15 April 2019, Monday

യു.ഡി.‌എഫിന്റെ സാങ്കേതികവിജയം ഭരണത്തെ ദുഷ്കരമാക്കും

ഭരണം ദുഷ്കരമാകും

തിരു: നിയമസഭതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സീറ്റ് വിജയം കിട്ടിയെങ്കിലും രാഷ്ട്രീയവിജയം എല്‍ഡിഎഫിന്. ഓടിയും കിതച്ചും ഭൂരിപക്ഷത്തിന് രണ്ടു സീറ്റ് അധികം നേടിയെങ്കിലും ഭരണം കടുത്ത സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെടും. എപ്പോള്‍ വേണമെങ്കിലും താഴെപ്പോകാവുന്ന ദുര്‍ബലമായ ചരടില്‍ തൂങ്ങുന്ന പളുങ്കുപാത്രമാണ് യുഡിഎഫ് രുപീകരിക്കാന്‍ പോകുന്ന സര്‍ക്കാര്‍ . തുടര്‍ഭരണത്തിനുള്ള ജനസമ്മതി എല്‍ഡിഎഫിന് നഷ്ടമായത് ചുണ്ടിനും കപ്പിനും മധ്യേയാണ്. അതും ചില സാമുദായിക ശക്തികളുടെയും നിഷിപ്തതാല്‍പ്പര്യക്കാരുടെയും പിന്തുണയാല്‍ .

ഒന്നരലക്ഷം വോട്ട് വ്യത്യാസം മാത്രമാണ് രണ്ടു മുന്നണികളും തമ്മില്‍ . ഉയര്‍ന്ന പോളിങ് ശതമാനം (75.12) ഉണ്ടായിട്ടും ഒരു മുന്നണിക്കും അനുകൂലമായ തരംഗം അടിച്ചില്ല. ഇരു മുന്നണികളും ഏറെക്കുറെ ഒപ്പത്തിനൊപ്പമായി. എന്നാല്‍ , രാഷ്ട്രീയ മൂല്യങ്ങളെ കശാപ്പുചെയ്ത്, സമുദായിക വികാരം കൃത്രിമമായി ഉല്‍പ്പാദിപ്പിച്ച് മുസ്ലിംലീഗ് നേടിയ സീറ്റ് ബലത്തിലാണ് കോണ്‍ഗ്രസിന് മുഖ്യമന്ത്രിക്കസേര കിട്ടുന്നത്. ഇത് കോണ്‍ഗ്രസിന് നാണക്കേടാണ്. കേരള നിയമസഭയുടെ ചരിത്രത്തില്‍ സാധാരണയായി ഭരണമുന്നണി കക്ഷിയാണ് സഭയിലെ വലിയ കക്ഷിയാകുക. ആ പദവി കോണ്‍ഗ്രസിന് നഷ്ടമായി.47 സീറ്റ് സിപിഐ എം നേടിയപ്പോള്‍ കോണ്‍ഗ്രസിന് 38 മാത്രം.

ഭരണ നേട്ടം, അഴിമതിവിരുദ്ധ നിലപാട്, ജനപക്ഷ പ്രകടനപത്രിക, മുന്നണിയുടെ കെട്ടുറപ്പ് എന്നിവയ്ക്കൊപ്പം സിപിഐ എമ്മിന്റെ സംഘടനാ കരുത്തും എല്‍ഡിഎഫിന്റെ നല്ല പ്രകടനത്തിന് നിദാനമാണ്. തൊഴിലാളികളും പണിയെടുക്കുന്നവരും ഏറെയുള്ള ജില്ലകളില്‍ ഇടതുപക്ഷം മികച്ച ജയം നേടി. ഒമ്പത് ജില്ലയില്‍ എല്‍ഡിഫ് ആണ് മുന്നില്‍ . കൊല്ലം, ആലപ്പുഴ, ഇടുക്കി, കാസര്‍കോട് ജില്ലകളിലാകട്ടെ കോണ്‍ഗ്രസിന് സീറ്റില്ല. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥികളടക്കം തോറ്റമ്പി. കോണ്‍ഗ്രസിന്റെ തകര്‍ച്ച സംഘടനയില്‍ വന്‍പ്രശ്നങ്ങള്‍ക്ക് വഴിമരുന്നായേക്കും.

ചില മേഖലകളില്‍ ജാതി-മത ശക്തികള്‍ പിടികൂടിയതിന്റെ പിന്തുണയിലാണ് യുഡിഎഫ് തോറ്റ പോലെ ജയിച്ചത്. എങ്കിലും ഏതെങ്കിലും ഒരു സമുദായം സംസ്ഥാനത്തൊട്ടാകെ എല്‍ഡിഎഫിന് എതിരായ കേന്ദ്രീകരണം നടത്തിയെന്ന് പറയാനാകില്ല. സംസ്ഥാനത്തെ ജനസംഖ്യയില്‍ 24 ശതമാനമുള്ള മുസ്ലിങ്ങളില്‍ 30 ശതമാനത്തിന്റെ പോലും പിന്തുണ മലപ്പുറത്ത് ഉള്‍പ്പെടെ വിജയം നേടിയ മുസ്ലിംലീഗിനില്ല. ചില സഭാധ്യക്ഷന്മാരും സമുദായനേതാക്കളും കേന്ദ്രസര്‍ക്കാരിന്റെ അടക്കം സമ്മര്‍ദങ്ങള്‍ക്കും ഭീഷണിക്കും വിധേയമായി യുഡിഎഫിനുവേണ്ടി രഹസ്യമായും പരസ്യമായും തെരഞ്ഞെടുപ്പില്‍ ഇടപെട്ടു. ഇതിന്റെ ശരി-തെറ്റിനെപ്പറ്റി ഇനി ആത്മപരിശോധനയും ചര്‍ച്ചയും നടക്കും.

നേരിയ ഭൂരിപക്ഷവും ജനവിരുദ്ധതാല്‍പ്പര്യവും യുഡിഎഫിന്റെ ഭരണ നാളുകളെ പ്രതിസന്ധിയിലാക്കും. 72 സീറ്റ് യുഡിഎഫ് നേടിയെങ്കിലും 68 സീറ്റുമായി എല്‍ഡിഎഫ് ശക്തമായ പ്രതിപക്ഷമായി നിയമസഭയിലുണ്ടാകും. 72 എംഎല്‍എമാരില്‍ ഒരാള്‍ സ്പീക്കറാകും. അപ്പോള്‍ യുഡിഎഫ്ബഞ്ചില്‍ 71 പേര്‍ . അതിനര്‍ഥം സര്‍ക്കാരിന് പിടിച്ചുനില്‍ക്കാന്‍ സ്പീക്കറുടെ കാസ്റ്റിംഗ് വോട്ടിനെ പലപ്പോഴും ആശ്രയിക്കണം എന്നതാണ്. ഒന്നോ രണ്ടോ എംഎല്‍എമാര്‍പോലും പിണങ്ങാതിരിക്കാന്‍ സമ്മര്‍ദങ്ങള്‍ക്ക് സര്‍ക്കാര്‍ കീഴ്പ്പെടണം. ഭരണം കിട്ടാന്‍ തന്റെ നിയോജകമണ്ഡലത്തെ ജില്ലയാക്കണമെന്ന് ഒരു എംഎല്‍എ ആവശ്യപ്പെട്ടാല്‍ അതിനും മുഖ്യമന്ത്രി വഴങ്ങണം !

ഒരു എംഎല്‍എയുള്ള കക്ഷിക്ക് മന്ത്രിസ്ഥാനമില്ലെന്ന ആശയവുമായി നിന്ന കോണ്‍ഗ്രസ് ഇനി ഒറ്റയാന്മാര്‍ക്ക് മന്ത്രിക്കസേര നല്‍കും. ടി എം ജേക്കബ്, ഗണേഷ്കുമാര്‍ , ഷിബുബേബിജോണ്‍ എന്നിവര്‍ മന്ത്രിമാരാകും. മൂന്ന് എംഎല്‍എമാരുടെ കുറവുകൊണ്ടാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. ജനവിധി അംഗീകരിച്ച് പ്രതിപക്ഷത്ത് ഇരിക്കുമെന്ന് വി എസ് അച്യുതാനന്ദനും കുതിരക്കച്ചവടത്തിന് ഇല്ലെന്ന് പിണറായി വിജയനും വ്യക്തമാക്കിയതുകൊണ്ടാണ് യുഡിഎഫിന് മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയുന്നത്.

ബാലറ്റ് ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസും കെ എം മാണിയുടെ കേരളകോണ്‍ഗ്രസുമായുള്ള അവിശ്വാസം വളരുകയും അതിന്റെ ചില പ്രതികരണങ്ങള്‍ മാണിയില്‍നിന്ന് വരുകയും പാലായില്‍ അടിപിടി ഉണ്ടാകുകയുംചെയ്തു. 95 സീറ്റ് പ്രതീക്ഷിച്ച ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഞെട്ടലില്‍നിന്ന് മോചിതമായിട്ടില്ല. അനായാസവിജയം പ്രതീക്ഷിച്ച യുഡിഎഫിനെ വോട്ടര്‍മാര്‍ അക്ഷരാര്‍ഥത്വത്തില്‍ ഞെട്ടിച്ചു. നാടിന്റെ ക്ഷേമത്തിനും വികസനത്തിനും എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യമാണെന്ന കേരളീയരുടെ പൊതുബോധം അട്ടിമറിക്കാന്‍ യുഡിഎഫിന് സഹായമായത് മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗ് നേടിയ വിജയമാണ്. അതുകൊണ്ടുതന്നെ കേരള സമൂഹത്തിന്റെ പൊതുവികാരത്തെ ചോദ്യംചെയ്യുന്ന യുഡിഎഫിന് സ്ഥിരതയുള്ള ഭരണം പ്രദാനംചെയ്യാന്‍ രാഷ്ട്രീയമായും സാങ്കേതികമായും ഭാവിയില്‍ കഴിയാതെവരും.

ദേശാഭിമാനി /ആര്‍ എസ് ബാബു
 

എല്‍ഡിഎഫിന് അഭിമാന നേട്ടം

 തിരു: തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും ആഹ്ളാദിക്കാന്‍ വകകാണാതെ തളര്‍ന്നിരിക്കുകയാണ് യുഡിഎഫ്. സാങ്കേതികം മാത്രമാണ് അവരുടെ വിജയം. വിജയത്തില്‍ അപമാനിതരായി നില്‍ക്കുന്ന മുന്നണിയെ ആദ്യമായി കേരളം കാണുകയാണ്. ഭരണം യുഡിഎഫിന് കടുത്ത വെല്ലുവിളിയാകും. രണ്ടുസീറ്റിന് പിന്നിലായെങ്കിലും ഈ തെരഞ്ഞെടുപ്പ് എല്‍ഡിഎഫിന്റെ സുദൃഢമായ ജനകീയാടിത്തറയുടെ വിളംബരമാണ്. യുഡിഎഫിന്റെ പ്രചാരണകോലാഹലങ്ങള്‍ക്കും പണക്കൊഴുപ്പിനും ജാതി-മത വര്‍ഗീയ പ്രീണനത്തിനും കീഴടങ്ങാത്ത രാഷ്ട്രീയ ഇച്ഛാശക്തിയാണ് കേരളം പ്രകടിപ്പിച്ചത്. ഏതാണ്ട് ഒന്നേമുക്കാല്‍ ലക്ഷത്തോളം വോട്ടു മാത്രമേ യുഡിഎഫിന് കൂടുതല്‍ നേടാനായുള്ളൂ. മുസ്ലിംലീഗിന്റെ കേന്ദ്രങ്ങളിലൊഴികെ യുഡിഎഫ് കടപുഴകി വീണു.

കുതിരക്കച്ചവടത്തിനില്ലെന്ന എല്‍ഡിഎഫ് തത്വാധിഷ്ഠിത നിലപാടിന്റെ ആനുകൂല്യത്തില്‍ മാത്രമായിരിക്കും യുഡിഎഫിന്റെ ഭരണം. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ യുഡിഎഫിനെ അനുവദിക്കില്ലെന്ന് രാഷ്ട്രീയകേരളം വ്യക്തമാക്കിയിരിക്കുന്നു. പരാജയത്തിലും അഭിമാനത്തോടെ എല്‍ഡിഎഫിന് തലയുയര്‍ത്തിപ്പിടിക്കാം. അതീവദുര്‍ബലമായ ഭരണകക്ഷിയെയും അതിശക്തമായ പ്രതിപക്ഷത്തെയാണ് കേരളം തെരഞ്ഞെടുത്തിരിക്കുന്നത്. ജാതി-മത ശക്തികളുടെ ശക്തമായ ഇടപെടല്‍ എല്‍ഡിഎഫിനെതിരെ ഉണ്ടായി. എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ വോട്ടുചെയ്തതായി എന്‍എസ്എസ്് നേതാവ് സുകുമാരന്‍നായര്‍ പരസ്യപ്രസ്താവന നടത്തി. കാര്യമായ വര്‍ഗീയ ഇടപെടലും ഉണ്ടായി. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍നയങ്ങളുടെ ഗുണഫലം അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ ഇതുതള്ളി.

എല്ലാ ജില്ലയിലും എല്‍ഡിഎഫ് മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ കോഴിക്കോട്, കാസര്‍കോട്, കൊല്ലം, ഇടുക്കി ജില്ലകളില്‍ കോണ്‍ഗ്രസിന് പ്രാതിനിധ്യമേ ഇല്ലാതെ പോയി. യുഡിഎഫ് ഭരണത്തിന്റെ തിക്താനുഭവമുള്ള ജനത അവരുടെ അഴിമതിയും ദുര്‍ഭരണവും ആവര്‍ത്തിക്കരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു. ഏതാനും ചിലരൊഴികെ യുഡിഎഫുകാരുടെ നേരിയ ഭൂരിപക്ഷം ഇതാണ് കാണിക്കുന്നത്. സീറ്റ്നിര്‍ണയവും സ്ഥാനാര്‍ഥിപ്രഖ്യാപനവും വേഗത്തില്‍ പൂര്‍ത്തിയാക്കി എല്‍ഡിഎഫ് കെട്ടുറപ്പോടെ ജനങ്ങളെ സമീപിച്ചപ്പോള്‍ തര്‍ക്കങ്ങളിലും സംഘര്‍ഷങ്ങളിലും ഉഴലുകയായിരുന്നു യുഡിഎഫ്. മാധ്യമങ്ങള്‍ വലിയ തോതില്‍ ആശയക്കുഴപ്പം വിതച്ചു. സിപിഐ എമ്മിന്റെ കരുത്തിന് നേരിയ പോറല്‍ പോലും ഏല്‍പ്പിക്കാന്‍ ഈ ശക്തികള്‍ക്ക് കഴിഞ്ഞില്ല.

മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് എല്‍ഡിഎഫ് അടിത്തറ ബലപ്പെട്ടപ്പോള്‍ യുഡിഎഫ് പാടേ ദുര്‍ബലമായി. ഭരണവിരുദ്ധവികാരം ഉണ്ടെന്നവരുത്താന്‍ യുഡിഎഫ് തീവ്രശ്രമം നടത്തിയെങ്കിലും ഏറ്റില്ല. എല്‍ഡിഎഫ് 77.95 ലക്ഷത്തോളം വോട്ടു നേടിയതായാണ് അവസാനകണക്കുകള്‍ . യുഡിഎഫിന് ലഭിച്ചതാകട്ടെ 79.82 ലക്ഷത്തോളം വോട്ട്. മലപ്പുറം ജില്ലയില്‍ യുഡിഎഫിന് 3.69 ലക്ഷം വോട്ടു കൂടുതലായി ലഭിച്ചു. മറ്റു ജില്ലകളിലൊന്നും അവര്‍ക്ക് കാര്യമായ പ്രകടനത്തിനു കഴിഞ്ഞില്ല. എം പി വീരേന്ദ്രകുമാറും കൂട്ടരും, പി ജെ ജോസഫും അനുചരന്മാരും, പി സി ജോര്‍ജ്, ഐഎന്‍എല്ലിലെ ഒരു വിഭാഗം എന്നിവര്‍ യുഡിഎഫില്‍ ചേക്കേറിയ ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പാണിത്. അവരുടെ കാലുമാറ്റം എല്‍ഡിഎഫിനെ ഒട്ടും ബാധിച്ചില്ലെന്ന് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കി. എല്‍ഡിഎഫിന്റെയോ ഘടക കക്ഷികളുടെയോ സ്വാധീനം ദുര്‍ബലമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നാണിത് കാണിക്കുന്നത്.

കെ എം മോഹന്‍ദാസ് / ദേശാഭിമാനി