേഖലയില്‍ നിരവധി പുതിയ പദ്ധതികളാണ് നടപ്പാക്കിയത്. 12 കോടി രൂപ ചെലവില്‍ പൂതാടി കുടിവെള്ള പദ്ധതി നടപ്പാക്കി. 9.5 കോടി രൂപ ചെലവില്‍ കൃഷ്ണഗിരി-പുറക്കാടി-അമ്പലവയല്‍ കുടിവെള്ള പദ്ധതിയുടെ പണി പുരോഗമിക്കുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം 13,056 പുതിയ വൈദ്യുതി കണക്ഷനുകള്‍ അനുവദിച്ചു. അമ്പലവയലില്‍ പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിച്ചു. ആദിവാസി മേഖലയിലും മികച്ച നേട്ടംകൈവരിച്ചു. 2212 ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കി. 1008 പേര്‍ക്ക് വീട് നല്‍കി. 5710 വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം അനുവദിച്ചു. പ്ളസ്ടു മുതല്‍ ബിരുദാനന്തര ബിരുദംവരെ 6980 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കി. ഒന്ന് മുതല്‍ 10വരെ ക്ളാസുകളില്‍ പഠിക്കുന്ന 51447 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 2982പേര്‍ക്ക് 1,20,16,700 രൂപയും കുടുംബശ്രീ പദ്ധതിക്ക് 2,69,85,217 രൂപയും അനുവദിച്ചു. 34,86,591 തൊഴില്‍ ദിനങ്ങളിലൂടെ 50.97 കോടി രൂപ തൊഴിലുറപ്പ് പദ്ധതിയിലൂടെ നല്‍കി.

ഇഎംഎസ് ഭവന പദ്ധതിയില്‍ 969 വീടുകള്‍ നിര്‍മിച്ചു. 3494 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. പ്രകൃതി ക്ഷോഭത്തില്‍പ്പെട്ടവര്‍ക്ക് 1,02,59,518 രൂപ നഷ്ട പരിഹാരം നല്‍കി. ചെതലയം ആശുപത്രിക്ക് രണ്ട് ഏക്കര്‍ ഭൂമി അനുവദിച്ചു. ഫെയര്‍ലാന്റ് കൈവശക്കാര്‍ക്ക് പട്ടയം അനുവദിച്ചു. മലന്തോട്ടം കൈവശക്കാര്‍ക്ക് പട്ടയം ലഭിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കി.ചൂരിമല കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. വീട്ടി, തേക്ക് നഷ്ടപരിഹാരതുക 4600 രൂപയില്‍ നിന്നും 10,000 രൂപയാക്കി വര്‍ധിച്ചു. അഞ്ച് സപ്ളൈക്കോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പുതുതായി തുടങ്ങി. മീനങ്ങാടിയില്‍ കസ്യൂമര്‍ ഫെഡിന്റെ സൂപ്പര്‍മാര്‍ക്കറ്റും അനുവദിച്ചു. കാരാപ്പുഴ ജലസേചന പദ്ധതി യാഥാര്‍ഥ്യമാക്കി.

79ലക്ഷം രൂപ ചെലവില്‍ അന്താരാഷ്ട്ര അക്വേറിയം പദ്ധതി, പുല്‍പ്പള്ളിയില്‍ ആർച്ചറി അക്കാദമി, മീനങ്ങാടി സ്റ്റേഡിയം എന്നിവക്ക് ഫണ്ട് നല്‍കി. കെഎസ്ആര്‍ടിസി ബത്തേരി ഡിപ്പോയില്‍ എംഎല്‍എ ഫണ്ടില്‍ നിന്നുള്ള 23 ലക്ഷം രൂപ ഉപയോഗിച്ച് നവീകരണം നടത്തി. 41 പുതിയ ബസുകള്‍ അനുവദിച്ചു. പുതിയ ഹ്രസ്വ-ദീര്‍ഘദൂര സര്‍വീസുകളിലൂടെ വരുമാനം വര്‍ധിപ്പിച്ചു. അഞ്ചുകൊല്ലത്തിനിടെ മണ്ഡലത്തിനുണ്ടായ വികസന പുരോഗതി മറച്ചു വയ്ക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും കഴിയാത്ത അവസ്ഥയാണ് ബത്തേരി മണ്ഡലത്തിലുള്ളത്.