23 May 2017, Tuesday

മുമ്പും ഇടതുപക്ഷം സ്വതന്ത്രരെ മത്സരിപ്പിച്ചിട്ടുണ്ട്: വി എസ്

പൊതുതെരഞ്ഞെടുപ്പില്‍ സ്വതന്ത്രരെ നിര്‍ത്തുന്നതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അമ്പലപ്പുഴയിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 1957ല്‍ ഇഎംഎസ് ഗവണ്‍മെന്റിന്റെ കാലംതൊട്ട് ഇടതുപക്ഷംസ്വതന്ത്രരെ മത്സരിപ്പിച്ചിട്ടുണ്ട്. മുണ്ടശേരിയും എ ആര്‍ മേനോനും വി ആര്‍ കൃഷ്ണയ്യരുമെല്ലാം സ്വതന്ത്രരായി മത്സരിച്ചവരാണ്. ഇവര്‍ ഇടതുനിലപാടുകളോട് അങ്ങേയറ്റം യോജിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു. വിദ്യാഭ്യാസ, ഭൂപരിഷ്കരണ നിയമങ്ങള്‍ പാസാക്കിയത് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണെന്നും വി എസ് പറഞ്ഞു. താന്‍ പറയുന്ന കാര്യങ്ങള്‍ വളച്ചൊടിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് തന്നെ സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകന്‍ എത്ര സീറ്റു കിട്ടുമെന്ന് ചോദിച്ചിരുന്നു. പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതല്ലേയുള്ളൂ. പഠിച്ചശേഷം പിന്നീട് പറയാമെന്ന് പറഞ്ഞു. എന്നാല്‍ വി എസിന് ആത്മവിശ്വാസമില്ല, സംശയമാണ് എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിപ്പിച്ചത്. ഇത് ശരിയാണോ എന്ന് നിങ്ങള്‍തന്നെ പരിശോധിക്കണം. തങ്ങള്‍ക്ക് പറയാനുള്ളതിന് വേണ്ടത്ര പ്രാധാന്യം നല്‍കാതെയുള്ള പ്രചാരണമാണിത്. ദേശീയാടിസ്ഥാനത്തില്‍ ഇടതുപക്ഷത്തിനും മതനിരപേക്ഷ കക്ഷികള്‍ക്കും നേട്ടം കൈവരിക്കാനാവും. ചന്ദ്രശേഖരന്‍വധക്കേസില്‍ പാര്‍ടി അന്വേഷണ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂല വികാരമുണ്ടാക്കും. ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ സി രാമചന്ദ്രനെ പുറത്താക്കിയിട്ടുണ്ട്. ആര്‍എസ്പി എല്‍ഡിഎഫ് വിട്ടുപോയതിനെ ആര്‍എസ്പിയുടെ കേന്ദ്രനേതൃത്വം അനുകൂലിച്ചുവെന്ന് കരുതുന്നില്ലെന്നും വി എസ് പറഞ്ഞു.