20 August 2018, Monday

യുഡിഎഫിന് 21 സീറ്റും കിട്ടുമെന്ന് സര്‍വേ...

അങ്ങനെയൊരു തലക്കെട്ട് കണ്ടാലും അതിശയിക്കരുത്. ഈ പോക്കുപോയാല്‍ താമസിയാതെ അതും കാണേണ്ടിവരും. അഭിപ്രായസര്‍വേകളുടെ ട്രെന്‍ഡ് അങ്ങനെയാണ് മുന്നേറുന്നത്. ഭരണാധികാരികള്‍ക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ ഈവിധം ജനരോഷമുയര്‍ന്ന ഒരു തെരഞ്ഞെടുപ്പുകാലം ചരിത്രത്തിലില്ല. വിലക്കയറ്റവും അഴിമതിയും തീവെട്ടിക്കൊള്ളയും മുതല്‍ അധികാരത്തിലിരിക്കുന്നവരുടെ അധോലോകബന്ധങ്ങളും അന്തപ്പുരക്കഥകളുമൊക്കെ സജീവചര്‍ച്ചാ വിഷയമാണ്. സോഷ്യല്‍ മീഡിയയിലും പൊതുമണ്ഡലത്തിലും സ്ഥിതി വ്യത്യസ്തമല്ല. കൈയകലത്തില്‍ കിട്ടിയാല്‍ സചിവോത്തന്മാരെ ജനം പച്ചയ്ക്കു കത്തിക്കുന്ന അവസ്ഥ. അപ്പോഴാണ് സര്‍വേകളുടെ വരവ്.

മന്‍മോഹന്‍സിങ്ങിന്റെ ഭരണത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങളുടെ അവസ്ഥ ഒരു സര്‍വേയും മറച്ചുവയ്ക്കുന്നില്ല. പ്രധാനമന്ത്രിയെക്കുറിച്ചും സര്‍ക്കാരിനെക്കുറിച്ചുമൊക്കെ വളരെ മോശം അഭിപ്രായമാണ് ജനങ്ങള്‍ക്ക്. ഭീമമായ അഴിമതിയുടെ ഉത്തരവാദിത്തം കോണ്‍ഗ്രസിനുതന്നെയാണ് എന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍വേയില്‍ പങ്കെടുത്ത മഹാഭൂരിപക്ഷത്തിന്റെയും അഭിപ്രായം. പക്ഷേ, വോട്ടിന്റെയും സീറ്റിന്റെയും കാര്യം വരുമ്പോള്‍ ഒക്കെ കീഴ്മേല്‍ മറിയും. സര്‍വേയില്‍ വെളിപ്പെട്ട ജനാഭിപ്രായവുമായി പ്രവചനങ്ങള്‍ക്ക് ഒരു ബന്ധവുമുണ്ടാകില്ല. ദുരിതക്കുഴിയില്‍ വീണു കിടക്കുകയാണെങ്കിലും തള്ളയിട്ടവരെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ ജനം ആവേശത്തോടെ കാത്തിരിക്കുകയാണ് എന്നാണ് ചില സര്‍വേകള്‍ പറയുന്നത്.

സാമ്പിള്‍ സൈസ് കുറയുന്തോറും സര്‍വേ ഫലം യുഡിഎഫിന് കൂടുതല്‍ അനുകൂലമാകുന്നുവെന്നാണ് ഫേസ് ബുക്കില്‍ കണ്ട രസകരമായ കമന്റ്. കാര്യം ശരിയാണ്. സിഎന്‍എന്‍ ഐബിന്‍ കോണ്‍ഗ്രസിന് വച്ചുനീട്ടുന്നത് 17 സീറ്റുവരെയാണ്. അവരുടെ സര്‍വേയില്‍ പങ്കെടുത്തത് വെറും അറുനൂറോളം പേര്‍. ഏഷ്യാനെറ്റിന്റെ സാമ്പിള്‍ സൈസ് കുറെക്കൂടി വലുതാണ്. അവരുടെ കണക്കില്‍ കോണ്‍ഗ്രസിനു കിട്ടുന്നത് 11 സീറ്റ്. ഐമെഗ് എന്നൊരു ടീമിന്റെ സര്‍വേ ഫലവും പുറത്തുവന്നിട്ടുണ്ട്. 33,000 പേര്‍ പങ്കെടുത്ത ആ സര്‍വേയിലെ കണ്ടെത്തല്‍ പ്രകാരം എല്‍ഡിഎഫിന് 14 സീറ്റുവരെ ലഭിക്കും. യഥാര്‍ഥ ട്രെന്‍ഡ് അതാണ്. ഏപ്രില്‍ പത്തിന് സാമ്പിള്‍ സൈസ് മൂര്‍ധന്യത്തിലെത്തും. ഭഭൂരിപക്ഷം സീറ്റുകളും എല്‍ഡിഎഫ് നേടുകയുംചെയ്യും. അതിനുശേഷം, സര്‍വേ എങ്ങനെ തെറ്റി എന്നൊരു സര്‍വേകൂടി നടത്താം ഏഷ്യാനെറ്റുകാര്‍ക്കും സംഘത്തിനും.

അബദ്ധങ്ങളുടെ ഒരു നിരതന്നെയുണ്ട് ഏഷ്യാനെറ്റിന്റെ സര്‍വേയില്‍. പത്തനംതിട്ടയില്‍ അവര്‍ എല്‍ഡിഎഫിന് നല്‍കിയത് 38 ശതമാനം വോട്ടാണ്. വിവിധ ഏജ് ഗ്രൂപ്പുകളില്‍ മുന്നണികള്‍ക്കുളള പിന്തുണ വേറെ നല്‍കിയിട്ടുണ്ട്. ഒരു ഏജ് ഗ്രൂപ്പിലും എല്‍ഡിഎഫിന് 36 ശതമാനത്തിലധികം പിന്തുണയില്ല. അന്തിമകണക്കില്‍ പിന്നെങ്ങനെ 38 ആയി എന്ന് ആര്‍ക്കുമറിയില്ല. മാവേലിക്കരയുടെ കാര്യത്തിലുമുണ്ട് ഈ പിശക്. തിരുവനന്തപുരത്ത് ഒരു ഏജ് ഗ്രൂപ്പിലെ വ്യത്യസ്ത മുന്നണികളുടെ ശതമാനക്കണക്ക് മൊത്തം കൂട്ടിയാല്‍ നൂറില്‍ കൂടുതലുണ്ട്. പല സര്‍വേകളും തട്ടിപ്പും തട്ടിക്കൂട്ടുമാണ്. നിരീക്ഷണങ്ങളും നിഗമനങ്ങളും വിശകലനവും തമ്മില്‍ പരസ്പരബന്ധമില്ല. പണം നല്‍കുന്ന സ്പോണ്‍സര്‍മാര്‍ ആവശ്യപ്പെടുന്ന ഫലങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കുമ്പോള്‍ ഇത്തരം അബദ്ധങ്ങള്‍ സ്വാഭാവികമാണ്. യാഥാര്‍ഥ്യബോധമുള്ളവരെ ഈ സര്‍വേകള്‍ ചിരിപ്പിച്ചേക്കാം. പക്ഷേ, ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാനോ കബളിപ്പിക്കാനോ കഴിഞ്ഞാല്‍ അത്രയും ലാഭമെന്ന് ഓരോ സ്പോണ്‍സറും മോഹിക്കുന്നു. മോഹിക്കട്ടെ... മെയ് പതിനാറുവരെ മോഹിക്കട്ടെ...